by Midhun HP News | Dec 20, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കൂമന്‍ എന്ന മാരന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരളസര്‍ക്കാര്‍. കൂമന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു. ആറുലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. ആദിവാസികള്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയും ലഭ്യമാക്കും. മകന് താത്കാലിക ജോലി നല്‍കുമെന്ന് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം ജോഷില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏത് കടുവയാണ് കൂമനെ ആക്രമിച്ചതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള നടപടി തുടങ്ങുമെന്നും ജോഷില്‍ പറഞ്ഞു. പുല്‍പ്പള്ളിക്കടുത്തു ദേവര്‍ഗദ്ദ മാടപ്പള്ളി ഉന്നതിയിലെ കൂമനെ വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കൂമനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കടുവയെ തിരിച്ചറിയുന്നതിന് വനത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ കാമറകള്‍ ഉടന്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എല്ലാ ഉന്നതികളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശവും ആവശ്യമായ സംരക്ഷണവും നല്‍കാന്‍ വനം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
സഹോദരിയോടൊപ്പം പുഴയോരത്ത് വനമേഖലയോട് ചേര്‍ന്ന് വിറക് ശേഖരിക്കാന്‍ പോയ സമയത്താണ് കടുവ ആക്രമിച്ചത്. വനപാലകരെ ഉടന്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും വനപാലകരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടു കിലോമീറ്റര്‍ മാറി കാട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറിച്ചിയാട് റേഞ്ചില്‍ പെട്ട പ്രദേശമാണിത്. തോളിലാണ് കടിയേറ്റത്.



by Midhun HP News | Dec 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്വർണ വ‍്യാപാരി ഗോവർദ്ധന്‍റെ മൊഴി പുറത്ത്. കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്നാണ് ഗോവർദ്ധന്‍റെ മൊഴിയിൽ പറയുന്നത്
സ്വർണം വാങ്ങുന്നതിന് ഡെപ്പോസിറ്റായി ഒന്നരക്കോടി രൂപ നൽകിയതിന്‍റെ തെളിവുകളും പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ മുന്നിൽ ഗോവർദ്ധൻ ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പങ്കജ് ഭണ്ടാരിയെയും ഗോവർദ്ധനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
റിമാൻഡിലായ ഇരുവരെയും ഉടനെ കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണപ്പാളികൾ വേർതിരിച്ചെടുത്തത് പങ്കജ് ഭണ്ടാരിയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട് ക്രിയേഷൻസിലാണെന്നാണ് എസ്ഐടി കരുതുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ടാരിയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നാണ് സൂചന.



by Midhun HP News | Dec 20, 2025 | Latest News, കേരളം
കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കാക്കൂര്‍ രാമല്ലൂര്‍ സ്വദേശി പുന്നശ്ശേരി കോട്ടയില്‍ ബിജീഷിന്റെ മകന്‍ നന്ദഹര്‍ഷൻ(6) ആണ് കൊല്ലപ്പെട്ടത്. അമ്മ അനുവാണ് മകനെ കൊലപ്പെടുത്തിയത്. കൊലപാതക വിവരം അനു തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്.
ഇന്ന് രാവിലെ ബിജീഷ് ജോലിക്ക് പോയതിനു ശേഷമാണ് സംഭവമുണ്ടായത്. കാക്കൂര്‍ സരസ്വതി വിദ്യാമന്ദിറിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നന്ദഹര്‍ഷന്‍. അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്എഫ്ഇ ജീവനക്കാരിയായ ഇവർ മാനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.



by Midhun HP News | Dec 20, 2025 | Latest News, ജില്ലാ വാർത്ത
പിരപ്പമൺകാട് പാടശേഖരം കഴിഞ്ഞ മൂന്നുകൊല്ലക്കാലം കൊണ്ട് കാർഷിക മുന്നേറ്റത്താലും കാർഷികാനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങളാലും ദൃശ്യഭംഗിയാലും ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഇടമായി മാറി. എന്നാൽ പാടശേഖരത്തിന് കുറുകെയുള്ള റോഡിൽ വഴിവിളക്കുകൾ ഇല്ല എന്നത് വലിയ പോരായ്മയായി നിലനിൽക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ വയൽ കാഴ്ചകൾ കാണാൻ എത്തുന്നവർക്ക് സന്ധ്യ മയങ്ങുന്നതിനു മുൻപ് മടങ്ങി പോകേണ്ടി വരുമായിരുന്നു. മാത്രമല്ല രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യവും വർധിച്ചുവരുന്നുണ്ടായിരുന്നു. അനേക വർഷങ്ങളായി വഴിവിളക്ക് എന്ന ആവശ്യം തുടർച്ചയായി അവഗണിക്കപ്പെട്ട് വരികയായിരുന്നു.
പിരപ്പമൺകാട് പാടശേഖരസമിതിയും സൗഹൃദ സംഘവും ഈ വിഷയത്തിന്റെ ഗൗരവം
വി ശശി എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തുകയും, അദ്ദേഹം ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുകയും ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച്, ഇവിടുത്തെ ടൂറിസം സാധ്യതകൾക്ക് ഇണങ്ങും വിധം, മണ്ണിനടിയിലൂടെയുള്ള കേബിൾ സംവിധാനത്തിൽ , മാനവീയം വീഥിയിലെ വിളക്കുകളുടെ മാതൃകയിലുള്ള വഴിവിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് .
നാടിനാകെ ആവേശം പകർന്നുകൊണ്ട് ഈ വഴിവിളക്കുകളുടെ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ഷൈനി സ്വാഗതം പറയുകയും , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ് ആശംസകൾ അർപ്പിക്കുകയും പാടശേഖരസമിതി സെക്രട്ടറി അൻഫർ നന്ദി പറയുകയും ചെയ്തു.



