കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സില്‍ 500 പോയിന്റ് നേട്ടം, ഐടി ഓഹരികളില്‍ റാലി

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സില്‍ 500 പോയിന്റ് നേട്ടം, ഐടി ഓഹരികളില്‍ റാലി

മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. വിപണിയുടെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് മുന്നേറിയത്. 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി.

ഇന്നലെ തകര്‍ന്നടിഞ്ഞ ഐടി ഓഹരികള്‍ തിരിച്ചുകയറിയതാണ് വിപണിക്ക് കരുത്തായത്. എഐയുമായി ബന്ധപ്പെട്ട ആശങ്കയാണ് ഇന്നലെ ഐടി ഓഹരികള്‍ കൂട്ടത്തോടെ ഇടിയാന്‍ ഇടയാക്കിയത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ് അടക്കമുള്ള പ്രമുഖ ഐടി ഓഹരികളാണ് തിരിച്ചുവന്നത്. ഈ ഓഹരികള്‍ രണ്ടു ശതമാനം വരെയാണ് കുതിച്ചത്.

ആഗോളതലത്തില്‍ ടെക്‌നോളജി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. കൂടാതെ ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തായി. ഡോ.റെഡ്ഡീസ് ലാബ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, എസ്ബിഐ, അള്‍ട്രാ ടെക് എന്നിവ നഷ്ടം നേരിട്ടു.

‘ബിജെപി അധികാരത്തില്‍ എത്തിയാല്‍ മൂന്ന് മാസം കൊണ്ട് ഹൈസ്പീഡ് റെയില്‍ പണി തുടങ്ങും’; ഇ ശ്രീധരന്‍

‘ബിജെപി അധികാരത്തില്‍ എത്തിയാല്‍ മൂന്ന് മാസം കൊണ്ട് ഹൈസ്പീഡ് റെയില്‍ പണി തുടങ്ങും’; ഇ ശ്രീധരന്‍

പാലക്കാട്: കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഹൈസ്പീഡ് റെയില്‍വെയുടെ പണികള്‍ മൂന്ന് മാസം കൊണ്ടുതുടങ്ങാനാകുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. താന്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം പറയുന്നതല്ല, മറ്റ് മുന്നണികള്‍ വന്നാല്‍ സാങ്കേതിക കാര്യങ്ങളില്‍ കുരുങ്ങി പദ്ധതി നീണ്ടുപോകാന്‍ ഇടയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. മറ്റു പാര്‍ട്ടിക്കാര്‍ ബന്ധപ്പെട്ടിട്ടില്ല. റെയില്‍വേ മന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് വിശദ പദ്ധതിരേഖ (ഡിപിആര്‍) തയാറാക്കുന്നതിലേക്കു കടന്നതെന്നും ശ്രീധരന്‍ പറഞ്ഞു

പുതിയ ഡിസൈന്‍ അനുസരിച്ച് നിര്‍മ്മാണച്ചെലവും പദ്ധതി പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയവും ഗണ്യമായി കുറയ്ക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു. പരിഷ്‌കരിച്ച പദ്ധതിയനുസരിച്ച്, തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എത്താന്‍ മൂന്നുമണിക്കൂര്‍ 20 മിനിറ്റ് മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 80,000 കോടി രൂപയായിരുന്ന പദ്ധതിച്ചെലവ് പരിഷ്‌കരിച്ച എസ്റ്റിമേറ്റ് പ്രകാരം 56,500 കോടി രൂപയായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.

465 കി.മീ. ദൂരത്തിലാണ് പാത. 445 കിലോമീറ്റര്‍ ആകാശപ്പാത, 20 കിലോമീറ്റര്‍ തുരങ്കപ്പാത. 20-30 കി.മീ. ഇടവിട്ട് ആകെ 20 സ്റ്റേഷനുകള്‍. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് ബന്ധം. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രത്യേക കണക്ടിവിറ്റി. തിരുവനന്തപുരം-കണ്ണൂര്‍ നിരക്ക് 780 രൂപ.

