by Midhun HP News | Dec 18, 2025 | Latest News, കേരളം
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള ഇതിവൃത്തമാക്കി രചിച്ച, ‘പോറ്റിയെ കേറ്റിയേ.. സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. ഈ പാട്ട് വികാരം വ്രണപ്പെടുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി ഒരു അഭിപ്രായം കേട്ടിട്ടുണ്ടോ? വിശ്വാസികളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഒരു ഒരു പരിഭവമോ പരാതിയോ ഉന്നയിച്ചതായിട്ട് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോയെന്നും ആര്‍ വി ബാബു ചോദിച്ചു.
ഈ പാട്ട് വലിയ തോതില്‍ ആഘോഷിക്കപ്പെട്ടു. കോണ്‍ഗ്രസുകാര്‍ മാത്രമൊന്നുമല്ല, സിപിഎമ്മിനെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉപയോഗിച്ച പാട്ടാണ്. ഈ പാട്ടില്‍ ഏറ്റവും പ്രധാനപ്പെട്ട വരിയായിട്ട് തോന്നിയത് ‘സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്നതാണ്. സഖാക്കളുടെ ചങ്കില്‍ കൊണ്ട ഒരു വരിയാണ്. ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സിപിഎം തിരിഞ്ഞിരിക്കുന്നതെന്നും ആര്‍ വി ബാബു പറഞ്ഞു.
പാട്ടെഴുതിയത് ലീഗുകാരന്‍ ആയിരിക്കാം. എന്നാല്‍, എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍ എല്ലാവരും എടുത്ത് ഉപയോഗിക്കും. ബിജെപിയുടെ പ്രചരണ യോഗങ്ങളിലൊക്കെ ആ പാട്ട് ഉപയോഗിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കാരണം അത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒരു പാട്ടാണ്. ഈ സര്‍ക്കാരിനു കീഴില്‍ ദേവസ്വം ബോര്‍ഡും സിപിഎം നേതാക്കന്മാരും ചേര്‍ന്ന് നടത്തിയ ശബരിമല കൊള്ളയെ വരച്ചുകാട്ടുന്ന പാട്ടാണ്. സ്വാഭാവികമായിട്ടും ആ പാട്ടിന് അതിന്റെതായ സ്വീകാര്യത ഉണ്ടാകും. അത് വളരെ വലിയ തോതില്‍ ജനങ്ങള്‍ സ്വീകരിച്ചു എന്ന കാര്യത്തില്‍ സംശയമില്ലെന്നും ആര്‍ വി ബാബു പറഞ്ഞു.
ആ പാട്ട് മതപരമാണെന്നാണ് ഡിവൈഎഫ്ഐ നേതാവ് വി കെ സനോജ് പറയുന്നത്. മതപരമായ എന്താണ് ആ പാട്ടിനകത്തുള്ളത്? മതപരമാണെങ്കിൽ അത് ആരെയാണ് വ്രണപ്പെടുത്തുന്നത്?. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന കാര്യത്തിൽ സനോജും സിപിഎമ്മും ഇതുവരെ എടുത്ത നിലപാട് എന്തായിരുന്നു?. ശബരിമലയുടെ വിഷയത്തിൽ പോലും വിശ്വാസികളുടെ വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ സമീപനം എന്തായിരുന്നു?. വിശ്വാസികളെ വ്രണപ്പെടുത്തുന്ന പാട്ടിനെതിരെ പരാതി കൊടുക്കുമെന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു അബ്രഹാമിന്റെ പ്രസ്താവന വായിച്ചപ്പോൾ ചിരിയാണ് തോന്നിയത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കന്മാർ വിശ്വാസികളെ പറഞ്ഞ അസഭ്യങ്ങൾക്കും പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും കയ്യും കണക്കുമുണ്ടോ?. ഏതൊക്കെ തരത്തിലാണ് വിശ്വാസികളെ വ്രണപ്പെടുത്തിയത്?. എസ്എഫ്ഐ അടക്കമുള്ള സിപിഎമ്മിന്റെ കാളികൂളി സംഘങ്ങളൊക്കെ ഏതൊക്കെ തരത്തിലാണ് വിശ്വാസികളെ വ്രണപ്പെടുത്തിയത്. ശ്രീമതി ടീച്ചറുടെയും പിണറായി വിജയന്റെയും പ്രസ്താവനകൾ ഒക്കെ വിശ്വാസികളെ ഏതൊക്കെ തരത്തിൽ വ്രണപ്പെടുത്തിയിട്ടുണ്ടെന്നും ആർ വി ബാബു പറഞ്ഞു.
