മകര ജ്യോതി ദര്‍ശനം; ഭക്തര്‍ മടങ്ങേണ്ടത് ഇങ്ങനെ; ക്രമീകരണങ്ങള്‍

മകര ജ്യോതി ദര്‍ശനം; ഭക്തര്‍ മടങ്ങേണ്ടത് ഇങ്ങനെ; ക്രമീകരണങ്ങള്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്തു നിന്നു മകര ജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ക്കു മടങ്ങുന്നതിനുള്ള ക്രമീകരണമായി. രണ്ട് രീതിയിലാണ് ഭക്തര്‍ പമ്പയിലേക്ക് മടങ്ങേണ്ടത്. ഭഗവാനെ തൊഴുത് ജ്യോതിയും കണ്ടുകഴിഞ്ഞവര്‍ ഉടന്‍ മല ഇറങ്ങണം. അവര്‍ വീണ്ടും ദര്‍ശനത്തിനു ശ്രമിക്കരുത്.

തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളിലുള്ള ഭക്തര്‍ അന്നദാന മണ്ഡപത്തിനു സമീപത്തുകൂടി ബെയ്‌ലിപ്പാലം വഴി ജ്യോതിമേട്ടിലെത്തി ചന്ദാനന്ദന്‍ റോഡ് വഴി പമ്പയ്ക്കു പോകണം. പാണ്ടിത്താവളം, താഴെ തിരുമുറ്റം എന്നിവിടങ്ങളില്‍ ഉള്ളവര്‍ ദര്‍ശന്‍ കോപ്ലക്‌സ്, കൊപ്രാക്കളം, ഗവ. ആശുപത്രിക്കു സമീപത്തുകൂടി ജ്യോതിമേട്ടിലെത്തി ചന്ദ്രാനന്ദന്‍ റോഡിലേക്ക് കയറണം.

ദര്‍ശനം ലഭിക്കാത്തവര്‍ ഇരുമുടിക്കെട്ടുമായി വലിയ നടപ്പന്തല്‍ വഴി തന്നെ പടി ചവിട്ടണം. അല്ലാത്തവര്‍ക്ക് തിരക്കു കുറഞ്ഞ ശേഷം വടക്കേനട വഴി ദര്‍ശനത്തിനു അവസരം ഉണ്ട്.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പുതിയ ഉയരം കുറിച്ചു

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പുതിയ ഉയരം കുറിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

മോനിപ്പള്ളിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ടുവയസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

മോനിപ്പള്ളിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ടുവയസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

കോട്ടയം: എംസി റോഡില്‍ മോനിപ്പള്ളിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയില്‍ ആറ്റിക്കലില്‍ വച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ച മൂന്ന് പേര്‍. നീണ്ടൂര്‍ ഓണംതുരുത്ത് കറുപ്പന്‍പറമ്പില്‍ കെ കെ സുരേഷ് കുമാര്‍ എന്നയാളും എട്ടു വയസുള്ള കുട്ടിയും സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്.

മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്ന മാരുതി 800 കാര്‍ കോട്ടയം കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരും കാർയാത്രികരാണ്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. തിരുവൈരാണിക്കുള്ള ക്ഷേത്രം ദര്‍ശനം കഴിഞ്ഞ് വരികയായിരുന്നു സംഘം എന്നാണ് വിവരം.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കെഎസ്ആര്‍ടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൂത്താട്ടുകുളത്ത് നിന്ന് അഗ്‌നിരക്ഷാ സേന എത്തി കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ വാഹനഗതാഗതം തടസപ്പെട്ടു. കുറവിലങ്ങാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

