by Midhun HP News | Feb 9, 2026 | Latest News, ദേശീയ വാർത്ത
ഭോപ്പാല്‍: നിയമത്തിന്റെ കണ്ണില്‍ നിന്ന് ആളുകള്‍ അപൂര്‍വമായി മാത്രമേ രക്ഷപ്പെടൂ എന്ന യാഥാര്‍ഥ്യം മനസിലാക്കിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു 65 കാരന്‍. സലിം ഷെയ്ക്കും അഞ്ച് യുവാക്കളും ചേര്‍ന്ന് 100 രൂപ വിലയുള്ള ഗോതമ്പ് മോഷ്ടിച്ചു. എന്നാല്‍ ട്വിസ്റ്റ് അവിടെയല്ല. മോഷണം നടന്നത് 1980ലാണ്. 45 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ സലിം അറസ്റ്റിലായി.
1980 ല്‍ ബാലസമുദ് കകദ് ഗ്രാമത്തിലാണ് മോഷണം നടന്നത്. അന്ന് സലിം ഷെയ്ഖിന് 20 വയസായിരുന്നു. പിടികൂടാതിരിക്കാന്‍ മുടി മൊട്ടയടിച്ചിരുന്നു. തൊട്ടടുത്തുള്ള ധാര്‍ ജില്ലയില്‍ നിന്നാണ് സലിമിനെ പിടികൂടുന്നത്. അറസ്റ്റ് ചെയ്ത സലിമിനെ കോടതിയില്‍ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സലിം മുഹമ്മദും വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുകയായിരുന്നു. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലക്വാഡ പൊലീസ് സ്റ്റേഷന്‍ പ്രദേശത്തെ പൊലീസുകാര്‍ സലിം ഷെയ്ഖിലേയ്ക്ക് എത്തിയത്. പരിശോധന നടത്തിയപ്പോള്‍ ആദ്യം മരിച്ചെന്നായിരുന്നു പൊലീസിന് വിവരം കിട്ടിയത്. ഗോതമ്പ് മോഷണം നടന്ന ഖാര്‍ഗോണ്‍ ജില്ലയിലെ കൃഷിയിടത്തില്‍ നിന്ന് ഏകദേശം 90-100 കിലോമീറ്റര്‍ അകലെയുള്ള ധാര്‍ ജില്ലയിലെ ബാഗ് പ്രദേശത്ത് ഷെയ്ഖ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പൊലീസിനോട് ബന്ധുക്കളാണ് വിവരം നല്‍കിയത്. വിവരം കിട്ടിയ ഉടന്‍ തന്നെ പൊലീസ് പിടികൂടുകയായിരുന്നു.
ധാര്‍ ജില്ലയിലേയ്ക്ക് മാറിയതിന് ശേഷം സലിം മൗനിയായുവരായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1980ലെ കേസായതുകൊണ്ട് പൊലീസ് മറന്നുപോയിക്കാണുമെന്നാണ് ഇയാള്‍ കരുതിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടുമെന്ന് കരുതിയിരുന്നില്ല.


by Midhun HP News | Feb 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ ഡല്‍ഹി യാത്രയില്‍ നിന്നും വിട്ട് നിന്ന് ആര്‍ ശ്രീലേഖ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായുള്ള മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരുടെ യാത്രയില്‍ നിന്നാണ് ആര്‍ ശ്രീലേഖ വിട്ടു നില്‍ക്കുന്നത്. എംആര്‍ ഗോപന്‍, ശ്രീലേഖ എന്നിവരാണ് യാത്രയില്‍ ട്രെയിന്‍ യാത്രാ സംഘത്തില്‍ ഇല്ലാത്തത്. അമ്മമാരുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഇരുവരും ആസൗകര്യം അറിയിച്ചിരുന്നു എന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
എന്നാല്‍, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ ആര്‍ ശ്രീലേഖ വിമാന മാര്‍ഗം ഡല്‍ഹിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. ഇന്നത്തെ കേരള എക്‌സ്പ്രസിലാണ് മേയറും സംഘവും ഡല്‍ഹിക്ക് തിരിക്കുന്നത്. ബിജെപി അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒന്നിച്ചായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്തി പലഘട്ടത്തില്‍ പരസ്യമായിരിക്കെയാണ് യാത്ര സംഘത്തില്‍ നിന്നും ശ്രീലേഖ വിട്ടുനില്‍ക്കുന്നതും ചര്‍ച്ചയാകുന്നത്.
തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കുക എന്നകാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബിജെപി നേതൃത്വം പറയുന്നു.


