മഴ കനക്കുന്നു; നഗരസഭയിൽ കൺട്രോൾ റൂം തുറന്നു

മഴ കനക്കുന്നു; നഗരസഭയിൽ കൺട്രോൾ റൂം തുറന്നു

പാലക്കാട്: ജില്ലയിൽ കാലവർഷം കനത്തതോടെ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻകരുതലുകൾക്കുമായി പാലക്കാട്‌ നഗരസഭയിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. മഴക്കെടുതി മൂലം ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മരം വീണ് വഴിത്തടസ്സങ്ങൾ ഉണ്ടായാൽ ഉടനടി നീക്കുന്നതിനുമായി ജെ.സി.ബി, ഹിറ്റാച്ചി തുടങ്ങിയ യന്ത്രസാമഗ്രികൾ സജ്ജമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ഉൾപ്പെടെ പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ ആരോഗ്യ പ്രവർത്തകരുടെ സേവനവും ഉറപ്പാക്കി. നഗരസഭാ പരിധിയിൽ വെള്ളക്കെട്ട്, മരം വീഴൽ തുടങ്ങിയ എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നവർക്ക് അടിയന്തര സഹായത്തിനായി 09188402790 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മലയോര മേഖലകളിൽ നിയന്ത്രണം; വിനോദസഞ്ചാരികൾക്ക് വിലക്ക്
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലകളിൽ വിനോദസഞ്ചാരികൾക്കും ഭാരവാഹനങ്ങൾക്കും ജില്ലാഭരണകൂടം പൂർണ്ണ നിരോധനം ഏർപ്പെടുത്തി. നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി തുടങ്ങിയ പ്രധാന മലയോര മേഖലകളിലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജില്ലാ കളക്‌ടർ നിയന്ത്രണം ഏർപ്പെടുത്തിയത്.

ഈ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ പോലും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രകൾ ചെയ്യരുതെന്ന് കളക്‌ടർ നിർദ്ദേശിച്ചു. മലയോര പാതകളിൽ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം.അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെള്ളച്ചാട്ടങ്ങളിലും സന്ദർശനം പൂർണ്ണമായി നിരോധിച്ചതായും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കനത്ത മഴ, വെള്ളപ്പൊക്കം; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

കനത്ത മഴ, വെള്ളപ്പൊക്കം; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു. മഴയും വെള്ളപ്പൊക്കവും കാരണം ക്ഷേത്രത്തിൽ ചടങ്ങ് മാത്രമാണു നടത്തിയത്. നദിയിൽ ഒഴുക്ക് കൂടുന്നത് അപകടസാധ്യതയായതോടെ പള്ളിയോടങ്ങൾ നദിയിൽ ഇറക്കരുതെന്നു പള്ളിയോട സേവാസംഘം നിർദേശം നൽകിയിരുന്നു.

ഇന്നലെ 11 വള്ളസദ്യ വഴിപാടുകളാണ് ഉണ്ടായിരുന്നതെങ്കിലും ചടങ്ങ് മാത്രം നടത്തി അവസാനിപ്പിച്ചു. ഇന്ന് 10 വള്ളസദ്യ വഴിപാടുകളാണ് ഉള്ളത്. പ്രതികൂല കാലാവസ്ഥ കാരണം ഇവയെല്ലാം മാറ്റിവച്ചിട്ടുണ്ട്.

ക്ഷേത്രത്തിലേക്ക് എത്താനുള്ള ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്നുള്ള വഴികളെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്. ഇന്നലെ വള്ളസദ്യ വഴിപാടിനെത്തിയവർ റോഡിലെ വെള്ളത്തിൽ കൂടി നടന്നാണു ക്ഷേത്രത്തിലെത്തിയത്. വള്ളസദ്യ വഴിപാട് സ്വീകരിക്കാനെത്തിയ പള്ളിയോടങ്ങളെല്ലാം സുരക്ഷിതമാണ്.

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. തീവ്ര മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ഒഴികെയുളള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച തീവ്രമഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി തുടരുന്നു. ശക്തി കൂടിയ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ രാജസ്ഥാനു മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ തെക്കന്‍ രാജസ്ഥാന്‍ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി, ക്രമേണ ശക്തി കുറഞ്ഞു ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. കേരളത്തില്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഞായറാഴ്ചയും, ബുധനാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

കണ്ണൂര്‍ – കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് വൈകുന്നേരം 05.30 വരെ 3.0 മുതല്‍ 3.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കല്ലമ്പലം മണമ്പൂരിൽ എംഡിഎംഎയുമായി യുവതിയും യുവാവ് പിടിയിലായി. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി 33 കാരനായ ഷാൻ, ചെങ്ങന്നൂർ സ്വദേശി 24 കാരിയായ തസ്ലീന എന്നിവരെയാണ് ഡാൻസ് സംഘം പിടികൂടിയത്. മണമ്പൂർ നീറുവിള ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത്. ഷാൻ മുമ്പും ലഹരി കേസിൽ അറസ്റ്റിലായിട്ടുണ്ട്.

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ അകപ്പെട്ട് മുങ്ങിമരിച്ചു

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ അകപ്പെട്ട് മുങ്ങിമരിച്ചു

നെടുമങ്ങാട്: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നെടുമങ്ങാട് വേങ്കവിള സ്വദേശി അഖിൽ എ.ജെ (33) ആണ് മരിച്ചത്.
​വാമനപുരം നദിയിലെ ചെല്ലഞ്ചിപ്പാലത്തിന് സമീപം സപ്തപുരത്ത് കുള്ളിക്കടവിലായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം എത്തിയ അഖിൽ, കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു.

വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസും വിതുര ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.