അശ്ലീല ഉള്ളടക്കം; മസ്‌കിന്റെ ഗ്രോക്ക് നിരോധിച്ച് ഇന്തോനേഷ്യയും മലേഷ്യയും

അശ്ലീല ഉള്ളടക്കം; മസ്‌കിന്റെ ഗ്രോക്ക് നിരോധിച്ച് ഇന്തോനേഷ്യയും മലേഷ്യയും

ക്വാലാലംപൂര്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇലോണ്‍ മസ്‌കിന്റെ ഗ്രോക്കിന് നിരോധനം ഏര്‍പ്പെടുത്തി ഇന്തോനേഷ്യയും മലേഷ്യയും. ലൈംഗിക ചിത്രങ്ങള്‍ സൃഷ്ടിക്കാനും പ്രസിദ്ധീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു എന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇലോണ്‍ മസ്‌കിന്റെ എക്‌സ് എഐ രൂപം നല്‍കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടിനെ ആദ്യമായി നിരോധിക്കുന്ന രാജ്യങ്ങളാണ് ഇന്തോനേഷ്യയും മലേഷ്യയും.

എ ഐയിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് ചാറ്റ്‌ബോട്ട് സസ്പെന്‍ഡ് ചെയ്തതെന്ന് മലേഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു. സ്ത്രീകളുടേയും പ്രായപൂര്‍ത്തിയാകാത്തവരുടേയും ചിത്രങ്ങളെ ലൈംഗികവത്കരിക്കാനും, അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനും ഗ്രോക്ക് ആപ്ലിക്കേഷന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. തങ്ങളുടെ പൗരന്മാരുടെ അന്തസും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ആപ്പിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതെന്ന് മലേഷ്യന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ കമീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഗ്രോക്കിന്റെ പ്രവര്‍ത്തനങ്ങളിലെ നിയമ വിരുദ്ധത ചൂണ്ടിക്കാട്ടി കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചയാണ് ഇന്തോനേഷ്യ ആപ്പിന്റെ പ്രവര്‍ത്തനം സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമായി ആപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരുന്നു.

അശ്ലീല ഉള്ളടക്കങ്ങളുടെ പേരില്‍ ആഗോള തലത്തില്‍ ഗ്രോക്കിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും നിരോധനത്തിന് മുതിരുന്നത്. ഇന്തോനേഷ്യക്കും മലേഷ്യക്കും പുറമെ ഇന്ത്യ, ബ്രിട്ടണ്‍, ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയും ഇതേ വിഷയത്തില്‍ എക്‌സിന് എതിരെ രംഗത്തെത്തിയിരുന്നു. അശ്ലീല ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനകം നീക്കം ചെയ്യണം എന്ന് കാട്ടി ഇന്ത്യ ജനുവരി ആദ്യവാരം എക്‌സിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്ലാറ്റ് ഫോമില്‍ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ എക്സ് നീക്കം ചെയ്യുകയും ചെയ്തു. എക്സിലെ 3,500 പോസ്റ്റുകള്‍ നീക്കം ചെയ്യുകയും 600 അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ അശ്ലീല ഉള്ളടക്കങ്ങളിലേക്ക് മാറ്റി ചിത്രീകരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന എന്നതാണ് വ്യാപകമായ ആക്ഷേപം.

കടയ്ക്കാവൂരിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് അംഗത്തിന് ബിജെപി പിന്തുണ

കടയ്ക്കാവൂരിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് അംഗത്തിന് ബിജെപി പിന്തുണ

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അംഗത്തെ പിന്തുണച്ച് ബിജെപി. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. രണ്ട് അംഗങ്ങളുണ്ടായിരുന്ന യുഡിഎഫിന് ആയിരുന്നു നേരത്തെ മേല്‍ക്കൈ. എന്നാല്‍ ബിജെപി പിന്തുണച്ചതോടെ എല്‍ഡിഎഫിനും രണ്ട് പേരുടെ പിന്തുണ ലഭിച്ചു. പിന്നാലെ നറുക്കെടുപ്പിലേക്ക് പോവുകയായിരുന്നു. എല്‍ഡിഎഫിലെ ശ്രീലത സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.