മണിക്കൂറില്‍ 200 കി.മീ. വേഗത്തില്‍ പോകാനാകും. 180 കി.മീ. വേഗത്തില്‍ വണ്ടികള്‍ ഓടും. വേഗനിയന്ത്രണങ്ങള്‍ കണക്കാക്കിയാലും ശരാശരി മണിക്കൂറില്‍ 140 കി.മീ. വേഗത്തില്‍ വണ്ടി ലക്ഷ്യത്തിലെത്തും. 560 ആളുകള്‍ക്ക് യാത്രചെയ്യാവുന്ന, എട്ടു കോച്ചുള്ള വണ്ടികളാണ് ഓടിക്കുക. എല്ലാ കോച്ചുകളും പ്രീമിയം ക്ലാസ്. തിരക്കുള്ള സമയങ്ങളില്‍ 30 മിനിറ്റ് ഇടവിട്ടും മറ്റു സമയങ്ങളില്‍ ഒരുമണിക്കൂര്‍ ഇടവിട്ടും വണ്ടി ഓടിക്കും.

അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. ഹൈസ്പീഡ് റെയില്‍വേ പ്രവര്‍ത്തിക്കുക സൗരോര്‍ജത്തില്‍. ഇതിനുവേണ്ട ചെലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൂണുകളില്‍ പാത പോകുന്നിടങ്ങളില്‍ 20 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്താല്‍ മതി. പണി പൂര്‍ത്തിയായാല്‍ ഏറ്റെടുത്ത സ്ഥലങ്ങള്‍ നിയന്ത്രണങ്ങളോടെ ഉടമകള്‍ക്ക് തിരികെ കൊടുക്കും.

കേന്ദ്രസര്‍ക്കാരിന് 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും പങ്കാളിത്തത്തില്‍ രൂപവത്കരിക്കുന്ന കേരള ഹൈസ്പീഡ് റെയില്‍വേ കോര്‍പ്പറേഷന്‍ ആയിരിക്കും പദ്ധതി നടത്തുന്നത്. കൊങ്കണ്‍ മാതൃകയില്‍ 70 ശതമാനം തുക സര്‍ക്കാരുകള്‍ വഹിക്കും. ബാക്കി വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും എടുക്കും. കേന്ദ്രസര്‍ക്കാരിന് ആകെ 20,171 കോടിയും കേരള സര്‍ക്കാരിന് 19,380 കോടിയുമായിരിക്കും ചെലവ്.

20 സ്റ്റേഷനുകള്‍

തിരുവനന്തപുരം

തിരുവനന്തപുരം എയര്‍പോര്‍ട്ട്

വര്‍ക്കല

കൊല്ലം

കൊട്ടാരക്കര

പത്തനംതിട്ട

തിരുവല്ല

കോട്ടയം

വൈക്കം

എറണാകുളം ബൈപ്പാസ്

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്

തശ്ശൂര്‍

പട്ടാമ്പി

മലപ്പുറം

കരിപ്പൂര്‍ എയര്‍പോര്‍ട്ട്

കോഴിക്കോട്

കൊയിലാണ്ടി

വടകര

തലശ്ശേരി

കണ്ണൂര്‍

രണ്ടാംഘട്ടത്തില്‍ ഏഴിടത്തേക്ക് പദ്ധതി നിട്ടാനാകുമെന്നും ഇതിനായി 35,000 കോടി രൂപ ചെലവ് വരുമെന്നും ശ്രീധരന്‍ പറഞ്ഞു.

കണ്ണൂര്‍-കാസര്‍കോട്: 82 കിലോമീറ്റര്‍. 36 മിനിറ്റ്

കോഴിക്കോട്-കല്‍പ്പറ്റ: 48 കി.മീ. 30 മിനിറ്റ്

പട്ടാമ്പി-പാലക്കാട്: 50 കി.മീ. 22 മിനിറ്റ്

തൃശ്ശൂര്‍-പാലക്കാട്: 52 കി.മീ. 23 മിനിറ്റ്

തൃശ്ശൂര്‍-ഗുരുവായൂര്‍: 22 കി.മീ. 10 മിനിറ്റ്

പത്തനംതിട്ട-പമ്പ: 40 കി.മീ. 20 മിനിറ്റ്

തിരുവനന്തപുരം-പാറശ്ശാല: 29 കി.മീ. 13 മിനിറ്റ്

സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി

സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി

ദുബൈ: ടി20 ലോകകപ്പിന്റെ സെമിഫൈനലുകളും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വിൽപന കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് ബുക്ക് ചെയ്യാം. എന്നാൽ വേദി മാറ്റം കാരണം മത്സരം നടക്കാതെ വന്നാൽ ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്ന് ഐസിസി അറിയിച്ചു.

