by Midhun HP News | Apr 2, 2026 | Latest News, ജില്ലാ വാർത്ത
വലിയകുന്ന് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് ഉരുൾ കമ്മിറ്റിയുടെ ഉരുൾ മഹാമഹം മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ ഫ്രണ്ട്സ് ഗസ്റ്റ് ഹൗസ് ജംഗ്ഷനിലാണ് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം (ഏപ്രിൽ 2 വ്യാഴാഴ്ച) 6 മണി മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. രാത്രി 7 മണി മുതൽ വർണ്ണോത്സവം 2026 സംഘടിപ്പിക്കും.
തുടർന്ന് ശിവമൂർത്തി കലാസമിതി കൊല്ലം അവതരിപ്പിക്കുന്ന 25ൽ പരം കലാകാരന്മാർ അണിനിരക്കുന്ന ശിങ്കാരിമേളം, രാത്രി ഒരു മണിക്ക് ഉരുളാരംഭം.
ഏപ്രിൽ 3 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ ഗസ്റ്റ് ഹൗസ് ജംഗ്ഷനിൽ വലിയകുന്ന് സദ്യ, അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ്പ് മഹോത്സവത്തോടനുബന്ധിച്ച് ഗസ്റ്റ് ഹൗസ് ജംഗ്ഷനിൽ ഫ്രണ്ട്സ് ഉരുൾകമ്മിറ്റി ഒരുക്കുന്ന തിരുമുൽക്കാഴ്ച, രാത്രി 7:00 മണിക്ക് ബീറ്റ്സ് ഓഫ് ട്രാവൻകൂറിന്റെ മെഗാ ഗാനമേളയും അരങ്ങേറും.
by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെല്‍ ഇന്ത്യയും. ഏപ്രില്‍ ഒന്നിന് പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബംഗളൂരുവില്‍, പെട്രോള്‍ വില ലിറ്ററിന് 7.41 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് ലിറ്ററിന് 119.85 രൂപയാണ് വില. പവര്‍ വേരിയന്റിന് 129.85 രൂപ നല്‍കണം. പ്രാദേശിക നികുതികള്‍ കാരണം നഗരങ്ങളില്‍ വില വ്യത്യാസപ്പെട്ടിരിക്കാം.
ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എണ്ണവിലയിലുണ്ടായ കുത്തനെയുള്ള വര്‍ധനയെ തുടര്‍ന്നാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ ഷെല്‍ ഇന്ത്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡീസലിന് ലിറ്ററിന് 25.01 രൂപയുടെ കുത്തനെയുള്ള വര്‍ധനയാണ് വരുത്തിയത്. സാധാരണ വേരിയന്റിന്റെ വില 123.52 രൂപയും പ്രീമിയം വില 133.52 രൂപയുമായി.
ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചിട്ടും പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ വില സ്ഥിരമായി നിലനിര്‍ത്തിയതിനാല്‍ സ്വകാര്യ ചില്ലറ വ്യാപാരികള്‍ നിരന്തരമായ സമ്മര്‍ദ്ദം നേരിടുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സ്വകാര്യ കമ്പനികള്‍ക്ക് നഷ്ടം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഈ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


by Midhun HP News | Apr 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മാസം തികയാതെ പിറന്ന കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. സുരക്ഷാ ജീവനക്കാരാരാണ് മൃതദേഹം കണ്ടത്.
രാവിലെയാണ് സംഭവം. മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ദുരൂഹ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ തുറന്നു നോക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടി വന്നവരുടെ കുഞ്ഞാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാരണം ചികിത്സയ്ക്കല്ലാതെ മറ്റുള്ളവര്‍ക്ക് ഈ പ്രദേശത്ത് കടന്നുവരുന്നത് പ്രയാസമാണ്. നിലവില്‍ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.


