by Midhun HP News | Jan 3, 2026 | Latest News, കേരളം
കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് താന്‍ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. പാലക്കാട് സീറ്റില്‍ വേറെ ആളെ നിര്‍ത്തുമെന്ന് കുര്യന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്ന് എന്‍സ്എസ് ആസ്ഥാനത്ത് വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പി.ജെ. കുര്യനെ നേരിട്ട് കണ്ടിരുന്നു. ഇരുവരും സംസാരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഫെയ്സ്ബുക്കിലൂടെ തിരുത്തുമായി പി ജെ കുര്യന്‍ രംഗത്തെത്തിയത്.
പാലക്കാട് സീറ്റില്‍ ഇനി സ്ഥിതി എന്താകും എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പിജെ കുര്യന്റെ മറുപടി ഇങ്ങനെയായിരുന്നു,’ വേറെ ആളെ നിര്‍ത്തും. അദ്ദേഹം പാര്‍ട്ടിയില്‍ ഇല്ലാത്തത് കൊണ്ട് വേറെ ആളെ നിര്‍ത്തും. കോണ്‍ഗ്രസിനകത്ത് എത്രയോ പ്രഗത്ഭരായ സ്ഥാനാര്‍ഥികളുണ്ട്. അത് പാലക്കാട് തന്നെയുണ്ട്’ കുര്യന്‍ പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് പെരുന്നയില്‍ ഇരുവരും കണ്ടുമുട്ടിയത്.
പിന്നാലെ പി.ജെ. കുര്യന്‍ ഫെയ്സ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തി. സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞെന്ന പ്രചരണം ശരിയല്ല. രാഹുല്‍ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാര്‍ഥികള്‍ നിന്നാല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ല.
by Midhun HP News | Jan 3, 2026 | Latest News, കേരളം
കോഴിക്കോട്: കൊയിലാണ്ടിയില്‍ തിരുവങ്ങൂരില്‍ ദേശീയപാതാ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു. ക്രെയിനുപയോഗിച്ച് സ്ലാബ് ഉയര്‍ത്തുമ്പോള്‍ കയര്‍പൊട്ടിവീഴുകയായിരുന്നു. സര്‍വീസ് റോഡിലേക്കാണ് കോണ്‍ക്രീറ്റ് പാളി പതിച്ചത്. സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഉച്ചയോടുകൂടിയാണ് അപകടമുണ്ടായത്.
ഒന്നരമീറ്റര്‍ നീളവും വീതിയുമുള്ള കോണ്‍ക്രീറ്റ് സ്ലാബുകളാണ് ഇന്റര്‍ലോക്ക് രീതിയില്‍ അടുക്കിയാണ് മതില്‍ നിര്‍മിക്കുന്നത്. ഈ സ്ലാബുകളെ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ച കയര്‍ പൊട്ടുകയായിരുന്നു. അപകട സമയത്ത് റോഡില്‍ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ഇതിന് മുമ്പ് മതില്‍ മുന്നോട്ട് തള്ളിവന്നതിനെ തുടര്‍ന്ന് പൊളിച്ച് വീണ്ടും പണിയുകയായിരുന്നു. മതില്‍ നിര്‍മാണത്തിനെതിരെ മുമ്പും പരാതി ഉയര്‍ന്നിരുന്നതാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഇടപെട്ട് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിച്ചു. സുരക്ഷ ഉറപ്പ് വരുത്തിയിട്ട് മാത്രം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അശാസ്ത്രീയമായ നിര്‍മാണം തുടര്‍ അപകടങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
by Midhun HP News | Jan 3, 2026 | Latest News, കേരളം
ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരില്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പാട്ടത്തിനായെടുത്ത മൂന്നേക്കര്‍ കൃഷി ഭുമിയോട് ചേര്‍ന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യയും ഉറങ്ങിയത്. പുലര്‍ച്ചെയോടെ, വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഷെഡില്‍ നിന്ന് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
വീട് പുറത്തുനിന്നു പൂട്ടിയശേഷം, തീയിടുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ശക്തിവേലും അമൃതവുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബെംഗളൂരുവിലാണ്. അമൃതം ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ആളാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.
by Midhun HP News | Jan 3, 2026 | Latest News, കേരളം
കൊച്ചി: നെട്ടൂര്‍ ശിവക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ചരിഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ലോറിയില്‍ കയറ്റുന്നതിനിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു. നെല്ലിക്കോട് മഹാദേവന്‍ എന്ന ആനയാണ് ചരിഞ്ഞത്. വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
നെട്ടൂരിലെ ശിവക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ചതായിരുന്നു ആനയെ. ശാരീരിക അസ്വസ്ഥത കണ്ടതിനെ തുടര്‍ന്ന് ആനയെ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന കുഴഞ്ഞുവീണത്. തുറുപ്പുഗുലാനില്‍ എന്ന സിനിമയില്‍ കഥാപാത്രമായിട്ടുള്ള ആനയാണ് നെല്ലിക്കോട്ട് മഹാദേവന്‍
പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നെല്ലിക്കോട് മഹാദേവന്‍ എന്ന ആനക്ക് 55 വയസ് പ്രായമുണ്ട്. ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ് ആന ചരിഞ്ഞത്. ഡോക്ടര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.
