by Midhun HP News | Aug 1, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. 75 വര്‍ഷത്തിനിടെ രാജ്യം കാണുന്ന അപൂര്‍വ്വ കാഴ്ചയാണിത്. സൗദി ബഹിരാകാശ ഏജന്‍സി ഇതിനെ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര പ്രതിഭാസം എന്നാണ് വിശേഷിപ്പിക്കുന്നത്. 2027 ഓഗസ്റ്റ് 2 ഉച്ചയ്ക്ക് സൗദിയുടെ വിവിധ ഭാഗങ്ങളെ ഇരുട്ടിലാക്കിക്കൊണ്ട് സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായും മറയ്ക്കും.
ഗ്രഹണ സമയത്ത് പകല്‍ വെളിച്ചം മാറി സന്ധ്യാസമയത്തിന് സമാനമായ അന്തരീക്ഷമാകും. അന്തരീക്ഷ താപനില പെട്ടെന്ന് കുറയുകയും ഉച്ചസമയത്ത് ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാവുകയും ചെയ്യും. സൂര്യന്റെ ഉപരിതലത്തിലെ അന്തരീക്ഷ പാളിയായ ‘കൊറോണ’ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. അബ പോലെയുള്ള തെക്കന്‍ പ്രദേശങ്ങളില്‍ ഏകദേശം 6 മിനിറ്റോളവും, ജിദ്ദ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ 5 മിനിറ്റ് 50 സെക്കന്‍ഡോളവും പൂര്‍ണ്ണ ഇരുട്ട് അനുഭവപ്പെടും.
സൂര്യനും ചന്ദ്രനും ഭൂമിയും ചന്ദ്രന്‍ മധ്യത്തില്‍ വരിവരിയായി വരുമ്പോഴാണ് പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. പ്രകൃതിയുടെ ഭാഗ്യകരമായ യാദൃശ്ചികതയാല്‍, ചന്ദ്രന്‍ സൂര്യനേക്കാള്‍ ഏകദേശം 400 മടങ്ങ് ചെറുതാണ്, പക്ഷേ നമ്മോട് ഏകദേശം 400 മടങ്ങ് അടുത്താണ്. അതിനാല്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍, രണ്ടും ഏതാണ്ട് ഒരേ വലുപ്പത്തില്‍ കാണപ്പെടുന്നു. അവ പൂര്‍ണ്ണമായി വരിവരിയായി വരുമ്പോള്‍, ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും തടയുകയും ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നു.
മക്ക, ജിദ്ദ, തായിഫ്, അല്‍ ബാഹ, ഖമീസ് മുഷൈത്ത്, ജിസാന്‍, നജ്‌റാന്‍ തുടങ്ങിയ വന്‍ നഗരങ്ങളില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. റിയാദ്, ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമായിരിക്കും അനുഭവപ്പെടുകയെന്ന് ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റിയുടെ ഭാരവാഹി എഞ്ചിനീയര്‍ മജീദ് അബു സഹ്‌റ പറഞ്ഞു.
ഓഗസ്റ്റ് 2ന് രാവിലെ 11.41ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. ഉച്ചയ്ക്ക് 1.21 നും 1.44 നും ഇടയിലാണ് രാജ്യത്ത് പൂര്‍ണമായി ഇരുട്ട് പരക്കുന്നത്. വൈകുന്നേരം 3 മണിയോടെ ഗ്രഹണം അവസാനിക്കും.
വിവിധ നഗരങ്ങളിലെ സമയം
ജിദ്ദ: ഉച്ചയ്ക്ക് 12ന് ഗ്രഹണം തുടങ്ങി 1.25ന് പൂര്‍ണ്ണ ഗ്രഹണത്തിലെത്തും.
മക്ക: ഉച്ചയ്ക്ക് 12.01ന് തുടങ്ങി 1.26ന് പൂര്‍ണ്ണ അവസ്ഥയിലാകും.
തായിഫ്: ഉച്ചയ്ക്ക് 12.03ന് തുടങ്ങി 1.28ന് പൂര്‍ണ്ണതയിലെത്തും.
