by Midhun HP News | Dec 24, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 12,735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.
ഇന്നലെ പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.
രൂപയുടെ മൂല്യവും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.



by Midhun HP News | Dec 23, 2025 | Latest News, കേരളം
ചിറയിൻകീഴു മഞ്ചാടിമൂട് റെയിൽവേ ഗേറ്റിനു സമീപം ഇന്ന് ഉച്ചയോടെ ട്രെയിൻ തട്ടി മരിച്ച വീട്ടമ്മയെ തിരിച്ചറിഞ്ഞു. അവനവഞ്ചേരി കാർത്തികയിൽ (അരുൺ സാമിൽ ബാബുവിന്റെ പത്നി) സുധ (67) യാണ് മരണപെട്ടത്.



by Midhun HP News | Dec 23, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ജീവപര്യന്തം തടവു ശിക്ഷ ഡല്‍ഹി ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. വിചാരണക്കോടതി വിധിക്കെതിരെ സെന്‍ഗാര്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പാക്കും വരെയാണ് നടപടി. സെന്‍ഗാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
ഇരയുടെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കരുതെന്നും പെണ്‍കുട്ടിയേയോ അവളുടെ അമ്മയേയോ ഭീഷണിപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ സെന്‍ഗാര്‍ സമര്‍പ്പിച്ച അപ്പീലും പരിഗണനയിലാണ്. പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ 10 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. സെന്‍ഗാറിനെ ബിജെപി പിന്നീട് പുറത്താക്കുകയായിരുന്നു.
മാഖി ഗ്രാമത്തില്‍ നിന്നുള്ള പതിനേഴുകാരിയെ കാണാതായെന്നു കുടുംബത്തിന്റെ പരാതി വന്ന 2017 ജൂണ്‍ നാലിനാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നു പെണ്‍കുട്ടി പരാതി നല്‍കി. സെന്‍ഗാറിനെതിരെ കേസെടുക്കാന്‍ വിസ്സമ്മതിച്ച പൊലീസ് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അവളുടെ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ മര്‍ദിച്ചു. കള്ളക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസം പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.



by Midhun HP News | Dec 23, 2025 | Latest News, കായികം
ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ. താരം ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കില്‍. കരിയറില്‍ ഇതാദ്യമായാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്.
അതേസമയം വനിതകളുടെ ഏകദിന ബാറ്റിങ് റാങ്കിങില്‍ ഇന്ത്യയുടെ സ്മൃതി മന്ധാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടാണ് പുതിയ ഒന്നാം സ്ഥാനക്കാരി. സ്മൃതി രണ്ടാം സ്ഥാനത്തേക്കിറങ്ങി.
ശ്രീലങ്കക്കെതിരായ ആദ്യ ടി20 പരമ്പരയില്‍ 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ദീപ്തി ഒരു വിക്കറ്റെടുത്തിരുന്നു. ഇതാണ് താരത്തിനു നേട്ടമായത്. ഈ പ്രകടനത്തിലൂടെ താരത്തിന്റെ റേറ്റിങ് പോയിന്റ് അഞ്ചിലേക്ക് ഉയര്‍ന്നതോടെയാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡിനെ പിന്തള്ളിയാണ് ദീപ്തിയുടെ നേട്ടം. ഒറ്റ പോയിന്റ് വ്യത്യാസത്തിലാണ് ദീപ്തിയുടെ മുന്നേറ്റം.
ഇന്ത്യയുടെ ജെമിമ റോഡ്രിഗ്‌സും നേട്ടമുണ്ടാക്കിയിട്ടുണ്ട്. താരം ടി20 ബാറ്റര്‍മാരുടെ പട്ടികയില്‍ 9ാം സ്ഥാനത്തേക്ക് കയറി. 5 സ്ഥാനങ്ങളാണ് ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത്. ജെമിമയ്ക്കും ശ്രീലങ്കക്കെതിരായ പോരാട്ടമാണ് തുണയായത്. മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് ജെമിമ പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയാണ്.
സ്മൃതി മന്ധാന ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ മൂന്നാം സ്ഥാനം നില്‍നിര്‍ത്തി. അതേസമയം ഓപ്പണര്‍ ഷെഫാലി വര്‍മ പത്താം സ്ഥാനത്തേക്കിറങ്ങി. ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ധാന 15ാം റാങ്കില്‍ തുടരുന്നു.



by Midhun HP News | Dec 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിപുലീകരണത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍. പിവി അന്‍വര്‍ എംഎല്‍എ സംയമനം പാലിക്കണമെന്നും മുന്നണിയിലെത്തുന്ന പി വി അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോടെയും ഇടപെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ കരുണാകരന്‍ അനുസ്മരണ പരിപാടിക്ക് എത്തിയതായിരുന്നു മുല്ലപ്പള്ളി.
യുഡിഎഫ് വഴിയമ്പലമല്ല, അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിനെ ഒരു വഴിയമ്പലമായി ആരും നോക്കിക്കാണേണ്ടതില്ലെന്നും, മുന്നണിയുടെ നയങ്ങളും പരിപാടികളും നിലപാടുകളും പൂര്‍ണ്ണമായും അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ ബന്ധം പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയില്‍ അച്ചടക്കം പാലിക്കപ്പെടണം. പരസ്യപ്രസ്താവനകള്‍ ഗുണകരമല്ല. എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നും ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് വഴിയമ്പലമല്ല, അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിനെ ഒരു വഴിയമ്പലമായി ആരും നോക്കിക്കാണേണ്ടതില്ലെന്നും, മുന്നണിയുടെ നയങ്ങളും പരിപാടികളും നിലപാടുകളും പൂര്‍ണ്ണമായും അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ ബന്ധം പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയില്‍ അച്ചടക്കം പാലിക്കപ്പെടണം. പരസ്യപ്രസ്താവനകള്‍ ഗുണകരമല്ല. എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നും ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Recent Comments