സംസ്ഥാനം ആര് ഭരിക്കും?, വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം; കലാശക്കൊട്ട് നാളെ

സംസ്ഥാനം ആര് ഭരിക്കും?, വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം; കലാശക്കൊട്ട് നാളെ

തിരുവനന്തപുരം: സംസ്ഥാനം ഇനി ആര് ഭരിക്കും? ജനവിധി അറിയുന്നതിനുള്ള വോട്ടെടുപ്പിന് ഇനി 3 നാള്‍ മാത്രം. വോട്ട് ഉറപ്പിക്കാന്‍ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. നാളെയാണ് കലാശക്കൊട്ട്.

ഓരോ പാര്‍ട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തില്‍ പങ്കാളിയാവുന്നുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കന്‍ കേരളത്തില്‍ പ്രചാരണം നടത്തും. കൊല്ലത്ത് രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ നടക്കും. കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തില്‍ തുടരുകയാണ്. ഇന്നലെ ബേപ്പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഉള്‍പ്പെടെ പ്രചാരണത്തില്‍ അമിത് ഷാ പങ്കെടുത്തിരുന്നു.

അതേസമയം, ഇടത് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും. മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ റോഡ് ഷോ പെരളശ്ശേരിയില്‍ നടക്കും. കേന്ദ്രമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ ഇന്ന് പാലക്കാടെത്തും.

‘ചൊവ്വാഴ്ചയ്ക്കകം കരാറിലെത്തണം, അല്ലെങ്കില്‍ ഇറാനെ പൂര്‍ണമായി തകര്‍ക്കും’; വീണ്ടും ഭീഷണിയുമായി ട്രംപ്

‘ചൊവ്വാഴ്ചയ്ക്കകം കരാറിലെത്തണം, അല്ലെങ്കില്‍ ഇറാനെ പൂര്‍ണമായി തകര്‍ക്കും’; വീണ്ടും ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടണ്‍: ചൊവ്വാഴ്ചത്തെ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് സമാധാന കരാറില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാന്‍ എന്ന രാജ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ പൊതുജനം ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.ഇതിന് മറുപടിയായി ഇസ്രയേലിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സമാനമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

‘അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇറാനുമായി സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍, ഞങ്ങള്‍ ആ രാജ്യം മുഴുവന്‍ തകര്‍ക്കും. സമാധാന കരാറിന് നല്ല സാധ്യതയുണ്ട്. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ലെങ്കില്‍ ഞാന്‍ അവിടുത്തെ സകലതും തകര്‍ക്കും,’- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇറാന്‍ ഇപ്പോള്‍ത്തന്നെ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഓരോ ദിവസം കഴിയുന്തോറും സ്ഥിതി വഷളാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഓരോ ദിവസവും അവര്‍ക്ക് കൂടുതല്‍ പാലങ്ങളും പവര്‍ പ്ലാന്റുകളും മറ്റും നിര്‍മ്മിക്കേണ്ടി വരും. ഇത്രയധികം പ്രഹരമേറ്റ മറ്റൊരു രാജ്യം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല,’- ട്രംപ് പറഞ്ഞു.

തന്റെ നടപടികള്‍ മൂലം ഉണ്ടായേക്കാവുന്ന വന്‍തോതിലുള്ള ആള്‍നാശത്തെക്കുറിച്ചുള്ള ആശങ്കകള്‍ ട്രംപ് തള്ളിക്കളഞ്ഞു. സര്‍ക്കാരിനെ എതിര്‍ക്കുന്ന ആളുകള്‍ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം ആക്രമണങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഭയത്തിലാണ് കഴിയുന്നത്. യുദ്ധത്തിന്റെ പാതിവഴിയില്‍ ഞങ്ങള്‍ പിന്മാറുമെന്ന് അവര്‍ ഭയപ്പെടുന്നു, എന്നാല്‍ ഞങ്ങള്‍ പിന്മാറില്ല,’ – അദ്ദേഹം പറഞ്ഞു.ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് പകരമായി വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നിവ മുഖേന കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയും ഇറാനും പരോക്ഷ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

വർക്കല ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ അപകടം: തമിഴ്‌നാട് സ്വദേശി 60 അടി താഴ്ചയിലേക്ക് വീണു

വർക്കല ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ അപകടം: തമിഴ്‌നാട് സ്വദേശി 60 അടി താഴ്ചയിലേക്ക് വീണു

വർക്കല: വിനോദസഞ്ചാര കേന്ദ്രമായ വർക്കല പാപനാശം ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ വിനോദസഞ്ചാരി 60 അടി താഴ്ചയിലേക്ക് വീണു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ ശരവണനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

​ഹെലിപാഡിന് സമീപമുള്ള ക്ലിഫ് ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരവണൻ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്ന് കുന്നിന്റെ അറ്റത്ത് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ സൂചിപ്പിച്ചു.