by Midhun HP News | Dec 20, 2025 | Latest News, ജില്ലാ വാർത്ത
ദാസനേയും വിജയനേയും സൃഷ്ടിച്ച് മലയാളിയുടെ സൗഹൃദത്തിന് എക്കാലത്തേയ്ക്കുമൊരു ടെംപ്ലേറ്റ് നല്‍കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്‍. ജീവിതത്തിലും സൗഹൃദമായിരുന്നു ശ്രീനിയുടെ ഏറ്റവും വലിയ കരുത്ത്. അവസാനമായി ശ്രീനിയെ കാണാനോടിയെത്തിയ മോഹന്‍ലാലും മമ്മൂട്ടിയും മുതലിങ്ങോട്ടുള്ള താരങ്ങളും സിനിമാ പ്രവര്‍ത്തകരുമെല്ലാം അത് അടിവരയുണ്ട്.
ശ്രീനിയുടെ സൗഹൃദത്തിന്റെയും കാഴ്ചപ്പാടുകളുടേയും അടയാളപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കാണാം. തന്റെ വിവാഹത്തെക്കുറിച്ച് മുമ്പൊരിക്കല്‍ ശ്രീനി പറഞ്ഞ വാക്കുകള്‍ അതിനൊരു ഉദാഹരണമാണ്. ഒരു മുസ്ലീമും, ഒരു ക്രിസ്ത്യാനിയും തന്ന പണത്തിനാണ് ഹിന്ദുവായ താന്‍ താലി വാങ്ങിയതും കല്യാണം കഴിച്ചതുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്.
”ഞാന്‍ നാട്ടിലേക്ക് പോവുകയാണെന്ന് ഇന്നസെന്റിനോട് പറഞ്ഞു. രജിസ്റ്റര്‍ കല്യാണമാണെന്നും പറഞ്ഞു. എവിടെയാണ് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു. വൈകുന്നേരം പോകുന്നതിന് മുമ്പായി എന്റെ കയ്യില്‍ 400 രൂപ വച്ചു തന്നു. അദ്ദേഹത്തിന്റെ കയ്യില്‍ പൈസയില്ലെന്ന് എനിക്കറിയാം. ഇത് എവിടുന്നു വന്നുവെന്ന് ഞാന്‍ ചോദിച്ചു. ആലീസിന്റെ രണ്ട് വള പോയി, എന്നാലും നീ പോയി കല്യാണം കഴിക്ക് എന്നായിരുന്നു മറുപടി” ശ്രീനി പറയുന്നു.
”ഞാന്‍ നേരെ മമ്മൂട്ടിയുടെ അടുത്തേക്ക് പോയി. ഒരു ഹോട്ടലിലാണ്. നാളെ എന്റെ കല്യാണമാണ് രണ്ടായിരം രൂപ വേണം എന്ന് പറഞ്ഞു. കാര്യങ്ങളൊക്കെ അദ്ദേഹത്തിന് അറിയാമായിരുന്നു. ആര്‍ഭാടമൊന്നുമില്ല. ഇത് താലി വാങ്ങാനാണ്. അതും അമ്മ പറഞ്ഞതു കൊണ്ടാണ്. അല്ലെങ്കില്‍ ഞാനിങ്ങനെ വരില്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം രണ്ടായിരം രൂപ തന്നു”.
”ആരേയും വിളിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞുവെങ്കിലും താന്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വാങ്ങിയ താലിയാണ് ഞാന്‍ വിമലയുടെ കഴുത്തില്‍ ചാര്‍ത്തിയത്. ഒരു ക്രിസത്യാനി ഭാര്യയുടെ വള വിറ്റ് കല്യാണത്തിനുള്ള കാശ് തന്നു. മുസ്ലീം തന്ന പണത്തിന് താലി വാങ്ങിയാണ്, ഹിന്ദുവായ ഞാന്‍ കല്യാണം കഴിച്ചത്.” എന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്. തന്റെ വിവാഹകഥ പറഞ്ഞുകൊണ്ട് മതത്തിന്റെ ചട്ടക്കൂടുകളെ തകര്‍ക്കണമെന്നും ശ്രീനി പറഞ്ഞിട്ടുണ്ട്.
ക്രിസ്ത്യാനി തന്ന നാനൂറ് രൂപ, മുസ്ലീം തന്ന 2000 രൂപയ്ക്കും വാങ്ങിയ സ്വര്‍ണത്താലിയാണ് ഹിന്ദുവായ പെണ്‍കുട്ടിയുടെ കഴുത്തില്‍ ഞാന്‍ കെട്ടിയത്. എന്ത് മതം, ആരുടെ മതം, എവിടെയുള്ള മതം? ഒന്നിലും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ എല്ലാത്തിലും വിശ്വസിക്കണം എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.



Recent Comments