by Midhun HP News | Aug 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചെലവ് ചുരുക്കാൻ ആരുടെയും ആനുകൂല്യങ്ങൾ സർക്കാർ വെട്ടിക്കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മെഡിസെപ് പദ്ധതി നല്ല രീതിയിൽ പരിഷ്‌കരിക്കുന്നതിനുള്ള പരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷക്കാലം ഉപദ്രവിക്കപ്പെട്ട പ്രതിപക്ഷ സർവീസ് സംഘടനകളിലുള്ളവർക്ക് സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നേരത്തെ കാരണഭൂതൻ എന്നെല്ലാം പറഞ്ഞ് തിരുവാതിര കളിയുമായി നടന്നവരാണ് ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കഴിഞ്ഞ പത്ത് വർഷംകൊണ്ട് നടക്കാത്തത് രണ്ട് മാസംകൊണ്ട് നടക്കണമെന്നാണ് അവരുടെ ആവശ്യം. സെക്രട്ടേറിയറ്റിലെ ഒരു സംഘടന ഇറക്കിയിരിക്കുന്ന നോട്ടീസ് താൻ കണ്ടു. ഇത്രയും തമാശക്കാർ സെക്രട്ടേറിയറ്റിലുണ്ടെന്ന് ഇപ്പോഴാണ് തനിക്ക് മനസ്സിലായത്. അതു വായിച്ചാൽ പൊട്ടിച്ചിരിച്ചു പോകും. എന്ത് തൊലിക്കട്ടിയാണ്. ഇവരൊക്കെ കഴിഞ്ഞ പത്ത് കൊല്ലക്കാലം എവിടെയായിരുന്നു. സ്തുതിപാഠകരായി നടക്കുകയായിരുന്നു. മുഖ്യമന്ത്രി പറഞ്ഞു.
സ്ഥലംമാറ്റത്തെക്കുറിച്ചാണ് ഇപ്പോൾ ഉയർത്തുന്ന മറ്റൊരു ആക്ഷേപം. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റമൊക്കെ ഉണ്ടാകും. പണ്ട് അധികാരം കിട്ടിക്കഴിഞ്ഞാൽ ഇതൊക്കെ മറന്നുപോകുമായിരുന്നു. ഇപ്പോൾ അങ്ങനെ ഒന്നും മറക്കില്ല. എല്ലാം ഓർത്തുവെച്ചേക്കും. സ്ഥലംമാറ്റമൊക്കെ ഉണ്ടാകും. റെഡിയായിട്ടിരുന്നാൽ മതി. പക്ഷേ, അനാവശ്യമായി ആരെയും ഉപദ്രവിക്കുകയൊന്നുമില്ല. കഴിഞ്ഞ പത്ത് വർഷക്കാലം ഉപദ്രവിക്കപ്പെട്ട പ്രതിപക്ഷ സർവീസ് സംഘടനകളിലുള്ളവർക്ക് സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


by Midhun HP News | Aug 6, 2026 | Latest News, കേരളം
രണ്ട് മില്യൺ ഫോളോവേഴ്സസ് എന്ന ചരിത്രനേട്ടം കൈവരിച്ച് കേരളാ പൊലീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ്. ലോകത്ത് പൊലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജുകളിൽ രണ്ട് മില്യൺ ഫോളോവേഴ്സ് എന്ന റെക്കോഡ് നേടുന്ന ആദ്യ ഇൻസ്റ്റഗ്രാം പേജെന്ന നേട്ടമാണ് കേരളാ പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിന് നിലവിൽ 2.3 മില്യൺ ഫോളോവേഴ്സ് ആണുള്ലത്.

ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കുക, ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമൂഹമാദ്ധ്യമങ്ങളെ ഉപയോഗിച്ചുവരുന്നതെന്ന് കേരളാ പൊലീസ് വ്യക്തമാക്കുന്നു. കാലാനുസൃതമായി മാറുന്ന ആശയവിനിമയ രീതികളെ ഉൾക്കൊണ്ട് പൊതുജനങ്ങളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞെന്നതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകമെന്നും കേരള പൊലീസ് ചൂണ്ടിക്കാട്ടി.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ലോകത്തിലെ സംസ്ഥാന പോലീസ് ഇൻസ്റ്റാഗ്രാം പേജുകളിൽ ആദ്യമായി 2 മില്യൺ ഫോളോവേഴ്സ് എന്ന ലോകറെക്കോർഡ് കൈവരിച്ചിരിക്കുകയാണ് നമ്മൾ. ഇത് ഞങ്ങളോടൊപ്പം സഞ്ചരിക്കുന്ന പ്രിയപ്പെട്ടവരോരുത്തരുടേയും വിജയമാണ്.
നർമ്മത്തിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവൽക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പോലീസ് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുവരുന്നത്. ആ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചും, നിർദ്ദേശങ്ങൾ നൽകിയുമാണ് നിങ്ങൾ ഓരോരുത്തരും ഈ കുടുംബത്തിന്റെ ഭാഗമായത്. ഞങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും, പിഴവുകൾ ചൂണ്ടിക്കാട്ടി കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം . സുരക്ഷിതമായ സമൂഹത്തിനായി ഒരുമിച്ച് മുന്നോട്ട്.

