ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തി തുറന്ന് വീണ്ടും കവർച്ച

ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തി തുറന്ന് വീണ്ടും കവർച്ച

തിരുവനന്തപുരം വർക്കല പനയറ തൃപ്പൂരിട്ടക്കാവ്ക്ഷേത്രത്തിൽ രാത്രി 12 മണിയോടെയാണ് മോഷണം നടന്നത്.ക്ഷേത്രത്തിന്റെ ഓട് ഇളക്കിയാണ് മോഷ്ടാവ് നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചത്. ക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ചിട്ടുള്ള 2 വഞ്ചികളും കുത്തി തുറന്ന് കവർച്ച നടത്തിയിട്ടുണ്ട്. കൂടാതെ ചുറ്റമ്പലത്തിന് പുറത്ത് നാഗരുടെ മുന്നിലുള്ള വഞ്ചിയും കുത്തി തുറന്ന് കവർച്ച നടത്തി. ക്ഷേത്രം പൂജാരി രാവിലെ എത്തുമ്പോഴാണ് വഞ്ചികൾ കുത്തി പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. വിവരം അറിഞ്ഞെത്തിയ അയിരൂർ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നീളമുള്ള കമ്പി ചൂൽ ഉപയോഗിച്ച് ഓട് ഇളക്കുകയും കൊടുവാൾ ഉപയോഗിച്ചാണ്

വഞ്ചികൾ കുത്തി പൊളിച്ചതെന്നും പൊലീസ് പറഞ്ഞു. 15000 രൂപയോളം നഷ്ടപ്പെട്ടതായി ആണ് പ്രാഥമിക വിവരം. ഇക്കഴിഞ്ഞ ഒക്ടോബർ 6 ന് രാത്രിയിലും ഇതേ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. കമ്പി പാരയും കുന്താലിയും വടിവാളുമായി ഉള്ളിൽ പ്രവേശിച്ചു കവർച്ച നടത്തിയ മോഷ്ടാവ് കൊല്ലം തങ്കശ്ശേരി ഇത്താക്കിൽ നഗർ വീട്ടിൽ ജോയ് (49) ഇപ്പോൾ ജയിലാണ്.

സമരാഗ്നി ആറ്റിങ്ങൽ സ്വീകരണത്തിൽ പതിനയ്യായിരം പേർ പങ്കെടുക്കും; സ്വാഗതസംഘം രൂപീകരിച്ചു

സമരാഗ്നി ആറ്റിങ്ങൽ സ്വീകരണത്തിൽ പതിനയ്യായിരം പേർ പങ്കെടുക്കും; സ്വാഗതസംഘം രൂപീകരിച്ചു

ആറ്റിങ്ങൽ: കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എംപി യും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര ആറ്റിങ്ങൽ മാമം മൈതാനിയിൽ എത്തി ചേരുമ്പോൾ ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ് എന്നി നിയോജനമണ്ഡലങ്ങളിൽ നിന്ന് പതിനയ്യായിരം പേരെ പങ്കെടുപ്പിക്കാൻ ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ കൂടിയ സ്വാഗതസംഘo തീരുമാനിച്ചു.

യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ പാലോട് രവി യോഗം ഉദ്ഘാടനം ചെയ്തു. വർക്കലകഹാർ, അഡ്വ കരകുളം കൃഷ്ണപിള്ള, എൻ സുദർശൻ, പി എം ബഷീർ, എം ജെ ആനന്ദ്, എസ് കൃഷ്ണകുമാർ, മംഗലാപുരം അജിത്ത്. ബി എസ് അനൂപ്, അഡ്വ ഷാലി, പി സ്വണാജ്, അഡ്വ റിഹാസ്, ബി ധനപാലൻ, എ ഷിഹാബുദ്ദീൻ ,പി വിജയൻ, അഡ്വ ബി കെ രാജു, എൻ ആർ ജോഷി, വർക്കല ഷിബു, കെ പി രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

സമരാഗ്നി പ്രക്ഷോഭ യാത്ര വിജയിപ്പിക്കാൻ 501 പേർ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം രക്ഷാധികാരികളായി അടൂർ പ്രകാശ് എംപി, പാലോട് രവി, എൻ പീതാംബരക്കുറുപ്പ്, കരകുളംകൃഷ്ണ പിള്ള എന്നിവരെയും, ചെയർമാൻ ആയി വർക്കല കഹാർ, വർക്കിംഗ്‌ ചെയർമാൻമാരായി എൻ സുദർശൻ, പിഎം ബഷീർ, ജനറൽ കൺവീനറായി പി ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു.

യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ 2024, ഇപ്പോള്‍ അപേക്ഷിക്കാം

യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ 2024, ഇപ്പോള്‍ അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 5 വരെ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 6 മുതല്‍ 12 വരെ തിരുത്താനുള്ള അവസരമുണ്ട് .ആയിരത്തിലധികം ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ട പരീക്ഷയാണിത്.

ബിരുദമാണ് യോഗ്യത. 21 വയസ് മുതല്‍ 32 വയസ് വരെയാണ് പ്രായപരിധി. നിര്‍ദിഷ്ട വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്‌സി എസ്ടി വിഭാഗം, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം upsc.gov.in.

