by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
മസ്‌ക്കറ്റ്: യുദ്ധസാഹചര്യത്തില്‍ മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുളള വിമാനങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. മറ്റ് രാജ്യങ്ങളില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും ഒമാനില്‍ സര്‍വീസുകള്‍ നടക്കുന്നുണ്ട്.
ഒമാന്‍ എയര്‍ സര്‍വീസാണ് പ്രധാനമായും നടക്കുന്നതുകൊണ്ട് വിമാന ടിക്കറ്റ് നിരക്കുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നോ നാളെയോ വിമാന യാത്ര ചെയ്യുകയാണെങ്കില്‍ 535 ഒമാന്‍ റിയാല്‍ മുതല്‍ 544 റിയാല്‍ വരെയാണ് യാത്രയ്ക്ക് വേണ്ടി മുടക്കേണ്ടത്.1,32,000 ന് മുകളിലാണ് ഒരു ടിക്കറ്റിന് വേണ്ടി മാത്രം നല്‍കേണ്ടത്. സലാം എയറും, ഇന്‍ഡിഗോയും ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ സര്‍വീസുകള്‍ തുടങ്ങുമ്പോഴെ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുകയുള്ളു.
ഇത്തിഹാദിന്റെയും യുഎഇയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും നാളെ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് അറിയിച്ചട്ടുണ്ട്. ഇതിനിടെ ദുബൈ വിമാനത്താവളം ഭാഗീകമായി തുറക്കുമെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഭാഗീകമായി സര്‍വീസ് തുടങ്ങാന്‍ എനിറേറ്റ്‌സ് എയര്‍ലൈന്‍സും തീരുമാനമെടുത്തിട്ടുണ്ട്.
by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് 8 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. ഈ സമയം തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ കണ്ടെയ്‌നര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കില്ല. 2, 3 തീയതികളില്‍ ആറ്റുകാല്‍ ക്ഷേത്രപരിസരത്തുള്ളതും തിരക്ക് അനുഭവപ്പെടുന്നതുമായ പ്രധാന റോഡുകളായ കിള്ളിപ്പാലം -പാടശ്ശേരി – ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര- മണക്കാട്- മാര്‍ക്കറ്റ് റോഡ് , അട്ടക്കുളങ്ങര കമലേശ്വരം റോഡ്, കമലേശ്വരം – വലിയപള്ളി റോഡ്, കൊഞ്ചിറവിള ആറ്റുകാല്‍ റോഡ്, ചിറമുക്ക് -ഐരാണിമുട്ടം റോഡ് , കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡ് , വെട്ടിമുറിച്ച കോട്ട പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം – ശ്രീകണ്‌ഠേശ്വരം, പഴവങ്ങാടി – സെന്‍ട്രല്‍ തിയറ്റര്‍ റോഡ്, പഴവങ്ങാടി – എസ്പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേ പഴവങ്ങാടി – പവര്‍ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്‌ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂര്‍ റോഡ്, വഞ്ചിയൂര്‍ – പാറ്റൂര്‍ റോഡ്, വഞ്ചിയൂര്‍ – നാലുമുക്ക് റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവര്‍ ബ്രിഡ്ജ് റോഡ്, കുന്നുംപുറം – ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂര്‍ക്കടവ് റോഡ്,ചിറമുക്ക് -ചെക്കിട്ടവിളാകം- കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേരള പൊലീസ് അറിയിച്ചു.
ഈ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗ്ഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പൊങ്കാലയിടാന്‍ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എംസി, എംജി റോഡുകളിലോ പാര്‍ക്ക് ചെയ്യരുത്. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പു കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകളില്‍ അടുപ്പുകള്‍ കൂട്ടാന്‍ പാടില്ലെന്നു പൊലീസ് അറിയിച്ചു. തീപിടിത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്കു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല. വഴിവക്കിലും ഫുട്പാത്തിലും വാഹന, കാല്‍നടയാത്രയ്ക്ക് തടസ്സമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങള്‍ അനുവദിക്കില്ല. റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, പൊലീസ്, മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള ആവശ്യമായ വഴി സൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാന്‍ പാടുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാല അര്‍പ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നാളെ അനന്തപുരിയിലേക്ക് ഒഴുകി എത്തുക. പൊങ്കാല സമര്‍പ്പണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
പൊലീസിന്റെ നിര്‍ദേശങ്ങള്‍
പൊങ്കാല അടുപ്പുകള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക.
