by Midhun HP News | Feb 5, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 3680 രൂപയാണ് കുറഞ്ഞത്. 1,13,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് ആനുപാതികമായി 460 രൂപയാണ് കുറഞ്ഞത്. 14,155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ പവന് അയ്യായിരത്തോളം രൂപ കൂടിയ സ്വര്‍ണവില ഉച്ചയോടെ 800 രൂപയാണ് കുറഞ്ഞത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Feb 4, 2026 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ ഇരുചക്ര വാഹന മോഷ്ടാക്കളെ വാഹന ഉടമയും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിന് കൈമാറി.
ഇടുക്കി സ്വദേശി രാഹുൽ,
വക്കം സ്വദേശിയും ഇപ്പോൾ വർക്കല പാളയംകുന്ന് ഫാക്ട് ജംഗ്ഷന് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണുവുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
ഇക്കഴിഞ്ഞ ദിവസം വർക്കല ബീച്ച് റോഡിന് സമീപത്ത് കിളിത്തട്ട് മുക്ക് ക്ഷേത്രത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്കാണ് മോഷണം പോയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് വർക്കല പോലീസ് സ്റ്റേഷനിൽ വാഹന ഉടമ പരാതി നൽകിയിരുന്നു. എന്നാൽ നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം വാഹന ഉടമയും സുഹൃത്തുക്കളും രാത്രിയിൽ വാഹനം അന്വേഷിച്ച് ഇറങ്ങിയിരുന്നു. വർക്കലയിലെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരവേ വർക്കല ടൗണിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ മോഷ്ടാക്കൾ വാഹനവുമായി എത്തി. വാഹനത്തിൻറെ രൂപരേഖകൾ മാറ്റിയാണ് മോഷ്ടാക്കൾ എത്തിയത് ഉടമയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് വാഹനം പരിശോധന നടത്തി. ഉടമ വാഹനം തിരിച്ചറിഞ്ഞതോടെ മോഷ്ടാക്കൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
തുടർന്ന് നാട്ടുകാരും വാഹന ഉടമയും മോഷ്ടാക്കളെ പിടികൂടി വർക്കല പോലീസിന് കൈമാറുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻചെയ്തു
by Midhun HP News | Feb 4, 2026 | Latest News, കേരളം
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറേറ്റര്‍ റൂമിന് സമീപം തീപിടുത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ പുറത്തിറക്കിയാണ് തീ നിയന്ത്രിച്ചത്.
മെഡിക്കല്‍ കോളജിലെ ഫെസിലിറ്റി മെയിന്റനന്‍സ് വിഭാഗം സമയബന്ധിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡീസല്‍ ടാങ്കിലേക്ക് തീ പിടിക്കാത്തതിനാല്‍ സ്‌ഫോടനം ഒഴിവായി. നിലവില്‍ ജനറേറ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ഇന്ന് വൈദ്യുതി മുടങ്ങിയതിനാല്‍ മുഴുവന്‍ സമയവും ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം എന്നാണ് പ്രാഥമിക നിഗമനം.


by Midhun HP News | Feb 4, 2026 | Latest News, കേരളം
കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തലക്കെട്ടിലെഴുതിയ പുസ്തകമാണ് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പ്രകാശനം ചെയ്തത്. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐ ടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി മാത്യുവാണ് എം എന്‍ വിജയന്റെ മകനും എഴുത്തുകാരനുമായ വി എസ് അനില്‍ കുമാറിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തത്.

സിപിഎമ്മിന്റെ എതിര്‍പ്പിനെ മറികടന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ വലിയ ജനാവലിയാണ് എത്തിയത്. നിരവധി പേര്‍ വേദിയിലെത്തി വി കുഞ്ഞികൃഷ്ണന് കൈകൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സദസിലിരിക്കുന്നവര്‍ ഇന്‍ക്വിലാബ് വിളിക്കുന്നതിനിടെയാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്.
പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചുവെന്ന് നവ മാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായതായി വി കുഞ്ഞികൃഷ്ണന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ”എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസിന് മുന്നില്‍ പറയാന്‍ പറ്റാത്ത അശ്ലീല സന്ദേശങ്ങള്‍ തുടര്‍ച്ചയായി വാട്‌സ്ആപ്പിലൂടെ വന്നു.
വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണ് ”, കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അതേസമയം, വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പ്രകാശനം ചെയ്തതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സത്യത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യൂറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായതെന്ന് ജോസഫ് സി മാത്യു ചോദിച്ചു. പാര്‍ട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാര്‍ട്ടിക്ക് വരുന്നതെന്നും ചോദിച്ചു.
സിപിഎം പ്രവര്‍ത്തകര്‍ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലമാക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞി കൃഷ്ണന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടു ദിവസമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ വി കുഞ്ഞിക്കൃഷ്ണനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. പയ്യന്നൂരില്‍ വികസന മുന്നേറ്റ ജാഥയുടെ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കവെ കുഞ്ഞികൃഷ്ണന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും വി കുഞ്ഞികൃഷ്ണനെതിരെ അതിശക്തമായ എതിര്‍പ്പാണ് സിപിഎം സൈബര്‍ പോരാളികള്‍ ഉയര്‍ത്തിയത്. ജാഗ്രത പയ്യന്നൂരാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത് 100 പേജുള്ള പുസ്തകം വി കുഞ്ഞികൃഷ്ണന്‍ തന്നെയാണ് സ്വന്തം ചെലവില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചത്.
അതില്‍ ഏരിയാ കമ്മിറ്റിയെന്ന അധ്യായത്തിലാണ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുള്ളത്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങിയതിനുശേഷം കണക്കുകള്‍ വിശദീകരിക്കാനാണ് സിപിഎം തീരുമാനം. ഈ കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ കണക്ക് മാധ്യങ്ങളെ അറിയിക്കേണ്ടതില്ലെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി Cകെ കെ രാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. ഈ കാര്യം വിവാദമായപ്പോള്‍ സംസ്ഥാന നേതൃത്വം തിരുത്തുകയായിരുന്നു.

by Midhun HP News | Feb 4, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സി ജെ റോയ് 6 മാസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച രേഖകളും കണ്ടെത്തിയിട്ടുണ്ട്. ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചതു സമ്മര്‍ദം കൂട്ടാന്‍ കാരണമായെന്നാണ് കണ്ടെത്തല്‍.

പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെയാണ് റോയ് കടുത്ത തീരുമാനത്തിലേക്കു നീങ്ങിയെന്നാണു സംശയിക്കുന്നത്. ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്.
അതേസമയം റിയല്‍ എസ്റ്റേറ്റ് രംഗത്തെ റോയിയുടെ പങ്കാളികളെയും ഇടപാടുകാരെയും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം പരിശോധന ശക്തമാക്കുകയാണ്. ആദ്യഘട്ട മൊഴികളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത തേടിയാണ് ഈ നീക്കം.ഇതു പ്രകാരം വന്‍കിട ഭൂമി ഇടപാടുകളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരെ വരുംദിവസങ്ങളില്‍ കര്‍ണാടക പൊലിസ് ചോദ്യം ചെയ്യും. മരണത്തിന് മുന്‍പ് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് എസ്ഐടി ബാങ്കുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് സി ജെ റോയിയുടെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു ഓഫീസിനകത്ത് വച്ച് അദ്ദേഹം സ്വയം വെടിവച്ച് മരിച്ചത്. ബംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള ഓഫീസിലായിരുന്നു സംഭവം.

Recent Comments