by Midhun HP News | Aug 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം ഒരുങ്ങുന്നു. മെട്രോ റെയിൽ സംവിധാനങ്ങളുടെ മാതൃകയിൽ എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ട് ഉപയോഗിച്ചാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് നടക്കും. ഗതാഗത മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിക്കും. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പറും കെ.എസ്.ആർ.ടി.സി ഉടൻ പുറത്തുവിടും.
യാത്രക്കാർക്ക് വാട്‌സ്ആപ്പ് ചാറ്റിലൂടെ തന്നെ യാത്ര ആരംഭിക്കുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും തെരഞ്ഞെടുത്ത് വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ആശയവിനിമയത്തിനായി മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾക്ക് പുറമേ ‘മംഗ്ലീഷ്’ ഭാഷയും ചാറ്റ്ബോട്ട് പിന്തുണയ്ക്കും.
യാത്ര സംബന്ധമായ വിവരങ്ങളും സംശയങ്ങളും ചാറ്റ്ബോട്ട് വഴി ഉടനടി ലഭ്യമാകും. സാങ്കേതിക പരിജ്ഞാനം കുറവുള്ള സാധാരണക്കാർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ എഐ അധിഷ്ഠിത ചാറ്റ്ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള വലിയൊരു ഡിജിറ്റൽ മാറ്റത്തിനാണ് ഇതിലൂടെ തുടക്കമാകുന്നത്.
കെ.എസ്.ആർ.ടി.സി.യുടെ ഡിജിറ്റൽ യാത്രാസേവനങ്ങളിലെ അടുത്ത ചുവടുവയ്പ്പായ, യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനായി AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഇന്ന് (2026 ഓഗസ്റ്റ് 6) നിലവിൽ വരും.
ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോൺ 2026 ഓഗസ്റ്റ് 6-ന് രാവിലെ 11.00 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.
പ്രസ്തുത ചടങ്ങിൽ *സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കുള്ള അവാർഡ് ദാനം*…
*സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കെഎസ്ആർടിസി യൂണിറ്റിനുള്ള അവാർഡ് ദാനം*
*കെഎസ്ആർടിസിയുടെ 24×7 കസ്റ്റമർ കെയർ ടോൾ ഫ്രീ (149) സേവനത്തിന്റെ ഉദ്ഘാടനം*
*നവീകരിച്ച കെഎസ്ആർടിസി കൊറിയർ സംവിധാനത്തിൻ്റെ ഉദ്ഘാടനം എന്നിവയും ഗതാഗത വകുപ്പ് മന്ത്രി നിർവ്വഹിക്കുന്നു.*
ഗതാഗത സെക്രട്ടറി ശ്രീമതി.റ്റി.വി. അനുപമ IAS സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ബഹു. ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കെ.മുരളീധരൻ അധ്യക്ഷതവഹിക്കും. കെഎസ്ആർടിസി CMD പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.


by Midhun HP News | Aug 6, 2026 | Latest News, കേരളം
പെരുംകുളം: സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായി പെരുംകുളം എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിക്കുന്ന ‘സ്വാതന്ത്ര്യ സ്‌മൃതീയാത്ര’യുടെ ഭാഗമായി ഹിരോഷിമ ദിനം ആചരിച്ചു. ലോകസമാധാന സന്ദേശമുയർത്തി ഹിരോഷിമ ദുരന്തത്തിന്റെ 81-ാം വാർഷികമാണ് സ്കൂളിൽ വിപുലമായി ഓർമ പുതുക്കിയത്.
ഓഗസ്റ്റ് 1 മുതൽ ആരംഭിച്ച പ്രത്യേക ആഘോഷ പരിപാടികളിലൂടെ സ്വാതന്ത്ര്യ സമര ചരിത്രവും സമാധാനത്തിന്റെ പ്രാധാന്യവും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾ യുദ്ധത്തിൽ മരിച്ചവർക്ക് പ്രണാമമർപ്പിച്ച് ദീപങ്ങൾ തെളിയിച്ചു. സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളുടെ നിർമാണം, വർണാഭമായ പോസ്റ്ററുകളുടെ പ്രദർശനം, കുട്ടികൾ അവതരിപ്പിച്ച യുദ്ധവിരുദ്ധ സന്ദേശങ്ങൾ എന്നിവ ചടങ്ങിന് വേറിട്ട അനുഭവം നൽകി.
സ്കൂൾ ഹെഡ്മാസ്റ്ററുടെ മേൽനോട്ടത്തിലും മാർഗനിർദേശത്തിലുമാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. അധ്യാപകരായ ആശാ റാണി, ബിസ്മി, സനീറ, രജനി, റീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും കുട്ടികളോടൊപ്പം പങ്കാളികളാകുകയും ചെയ്തു.


by Midhun HP News | Aug 6, 2026 | Latest News, കേരളം
തൊടുപുഴ: കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇടുക്കി ഏലപ്പാറ നാലാംമൈലിനു സമീപമാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെയായിരുന്നു അപകടം. ഏലപ്പാറയില്‍ നിന്നും കട്ടപ്പനയിലേക്ക് വരുന്ന മലയോര ഹൈവേയില്‍ നാലാം മൈലിന് സമീപമാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാര്‍ സമീപത്തെ ചിന്നാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന നാലു വയസ്സുള്ള കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


Recent Comments