കോൺഗ്രസ്‌ ജനപ്രതിനിധികൾ ധർണ്ണ സമരം നടത്തി

കോൺഗ്രസ്‌ ജനപ്രതിനിധികൾ ധർണ്ണ സമരം നടത്തി

ആറ്റിങ്ങൽ: 2024-25 സാമ്പത്തിക വർഷം കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടികുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ആറ്റിങ്ങൽ നഗര സഭ ഓഫീസിനു മുന്നിൽ കോൺഗ്രസ്‌ ജനപ്രതിനിധികൾ ധർണ്ണ സമരം നടത്തി.

ഈ വർഷത്തെ നഗരസഭയുടെ റോഡ് പണികൾഅടക്കമുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ ഈ ജനദ്രോഹ നടപടികൾ മൂലം തടസ്സപെടാൻ പോകുയാണെന്നും,നഗര സഭയിലെ ഭരണ കക്ഷി അംഗങ്ങളും സർക്കാരിനെതിരെ സമരം ചെയ്യേണ്ട അവസ്ഥയിലാണെന്നും ധർണ്ണസമരം ഉദ്ഘാടനം ചെയ്ത ഡി. സി. സി. ജനറൽ സെക്രട്ടറിയും യുഡിഫ് പാർലമെന്ററി നേതാവുമായ പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കൗൺസിലർമാരായ വി മുരളീധരൻ നായർ, ജി. ശങ്കർ,കെ. ജെ. രവികുമാർ, മുൻ കൗൺസിലർമാരായ ആർ.എസ്. പ്രശാന്ത്, അനിൽകുമാർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം,രഘുറാം തുടങ്ങിയവർ ധർണ്ണ സമരത്തിൽ പങ്കെടുത്തു സംസാരിച്ചു.

നടന്ന് പോകുന്നതിനിടെ സ്ലാബ് പൊട്ടി കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം

നടന്ന് പോകുന്നതിനിടെ സ്ലാബ് പൊട്ടി കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഷിജു ഭവനിൽ സോമൻ (63) ആണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കുളപ്പടയിൽ ഉച്ചയ്ക്കുശേഷമാണ് സംഭവം. നടന്നുപോകുന്നതിനിടെ തോടിന് കുറുകെയായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വീഴുകയായിരുന്നു. സ്ലാബ് തകര്‍ന്നതോടെ സോമനും കുഴിയിൽ വീണു.

സോമന്‍റെ ശരീരത്തിന് മുകളിലേക്കും തകര്‍ന്ന സ്ലാബ് വീണു. പൊട്ടിയ സ്ലാബിനും കുഴിയ്ക്കും ഇടയിലായി സോമൻ ഞെരിഞമര്‍ന്നുപോവുകയായിരുന്നു. സ്ലാബിന്‍റെ ഭാഗങ്ങള്‍ വീണ് തലയ്ക്കും മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്. പൊലീസും നാട്ടുകാരുമെത്തി സ്ലാബ് നീക്കിയശേഷം സോമനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. റബ്ബര്‍ ടാപ്പിംഗിന് പോയശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്.

മണമ്പൂർ ഗ്രാമ പഞ്ചായത്ത് വാർഷിക  ബഡ്ജറ്റ് 2024-25

മണമ്പൂർ ഗ്രാമ പഞ്ചായത്ത് വാർഷിക ബഡ്ജറ്റ് 2024-25

ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണത്തിനും കളിസ്ഥലത്തിനും ഇലക്ട്രിക് ശ്മശാനത്തിനും സാമൂഹ്യക്ഷേമത്തിനും മുൻതൂക്കം നല്കുന്ന ബഡ്ജറ്റിൽ കാർഷിക വികസനത്തിന് 32 ലക്ഷം ശുചിത്വം മാലിന്യ സംസ്ക്കരണത്തിന് 36 ലക്ഷം മൃഗസംരക്ഷണത്തിന് 52 ലക്ഷം ക്ഷീര വികസനം 30 ലക്ഷം മണ്ണ് ജലസംരക്ഷണം 21 ലക്ഷം ആരോഗ്യ വിദ്യാഭ്യാസത്തിന് 53 ലക്ഷം കുടിവെള്ളത്തിന് 31ലക്ഷം എന്നീ മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.

പട്ടികജാതി ഉപപദ്ധതി വനിതാ ഘടക പദ്ധതി സാമൂഹ്യ സുരക്ഷാ പദ്ധതി (കുട്ടികൾ ഭിന്നശേഷിക്കാർ ഭിന്നലിംഗക്കാർ വയോജനങ്ങൾ പാലിയേറ്റീവ്) ആസ്തി സംരക്ഷണം അടിസ്ഥാന വേതന ഉപപദ്ധതി സദ്ഭരണം എന്നിവയ്ക്ക് അർഹമായ പരിഗണന നല്കുന്നതാണ് ഈ ബഡ്ജറ്റ് . ഭവന നിർമ്മാണ പരിപാടികൾ സമ്പൂർണ്ണ ഭവന പദ്ധതി വിഭാവനം ചെയ്യുന്ന ലൈഫ് പാർപ്പിട പദ്ധതിയിൽ തന്നെ തുടരുന്നതാണ്. 49 കോടി വരവും 46 കോടി ചെലവും 3 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് പഞ്ചായത്ത് പ്രസിഡൻ്റ് എ നഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസി വി തമ്പി അവതരിപ്പിച്ചത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി സുധീർ , ജയന്തി, ബൈജു ബി , മറ്റു ജനപ്രതിനിധികൾ സെക്രട്ടറി സന്തോഷ് കുമാർ ജെ.എസ് എന്നിവർ സംബന്ധിച്ചു.