by Midhun HP News | Jan 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 22 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക ഫെബ്രുവരി അഞ്ച് വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. പത്രിക ഫെബ്രുവരി എട്ട് വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ഫെബ്രുവരി 23 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലും, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികളില്‍ അതത് വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.
നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 5000 രൂപയും മുനിസിപ്പാലിറ്റികളില്‍ 4000 രൂപയും ഗ്രാമപഞ്ചായത്തുകളില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവയുടെ പകുതി തുക മതിയാകും.
അര്‍ഹതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി നല്‍കണം.
തെരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടര്‍പട്ടിക ജനുവരി 25ന് പ്രസിദ്ധീകരിച്ചു. 23 വാര്‍ഡുകളിലായി ആകെ 32,512 വോട്ടര്‍മാരുണ്ട്. അതില്‍ 15,298 പുരുഷന്മാരും 17,214 സ്ത്രീകളും ഉള്‍പ്പെടും. www.seckerala.gov.in ലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടര്‍ പട്ടിക ലഭ്യമാണ്.
പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
by Midhun HP News | Jan 28, 2024 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിനും ധാർമികതയും മൂല്യങ്ങളും ഇല്ലാതാകാതിരിക്കാനും പൊതുവിദ്യാഭ്യാസം വളരണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര-കേരള സർക്കാരുകൾ വിദ്യാഭ്യാസത്തിനായി പ്രത്യേക അജണ്ടകൾ സൃഷ്ടിക്കുന്നുവെന്നും ചരിത്രം വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുകയാണെന്നും സമ്മേളനം വിലയിരുത്തി.
അസംതൃപ്തമായ അധ്യാപക സമൂഹവും വിദ്യാഭ്യാസ മേഖലയുമാണ് കഴിഞ്ഞ ഏഴ് വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ പൊതു വിദ്യാഭ്യാസ മേഖലയിൽ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചു കൊണ്ടിരിക്കുന്നു. ഈയവസരത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് പൊതുബോധം വളരേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് സമ്മേളനം വിലയിരുത്തി.
വെഞ്ഞാറമൂട് ഗവ.യു.പി.സ്‌കൂളിൽ നടന്ന ജില്ലാ സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.ടി.അമാനുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം.ജിജുമോൻ പ്രമേയ പ്രഭാഷണം നടത്തി. കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ജമീൽ.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പോരേടം സ്വാഗതവും ജില്ലാ ട്രഷറർ ഹാഷിം മേലഴികം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:-
ജമീൽ ജെ (ജില്ലാ പ്രസിഡൻറ്), പ്രകാശ് പോരേടം (ജില്ലാ ജനറൽ സെക്രട്ടറി), ഹാഷിം മേലഴികം (ട്രഷറർ), ശുഹൈബ് കെ (ഓർഗനൈസിംഗ് സെക്രട്ടറി), ഹൻസീർ എ (അസോസിയേറ്റ് ജനറൽ സെക്രട്ടറി)
വൈസ് പ്രസിഡൻറ്മാർ : ശിഹാബുദ്ദീൻ എസ്, മുനീർ കൂരവിള, ബിന്ദു.വി
സെക്രട്ടറിമാർ : മുഹമ്മദ് റാസി, അക്ബർഷ, സീനാ മോൾ
by Midhun HP News | Jan 28, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ മലപ്പുറത്ത് ഫെബ്രുവരി 10, 11 തീയതികളിൽ സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. പ്രവർത്തകരിൽനിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബസുകളുടെ ബുക്കിങ്ങും ആരംഭിച്ചു.
തിരുവനന്തപുരം ഈസ്റ്റ്, വെസ്റ്റ്, ആറ്റിങ്ങൽ,കണിയാപുരം, വെഞ്ഞാറമുട്, നെടുമങ്ങാട്, കാട്ടാക്കട മേഖലകൾ കേന്ദ്രീകരിച്ചാണ് സമ്മേളന നഗരിയിലേക്ക് ബസുകൾ പുറപ്പെടുന്നത്.
ജില്ലയിൽ വിപുലമായ പ്രചാരണപ്രവർത്തനമാണ് സംഘടിപ്പിച്ചുവരുന്നത്. ചുവരെഴുത്തുകൾ, തീം ഫ്‌ളക്‌സുകൾ, പോസ്‌റ്ററുകൾ, സൺപാക്കുകൾ എന്നിവ സ്ഥാപിച്ചുകഴിഞ്ഞു.
ഓൺലൈൻ–-ഓഫ്‌ലൈൻ പ്രചാരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ജനുവരി 26ന് പള്ളികൾ കേന്ദ്രീകരിച്ചും 27ന് വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചും 28ന് വീടുകൾ കേന്ദ്രീകരിച്ചും ലഘുലേഖ പ്രചാരണം നടത്തും. കോൺഫറൻസിനോടനുബന്ധിച്ചുള്ള ‘തസ്‌ഫിയ ആദർശ സമ്മേളനം’ ജില്ലാതല ഉദ്‌ഘാടനം ബാലരാമപുരത്ത് സംഘടിപ്പിച്ചു. മുസ്തഫ മദനി, അർഷദ് അൽ ഹികമി എന്നിവർ പ്രഭാഷണം നടത്തി. മണ്ഡലം തസ്ഫിയകളും പൂർത്തിയാക്കി ശാഖാ തസ്‌ഫിയകളുടെ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു.