by Midhun HP News | Feb 9, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മോഷണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. അയല്‍പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തി ഫോണ്‍ നമ്പറുകള്‍ കൈമാറണം. അസ്വാഭാവികമായി ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
രാത്രിയില്‍ വീടിനു ചുറ്റും ലൈറ്റ് ഉറപ്പാക്കണം. അസാധാരണ ശബ്ദം കേട്ടാല്‍ കതക് തുറക്കാതെ അയല്‍ക്കാരെ വിവരം അറിയിക്കണം. സംശയകരമായ തരത്തില്‍ അപരിചിതരെ കണ്ടാല്‍ അവരുടെ ഫോട്ടോയെടുത്ത് പൊലീസിന്റെ 112 നമ്പറില്‍ വിളിച്ചറിയിക്കണം. പഴയ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ സംശയം തോന്നിയാല്‍ പൊലീസിനെ അറിയിക്കണം. രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുമണി വരെ പ്രത്യേകം ശ്രദ്ധിക്കണം. സംഘം ചേര്‍ന്നുള്ള നിരീക്ഷണത്തിന് ശ്രമിക്കണം. കഴിയുന്നത്ര നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. മൊബൈലുമായി ബന്ധിപ്പിക്കുന്ന അലാം ഘടിപ്പിക്കുക. വീട് പൂട്ടി പുറത്തുപോകുന്നവര്‍ അയല്‍ക്കാരെയും പൊലീസിനെയും അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
വില പിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക, വിനോദയാത്ര പോകുന്നവര്‍ പൊലീസ് സ്റ്റേഷനിലെ ആപ്പില്‍ വിവരം രേഖപ്പെടുത്തുക, അവരുടെ ലൊക്കേഷനും മറ്റു വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതിരിക്കുക, ബൈക്കുകളില്‍ ചീറിപ്പായുന്നവരുടെ നമ്പര്‍ പ്ലേറ്റിന്റെ പടം എടുത്ത് പൊലീസിന് കൈമാറുക, മൊബൈല്‍ ഫോണുകള്‍ അലക്ഷ്യമായി ഇടാതിരിക്കുക, സ്വര്‍ണം, പണം എന്നിവ ആരാധനാലയങ്ങളില്‍ സൂക്ഷിക്കാതിരിക്കുക, അമ്പലകമ്മിറ്റികളും പള്ളിക്കമ്മിറ്റികളും നിര്‍ബന്ധമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കുന്നത്.


by Midhun HP News | Feb 9, 2026 | Latest News, ജില്ലാ വാർത്ത
സാക്ഷരതാ മിഷൻ പത്താം തരം തുല്യതാ 18-ാം ബാച്ചിലെയും ഹയർ സെക്കണ്ടറി തുല്യതാ 8-ാം ബാച്ചിലേയും വിജയികളെ അനുമോദിക്കുകയും പത്താംതരം തുല്യത 19-ാം ബാച്ചിന്റെയും ഹയർ സെക്കണ്ടറി തുല്യതാ 10-ാം ബാച്ചിന്റെയും ഉദ്ഘാടനവും ആറ്റിങ്ങൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനൂപിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർ പേഴ്സൺ എം.പ്രദീപ് നിർവ്വഹിച്ചു.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ എം.പ്രദീപ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ അനൂപ്, അഡ്വ.സുരേഷ്, അഡ്വ. താഹ, ബിനു, വക്കം പഞ്ചായത്ത് പ്രസിഡന്റ് വക്കം സജീവ്, നഗരസഭാ കൗൺസിലർമാരായ സതി, മല്ലിക, ശ്യാം, ജില്ലാ സാക്ഷരതാ മിഷൻ കോ – ഓഡിനേറ്റർ നിർമ്മല റേച്ചൽ ജോയി, അദ്ധ്യാപകർ എന്നിവരെയും ആദരിച്ചു. ഹയർസെക്കണ്ടറി തുല്യത കഴിഞ്ഞ് ഡിഗ്രിയും പാസായി LLB യ്ക്ക് പഠിക്കുന്ന അനിതകുമാരിയെയും ന്യത്തകലയിൽ ദേശീയപുരസ്ക്കാര ജേതാവായ മധു ഗോപിനാഥിനെയും തുല്യതാ പരീക്ഷയിൽ വിജയിച്ച എല്ലാ പഠിതാക്കളെയും ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു. തുടർന്ന് അജിൽ മണിമുത്തിന്റെ നാടൻ പാട്ടും ഉണ്ടായിരുന്നു.


by Midhun HP News | Feb 9, 2026 | Latest News, കായികം, ജില്ലാ വാർത്ത
ലാഹോർ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഐസിസിക്ക് മുൻപിൽ ഉപാധികൾ വെച്ച് പാകിസ്ഥാന്‍. മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ മത്സരം കളിക്കാൻ തയ്യാറാണെന്ന് ഐസിസിയുടെ പ്രത്യേക സംഘത്തെ അറിയിച്ചു. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ച മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പാകിസ്ഥാൻ സർക്കാർ നേരത്തെ വ്യക്തമാക്കായിരുന്നു. ഐസിസി പ്രതിനിധികളായി ഇമ്രാന്‍ ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവര്‍ക്ക് മുന്നിലാണ് പാകിസ്ഥാൻ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ബംഗ്ലാദേശിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന പണം നൽകുക. ഭാവിയിലെ ഒരു ഐസിസി ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാന് അവസരം നൽകുക എന്നിങ്ങനെയെന് മൂന്ന് ആവശ്യങ്ങൾ. ഇത് അംഗീകരിച്ചാൽ മത്സരം കളിക്കാമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.

അതേ സമയം, വിഷയത്തിൽ ഔദ്യോഗികമായ പ്രതികരിക്കാൻ ഐസിസി തയ്യാറായിട്ടില്ല. ചർച്ചകൾക്കായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രതിനിധിയും പാകിസ്ഥാനിലുണ്ടെന്നാണ് സൂചന.
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. നിലപാട് മാറാത്തതിനെ തുടര്‍ന്നു ഐസിസി ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കി. പകരം സ്‌കോട്‌ലന്‍ഡിനു അവസരം കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ കളിക്കാനും എന്നാല്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നും നിലപാടെടുത്തത്.

Recent Comments