by Midhun HP News | Jan 2, 2026 | Latest News, ജില്ലാ വാർത്ത
പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാനാണ് ശരീഫ ഉണ്ണിയപ്പക്കച്ചവടം തുടങ്ങിയത്. 2012ല്‍ അയല്‍വാസിയില്‍ നിന്ന് കടം വാങ്ങിയ 100 രൂപയായിരുന്നു മൂലധനം. ഇന്ന് കുടുംബശ്രീയുടെ പ്രീമിയം കഫേയടക്കം രണ്ട് റെസ്റ്റോറന്റുകളുടെയും കാറ്ററിംഗ് സ്ഥാപനത്തിന്റെയും ഉടമയാണ് കോട്ടക്കല്‍ സ്വദേശി ശരീഫ കളത്തിങ്കല്‍. ഈ വർഷം സംസ്ഥാനത്തെ മികച്ച കുടുംബശ്രീ സംരംഭകയ്ക്കുള്ള പുരസ്കാരം നേടിയ ശരീഫ 20 സ്ത്രീകളുള്‍പ്പെടെ 30ലധികം പേർക്ക് തൊഴിലും നല്‍കുന്നുണ്ട്.
പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് സക്കീറിന് മഴക്കാലത്ത് ജോലിയില്ലാതായി. കുട്ടികള്‍ക്ക് ആഹാരം കൊടുക്കാൻ അരിപോലും വീട്ടിലില്ല. വാടക വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന സ്ഥിതിയുമായി. പത്താംക്ലാസുകാരിയായ ശരീഫയ്‌ക്ക് പാചകമല്ലാതെ മറ്റ് ജോലികളുമറിയില്ല. ഉണ്ണിയപ്പം ഉണ്ടാക്കിനല്‍കിയാല്‍ വില്‍ക്കാമോയെന്ന് വീടിനടുത്തുള്ള കടക്കാരനോട് ചോദിച്ചു. തുടർന്നാണ് ഉണ്ണിയപ്പക്കച്ചവടം തുടങ്ങിയത്. വീട്ടിലായിരുന്നു പാചകം.
രുചിയറിഞ്ഞ് ആവശ്യക്കാർ കൂടിയതോടെ കൂടുതല്‍ കടകളിലേക്ക് വ്യാപിപ്പിച്ചു. മൂന്നുമാസം പ്രായമായ മകളെ ഒക്കത്തിരുത്തി നാല് കിലോമീറ്ററോളം നടന്നാണ് അന്ന് കടകളില്‍ ഉണ്ണിയപ്പമെത്തിച്ചത്. പത്തിരി, ചപ്പാത്തി ഓർഡറുകള്‍ കൂടി സ്വീകരിച്ച് ചെറിയരീതിയില്‍ കാറ്ററിംഗ് തുടങ്ങി. വായ്പയ്‌ക്കായി ബാങ്കിനെ സമീപിച്ചപ്പോള്‍ ഈടില്ലാത്തതിനാല്‍ തള്ളി.
2018ല്‍ കുടുംബശ്രീയില്‍ നിന്ന് രണ്ടുലക്ഷം രൂപ വായ്പ കിട്ടി. തുടർന്ന് കാറ്ററിംഗ് വിപുലീകരിച്ചു. കൊവിഡ് കാലത്ത് സർക്കാർ ആശുപത്രികളിലെ രോഗികള്‍ക്കും ജീവനക്കാർക്കും ഭക്ഷണം നല്‍കുന്ന കുടുംബശ്രീ പദ്ധതിയുടെ കരാർ പുതുജീവനായി. കോട്ടക്കല്‍ ആയുർവേദ ആശുപത്രിയിലും മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലും കാന്റീൻ തുടങ്ങി. കോട്ടക്കലില്‍ മറ്റൊരു റസ്റ്റോറന്റും തുറന്നു.
അടുത്തിടെ ആധുനിക സൗകര്യങ്ങളോടെ 30 ലക്ഷം രൂപയ്‌ക്ക് 85 പേർക്കിരിക്കാവുന്ന കുടുംബശ്രീ പ്രീമിയം കഫേ തുടങ്ങി. സർക്കാർ പരിപാടികളുടെയും കുടുംബശ്രീ മേളകളുടെയും കാറ്ററിംഗ് ശരീഫയ്ക്കാണ് ലഭിക്കുന്നത്. കോട്ടക്കല്‍ സ്പിന്നിംഗ് മില്ലിന് സമീപം വീടുവച്ചു. വാഹനവും വാങ്ങി. മകൻ സെബിയാസിനെ യു.കെയിലയച്ച് പഠിപ്പിച്ചു. അവിടെ കാർഡിയാക് സയന്റിസ്റ്റാണിപ്പോള്‍. മകള്‍ ഫാത്തിമ ഫെമിന മെഡിക്കല്‍ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയും. മലപ്പുറത്ത് കോണ്‍ഫറൻസ് ഹാളോട് കൂടിയ റസ്റ്റോറന്റിനുള്ള തയ്യാറെടുപ്പിലാണ് ശരീഫ.



Recent Comments