by Midhun HP News | Apr 3, 2026 | Latest News, കേരളം
അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകന്‍ കിച്ചുവും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറയുന്ന കിച്ചുവിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് രേണു സുധിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
തന്റെ വിഡിയോയ്ക്ക് പിന്നാലെ വന്ന വാര്‍ത്തകളോടും നരേറ്റീവുകളോടും പ്രതികരിച്ചു കൊണ്ട് കിച്ചു സുധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിച്ചു സുധി. കഴിഞ്ഞ ദിവസത്തെ ലൈവിന് താഴെ കമന്റ് ചെയ്തു കൊണ്ടായിരുന്നു കിച്ചുവിന്റെ പ്രതികരണം.’എന്നെ ആരും തെറ്റദ്ധരിപ്പിച്ചിട്ടല്ല ഞാന്‍ വീഡിയോ ഇട്ടേ. ഇനി റിതപ്പനെ ഒക്കെ കാണാന്‍ പറ്റുവോ എന്ന് പോലും എനിക്ക് അറിയില്ല. ഇങ്ങനെ കുറച്ച് കാര്യങ്ങള്‍ ഒക്കെ പേടിച്ചാണ് ഒന്നും പറയാതെ ഇരുന്നത്. എന്തായാലും നോക്കാം. എല്ലാവരുടേയും സപ്പോര്‍ട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു കിച്ചു കമന്റ് സെക്ഷനില്‍ കുറിച്ചത്. പിന്നാലെ പിന്തുണയറിയിച്ചു കൊണ്ട് നിരവധി പേരെത്തി.
‘ ചക്കരെ നീ അടിച്ച് പൊളിക്കട. ആരുടെ മുന്നിലും കൈനിട്ടാതെ ഈ യൂട്യൂബ് ല്‍നിന്ന് തന്നെ വരുമാനം കണ്ടെത്തി പഠിച്ച് മിടുക്കനായി നല്ലൊരു ജോലിവാങ്ങി അനിയന്‍കുട്ടി യെയും ഹാപ്പിയായ്ക്കി യാത്ര തുടരുക , എന്തേലും ദുശീലം മൊക്കെയുണ്ടെങ്കില്‍ അതെക്കെ ഒഴിവാക്കാന്‍ ശ്രമിക്കണം, മനസ്സില്‍ അടക്കി പിടിച്ചിരുന്നോ കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ കിച്ചുവിന്റെ മനസ് ഫ്രീ ആയത് മുഖത്തു തെളിഞ്ഞു കാണുന്നുണ്ട്. ഇനി മുതല്‍ എന്ത് കാര്യം ഉണ്ടെങ്കിലും തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക’ എന്നിങ്ങനെയാണ് കമന്റുകള്‍.


by Midhun HP News | Apr 3, 2026 | Latest News, കേരളം
കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. തമിഴ്‌നാട് വണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റു. പത്തോളം പേര്‍ക്ക് കുത്തേറ്റതായാണ് വിവരം.
ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് കടന്നല്‍ ആക്രമണമുണ്ടായത്. രാവിലെ 11ഓടെ തോട്ടത്തില്‍ മരുന്ന് തളിക്കുമ്പോഴാണ് തൊഴിലാളികള്‍ക്ക് നേരെ കടന്നല്‍ കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടന്നല്‍ കുത്തേറ്റ മറ്റ് തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.


by Midhun HP News | Apr 3, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ നിലയങ്ങൾ അടക്കം മറ്റ് സ്ഥാപനങ്ങളും തകർക്കുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, പാലം ആക്രമണത്തിൽ തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. 136 മീറ്റര്‍ ഉയരമുള്ള, മിഡില്‍ ഈസ്റ്റിന്റെ ഒരു എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസായി കണക്കാക്കിയിരുന്ന പാലമാണ് യുഎസ്- ഇസ്രയേൽ സൈന്യം തകർത്തത്.
ടെഹ്റാനുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഊർജ്ജ നിലയങ്ങൾ അടക്കം അടിസ്ഥാന സൗകര്യ സ്ഥാപനങ്ങൾ ലക്ഷ്യം വെക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. “ഇറാനിൽ അവശേഷിക്കുന്നത് നശിപ്പിക്കാൻ പോലും യുഎസ് സൈന്യം തുടങ്ങിയിട്ടില്ല” എന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം. അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“ഇപ്പോൾ പാലം, അടുത്തത് വൈദ്യുത നിലയങ്ങൾ! ലോകത്തിലെ തന്നെ ഏറ്റവും മഹത്തരവും ശക്തമായതുമായ സൈന്യമാണ് അമേരിക്കയുടേത്. എന്താണ് ചെയ്യേണ്ടതെന്ന് ഇറാന്റെ പുതിയ ഭരണകൂടത്തിന് അറിയാം, അത് വേഗത്തിൽ ചെയ്യണം! വളരെ വൈകുന്നതിന് മുമ്പ് ഒരു കരാർ ഉണ്ടാക്കുക.” ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മുന്നറിയിപ്പ് സ്വരത്തിൽ കുറിച്ചു. ഇറാനിലെ പാലം തകർന്നതിന്റെ വീഡിയോയും ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.


by Midhun HP News | Apr 3, 2026 | Latest News, കേരളം
പാലക്കാട്: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗത്തിനിടെ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മണ്ണാര്‍കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയും മണ്ണാര്‍ക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി നിരവധി പരിപാടികളില്‍ പന്ന്യന്‍ രവീന്ദ്രന്‍ പങ്കെടുത്തിരുന്നു. കടുത്ത ചൂടില്‍ പ്രചാരണം നടത്തിയതാണ് പന്ന്യന്റെ ശാരിരിക അവശതയ്ക്ക് കാരണമായത്.


by Midhun HP News | Apr 3, 2026 | Latest News, കേരളം
കോഴിക്കോട്: നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാന് ആണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സിനാന്‍.
ഇന്ന് പുലര്‍ച്ചെ സിനാന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു സിനാന്‍. അതിനിടെ ഗുഡ്‌സ് ട്രെയിന് മുകളില്‍ നിന്ന് കാലുതെന്നിയതോടെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു. സെല്‍ഫി എടുക്കാന്‍ സിനാന്‍ ഒറ്റയ്ക്കായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പൊള്ളലേറ്റ സിനാനെ തൊട്ടടുത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


Recent Comments