​ഏകദേശം 60 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ഇയാൾ വീണത്. ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വലയുപയോഗിച്ച് ഇയാളെ സുരക്ഷിതമായി മുകളിലെത്തിച്ചു. പരിക്കേറ്റ ശരവണനെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ അപകടാവസ്ഥ തരണം ചെയ്തതായാണ് വിവരം.

വാഹനാപകടത്തിൽ മരണപ്പെട്ട കൃഷ്ണലാലിന്റെ അവയവങ്ങൾ ദാനം ചെയ്തു

വാഹനാപകടത്തിൽ മരണപ്പെട്ട കൃഷ്ണലാലിന്റെ അവയവങ്ങൾ ദാനം ചെയ്തു

സൈക്കിളിൽ സാധനം വാങ്ങാൻ പോയ കൃഷ്ണലാലിനെ കാറിടിച്ചു. മരണത്തിലും തളരാതെ കുടുംബം. 5 പേർക്ക് അവയവങ്ങൾ ദാനം ചെയ്ത് ആ കൃഷ്ണലാല്‍ യാത്രയായി.

തിരുവനന്തപുരം: മരണത്തിന് ശേഷവും 5 പേർക്ക് പുതുജീവൻ നൽകി കൃഷ്ണലാൽ (33) യാത്രയായി. മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാലിന്റെ ഹൃദയമടക്കമുള്ള അഞ്ചോളം അവയവങ്ങളാണ് ബന്ധുക്കൾ ദാനം ചെയ്തത്.

വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാൽ ഇക്കഴിഞ്ഞ ഒന്നാം തീയതി രാത്രി സാധനങ്ങൾ വാങ്ങാനായി സൈക്കിളിൽ പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. കൃഷ്ണലാൽ സഞ്ചരിച്ച സൈക്കിളിൽ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെയോടെ മസ്തിഷ്കമരണം സംഭവിക്കുക ആയിരുന്നു.

പ്രിയപ്പെട്ടവന്റെ വേർപാടിലും മറ്റുള്ളവർക്ക് ജീവൻ നൽകാനുള്ള കുടുംബത്തിന്റെ തീരുമാനം മാതൃകാപരമായി. അദ്ദേഹത്തിന്റെ അവയവങ്ങൾ താഴെ പറയുന്ന രീതിയിലാണ് കൈമാറുന്നത്.

ഹൃദയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കായി നൽകും. കിംസ് ആശുപത്രിയിൽ നിന്നും ഗ്രീൻ ചാനൽ വഴി ഹൃദയം കോട്ടയത്തേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. ​വൃക്കകൾ: ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിയിലെ രോഗിക്കും നൽകും. ​കരൾ: കിംസ് ആശുപത്രിയിലെ രോഗിക്കായി നൽകും. ​നേത്രപടലങ്ങൾ: തിരുവനന്തപുരം കണ്ണാശുപത്രിക്ക് കൈമാറും.

കുവൈത്തിൽ തന്ത്രപ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം

കുവൈത്തിൽ തന്ത്രപ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം

ദുബൈ: യുഎസ് – ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയില്‍ ആക്രമണം കടുപ്പിച്ച് ഇറാന്‍. കുവൈത്തിനെ ലക്ഷ്യമിട്ടാണ് ഇറാന്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തമായ ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി രാജ്യത്തെ പ്രധാന തന്ത്രപ്രധാന സ്ഥാപനങ്ങളെ ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണങ്ങള്‍ നടത്തി.

മിനിസ്ട്രീസ് കോംപ്ലക്സ്, പവര്‍ പ്ലാന്റുകള്‍, ജലശുദ്ധീകരണ കേന്ദ്രങ്ങള്‍, ഷുവൈഖിലെ എണ്ണ കെട്ടിടങ്ങള്‍ എന്നിവയാണ് ഇറാന്‍ ലക്ഷ്യമിട്ടത്. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായെങ്കിലും ഒരിടത്തും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ രണ്ട് പ്രധാന വൈദ്യുതി-ജല വിതരണ നിലയങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ രണ്ട് പവര്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തനരഹിതമായി. വൈദ്യുതി, ജല വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുയാണെന്ന് വെദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയ വക്താവ് ഫാത്തിമ ജവഹര്‍ ഹയാത്ത് പറഞ്ഞു.

അതേസമയം, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മിനിസ്ട്രീസ് കോംപ്ലക്‌സില്‍ ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ അനുവദിച്ചു. രാജ്യസുരക്ഷ ഉറപ്പാക്കാന്‍ സേന ജാഗ്രതയോടെ തുടരുന്നതായി അധികൃതര്‍ വ്യക്തമാക്കി.