by Midhun HP News | Feb 19, 2026 | Latest News, കേരളം
പത്തനംതിട്ട:മോഡൽ പരീക്ഷ കഴിഞ്ഞ് പോരുന്ന വഴി ആൺസുഹൃത്തിനോട് പിണങ്ങി പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ചു. തിരുവല്ല കാവുംഭാഗം സ്വദേശി അപർണ രമേശ് (17) ആണ് മരിച്ചത്. മോഡൽ പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്ന് വന്നപ്പോഴാണ് ഇരുവരും തമ്മിൽ വഴിയിൽ തർക്കമുണ്ടായത്. യുവാവ് വാങ്ങി നൽകിയ മൊബൈൽ പെൺകുട്ടി എറിഞ്ഞുടച്ചു.
പിണങ്ങി വീട്ടിലേക്ക് എത്തിയശേഷമാണ് യുവതി അടുക്കളയിൽ തൂങ്ങിമരിച്ചത്. മരിക്കാൻ പോകുന്ന കാര്യം യുവാവിനെ വിളിച്ചറിയിച്ച ശേഷമായിരുന്നു ആത്മഹത്യ. സംഭവത്തില്‍ വായ്പൂര് സ്വദേശി ജവാദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കും.


by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പരുത്തൂർ പാലത്തിന് സമീപംവെച്ച് ചെമ്പൂർ കുറുമൻകാട് സ്വദേശി രാജുവിനെ തടഞ്ഞുനിർത്തി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കോലിയക്കോട് ആലിയാട് വെള്ളാണിക്കൽ കിഴക്കുംകര പുത്തൻ വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന അജിത്ത് (25), വെള്ളാണിക്കൽ കിഴക്കുംകര വീട്ടിൽ ചെമ്പൻ എന്ന് വിളിക്കുന്ന വിനോദ്(36) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 16-ന് വൈകിട്ട് പരുത്തൂർ പാലത്തിന് സമീപം മോട്ടോർസൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന രാജുവിനെ പ്രതികൾ തടഞ്ഞുനിർത്തി ആ*ക്ര*മി-ക്കുകയായിരുന്നു. ആ+ക്ര_മ+ണത്തിൽ രാജുവിന് നട്ടെല്ലിനും മൂക്കിലെ അസ്ഥിക്കും പൊട്ടലേറ്റ് ഗു*രു-ത+ര പരിക്കുകളോടെ രാജു തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ആറ്റിങ്ങൽ ഡിവൈഎസ്പി സന്തോഷ് കുമാർ ജി.യുടെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ. അജയൻ ജെയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സിതാര മോഹൻ, ബിജു ഡി എന്നിവരും സി.പി.ഒമാരായ അനന്തു, വിഷ്ണുലാൽ എന്നിവരും അടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ ലാബിൽ നടക്കും. സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകളാണ് പരിശോധനക്കായി എസ്ഐടി ശേഖരിച്ചത്. ജംഷഡ്പൂരിലെ നാഷണൽ മെറ്റലര്‍ജിക്കൽ ലബോറട്ടറിയിലായിരിക്കും വിശദമായ ശാസ്ത്രീയ പരിശോധന നടത്തുക.
ഇതിനിടെ, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യ ഉത്തരവ് പുറത്ത് വന്നു. കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും ഉത്തരവിൽ പറയുന്നു. എസ്ഐടിയുടെ വാദങ്ങൾ തള്ളിയാണ് കോടതി ഉത്തരവ്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ല. ശിൽപ്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി പറയുന്നു. തന്ത്രിയുടെ വാദങ്ങൾ അംഗീകരിച്ച കൊല്ലം വിജിലൻസ് കോടതി, ബോർഡ് തീരുമാനത്തിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.


by Midhun HP News | Feb 19, 2026 | Latest News, കേരളം
മലപ്പുറം: അര്‍ഹരായ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രമോഷന്‍ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ഈ വര്‍ഷം വിവിധ തസ്തികളില്‍ നിന്നായി ഒരുപാട് ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. ഇൗ ഒഴിവുകള്‍ പരിഗണിച്ചാണ് പ്രമോഷന്‍ നല്‍കുന്നത്. നിലവിലുള്ള ജീവനക്കാരില്‍ ഏറെയും ദീര്‍ഘനാള്‍ സര്‍വീസുള്ളവരാണ്. ഇവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലൂടെ കെഎസ്ആര്‍ടിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എടപ്പാളില്‍ ആരംഭിക്കുന്ന സ്‌ക്രാപ് കേന്ദ്രം ഗുണകരമാവും. സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മലനീകരണമില്ലാതെ സ്‌ക്രാപ് ചെയ്യുന്നതാണ് പദ്ധതി. ഇതിലൂടെ പദ്ധതി നയമായി കേന്ദ്രം പ്രഖ്യാപിച്ച 150 കോടി രൂപയോളം സംസ്ഥാന സര്‍ക്കാരിന് ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ഥാടകരെ രാത്രി വനമേഖലയില്‍ ഇറക്കിവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ ആദ്യഘട്ട നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘എല്‍ഡിഎഫിനൊപ്പം സന്തോഷത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മതേതര നിലപാടുള്ള, തൊഴിലാളികളോടും പാവപ്പെട്ടവരോടും ചേര്‍ന്നുനില്‍ക്കുന്ന പാര്‍ടിയാണ് കേരള കോണ്‍ഗ്രസ് ബി. ഇടതുപക്ഷ സംവിധാനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്. നല്ലൊരു ഗവണ്‍മെന്റില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്’- അദ്ദേഹം പറഞ്ഞു.

by Midhun HP News | Feb 19, 2026 | Latest News, ദേശീയ വാർത്ത
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചകളുടെ ആക്രമണത്തിൽ അമ്പയർ മരിച്ചു. സഹ അമ്പയറെ ഗുരുതര പരിക്കുകളോടെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 15-20 വരെ താരങ്ങൾക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
കാൺപൂർ ക്രിക്കറ്റ് അസോസിയേഷന് കീഴിലെ അണ്ടർ-13 ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് അമ്പയർ ആയ മാണിക് ഗുപ്തയ്‌ക്ക് ആണ് തേനീച്ചയുടെ ആക്രമണത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. മത്സരത്തിനിടെ തേനീച്ചകൾ കൂട്ടമായി ഗ്രൗണ്ടിലേക്ക് വരുകയായിരുന്നു.
തേനീച്ചയുടെ ആക്രമണത്തിൽ പേടിച്ച് കളിക്കാരും അമ്പയർമാരും ചിതറി ഓടി. ചിലർ നിലത്ത് മുഖം പൊത്തി കിടന്നു. ഇതിനിടയിലാണ് 65 കാരനായ മനിക് ഗുപ്തയ്ക്ക് പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മറ്റൊരു അമ്പയർ ജഗ്ദീഷ് ശർമയ്ക്കും പരിക്കേറ്റിരുന്നു. നിലവിൽ ജഗ്ദീഷ് ആശുപത്രയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾ അപകടനില തരണം ചെയ്തതായി ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.
കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഏകദേശം 30 വർഷത്തോളമായി പ്രവർത്തിച്ചു വരികയായിരുന്ന മാണിക് ഗുപ്ത നിരവധി പ്രാദേശിക മത്സരങ്ങളിൽ അമ്പയറായും സംഘാടകനായും സേവനം അനുഷ്ഠിച്ചിരുന്നു. മനിക് ഗുപ്തയുടെ നിര്യാണത്തിൽ കാൺപൂർ ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.


Recent Comments