ബാത്റൂമിലെ ആസിഡ് പ്രയോഗം വില്ലനായി; റിയാദിൽ മലയാളിക്ക് ദാരുണാന്ത്യം.

ബാത്റൂമിലെ ആസിഡ് പ്രയോഗം വില്ലനായി; റിയാദിൽ മലയാളിക്ക് ദാരുണാന്ത്യം.

നൊമ്പരമായി മലപ്പുറം വേങ്ങര സ്വദേശി ഈസ്മായീൽ. റിയാദിലെ അസീസിയയിലുള്ള താമസസ്ഥലത്ത് വെച്ചുണ്ടായ അപ്രതീക്ഷിത അപകടമാണ് 51-കാരനായ ഈസ്മായീലിന്റെ ജീവനെടുത്തത്. പൈപ്പിലെ തടസ്സം നീക്കാനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽ നിന്നുള്ള അതിശക്തമായ വിഷവാതകം ശ്വസിച്ചതാണ് മരണകാരണം.

ബാത്റൂമിലെ പൈപ്പിൽ ആസിഡ് ഒഴിച്ച വിവരം അറിയാതെ അകത്തേക്ക് പ്രവേശിച്ച ഈസ്മായീൽ നിമിഷങ്ങൾക്കകം ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ അൽഈമാൻ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ചയോടെ പ്രവാസലോകത്തോട് അദ്ദേഹം വിടപറഞ്ഞു. പൈപ്പ് ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ഇത്തരം രാസവസ്തുക്കൾ എത്രത്തോളം അപകടകാരികളാണെന്ന് ഈ മരണം നമ്മെ ഓർമ്മിപ്പിക്കുന്നു. ഗൾഫ് നാടുകളിൽ കഴിയുന്ന ഓരോ പ്രവാസിയും ഇത്തരം കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കണ്ണുനിറയിക്കുന്ന ആ പൈതലിന് കാവലാളായി കെ.എസ്.ആർ.ടി.സിയിലെ ‘അമ്മ മനസ്സ്’!

കണ്ണുനിറയിക്കുന്ന ആ പൈതലിന് കാവലാളായി കെ.എസ്.ആർ.ടി.സിയിലെ ‘അമ്മ മനസ്സ്’!

തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സിൽ ടിക്കറ്റിനായി പൈസ നീട്ടിയ ആ കൊച്ചുബാലനെ കണ്ടപ്പോൾ കണ്ടക്ടർക്ക് എന്തോ ഒരു പന്തികേട് തോന്നി. തനിയെ യാത്ര ചെയ്യുന്ന ആ കുരുന്നിനോട് കൂടെയാരുമില്ലേ എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു—”അമ്മയറിയാതെ അമ്മൂമ്മയുടെ അടുത്തേക്ക് പോവുകയാണ്!”

തിരുവനന്തപുരത്ത് എവിടെയാണ് അമ്മൂമ്മയുടെ വീടെന്ന് പോലും അറിയാതെ ഇറങ്ങിപ്പുറപ്പെട്ട ആ കുഞ്ഞിനെ കണ്ടക്ടർ തന്റെ സംരക്ഷണയിൽ ചേർത്തുനിർത്തി. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയുടെ സ്കൂൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഭാഗ്യവശാൽ അതേ സ്കൂളിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ അമ്മ ബസ്സിലുണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. ഉടൻ തന്നെ സ്കൂൾ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. ഒടുവിൽ തിരുവനന്തപുരം ഡിപ്പോയിൽ ബസ്സ് എത്തുമ്പോൾ ആ കുഞ്ഞിനെ കാത്ത് അധ്യാപകരും മാതാപിതാക്കളും അവിടെയുണ്ടായിരുന്നു.

ജോലിത്തിരക്കിനിടയിലും ആ കുഞ്ഞിന്റെ ഭയവും നിസ്സഹായതയും തിരിച്ചറിഞ്ഞ് അവനെ സുരക്ഷിതമായ കൈകളിൽ എത്തിച്ച ഈ വനിതാ കണ്ടക്ടർക്ക് ഒരായിരം ബിഗ് സല്യൂട്ട്! അമൃത ചാനലിലെ പരിപാടിയിലൂടെ പുറംലോകമറിഞ്ഞ ഈ സംഭവം മനുഷ്യത്വത്തിന്റെ മനോഹരമായ ഒരു പാഠമാണ്.