ഹൈന്ദവ സമൂഹം ആരാധിക്കുന്ന സരസ്വതിദേവി, പാർവതി ദേവി, ലക്ഷ്മീദേവി എന്നിവരുടെ നഗ്നചിത്രം വരച്ച് ആക്ഷേപിച്ച എം എഫ് ഹുസൈനെ രവിവർമ്മ പുരസ്കാരം നൽകി ആദരിക്കാൻ ശ്രമിച്ചത് കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ്. അതെന്തിനു വേണ്ടിയിട്ടായിരുന്നു? ക്ഷേത്രങ്ങളിൽ അടക്കം നഗ്നചിത്രങ്ങൾ ഒരുപാടുണ്ട്. പക്ഷേ സരസ്വതിയുടെ ചിത്രം നഗ്നമായിട്ട് എവിടെയെങ്കിലും കാണിക്കാനാകുമോ?. ലക്ഷ്മിയുടെ ചിത്രം നഗ്നമായിട്ട് എവിടെയെങ്കിലും കാണിക്കാൻ സാധിക്കുമോ?. ഇത്തരത്തിൽ ചിത്രം വരച്ച ആൾക്ക് അവാർഡ് കൊടുത്ത പാർട്ടിയാണ് ‘ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ്, ഞങ്ങൾ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യും’ എന്നു പറയുന്നത്. ഇത് ആരെ പറ്റിക്കാനാണെന്നും ആർ വി ബാബു ചോദിക്കുന്നു.



by Midhun HP News | Dec 18, 2025 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓരോ സൈനികനും 1,776 ഡോളര്‍ (ഏകദേശം 1.60 ലക്ഷം രൂപ) വീതം നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന നിലയില്‍ ആണ് തുക അനുവദിച്ചിരിക്കുന്നത്. 1776ലെ യുഎസിന്റെ സ്ഥാപക വര്‍ഷം എന്ന നിലയിലാണ് 1,776 ഡോളര്‍ എന്ന തുക നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സായുധ സേനയ്ക്ക് നല്‍കിയ സേവനത്തിനും ത്യാഗത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് തുക അനുവദിക്കുന്നത് എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഒരു ലക്ഷത്തിലേറെ സൈനികര്‍ക്ക് ആണ് ഗുണം ലഭിക്കുക. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവയിലൂടെ ലഭിച്ച പണത്തിന്റെ വിഹിതമാണ് സൈനികര്‍ക്ക് ബോണസ് ആയി നല്‍കുന്നത്. ഇത്തരം തീരുവകളിലൂടെ ലഭിച്ച ലാഭ വിഹിതത്തിന് സൈനികരേക്കാള്‍ മറ്റാരും അര്‍ഹരല്ലെന്നും ട്രംപ് വ്യക്തമാക്കുന്നു.
വിവിധ ശമ്പള ഗ്രേഡുകള്‍ അനുസരിച്ചാണ് ബോണസ് അനുവദിക്കുക. 2025 നവംബര്‍ 30 വരെ 0-6 വരെയുള്ള ശമ്പള ഗ്രേഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും സജീവ ഡ്യൂട്ടിയിലുള്ളവരുമായവര്‍ക്കും 2025 നവംബര്‍ 30 വരെ 31 ദിവസമോ അതില്‍ കൂടുതലോ ആക്റ്റീവ്-ഡ്യൂട്ടി ഓര്‍ഡറുകളുള്ള റിസര്‍വ് ഘടക അംഗങ്ങള്‍ക്കുമാണ് ഒറ്റത്തവണ ഈ ലാഭവിഹിതം ലഭിക്കുക. വിലക്കയറ്റം, ഉയര്‍ന്ന ചെലവ് എന്നിവ മൂലം അമേരിക്കക്കാര്‍ വലയുന്ന സമയത്താണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയ താരിഫ് നയങ്ങള്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങളുടെ ഫലമായി രാജ്യത്തെ വിലക്കയറ്റം അതിരൂക്ഷമണ്. തൊഴിമേഖലയും കനത്ത തിരിച്ചടിയാണ് നേരിടുന്നത്.



