by liji HP News | Apr 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബക്കറ്റിന്റെ മൂടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. അണ്ടൂർക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അൻസർ മൻസിലിൽ അൻസർ (31) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 4 നാണ് സംഭവമുണ്ടായത്. 65 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ബക്കറ്റിന്റെ മൂടി വീഴുകയായിരുന്നു. ഇത് എടുക്കാനായി ഇറങ്ങിയ അൻസർ 4 തൊടി എത്തിയപ്പോഴേക്കും ശുദ്ധവായു കിട്ടാതെ കുഴഞ്ഞ് വീണു. ഭാര്യ സുറുമിയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി. അഗ്നിരക്ഷാ സേനയെത്തി 2 മണിക്കൂർ കഠിന പരിശ്രമത്തിലാണ് അൻസറിനെ പുറത്തെടുത്തത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കുവൈറ്റിൽ വിസിറ്റിങ് വിസയിൽ ജോലിതേടി പോയ അൻസർ ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. അതിനു മുൻപ് ടിപ്പർ ലോറി ഡ്രൈവറായിരുന്നു. ഭാര്യ സുറുമി സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. എൽകെജി വിദ്യാർഥിയായ അയാൻ, നാലുമാസം പ്രായമുള്ള ഹൗവ്വാജന്ന എന്നിവർ മക്കളാണ്.
by liji HP News | Apr 5, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കരിച്ചയിൽ പനവേലിപ്പറമ്പിൽ വാഹന അപകടം. കഴിഞ്ഞ ദിവസം ഉച്ചയോടെ ആറ്റിങ്ങൽ സ്വദേശിയായ വിജയൻ സഞ്ചരിച്ചിരുന്ന കാർ ആണ് സമീപത്തെ തോട്ടിലേക്കു മറിഞ്ഞത് . ഉടൻ തന്നെ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ രക്ഷപെടുത്തി മെഡിക്കൽ കോളേജിൽ എത്തിച്ചു. അപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു. തോട് നിർമാണത്തിനിടയിൽ സംരക്ഷണ സംവിധാനങ്ങൾ ഇല്ലാത്തതാണ് തോട്ടിലേക്കു വാഹനം മറിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
by Midhun HP News | Apr 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ 55കാരനെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പിടികൂടാന്‍ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് എറണാകുളം റെയില്‍വേ പൊലീസ് അറിയിച്ചു. ടിടിഇ ജയ്‌സണ്‍ തോമസിനെയാണ് ഭിക്ഷാടകന്‍ എന്ന് തോന്നിക്കുന്നയാള്‍ ആക്രമിച്ചത്.
ഇന്നലെ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു അക്രമം.ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്. ടിക്കറ്റ് ഇല്ലെങ്കില്‍ ഇറങ്ങിപ്പോകണമെന്ന് ജെയ്സണ്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നായിരുന്നു ആക്രമണം.
ജെയ്സണിന്റെ മുഖത്താണ് അടിയേറ്റത്. കണ്ണിനും പരിക്കുണ്ട്. സംഭവത്തിന് പിന്നാലെ കാറ്ററിങ് തൊഴിലാളികളെ തള്ളിമാറ്റി അക്രമി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. ചങ്ങല വലിച്ച് ട്രെയിന്‍ ഉടന്‍ തന്നെ നിര്‍ത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. പ്രതി മദ്യപിച്ചതായി തോന്നുന്നില്ലെന്നും കണ്ണ് പോകാതിരുന്നത് ഭാഗ്യമെന്നുമാണ് ജെയ്സണ്‍ പ്രതികരിച്ചത്. ടിടിഇയുടെയും മറ്റു യാത്രക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് 55 വയസ് പ്രായം തോന്നിക്കുന്ന ആളാണ് പ്രതിയെന്ന നിഗമനത്തില്‍ എത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
by Midhun HP News | Apr 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2,76,98,805 മലയാളികള്‍ വിധിയെഴുതും. മാര്‍ച്ച് 25വരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.
ബുധനാഴ്ച വൈകീട്ട് വരെയുള്ള കണക്കനുസരിച്ച് 1,33,90, 592 പുരുഷന്മാരും 1,43,07,851 സ്ത്രീകളും 362 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. മാര്‍ച്ച് 15 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 4.18 ലക്ഷം വോട്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്താനായത്.
അതിനിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് 234 പത്രികകള്‍. 143 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശം നല്‍കിയത്. ബുധനാഴ്ച മാത്രം 152 പത്രിക വിവിധ മണ്ഡലങ്ങളില്‍ ലഭിച്ചു. വെള്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. എട്ടുവരെ പിന്‍വലിക്കാം.
by liji HP News | Apr 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പൊന്നറ ഭദ്രകാളീ ക്ഷേത്രത്തിലെ ഈ വർഷത്തെ മുടിയെഴുന്നള്ളിപ്പ് ഉത്സവത്തിന് നാളെ തുടക്കമാകുന്നു. നാളെ വൈകുന്നേരം 5 മണിക്ക് ഐശ്വര്യപൂജ 7 മണിക്ക് നൃത്തനിർത്തങ്ങൾ, 6 -ശനിയാഴ്ച 7 മണിക്ക് തിരുവാതിര, 7 – ഞായർ ഉച്ചക്ക് 11 .30 നു പൊന്നറ സദ്യ, 8 – തിങ്കളാഴ്ച ഗ്രഹഭണ്ഡാരസമർപ്പണം, 9 – ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പൊന്നറ പൊങ്കാല, 10 – ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് കളമെഴുത്തുംപാട്ടും, 11 – വ്യാഴാഴ്ച വൈകുന്നേരം 6 .30 നു നാദം കലാസമിതി, വേങ്ങോട് അവതരിപ്പിക്കുന്ന ഫ്യൂഷൻ ചെണ്ടമേളം, 12 – വെള്ളിയാഴ്ച – വൈന്നേരം 5 മണിക്ക് മുടിയെഴുന്നള്ളിപ്പ് ആരംഭം, 8 മണിക്ക് അലങ്കാര ദീപാരാധന തുടർന്ന് ആകാശക്കാഴ്ച, 8 .30 മുതൽ നാഗർകോവിൽ നൈറ്റ്ബേർഡ്‌സ് അവതരിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനമേളയും നടക്കും.
by liji HP News | Apr 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തുവകകൾ. നാമ നിർദ്ദേശ പത്രികയിലാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്.
19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി- ബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വർണം, 22.68 ലക്ഷം വിലയുള്ള രണ്ട് കാറുകളുമുണ്ട്. 6.75 കോടി രൂപയുടെ ഭൂസ്വത്തുക്കൾ. പാലക്കാട് ചിറ്റൂർ ഇലവൻചേരി വില്ലേജിൽ 1.56 ലക്ഷം വിലയുള്ള കൃഷി ഭൂമിയും തിരുവനന്തപുരം ശാസ്തമംഗലത്ത് 6.2 കോടി വിലയുള്ള 25.86 സെന്റ് കാർഷികേതര ഭൂമിയുമുണ്ട്. വഴുതക്കാട്ട് 52.38 ലക്ഷം രൂപ മൂല്യമുള്ള ഫ്ലാറ്റും തരൂരിനുണ്ട്. കട ബാധ്യതകളില്ല. കൈവശം സൂക്ഷിക്കുന്നത് 36,000 രൂപ.
Recent Comments