by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്ത് ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിതരണ സ്ഥിരത ഉറപ്പാക്കുന്നതിനും വിലക്കയറ്റം തടഞ്ഞും ലഭ്യത ഉറപ്പാക്കിയും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായാണ് നിര്‍ണായക പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ കസ്റ്റംസ് തീരുവയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത്. ജൂണ്‍ 30 വരെയാണ് തീരുവ ഇളവ് നിലനില്‍ക്കുക.
പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളെ മുഖ്യമായി ആശ്രയിക്കുന്ന മേഖലകള്‍ക്കും പ്ലാസ്റ്റിക്, പാക്കേജിങ്, തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, മറ്റ് നിര്‍മ്മാണ വിഭാഗങ്ങള്‍ തുടങ്ങിയ മറ്റു മേഖലകള്‍ക്കും സര്‍ക്കാര്‍ തീരുമാനം ഗുണം ചെയ്യും. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെയും അതിന്റെ ഫലമായി ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെയും പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണ്ണ കസ്റ്റംസ് തീരുവ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.
ആഭ്യന്തര വ്യവസായത്തിന് പെട്രോകെമിക്കല്‍ ഘടക ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ചെലവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും രാജ്യത്ത് വിതരണ സ്ഥിരത സംരക്ഷിക്കുന്നതിനുമായി താല്‍ക്കാലിക ആശ്വാസമായിട്ടാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.തീരുവ ഒഴിവാക്കിയതില്‍ മെഥനോള്‍, അണ്‍ഹൈഡ്രസ് അമോണിയ, ടോലുയിന്‍, സ്‌റ്റൈറൈന്‍, ഡൈക്ലോറോമീഥെയ്ന്‍ (മെത്തിലീന്‍ ക്ലോറൈഡ്), വിനൈല്‍ ക്ലോറൈഡ് മോണോമര്‍, പോളി ബ്യൂട്ടാഡീന്‍, സ്‌റ്റൈറൈന്‍ ബ്യൂട്ടാഡീന്‍, അണ്‍സാച്ചുറേറ്റഡ് പോളിസ്റ്റര്‍ റെസിനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. വളം, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിയെ കുറിച്ച് ആശങ്ക ഉയരാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. വളത്തിന്റെയും പെട്രോളിയത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. എണ്ണവില വര്‍ധനവിന്റെ ആഘാതത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചിരുന്നു.


by Midhun HP News | Apr 2, 2026 | Latest News, സിനിമ
‘പള്ളിച്ചട്ടമ്പി’യിലെ കഥാപാത്രത്തിനായി താൻ ശരീരഭാരം കൂട്ടിയെന്ന് നടൻ ടൊവിനോ. ശാരീരികമായി വളരെ കരുത്തുറ്റ ഒരു കഥാപാത്രമാണ് ചിത്രത്തിൽ തന്റേതെന്നും നടൻ പറഞ്ഞു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായി ഏപ്രിൽ 10 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
“കഥാപാത്രത്തിനായി ഭാരം കൂട്ടണമെന്ന് ഡിജോ എന്നോട് പറഞ്ഞു. അതുവരെ ഞാൻ കർശനമായ ഭക്ഷണക്രമം പാലിച്ചിരുന്ന ആളാണ്. പക്ഷേ ഈ സിനിമക്കായി ഞാൻ അത് നിർത്തി. കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ എന്റെ ഹെയർ സ്റ്റൈലും മീശയും ഞാൻ മാറ്റി”.- ടൊവിനോ പറഞ്ഞു.
1950 കളിൽ കേരളത്തിൽ നടന്ന സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പള്ളിച്ചട്ടമ്പി ഒരുക്കിയിരിക്കുന്നതെന്നും വെറും ആക്ഷൻ മാത്രമല്ല, ശക്തമായ വൈകാരികതലങ്ങളുള്ള ഒരു ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പിയെന്നും ടൊവിനോ കൂട്ടിച്ചേർത്തു.”ഒരിക്കൽ നിങ്ങൾ ഈ സിനിമ കണ്ടുകഴിഞ്ഞാൽ, അതിന്റെ ആത്മാവ് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും. മനുഷ്യത്വം തന്നെയാണ് ചിത്രത്തിന്റെ കാതൽ എന്ന് പറയുന്നത്. ആരും ഉന്നതരുമല്ല, താഴ്ന്നവരുമല്ല. കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന മനോഹരമായ ഒരു വൈകാരിക ചിത്രമാണിത്”.- ടൊവിനോ വ്യക്തമാക്കി.
ഡിജോ ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അന്ന് മുതൽ ഈ സിനിമക്കായുള്ള യാത്രയിലായിരുന്നുവെന്നും ടൊവിനോ പറഞ്ഞു. വേൾഡ്‌വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റ്സിന്റെയും ബാനറുകളിൽ നൗഫേൽ, ബ്രിജേഷ്, ചാണക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കയാദു ലോഹർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.


Recent Comments