by Midhun HP News | Dec 18, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ അടുത്തടുത്ത വാർഡുകളിൽ നിന്നും ഇടതുമുന്നണിയുടെ സ്ഥാനാർത്ഥികളായി മത്സരിച്ച അച്ഛനും മകനും വിജയിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ നിന്നാണ് അച്ഛനും മകനും പഞ്ചായത്തിലേക്ക് വിജയിച്ചത്.
രണ്ടാം വാർഡിൽ എസ്എഫ്ഐ നേതാവും, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും, കേരള യൂണിവേഴ്സിറ്റി യൂണിയന്റെ മുൻചെയർമാനുമായ വിജയ് വിമൽ 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ അക്കൗണ്ട് തുറക്കുവാനുള്ള മോഹത്തെ തകർത്തത് വിജയം നേടിയത്. എം കോം കഴിഞ്ഞ ഇദ്ദേഹം തിരുവനന്തപുരം ലാ അക്കാദമി ലോ കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയാണ്.
സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും 10വർഷം പഞ്ചായത്ത്മെമ്പറുമായിരുന്നു. അച്ഛൻ പി. വിമൽരാജ്. 15 വർഷത്തെ കോൺഗ്രസ് കുത്തക അവസാനിപ്പിച്ചുകൊണ്ടാണ് മൂന്നാം വാർഡ് തിരിച്ചുപിടിച്ചത്. ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഈ അപൂർവത.



by Midhun HP News | Dec 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമത്ത് മുക്ക് രേവതി ഭവനിൽ എം ആർ കിരൺകുമാർ (38) അന്തരിച്ചു.
ഭാര്യ: അശ്വതി
മക്കൾ: വേദിക, റിതിക
ആലംകോട് ബുള്ളറ്റ് വർക്ഷോപ്പിട്ടിരുന്ന വിജയൻ്റെ മരുമകൻ ആണ് കിരൺ
സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30ന്
by Midhun HP News | Dec 18, 2025 | Latest News, കേരളം
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ഇഡി നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇഡി അഡ്ജുഡിക്കേറ്റിങ്ങ് അതോറിറ്റിയുടെ നടപടിയാണ് സ്റ്റേ ചെയ്തത്.
സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലാണ് കിഫ്ബിയുടെ ചെയര്‍മാനായത്. ഔദ്യോഗിക തലത്തിലുള്ള നിലപാടാണ് ഇതില്‍ സ്വീകരിച്ചതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മസാല ബോണ്ടു വഴി സമാഹരിച്ച ഏതാണ്ട് 2000 കോടി രൂപയില്‍ 450 കോടിയോളം രൂപ ഭൂമി വാങ്ങാന്‍ വിനിയോഗിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഭൂമി വാങ്ങുന്നത് ചട്ടവിരുദ്ധമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്.
എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല നടത്തിയതെന്നും, ഭൂമി ഏറ്റെടുത്തത് സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനപദ്ധതികളുടെ ഭാഗമായിട്ടാണെന്നുമായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നത്. ഈ വാദം പരിഗണിച്ച് മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും കെ എം എബ്രാഹമിനുമെതിരെ നോട്ടീസില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതില്‍ തുടര്‍വാദം ജനുവരിയില്‍ നടക്കുമെന്നും കോടതി അറിയിച്ചു.
മസാലബോണ്ട് വഴി വിദേശത്തു നിന്നും സമാഹരിച്ച പണം ഫെമ ചട്ടം ലംഘിച്ച് ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു എന്ന ആക്ഷേപത്തില്‍ കിഫ്ബിക്കെതിരായ നോട്ടീസില്‍ തുടര്‍നടപടികള്‍ മൂന്നു മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കിഫ്ബി ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനമായി പറയാനാവില്ലെന്ന വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും അഡ്ജുഡിക്കേഷന്‍ അതോറിറ്റിക്ക് ഇക്കാര്യത്തില്‍ അധികാരമില്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.



Recent Comments