മാർച്ച് 4ന് നടക്കുന്ന ആദ്യ സെമിഫൈനലിന്റെ വേദി “ഫ്ലോട്ടിംഗ് വെന്യു” എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിനായി രണ്ട് വേദികളാണ് ഐസിസി തയ്യാറാക്കിയിരിക്കുന്നത്. പാകിസ്ഥാൻ സെമിയിലെത്തിയാൽ മത്സരം ആർ പ്രേമദാസ സ്റ്റേഡിയത്തിലാകും മത്സരം നടക്കുക.

ഇനി പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താകുകയും പകരം ശ്രീലങ്ക സെമിയിൽ എത്തുകയും ചെയ്താൽ വീണ്ടും വേദി മാറാൻ സാധ്യതയുണ്ട്. ഇന്ത്യ അല്ലാതെ മറ്റേതങ്കിലും ടീം ആണ് സെമിയിൽ ശ്രീലങ്കയുടെ എതിരാളി എങ്കിൽ മത്സരം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും.

ഇനി ഇന്ത്യയാണ് സെമിയിൽ എതിരാളി എങ്കിൽ മത്സരം നടക്കുക കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ആയിരിക്കും. ഫൈനലിനും സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ അഹമ്മദാബാദിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചാൽ, മത്സരം കൊളംബോയിലേക്ക് മാറ്റും. അത് കൊണ്ട്, അഹമ്മദാബാദിലെ ഫൈനലിനോ കൊൽക്കത്തയിലെ സെമിഫൈനലിനോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മത്സരം മറ്റൊരു വേദിയിലേക്ക് മാറിയാൽ പൂർണ്ണ റീഫണ്ട് ലഭിക്കും.

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,19,000ലേക്ക്

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,19,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. 1,18,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍ എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

നിയമസഭാ തെരഞ്ഞടുപ്പ് വിഷുവിന് ശേഷം?; പ്രഖ്യാപനം മാര്‍ച്ച് രണ്ടാംവാരം

നിയമസഭാ തെരഞ്ഞടുപ്പ് വിഷുവിന് ശേഷം?; പ്രഖ്യാപനം മാര്‍ച്ച് രണ്ടാംവാരം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കുങ്ങള്‍ പുരോഗമിക്കവെ, മാര്‍ച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് സംസ്ഥാനത്ത് എത്തുക. മാര്‍ച്ച് പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ ഏപ്രില്‍ പകുതിയോടെ ആകും നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ട് ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6 ന് ആയിരുന്നു നടന്നത്. ഒറ്റഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നത് മെയ് രണ്ടിനും നടന്നു. അതുപോലെ പോലെ തന്നെ ഒറ്റഘട്ടം ആയിട്ടായിരിക്കും സംസ്ഥാനത്ത് ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

ഏപ്രില്‍ രണ്ടാംവരത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തിയ പശ്ചാത്തലത്തില്‍ അത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നു വന്നെങ്കിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതി എന്ന തീരുമാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്ളത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ആറിന് കേരളം സന്ദര്‍ശിക്കും. മോദിയുടെ സന്ദര്‍ശനത്തില്‍ എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കുമെന്നാണ് വിവരം. സാമുദായിക നേതാക്കളുമായും മോദി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് റെയില്‍വേയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഏതായാലും മോദിയുടെ സന്ദര്‍ശനത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഉണ്ടാകുകയെന്നാണ്‌പൊതുവെയുള്ള വിലയിരുത്തല്‍.