ഖമീസ് മുഷൈത്ത്: ഉച്ചയ്ക്ക് 12:13 ന് തുടങ്ങി 1:37 ന് പൂര്‍ണ്ണതയിലെത്തും
പ്രത്യേക സുരക്ഷാ ഗ്ലാസുകള്‍ ഇല്ലാതെ ഒരു കാരണവശാലും സൂര്യനെ നേരിട്ട് നോക്കരുത്. സാധാരണ സണ്‍ഗ്ലാസുകളോ ടെലിസ്‌കോപ്പോ ഫില്‍ട്ടറുകളില്ലാതെ ഉപയോഗിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തിക്ക് സ്ഥിരമായ തകരാറുകള്‍ വരുത്താമെന്ന് സൗദി സ്‌പേസ് ഏജന്‍സി പൊതുജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
by Midhun HP News | Aug 1, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം ഉയരുന്നു. മഴക്കെടുതിയില്‍ കേരളത്തില്‍ ഇതുവരെ ആറു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും നാലു പേരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടില്‍ വീണ് നാലു വയസ്സുകാരന്‍ ആദം അയ്മന്‍ മരിച്ചു. വയനാട് പടിഞ്ഞാറേത്തറയില്‍ കുളത്തില്‍ നിന്നും വെള്ളം പമ്പു ചെയ്യാന്‍ ശ്രമിക്കവെ, മഞ്ഞൂറ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു.
കൊല്ലം നീണ്ടകരയില്‍ ഇന്നലെ വള്ളം മറിഞ്ഞ് കാണാതായി പുത്തന്‍തുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം ലഭിച്ചു. കാണാതായ മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്തെ മലയോര മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായി. റാന്നിക്ക് പുറമേ, പാലാ ടൗണും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കെ കെ റോഡിലും വെള്ളം കയറി. ഈരാറ്റുപേട്ട ടൗണും വെള്ളത്തിലായി. മൂന്നിലവില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗത തടസവും ഉണ്ടായിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
മുഖ്യമന്ത്രി വിഡി സതീശന്‍ മന്ത്രിമാരുമായും ജില്ലാ കലക്ടര്‍മാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎല്‍എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കലക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടു. കാളിയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. മൂവാറ്റുപുഴ, കല്ലട, മീനച്ചിൽ, പമ്പ, അച്ചൻകോവിൽ എന്നീ നദികളുടെ കരകളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

by Midhun HP News | Aug 1, 2026 | Latest News, കേരളം
കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. വൈത്തിരി, ലക്കിടി മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍, വയനാട് ജില്ലയില്‍ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയില്‍ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
താമരശ്ശേരി ചുരത്തിലൂടെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. ഭാരവാഹനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പുതുപ്പാടി, ഈങ്ങാപ്പുഴ പ്രദേശങ്ങളില്‍ വ്യാപക വെള്ളക്കെട്ടും ഗതാഗത തടസ്സവുമാണ് നേരിടുന്നത്. ഈങ്ങാപ്പുഴ ടൗണിലും പയോണയിലും വെള്ളം കയറി ജനജീവിതം ദുസ്സഹമായിട്ടുണ്ട്. വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൈതപ്പൊയില്‍-നോളജ് സിറ്റി-കോടഞ്ചേരി വഴിയാണ് നിലവില്‍ തിരിച്ചുവിടുന്നത്. അതേസമയം, കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ താമരശ്ശേരി-കൂടത്തായി-മൈക്കാവ്-കോടഞ്ചേരി വഴിയുള്ള ബദല്‍ പാത ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴ തുടരുകയാണ്. കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയര്‍ത്തി ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനു മുകളില്‍ വെള്ളം കയറി. മേഖലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ആശങ്ക ഉയര്‍ത്തി മഴ തുടരുകയാണ്. നഗരമേഖലകളിലെ റോഡുകളില്‍ വലിയ വെളളക്കെട്ടാണുള്ളത്.

by Midhun HP News | Aug 1, 2026 | Latest News, കായികം
റാഞ്ചി: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ അതിനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ഒരുക്കങ്ങളുടെ ഭാഗമായി ഇതിഹാസ വിക്കറ്റ് കീപ്പർ എംഎസ് ധോനിക്കൊപ്പമാണ് പന്ത് പരിശീലനം നടത്തുന്നത്. പന്ത് ധോനിക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഇരുവരുടേയും ജിം ചിത്രമാണ് വൈറലായത്. മുൻ ഇന്ത്യൻ സ്പിന്നർ ഷഹബാസ് നദീമാണ് ഇരു താരങ്ങൾക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടത്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച രണ്ട് ഫിനിഷർമാർക്കൊപ്പം എന്ന കുറിപ്പോടെയാണ് നദീം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല ട്രാക്ക്സൂട്ട് ധരിച്ചാണ് ധോനിയുള്ളത്. പന്ത് കറുത്ത ടീം ഷർട്ടും ഷോർട്സുമാണ് ധരിച്ചിരിക്കുന്നത്.