അടുപ്പുകള്‍ ക്രമീകരിക്കുമ്പോള്‍ ഭക്തജനങ്ങള്‍ മുഖാമുഖമായി നില്‍ക്കുന്ന രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കണം
കുട്ടികളെ ഒരു കാരണവശാലും പൊങ്കാല അടുപ്പിന് സമീപം നില്‍ക്കാന്‍ അനുവദിക്കരുത്.
പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പൊങ്കാലയിടുന്നവര്‍ സാരിത്തുമ്പുകളും ഷാളും അയഞ്ഞ വസ്ത്രങ്ങളും ശരീരത്തോട് ചേര്‍ത്ത് ചുറ്റിവയ്ക്കണം.
അടുത്തുള്ള അടുപ്പില്‍ നിന്നും വസ്ത്രങ്ങളിലേക്കു തീ പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. അത്യാവശ്യ ഘട്ടത്തില്‍ തീ അണയ്ക്കുന്നതിനായി അല്‍പ്പം വെള്ളം അടുത്ത് തന്നെ കരുതുക.
തങ്ങളുടെ അടുപ്പില്‍ നിന്നും തീ പുറത്തേയ്ക്ക് പടരുന്നില്ല എന്നത് എല്ലാവരും ഉറപ്പാക്കണം.
വൈദ്യുതി പോസ്റ്റ്, പെട്രോള്‍ പമ്പുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ തുടങ്ങിയവയ്ക്ക് സമീപത്ത് അടുപ്പ് കത്തിക്കരുത്.
പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂര്‍ണമായി അണഞ്ഞെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ സ്ഥാനം വിട്ട് പോകാവൂ.
പൊള്ളലേറ്റാല്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കുക. സമീപത്തുള്ള പൊലീസിന്റെയോ വോളണ്ടിയര്‍മാരുടെയോ സഹായം തേടുക. ആവശ്യമെങ്കില്‍, വൈദ്യസഹായം തേടുക.
വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും സുരക്ഷിതമായ അകലം പാലിക്കണം.
വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍, പേഴ്‌സ്, മൊബൈല്‍ മുതലായവ നഷ്ടപ്പെടാതെ സൂക്ഷിക്കുക.
സ്വര്‍ണ്ണാഭരണങ്ങള്‍ സേഫ്റ്റി പിന്‍ ഉപയോഗിച്ച് വസ്ത്രത്തില്‍ കൊളുത്തി ഇടാന്‍ ശ്രമിക്കുക.
by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മാമം, തക്ഷശില ലൈബ്രറി & റീഡിങ് റൂമിൽ ഫെബ്രുവരി മാസ പുസ്തക ചർച്ച നടന്നു. സമീപകാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുകയും ഏറെ വായനക്കാരെ സൃഷ്ടിക്കുകയും ചെയ്ത പ്രശസ്ത കൃതി ബാബു എബ്രഹാമിന്റെ ‘കമ്പിളി കണ്ടത്തെ കൽഭരണികൾ ‘എന്ന ഓർമ്മക്കുറിപ്പുകൾ ആണ് മാമം ജി. വി. ആർ എം യു പി സ്കൂളിൽ വച്ച് ചർച്ച നടത്തിയത്.
