by Midhun HP News | Feb 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ വിദ്യാഭ്യാസ അനുകൂല്യങ്ങള്‍ക്കുള്ള എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെ എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പിന്നാക്ക വിഭാഗ കമ്മീഷന്റെ ഉപദേശം അംഗീകരിച്ചാണ് തീരുമാനം.
ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965 ലെ കുമാരപിള്ള കമീഷന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്ക്കുന്ന സമുദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു.
അതുകൊണ്ടു തന്നെ ഈ 28 സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍, സംസ്ഥാന പിന്നാക്ക കമ്മീഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കമ്മീഷന് നല്കിയ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ 28 സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാനാകും.

എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങള്‍
1 . അമ്പലക്കാരന്‍, 2. അഞ്ചുനാടു വെള്ളാളര്‍ 3. ദാസ 4. കോട്ടയാര്‍ 5 കുമാര ക്ഷത്രിയ 6 കുന്നുവര്‍ മന്നാടി 7 എസ്ഐയുസി നാടാര്‍ 8 നായിഡു 9 കോടാങ്കി നായ്ക്കന് 10 ഗൗണ്ടര്‍ വിഭാഗത്തിലെ പുലവ / വേട്ടുവ / പടയ്യാച്ചി / കവലിയ 11 സേനൈ തലവര് , ഇളവന്ന്യാര്‍ , ഇളവന്യ 12 തച്ചര് ( മരപ്പണിക്കാരായ ) 13 തോല് കൊല്ലന്‍സ് 14 മഹേന്ദ്ര മേദര 15 വിഷവന്‍ ( മലബാര്‍ ) 16 കമ്മാറ 17 . ചെട്ടികള്‍ – മൗണ്ടാടന്‍ – ഇടനാടന്‍ 18. എഴുത്തശ്ശന്‍ 19. കടച്ചി കൊല്ലന് 20. കൊങ്കു നാവിതന്‍ , വേട്ടുവ നാവിതന്‍ , അടുത്തോന്‍ 21.കൊങ്കു വെള്ളാള ഗൗണ്ടര്‍ വിഭാഗത്തിലെ – , നാട്ടു ഗൗണ്ടര്‍ , വെള്ളാള ഗൗണ്ടര്‍ , പാല ഗൗണ്ടര്‍ , പൂശാന്‍ ഗൗണ്ടര്‍ , പാല വെള്ളാള ഗൗണ്ടര്‍ 22. വടുക , വടുവ , വടുകര്‍ , വടുവന്‍സ് , വടുഗന്‍ഡ് , വടുകര്‍സ് , വടുകാസ് , വടുകന്‍സ് , 23. വാണിയന്‍സ് 24. യോഗീസ് , കുരുക്കള്‍ / ഗുരുക്കള്‍ , ചെട്ടിയാര്‍ , ഹിന്ദു ചെട്ടി , പപ്പട ചെട്ടി 25. മലയ കണ്ടി ( മലമ്പാര്‍ ഒഴികെ ) 26. ശൈവ വെള്ളാളയിലെ ( ചേരക്കുള വെള്ളാള , കര് കര്‍ത്ത വെള്ളാള , ചോഴിയ വെള്ളാള , പിള്ളൈ 27. കണിയാര് 28. ഈഴവ
ഈ വിഭാഗങ്ങളുടെ ദീര്‍ഘകാലത്തെ നിവേദനങ്ങള്‍ പരിഗണിച്ചാണ് ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവര്‍ക്ക് വിദ്യാഭ്യാസ സംവരണ അനുകൂല്യങ്ങള്‍ നല്കാന് മന്ത്രിസഭ തീരുമാനിച്ചത്.

by Midhun HP News | Feb 5, 2026 | Latest News, ജില്ലാ വാർത്ത
ഇംഫാല്‍: രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന് പിന്നാലെ മണിപ്പുരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. ബിജെപി നേതാവ് വൈ. ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് ഇംഫാലിലെ ലോക്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
മുഖ്യമന്ത്രിക്ക് പുറമേ രണ്ട് ഉപമുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു. ബിജെപിയുടെ നെംചാ കിപ്ജെന്, നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ ലോസി ദിഖോ എന്നിവരാണ് പുതിയ ഉപമുഖ്യമന്ത്രിമാര്‍. കുക്കി വിഭാഗത്തില്‍ നിന്ന് ആദ്യമായി ഉപമുഖ്യമന്ത്രിയാകുന്ന ആളാണ് നെംചാ.
ബിജെപിയുടെ ഗോവിന്ദാസ് കൊന്തൗജം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഖേ ലോകേന്‍ എന്നിവര്‍ മന്ത്രിമാരായും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി എംഎല്‍എമാരും സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികളും എന്‍ഡിഎ നേതാക്കളും പങ്കെടുത്തു.