നിലവിൽ ഇന്ത്യയുടെ പരിമിത ഓവർ ടീം പദ്ധതികളിൽ പന്ത് ഉൾപ്പെട്ടിട്ടില്ല. എന്നാൽ ശുഭ്മാൻ ഗിൽ നയിക്കുന്ന ടെസ്റ്റ് ടീമിൽ പന്ത് നിർണായക സാന്നിധ്യമാണ്.ഐപിഎല്ലിൽ മോശം പ്രകടനം മറക്കാനും പന്ത് ആഗ്രഹിക്കുന്നുണ്ടാകും. ഇക്കഴിഞ്ഞ സീസണിൽ പന്തിനു നിരാശയായിരുന്നു. ലഖ്നൗ സൂപ്പർ ജയന്റ്സ് നായകനാ പന്ത് സീസണിൽ 312 റൺസ് മാത്രമാണ് നേടിയത്. ലഖ്നൗ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുമായിരുന്നു. പുതിയ സീസണിലേക്കായി ലഖ്നൗ വിട്ട് പന്ത് തിരികെ ഡൽഹി ടീമിൽ കളിക്കും. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് പോരാട്ടത്തിലാണ് പന്ത് അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം പോരാട്ടം ഓഗസ്റ്റ് 15 മുതൽ ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ കൊളംബോയിലുമാണ് അരങ്ങേറുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ യോഗ്യതയ്ക്കായി കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യക്ക് ഡബ്ല്യുടിസിയിൽ ഇനി 9 ടെസ്റ്റുകളാണ് ശേഷിക്കുന്നത്. ഇതിൽ 7 മത്സരങ്ങളെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്.

by Midhun HP News | Aug 1, 2026 | Latest News, ദേശീയ വാർത്ത
ലണ്ടൻ: ഇംഗ്ലണ്ടിൽ അരങ്ങേറുന്ന വനിതാ ഹണ്ട്രഡ് ക്രിക്കറ്റ് പോരാട്ടത്തിനു പിന്നാലെ ഇന്ത്യൻ താരം ജെമിമ റോഡ്രിഗ്സും പാകിസ്ഥാൻ ക്യാപ്റ്റൻ സന ഫാത്തിമയും തമ്മിൽ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് ശ്രദ്ധേയമായി. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. സതേൺ ബ്രേവും ബർമിങ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരം അവസാനിച്ചതിനു പിന്നാലെയാണ് ഇരു താരങ്ങളും പരസ്പരം ആലിംഗനം ചെയ്തത്. അതിനു ശേഷം പരസ്പരം സംസാരിച്ചും സൗഹൃദം പങ്കിട്ടുമാണ് ഇരുവരും പിരിഞ്ഞത്. ജെമിമ സതേൺ ബ്രോവിനായും ഫാത്തിമ ബർമിങ്ഹാമിനുമായാണ് കളിക്കുന്നത്.
2025ലെ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാൻ കളിക്കാരുമായി ഗ്രൗണ്ടിൽ പരസ്പരം കൈ കൊടുക്കാൻ പോലും ഇന്ത്യൻ താരങ്ങൾ നിൽക്കാറില്ല. ഇന്ത്യ- പാകിസ്ഥാൻ ഐസിസി പോരാട്ടങ്ങൾക്കിടെ നിലവിൽ ഇതാണ് രീതി. ടോസ് ഇടുമ്പോഴും മത്സരം അവസാനിക്കുമ്പോഴുമൊക്കെ മറ്റ് ടീമുകളിലെ താരങ്ങളുമായി ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാറുണ്ട്. എന്നാൽ പുരുഷ, വനിതാ പോരാട്ടങ്ങളിൽ എതിർപക്ഷത്ത് പാകിസ്ഥാനാണെങ്കിൽ പരസ്പരം കളിക്കും. പക്ഷേ, ഹസ്തദാനം അടക്കമുള്ള ഒരു സൗഹൃദവും വേണ്ടെന്നാണ് നിലവിലും തുടരുന്ന നിലപാട്.
മത്സരത്തിലേക്ക് വന്നാൽ സതേൺ ബ്രേവ് 24 റൺസിനു പോരാട്ടം വിജയിച്ചു. ജെമിമ ജയത്തിൽ നിർണായക പങ്കും വഹിച്ചു. താരം 18 പന്തിൽ 28 റൺസെടുത്താണ് മികവ് പുലർത്തിയത്. എന്നാൽ ബർമിങ്ഹാമിനായി കളിച്ച ഫാത്തിമ സനയ്ക്ക് മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ 140 റൺസെടുത്തു. ലക്ഷ്യത്തിലേക്ക് പന്തെടുത്ത ബർമിങ്ഹാമിന്റെ പോരാട്ടം 5 വിക്കറ്റ് നഷ്ടത്തിൽ 116 റൺസിൽ അവസാനിച്ചു. സീസണിൽ ബ്രേവ് നേടുന്ന തുടരെ നാലാം ജയമാണിത്. ബർമിങ്ഹാം ആകട്ടെ തുടരെ നാല് മത്സരങ്ങളായി തോൽക്കുന്നു.

Recent Comments