by Midhun HP News | Oct 15, 2026 | Latest News, ജില്ലാ വാർത്ത
ആരോഗ്യത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ലോക കൈകഴുകൽ ദിനം ഒക്ടോബർ 15-ന് കീഴാറ്റിങ്ങൽ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഹെൽത്ത് ക്ലബ്ബും സംയുക്തമായി പെരുംകുളം എ.എം.എൽ.പി സ്കൂളിൽ വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

’കൈകഴുകൽ മികച്ച ആരോഗ്യത്തിലേക്കുള്ള വഴി’ എന്ന സന്ദേശമുയർത്തി നടത്തിയ പരിപാടിയിൽ കുട്ടികൾക്ക് കൃത്യമായ രീതിയിൽ കൈകഴുകേണ്ട വിധവും സോപ്പ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും സ്റ്റാഫ് നേഴ്സ് സൗമ്യ ലളിതമായി ക്ലാസെടുത്തു നൽകി. രോഗാണുക്കളെ പ്രതിരോധിക്കുന്നതിൽ കൈകളുടെ ശുചിത്വം എത്രത്തോളം പ്രധാനമാണെന്ന് കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള ലളിതമായമാർഗങ്ങളും ബോധവത്കരണവും ഏറെ ശ്രദ്ധേയമായി.
സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ യോഗത്തിന് നേതൃത്വം നൽകി. അധ്യാപകരായ റീന, കൃഷ്ണരാജ്, ദിലീത്, സനീറ, രജനി എന്നിവർ പരിപാടികൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കുട്ടികളിൽ ചെറുപ്പം മുതലേ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനുള്ള ഈ ആരോഗ്യകരമായ ചുവടുവെപ്പിനെ നാട്ടുകാരും രക്ഷിതാക്കളും അഭിനന്ദിച്ചു.



by Midhun HP News | Oct 15, 2026 | Latest News
തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ തുലാവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പരക്കെ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്.


by Midhun HP News | Oct 15, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. നവരാത്രി ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വിവിധ ആചാരാനുഷ്ഠാനങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് പത്മമിട്ട് ഭഗവതിസേവയോടനുബന്ധിച്ച് വിശേഷാൽ ദേവീപൂജ നടക്കും. തുടർന്ന് സന്ധ്യാദീപാരാധനയും നവരാത്രി പൂജയും ഉണ്ടായിരിക്കും.
വൈകുന്നേരം ഏഴുമുതൽ ശ്രീദുർഗ്ഗാംബിക ക്ഷേത്ര കലാമണ്ഡപത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സംഗീതം, നൃത്തം തുടങ്ങി വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന പരിപാടികളിൽ കലാകാരന്മാരും കലാസംഘങ്ങളും പങ്കെടുക്കും.
ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം ആറിന് പൂജവയ്പ് നടക്കും. ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 6.30 മുതൽ വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും. കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നതിനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
by Midhun HP News | Oct 15, 2026 | Latest News, കേരളം
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ മൂന്നുപേര്‍ മരിച്ച കേസിലെ പ്രതി സുഹൈല്‍ സജീവ് മുടി പറ്റെവെട്ടി പുതിയ മേക്കോവറില്‍. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍, പ്രതി തലമുടി പറ്റെ വെട്ടി തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലായിരുന്നു. കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നാണ് സുഹൈലിനെ കോടതിയില്‍ ഹാജരാക്കിയത്.

മുടി വെട്ടാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും, താന്‍ സ്വയം വെട്ടിയതാണെന്നും സുഹൈല്‍ വ്യക്തമാക്കിയതായി ബോസ്റ്റല്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അന്തേവാസികള്‍ക്ക് പൊതുവായ ഉപയോഗത്തിനായി നല്‍കിയിട്ടുള്ള ട്രിമ്മര്‍ ഉപയോഗിച്ചാണ് സുഹൈല്‍ മുടി വടിച്ചത്. രൂപത്തിലും ശരീരഭാഷയിലും വന്ന മാറ്റം മൂലം ഒറ്റനോട്ടത്തില്‍ സുഹൈലിനെ ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രധാന പ്രതി സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. പത്തൊന്‍പതുകാരനായ പ്രതി സുഹൈല്‍ സജീവിനു മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് എക്‌സൈസ് വകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 23 വയസില്‍ താഴെ പ്രായമുള്ള പ്രതിക്ക് മദ്യം നല്‍കിയതിന്റെ പേരിലാണ് നടപടി. സുഹൈലും കൂട്ടുകാരും മൂന്ന് ബാറുകളില്‍ നിന്നും മദ്യപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


by Midhun HP News | Oct 15, 2026 | Latest News, സിനിമ
‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലൂടെ വീണ്ടും പ്രേക്ഷക മനം കവർന്നിരിക്കുകയാണ് നടി മമിത ബൈജു. ഇപ്പോഴിതാ മമിതയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ എസ് ജെ സൂര്യ. ‘നടിപ്പ് അറക്കി’ എന്നാണ് മമിതയെ സൂര്യ വിശേഷിപ്പിച്ചത്. ‘നടിപ്പ് അറക്കൻ’ എന്നാണ് തമിഴ് ഇൻഡസ്ട്രി എസ് ജെ സൂര്യയെ വിശേഷിപ്പിക്കുന്നത്.

‘നടിപ്പ് അറക്കിയായ’ ഒരു നടിയുടെ പേര് പറയാൻ പറഞ്ഞാൽ ആരുടെ പേര് പറയുമെന്ന അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് എസ് ജെ സൂര്യ, മമിതയുടെ പേര് പറഞ്ഞത്. ഇന്ത്യഗ്ലിറ്റ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘നടിപ്പ് അറക്കൻ’ എന്ന വിശേഷണത്തിന് അർഹനാണ് താങ്കൾ. ‘നടിപ്പ് അറക്കി’യായി നിങ്ങൾ ആരുടെ പേര് പറയും ? എന്നാണ് അവതാരകൻ ചോദിച്ചത്.

“ഈ അടുത്തായി നമ്മുടെ മമിത ബൈജു, ഭയങ്കരമായ അഭിനയം കാഴ്ചവയ്ക്കുന്നു. നോർത്തിൽ ആണെങ്കിൽ ആലിയ ഭട്ട്”. – എന്നായിരുന്നു നടന്റെ മറുപടി. അതേസമയം മലയാളത്തിൽ മാത്രമല്ല, തമിഴിലും തിളങ്ങി നിൽക്കുകയാണ് മമിത ഇപ്പോൾ. വിജയ്‌യുടെ സഹോദരിയായി ‘ജന നായകനി’ലും സൂര്യയുടെ നായികയായി ‘വിശ്വനാഥ് ആൻഡ് സൺസി’ലും മമിത എത്തിയിരുന്നു.
അതേസമയം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ ആണ് എസ് ജെ സൂര്യയുടേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ബോധി എന്ന കഥാപാത്രമായാണ് എസ് ജെ സൂര്യ ചിത്രത്തിലെത്തിയത്.


Recent Comments