by Midhun HP News | Apr 2, 2026 | Latest News, കേരളം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി, സിപിഐ നേതാവ് കെ പ്രകാശ് ബാബു, ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വികസനത്തിന് 60 ഇന പദ്ധതി പ്രഖ്യാപിച്ച് ഇടതുമുന്നണിയുടെ പ്രകടന പത്രിക. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും, കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് കാംപസ് പ്ലേസ്‌മെന്റ്, ലോകോത്തര ഉന്നത വിദ്യാഭ്യാസം, നൈപുണ്യ സര്‍വകലാശാല സ്ഥാപിക്കും, സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് ജോലി ഉറപ്പാക്കും. അതിവേഗ റെയില്‍പാതയ്ക്ക് ശ്രമം തുടരും, കെഎസ്ആര്‍ടിസിയെ പ്രവര്‍ത്തന ലാഭത്തിലാക്കും.
കേരളത്തെ ആദ്യ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കും, എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കും. അഭ്യസ്തവിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ സര്‍ക്കാര്‍ പരിരക്ഷ, തൊഴിലുറപ്പിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും, കേവല ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യും, വ്യവസായ ടൗണ്‍ഷിപ്പ് അതോറിറ്റിക്ക് രൂപം നല്‍കും, വിഴിഞ്ഞം ഔട്ടര്‍ ഏരിയാ ഗ്രോത്ത് കോറിഡോര്‍ വികസിപ്പിക്കും, ചവറ – കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍ ആരംഭിക്കും, പവര്‍കട്ട് ഇല്ലാത്ത കാലം തുടരും.
ഒരു ലക്ഷം നാനോ മൈക്രോ സംരംഭങ്ങള്‍ ഒരു കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കും. തോട്ടവിളകള്‍ക്ക് പുതിയ കര്‍മപദ്ധതി, പ്രവാസി പ്രൊഫഷണലുകള്‍ക്കായി ലോക കേരള സങ്കല്‍പ്പം, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കും, 5 ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും, ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും, ആരോഗ്യകരമായ വാര്‍ധക്യം പദ്ധതി നടപ്പാക്കും, ലൈഫ് മിഷന്‍ 2.0 നടപ്പാക്കും. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കും, 2031 ആകുമ്പോഴേക്കും 5 കോടി ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിടുന്നുവെന്നും എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നു.


by Midhun HP News | Apr 2, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതിനിടെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 38°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്തിയേക്കും. സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.


by Midhun HP News | Apr 2, 2026 | Latest News, കേരളം
കൊച്ചി: യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ പെസഹ വ്യാഴം ആചരിക്കും. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും പെസഹായുമായി ബന്ധപ്പെട്ട് നടക്കും.
അൻപതുനോമ്പിലെ അവസാന ആഴ്ചയാണിത്. ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ ദിവസമായി ക്രൈസ്തവർ ആചരിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.പള്ളികളിൽ തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് കാല്‍ കഴുകല്‍ ശുശ്രൂഷ. കുരിശു മരണത്തിന്റെ സ്മരണയില്‍ നാളെ ദുഃഖവെള്ളി ആചരിക്കും.


by Midhun HP News | Apr 2, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരിച്ചുകയറിയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് 1120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 1,11,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് കുറഞ്ഞത്. 13,880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില തിരിച്ചുകയറാന്‍ കാരണം. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമെന്ന് സൂചന നല്‍കി ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ഇന്ന് എണ്ണ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. അഞ്ചുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 106.3 ഡോളറായി വര്‍ധിച്ചിരിക്കുകയാണ്. ഇതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ മാസം മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: 54 വർഷത്തിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ‘ആർട്ടെമിസ് 2’ (Artemis II) ദൗത്യ യാത്ര ആരംഭിച്ചു. കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിൽ ഉള്ളത്. പത്ത് ദിവസത്തെ ദൗത്യത്തിനായി ആണ് സംഘം യാത്ര തിരിച്ചത്.
ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ മുന്നോട്ടുള്ള ബഹിരാകാശ ഗവേഷങ്ങൾക്ക് അത് വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ. ഭാവിയിൽ നടത്താനിരിക്കുന്ന ചൊവ്വാ യാത്രകൾക്കും ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുന്ന പദ്ധതികൾക്കും ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നും കണക്ക് കൂട്ടുന്നു. ദൗത്യത്തിനായി പോകുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ കാല് കുത്തില്ല എന്നതാണ് പ്രധാന പ്രത്യേകത. പകരം ചന്ദ്രന് ചുറ്റും വലം വച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ചെയ്യുക. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) എന്ന അതിശക്തമായ റോക്കറ്റും ഓറിയോൺ (Orion) പേടകവും ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്.
ആർട്ടെമിസ് 2വിലെ യാത്രയിൽ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചന്ദ്രനിൽ ലൂണാർ ഗേറ്റ്‌വേ സ്ഥാപിക്കുക എന്നതാണ് ആർട്ടെമിസ് 3യിലൂടെ ലക്ഷ്യം. ഈ യാത്രയിൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങും. ലൂണാർ ഗേറ്റ്‌വേ സ്ഥാപിക്കുന്നതോടെ ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള സ്ഥിരസഞ്ചാരം സാധ്യമാകും.
ഭാവിയിൽ മനുഷ്യർക്ക് ചന്ദ്രനിൽ താമസിച്ച് അവിടെയുള്ള ഹീലിയം ത്രീ ഉൾപ്പടെയുള്ള ധാതുക്കൾ ഖനനം ചെയ്യാനുള്ള മൂൺ കോളനി പദ്ധതിയ്ക്കുള്ള അടിത്തറ ഉണ്ടാക്കുകയാണ് ആർട്ടെമിസ് പദ്ധതിയിലൂടെ നാസ ലക്ഷ്യം വെയ്ക്കുന്നത്.ഈ ദൗത്യത്തിൽ ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം (5.6 മില്യൺ) ആളുകളുടെ പേരുകൾ അടങ്ങിയ ഒരു ഡിജിറ്റൽ ആർക്കൈവും ചന്ദ്രനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. നാസയുടെ “സെൻഡ് യുവർ നെയിം ടു ദി മൂൺ” (Send Your Name to the Moon) ക്യാമ്പയിനിലൂടെ ശേഖരിച്ച പേരുകളാണിത്. ബഹിരാകാശ പര്യവേക്ഷണത്തിൽ സാധാരണ ജനങ്ങളെയും പങ്കാളികളാക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ നാസ ലക്ഷ്യമിടുന്നത്.


Recent Comments