സമ്മേളനത്തിന്റെ സന്ദേശപ്രചാരണാർഥം ജില്ലയിൽ സന്ദേശപ്രയാണങ്ങൾ നടത്താൻ തീരുമാനിച്ചു. ആറ്റിങ്ങലിൽ നിന്ന് ആരംഭിച്ച് ചിറയിൻകീഴിലും, പെരുമാതുറ നിന്ന് ആരംഭിക്കുന്ന പ്രയാണം പോത്തൻകോടും, വെമ്പായത്ത് നിന്ന് ആരംഭിക്കുന്ന സന്ദേശ യാത്ര പാലോടും, തെന്നൂർ നിന്ന് ആരംഭിച്ച് അഴിക്കോട്ടും, അരുവിക്കര നിന്ന് ആരംഭിച്ച് കാട്ടാക്കടയും, തിരുവനന്തപുരം സിറ്റിയിലും സന്ദേശ പ്രയാണങ്ങൾ നടക്കും. ജില്ലയിലെ പ്രചാരണ സംഘാടന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരുക്കം എന്ന പേരിൽ ജില്ലാ മണ്ഡലം ശാഖാ തലങ്ങളിൽ കൺവെൻഷനുകൾ നടന്നു വരുന്നു.
by Midhun HP News | Jan 28, 2024 | Latest News, ജില്ലാ വാർത്ത
കായിക്കര: മാലിന്യത്തെ വ്യാവസായികാസംസ്കൃത വസ്തുവാക്കി മാറ്റാൻ കഴിയണമെന്ന് പരിസ്ഥിതി പ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവാഹകസമിതിയംഗവുമായ എൻ ജഗജീവൻ. അഞ്ചുതെങ്ങിലെ തീരദേശ ഗ്രാമങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യവ്യാപനത്തിന് ശാസ്ത്രീയമായി പരിഹാരം കണ്ടെത്തുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം നൽകിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ വാർഷികം കായിക്കര ആശാൻ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി ലൈജു, അഴൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ആർ അനിൽ, പരിഷത്ത് മേഖലാ പ്രസിഡൻ്റ് ആർ സുധീർ രാജ്, സെക്രട്ടറി ബിനു തങ്കച്ചി എന്നിവർ സംസാരിച്ചു. തുടർന്ന് മേഖലയിലെ തീരദേശ വാർഡുകളിലെ ഹരിതസേനാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് മാലിന്യമുക്ത പഞ്ചായത്തുകൾ എന്ന വിഷയത്തിൽ പരിശീലന ക്ലാസും വീടുകളിൽ ശാസ്ത്രീയമായി മാലിന്യ നിർമ്മാർജനം നടത്തുന്നതിനായി പരിഷത്തംഗങ്ങൾ പ്രചാരണ ഗൃഹ സന്ദർശനവും നടത്തി.
സമാപനസമ്മേളനത്തിന് പ്രസിഡൻ്റ് ആർ സുധീർ രാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു തങ്കച്ചി സംഘടനാ റിപ്പോർട്ടും ട്രഷറർ എം ഷൗക്കി വരവുചെലവു കണക്കും ജില്ലാക്കമ്മറ്റിയംഗം ജിനുകുമാർ സംഘടനാ രേഖയും അവതരിപ്പിച്ചു. ഡോ ബിനു കിഴുവിലം, സുനിൽകുമാർ, ഷാൻ ഷാക്കിർ എന്നിവർ സംസാരിച്ചു. ആർ സുധീർ രാജ് (പ്രസി, എം ഷൗക്കി (സെക്ര), പ്രേമ (വൈ പ്രസി) സുനിൽകുമാർ (ജോ. സെക്ര) ബി എസ് സജിതൻ
(ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളാക്കിക്കൊണ്ട് 17 അംഗ മേഖലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
by Midhun HP News | Jan 28, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഇന്ന് നടന്ന ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപക പരിശീലനത്തിൽ ചിറയിൻകീഴ് ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ അധ്യാപകനായ സാജൻ .പി യാണ് ക്ലസ്റ്ററിൽ പങ്കെടുത്തു കൊണ്ട് ഏകാധ്യാപക പ്രതിഷേധം നടത്തിയത്. സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് കിട്ടാത്തതിൻ്റെ പേരിൽ കഴിഞ്ഞ 5 മാസമായി ഈ സ്കൂളിലെ അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല.
കുട്ടികളുടെ ക്ലാസ് മുടക്കാതെയുള്ള പലവിധ പ്രതിഷേധ സമരമാർഗങ്ങൾ സ്വീകരിച്ചുവെ ങ്കിലും ഇതുവരെ പരിഹാരമൊന്നുമുണ്ടായില്ല. ഇന്നത്തെ പരിശീലനം മറ്റ് അധ്യാപകർ പൂർണ്ണമായും ബഹിഷ്കരിച്ചപ്പോൾ ഈ അധ്യാപകൻ ക്ലസ്റ്ററിൽ പങ്കെടുത്ത് ഹാജർ രേഖപ്പെടുത്താതെയാണ് തൻ്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇത് ക്ലസ്റ്റർ ആകെ തന്നെ ചർച്ചാവിഷയം ആവുകയും മലയാളം പരിശീലനത്തിന് എത്തിയ എല്ലാ അധ്യാപകരും ഈ ദുരവസ്ഥയിൽ പ്രതിഷേധിക്കുകയും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
by Midhun HP News | Jan 28, 2024 | Latest News, ജില്ലാ വാർത്ത
ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് ദാരുണമായി മരണപ്പെട്ടത്. രാവിലെ ഒൻപതു മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. വിഴിഞ്ഞം പനത്തുറയിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി, നസീർ ഓടിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. സർവ്വീസ് റോഡു വഴി ബൈക്കിൽ വരികയായിരുന്നു നസീർ. ലോറി തട്ടി ബൈക്ക് മറിഞ്ഞെങ്കിലും നസീർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ലോറിയുടെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി ഹെൽമെറ്റടക്കം പൊട്ടിയാണ് നസീർ മരിച്ചത്.
കഴക്കൂട്ടം പോലീസ് കേസെടുത്തു.
Recent Comments