സാഹിത്യകാരനായ സന്തോഷ് ആറ്റിങ്ങൽ പുസ്തക അവതരണം നടത്തി. ലൈബ്രറി പ്രസിഡൻറ് ജയകുമാർ സെക്രട്ടറി രഞ്ജിത്ത് കുമാർ, ശ്യാം കൃഷ്ണ,ശ്രീജിത്ത് നോവലിസ്റ്റ് സജിത്ത് ലാൽ നന്ദനം, പി.സി നാരായണൻ, നന്ദു നാരായൺ, നിമിഷ, സുജകമല, സുമ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലൈബ്രറിയുടെ ബാലവേദി, വനിതാവേദി
അംഗങ്ങൾ സന്നിഹിതരായിരുന്നു.
by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഇരുപത് ഭൂ രഹിത കുടുംബങ്ങൾക്ക് ഉള്ള പട്ടയം കൂടി വിതരണം ചെയ്തു. പട്ടയങ്ങൾ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു.
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് 20 നിർധന കുടുബങ്ങൾക്ക് പട്ടയം വിതരണം ചെയ്തത്. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ചിറയിൻകീഴ് താലൂക്ക് പരിധിയിൽ വരുന്ന 10 വില്ലേജുകളിലായി 82 പട്ടയങ്ങളാണ് ഈ സർക്കാരിൻറെ കാലത്ത് വിതരണം ചെയ്യാൻ സാധിച്ചതെന്ന് എം.എൽ.എ ഒ.എസ്. അംബിക അറിയിച്ചു. നഗരസഭ ചെയർമാൻ എം പ്രദീപ്, തഹസിൽദാർ കുമാരി ബിന്ദു, കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ വിതരണ യോഗത്തിൽ സംബന്ധിച്ചു.
by Midhun HP News | Mar 2, 2026 | Latest News, കേരളം
കേരളത്തെ നടുക്കിയ വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി ജീവിതത്തിലേക്ക് മടങ്ങുന്നു. മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ശ്രീക്കുട്ടി ഡിസ്ചാർജ് ആയി. മരണത്തിന്റെ വക്കിൽ നിന്ന് അസാമാന്യമായ മനക്കരുത്തിലൂടെയാണ് ഈ പെൺകുട്ടി ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസംബർ 25-നാണ് ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിന് ഏറ്റ ഗുരുതര ക്ഷതം കാരണം ബോധമില്ലാതെയും, ശ്വസിക്കാനും ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിലായിരുന്നു അന്ന്. കൂടാതെ ഇടതു തോളിനും പരിക്കേറ്റിരുന്നു. അമൃത ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (PMR) വിഭാഗം മേധാവി ഡോ. രവി ശങ്കരൻ, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടർചികിത്സ. ശ്വസനത്തിനായി ട്രക്കിയോസ്റ്റമിയും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചു.
ന്യൂറോ റീഹാബിലിറ്റേഷൻ പദ്ധതിയുടെ ഭാഗമായി, ഓക്സിജൻ തെറാപ്പി, ശ്വസന വ്യായാമങ്ങൾ, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം (Swallow Therapy), ഓർമ്മശക്തിയും ചിന്താശേഷിയും ഉണർത്താനുള്ള ചികിത്സകൾ (Cognitive Stimulation), ചലനശേഷി പടിപടിയായി വീണ്ടെടുക്കാനുള്ള പരിശീലനം എന്നിവയുൾപ്പെടെയുള്ള ചിട്ടയായ ചികിത്സാ രീതികളാണ് ശ്രീക്കുട്ടിക്ക് നൽകിയത്. ഇ.എൻ.ടി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി, എൻഡോക്രൈനോളജി, ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ശ്രീക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇപ്പോൾ തനിയെ ഭക്ഷണം കഴിക്കാനും, നടക്കാനും, സംസാരിക്കാനുമുള്ള ശേഷി വീണ്ടെടുത്തതും ശ്രീക്കുട്ടിയും കുടുംബവും വലിയ അത്ഭുതമായാണ് കാണുന്നത്. ശ്രീക്കുട്ടിയുടെ ചികിത്സാ കാലയളവിലുടനീളം തണലായി കൂടെയുണ്ടായിരുന്നത് അമ്മ പ്രിയയാണ്. മകളുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരുന്ന പാലോട്ടെ വീട് ഇപ്പോൾ അതീവ സന്തോഷത്തിലാണ്.
Recent Comments