by Midhun HP News | Feb 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിക്കുകയും കടന്നുപിടിക്കുകയും ചെയ്ത കേസിലെ പ്രതിയും വെട്ടുകാട് സ്വദേശി ബേസില്‍ ജോസഫിനെ(54) വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. 26,000 രൂപ പിഴയും വിധിച്ചു. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷ വിധിച്ചത്.
പിഴ അടയ്ക്കാത്ത പക്ഷം 3 വര്‍ഷം 3 മാസം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകളില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുകയും ലീഗല്‍ സര്‍വിസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്കു നല്‍കണം എന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു.
2024 ഒക്ടോബര്‍ 20ന് വൈകിട്ടാണ് സംഭവം നടന്നത്. വീട്ടിലെ ടെറസില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയല്‍വാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്ത് ചെന്ന കുട്ടിയോട് അവിടെ ഇരിക്കുന്ന പൂച്ചട്ടി എടുത്ത് തരാന്‍ പ്രതി ആവശ്യപ്പെട്ടു. പൂച്ചട്ടി എടുത്ത് കൊടുത്ത കുട്ടിയുടെ കയ്യില്‍ പ്രതി കടന്ന് പിടിക്കുകയും ഉമ്മ വച്ചാല്‍ മാത്രമേ കൈവിടൂ എന്ന് പറഞ്ഞ് ബലപ്രയോഗം നടത്തുകയും ചെയ്തു. ഭയന്നുപോയ കുട്ടി ഉമ്മ നല്കി. വീട്ടിലെത്തിയ കുട്ടി കരഞ്ഞുകൊണ്ട് പിതാവിനോട് കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിതാവ് വീടിന് പുറത്തേക്ക് വരുന്നത് കണ്ട പ്രതി ഓടി രക്ഷപെട്ടു. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.


by Midhun HP News | Feb 5, 2026 | Latest News, ജില്ലാ വാർത്ത, മരണം
ഊരൂപൊയ്ക, കളിയിക്കവിളയിൽ വേണുധരൻ നായർ (73) അന്തരിച്ചു
ഭാര്യ: അമ്മിണി
by Midhun HP News | Feb 5, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ആടിയ ശിഷ്ടം നെയ് വില്‍പ്പന ക്രമേക്കേടില്‍, കൗണ്ടര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരന് അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ സ്വദേശി സുനില്‍ കുമാര്‍ പോറ്റിയാണ് പിടിയിലായത്. മണ്ഡല മകരവിളക്ക് മഹോത്സവ സമയത്തെ ശബരിമലയില്‍ ആടിയ ശിഷ്ടം നെയ് വില്‍പ്പന ചുമതലക്കാരന് ആയിരുന്നു സുനില്‍ കുമാര്‍. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ കീഴ് ശാന്തിയായിരുന്ന സുനിലിനെ വിജിലന്‍സ് പത്തനംതിട്ട യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ശബരമലയിലെ ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടില്‍ 36 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് പായ്ക്കറ്റിലാക്കി വില്‍പ്പന നടത്തിയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ലഭിച്ച മുഴുവന്‍ തുകയും ബോര്‍ഡില്‍ അടയ്ക്കാതെ ജീവനക്കാര്‍ സ്റ്റോക്കില്‍ ക്രമക്കേട് നടത്തുകയായിരുന്നു. ഇതിലൂടെ ദേവസ്വം ബോര്‍ഡിന് 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ക്രമക്കേട് അന്വേഷിക്കാന്‍ തുടങ്ങിയത്. കേരള ഹൈക്കോടതി പുറപ്പെടുവിച്ച നിരീക്ഷണങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു നടപടി.


Recent Comments