ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ഡല്‍ഹി: 2026-27 അസസ്‌മെന്റ്് വര്‍ഷത്തേക്ക് ജൂലൈ 31 വരെ 5.9 കോടിയിലധികം ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) സമര്‍പ്പിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത നികുതിദായകര്‍ക്ക് പിഴയോ പലിശയോ ഇല്ലാതെ 2026-27 അസസ്മെന്റ് വര്‍ഷത്തെ ഐടിആര്‍ 1, 2 എന്നിവ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു.

കഴിഞ്ഞ വര്‍ഷം, റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ദീര്‍ഘിപ്പിച്ചു നല്‍കിയ അവസാന തീയതിയായ സെപ്റ്റംബര്‍ 16 വരെ 7.3 കോടിയിലധികം ഐടിആറുകള്‍ ഫയല്‍ ചെയ്തിരുന്നു. ‘2026-27 അസസ്മെന്റ് വര്‍ഷത്തേക്ക് ജൂലൈ 31 വരെ 5.9 കോടിയിലേറെ ഐടിആറുകള്‍ സമര്‍പ്പിച്ചതായി ആദായനികുതി വകുപ്പ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.ഐടിആര്‍ ഫോം 1 (സഹജ്): ചെറുകിട, ഇടത്തരം നികുതിദായകര്‍ക്ക് ഉപയോഗപ്രദമായ ലളിതമായ ഫോമാണിത്. പ്രതിവര്‍ഷ വരുമാനം 50 ലക്ഷം രൂപ വരെ ഉള്ളവരും, ശമ്പള വരുമാനം, ഒരു വീട്, പ്രതിവര്‍ഷം 5,000 രൂപ വരെ കാര്‍ഷിക വരുമാനം എന്നിവയുള്ളവരുമായ റസിഡന്റ് വ്യക്തികള്‍ക്ക് ‘സഹജ്’ ഫയല്‍ ചെയ്യാം.

ഐടിആര്‍ 2: ബിസിനസ്സില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമില്ലാത്തതും, എന്നാല്‍ ക്യാപിറ്റല്‍ ഗെയിന്‍സില്‍ (മൂലധന ലാഭം) നിന്ന് വരുമാനമുള്ളതുമായ വ്യക്തികള്‍ക്കുമാണ് ഐടിആര്‍ 2 ബാധകമാകുന്നത്.

മഴക്കെടുതി രൂക്ഷം; മരണം 5 ആയി

മഴക്കെടുതി രൂക്ഷം; മരണം 5 ആയി

സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി ഉണ്ടായ മഴക്കെടുതിയിൽ 5 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടിൽ ലീലാമണി എന്നയാളുടെ വീടിനു മുകളിൽ മണ്ണ് വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. വീടുകളും റോഡുകളും വ്യാപാര സ്ഥാപനങ്ങളും കനത്ത മഴയിൽ മുങ്ങി. പത്തനംതിട്ടയിലെ ളാഹ, ഇടുക്കിയിലെ പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിൽ അതിതീവ്ര മഴയാണ് കിട്ടിയത്. ളാഹയിൽ 25 സെന്റിമീറ്ററും പീരുമേടും തൊടുപുഴയും 21സെന്റിമീറ്ററും മഴ പെയ്തു.

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കൊച്ചി: ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സതീശന്‍; മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം.

ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവ് വേലായുധന്‍കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി ഇന്നലെ കാവടിയാര്‍ ഗോള്‍ഫ് ക്ലബില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇറക്കാതെ തിരിക തിരുവനന്തപുരത്തേക്ക് മടങ്ങി. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടര്‍ന്ന് 11.30 ഓടെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ആശുപത്രിയില്‍ 20 മിനിറ്റോളം ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് ദേശത്തെ വസതിയിലേക്ക് പോയി.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു എന്നായിരുന്നു അന്നുയര്‍ന്ന വ്യാപക വിമര്‍ശനം. അവയവദാന ദൗത്യങ്ങള്‍ക്കായി നിരവധി തവണയാണ് അന്ന് ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നത്. അടിയന്തര ഘട്ടങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയും അവയവങ്ങള്‍ ദൂരസ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനായും ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിനെയാണ് മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്‌തെന്ന വിമര്‍ശനം ഉയര്‍ന്നത്.

‘എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?’ കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

‘എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?’ കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

ചെന്നൈ: ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂരിനടുത്തുള്ള പഴയശീവരത്താണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. 28കാരിയായ സോണിയയെയാണ് ഭര്‍ത്താവ് സോമസുന്ദരം( 28) കൊലപ്പെടുത്തിയത്. ആറ് മാസം മുമ്പാണ് ഹോം ഗാര്‍ഡ് ആയി ജോലി ചെയ്യുന്ന സോമസുന്ദരവുമായി സോണിയയുടെ വിവാഹം നടന്നത്.

വിവാഹ ശേഷം ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തര്‍ക്കത്തിനിടയിലാണ് സോമസുന്ദരം കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് സംശയം ഉന്നയിച്ചത്. ഈ തര്‍ക്കം കൊലപാതകത്തിലെത്തിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് കുഞ്ഞുങ്ങളുണ്ടാവില്ലെന്നും ഈ വിവരം ഭാര്യയില്‍ നിന്ന് മറച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും സോമസുന്ദരം പറയുന്നത്. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയമുണ്ടായത് ഇതുകൊണ്ടാണെന്നും ഇയാള്‍ പറയുന്നു. വഴക്കിനിടയില്‍ ഇയാള്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട് പുറത്തു നിന്ന് പൂട്ടി ഇയാള്‍ രക്ഷപ്പെട്ടു.

മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സോണിയയുടെ മാതാപിതാക്കളാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് മകളുടെ മൃതദേഹം കണ്ടെത്തിയതോടെ ശാലവാക്കം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ നടത്തിയ അന്വേഷത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ഹരിവരാസനം ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും മറ്റു ഇതര ലൊക്കേഷനുകളിലുമായി പുരോഗമിക്കുകയാണ്. ഡോക്ടർ കെ അമ്പാടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു അഭിനയിക്കുന്ന വിവരം സൈജു കുറുപ്പാണ് സോഷ്യൽ മീഡിയയിലൂടെ ഇന്ന് റിവീൽ ചെയ്തത്.

മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. മാളികപ്പുറത്തിനു ശേഷം രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഹരിവരാസനം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. പ്രോജക്റ്റ് ഡിസൈനർ : മംഗളം ജയചന്ദ്രൻ, ഡി ഓ പി : സജാദ് കാക്കു, എഡിറ്റർ : അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ : ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ : രാഖിൽ, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ. സി, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ : നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ : ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.