മരണത്തിലും പുതുജീവനേകി; ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

മരണത്തിലും പുതുജീവനേകി; ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡല്‍ഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് വിധേയനായ ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു. ഹരീഷിന്റെ ഹൃദയവാല്‍വുകളും കോര്‍ണിയയുമാണ് ദാനം ചെയ്തത്. അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഹരീഷ് റാണ സംസാകാരം നടന്നത്. ഡല്‍ഹി ഗ്രീന്‍ പാര്‍ക്ക് ശ്മശാനത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

അബോധാവസ്ഥ(കോമ)യില്‍ കഴിയുന്ന 31കാരനായ യുപി ഗാസിയബാദ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഹരീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനായിരുന്നു കോടതി നിര്‍ദേശം. മാര്‍ച്ച് പതിനൊന്നിനായിരുന്നു വിധി.

2013 മുതല്‍ കോമയില്‍ കഴിയുന്ന ഹരീഷ് ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണം ഘട്ടംഘട്ടമായി പിന്‍വലിച്ച് ദയാവധം നടപ്പാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബിടെക് വിദ്യാര്‍ഥിയായിരുന്ന ഹരീഷ് റാണ 2013 ആഗസ്തിലാണ് കെട്ടിടത്തില്‍നിന്ന് വീണ് അബോധാവസ്ഥയിലായത്. അന്നുമുതല്‍ ട്യൂബ് വഴി നല്‍കുന്ന ഭക്ഷണത്തെയും ശ്വസന സഹായികളെയും ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.

എഴുത്തുകാരന്‍ പിഐ ശങ്കരനാരായണന്‍ അന്തരിച്ചു

എഴുത്തുകാരന്‍ പിഐ ശങ്കരനാരായണന്‍ അന്തരിച്ചു

കൊച്ചി: എഴുത്തുകാരന്‍ പിഐ ശങ്കരനാരായണന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എഴുപതിലധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവല്‍ക്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണ ജൂബിലി പുരസ്‌കാരം സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്‌കാരം (2012) കുഞ്ഞുണ്ണി പുരസ്‌കാരം (2013) എന്നിവ ലഭിച്ചു.നളിനിയാണ് ഭാര്യ. കണ്ണൂര്‍ സ്വദേശിയായ പിഐ ശങ്കരനാരായണന്‍ കലൂര്‍ പിസി റോഡിലെ വാടക വീട്ടിലായിരുന്നു താമസം.

യാത്രക്കാരിയായി ഹര്‍ഷിന, കേരളം ചുറ്റാന്‍ കോണ്‍ഗ്രസിന്റെ ‘ഇന്ദിര ഗ്യാരന്റി’ ബസ്

യാത്രക്കാരിയായി ഹര്‍ഷിന, കേരളം ചുറ്റാന്‍ കോണ്‍ഗ്രസിന്റെ ‘ഇന്ദിര ഗ്യാരന്റി’ ബസ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ‘ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനൊപ്പം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രചാരണ ബസിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും.

‘ഇന്ദിര ഗ്യാരന്റി’ എന്നു പേരിട്ട ബസില്‍ ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന യുഡിഎഫ് മുദ്രാവാക്യം പതിച്ചിട്ടുണ്ട്. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, ക്ഷേമപെന്‍ഷനുകള്‍ 3000 രൂപ ആയി ഉയര്‍ത്തും, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ പലിശരഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നീ ആറു വാഗ്ദാനങ്ങളാണ് ബസിന്റെ വശങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്.

‘പുതുയുഗ കേരളത്തിന് ഇന്ദിര ഗ്യാരന്റി’ എന്നാണ് ബസിന്റെ പിന്നില്‍ സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഇന്ദിര ഗാന്ധി എന്നിവരുടെ ചിത്രങ്ങളാണ് ബസിന്റെ പുറംവശങ്ങളില്‍ ഉള്ളത്. ഇന്‍ഷുറന്‍സ് സംബന്ധിച്ച എഴുത്തിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഉണ്ട്. മറ്റ് കേരള നേതാക്കളുടെ ചിത്രങ്ങളൊന്നും ബസില്‍ ഇടം നേടിയിട്ടില്ല. 14 ജില്ലകളിലും ബസ് എത്തിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. 38 സീറ്റുള്ള ബസിന്റെ ആദ്യ യാത്രയില്‍ ആരോഗ്യമേഖലയിലെ താളപ്പിഴകളുടെ ഇരയായ കെ.കെ.ഹര്‍ഷിന ഉള്‍പ്പെടെ സമൂഹത്തിന്റെ ആറു മേഖലകളില്‍ നിന്നുള്ള വ്യക്തികളും യുഡിഎഫ് നേതാക്കളുമാണ് സഞ്ചരിക്കുക.