കേരള പദയാത്ര: സംഘാടക സമിതി യോഗം വി.മുരളിധരൻ ഉദ്ഘാടനം ചെയ്തു

കേരള പദയാത്ര: സംഘാടക സമിതി യോഗം വി.മുരളിധരൻ ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: ബി.ജെ.പി.സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കാസർകോട് നിന്നും ജനവരി 27 ന് ആരംഭിച്ച് ഫെബ്രുവരി 3ന് ആറ്റിങ്ങലിൽ എത്തിച്ചേരും. 3 മണിക്ക് ആറ്റിങ്ങൽ മാമത്ത് നിന്നും കേരള പദയാത്ര ആരംഭിച്ച് കല്ലമ്പലത്ത് സമാപിക്കും. ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗം അഡ്വ.എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ ഉത്ഘാടനം ചെയ്തു.

കേരളം ബംഗാളിൻ്റെ അവസ്ഥയിലേക്ക് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാൾ ദീർഘകാലം സി.പി.എം ഭരണം നടത്തിയത് മൂലം അവിടെയുള്ളവർ തൊഴിൽ തേടി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും അഭയം തേടിയത് പോലെ കേരളത്തിൽ നിന്നും തൊഴിൽ തേടി പുറത്ത് പോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. തൊഴിൽ തേടി പോകുന്നവരെ ചൂഷണം ചെയ്യുന്ന റിക്രൂട്ടിംഗ് ഏജൻസികളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ കമ്മിഷൻ വാങ്ങുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ.എ. ബാഹുലേയൻ, മുളയറ രതീഷ്, വിഷ്ണുപുരം ചന്ദ്രശേഖരൻ (കെ കെ.സി സംസ്ഥാന ചെയർമാൻ), തോട്ടയ്ക്കാട് ശശി, ഇലകമൺ സതീഷ്, അജി.എസ്.ആർ.എം
(ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡൻ്റ്), മുക്കം പാലമൂട് ബിജു, വെള്ളാച്ചിറ സോമശേഖരൻ, ബാലമുരളി, പരുത്തിപള്ളി സുരേന്ദ്രൻ (ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡൻ്റ്), ജില്ലാ സഹപ്രദാരി ഗോപിനാഥ്, കബീർ സഖാഫി പള്ളിക്കൽ (കെ.കെ.സി.സംസ്ഥാന ജനറൽ സെക്രട്ടറി, പി.ജി.അശോകൻ (ആർ.എൽ.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു.

കെ സ്റ്റോർ ആരംഭിച്ചു

കെ സ്റ്റോർ ആരംഭിച്ചു

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കിളിമാനൂർ പഞ്ചായത്തിലെ 245 നമ്പർ റേഷൻകട കെ സ്റ്റോറായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് തെരഞ്ഞെടുത്തു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക പനപ്പാംകുന്ന് ഉള്ള റേഷൻ കടയിൽ വെച്ച് നിർവഹിച്ചു.

സാധാരണ ജനങ്ങൾക്ക് മിതമായ നിരക്കിൽ എല്ലാത്തരം സാധനങ്ങളും ലഭ്യമാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് കെ സ്റ്റോറുകൾ ആരംഭിച്ചിട്ടുള്ളതെന്നും ആറ്റിങ്ങൽ മണ്ഡലത്തിൽ നാലാമത്തെ കെ സ്റ്റോറാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നും എംഎൽഎ അറിയിച്ചു.

സപ്ലൈകോയുടെ തനത് ഉൽപ്പന്നമായ ശബരി, മിൽമ, ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന വിവിധ ഉൽപ്പന്നങ്ങൾ, അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിണ്ടർ എന്നിവ ഇവിടെ ലഭ്യമാണ്. കൂടാതെ പ്രാദേശിക ചെറുകിട സംരംഭകർ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന 96 ഇനം സാധനങ്ങൾ കെ സ്റ്റോർ വഴി ലഭിക്കുമെന്നും എംഎൽഎ അറിയിച്ചു. ഇത് വഴി നാട്ടുമ്പുറത്തെ സാധാരണ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണന സാധ്യത സംജാതമായതായും എം എൽ എ പറഞ്ഞു.

എല്ലാത്തരം ഓൺലൈൻ അപേക്ഷകളും, വെള്ളക്കരം, വൈദ്യുതി ബില്ല് തുടങ്ങിയ ബില്ലുകളും 10000 രൂപ വരെ പണം പിൻവലിക്കാൻ ഉള്ള സംവിധാനവും കെ സ്റ്റോറിൽ ലഭ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീ. മനോജ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസർ ശ്രീമതി. ഗീത. എസ് സ്വാഗതം ആശംസിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.

ഇന്റോനേഷ്യൻ “ഓണററി ടൈറ്റിൽ ഓഫ് നൈറ്റ്” ബഹുമതിയ്ക്കർഹനായി കൊടുമൺ സ്വദേശി

ഇന്റോനേഷ്യൻ “ഓണററി ടൈറ്റിൽ ഓഫ് നൈറ്റ്” ബഹുമതിയ്ക്കർഹനായി കൊടുമൺ സ്വദേശി

ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായർ ഇന്റോനേഷ്യൻ “ഓണററി ടൈറ്റിൽ ഓഫ് നൈറ്റ്” ബഹുമതിയ്ക്കർഹനായി. ഇൻഡോനേഷ്യൻ പ്രഥമ പ്രസിഡന്റ് അഹ്മദ് സുക്കാർണോയുടെ പൗത്രിയും ജാവാ രാജകുമാരിയുമായ സോന ദായു കെ. സുക്കാർണോ അദ്ദേഹത്തെ നേരിട്ടു വിളിച്ച് അഭിനന്ദിച്ചു. കൊളംബിയ, ഫിലിപ്പിൻസ്, മെക്സിക്കോ, റഷ്യ, അമേരിക്ക, ഉസ്ബക്കിസ്ഥാൻ, ബംഗ്ലാദേശ്, സ്പെയിൻ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി ലോകമെമ്പാടുനിന്നുമുള്ള വിശിഷ്ട സാഹിത്യ പുരസ്ക്കാരങ്ങൾ നിത്യേന ബാലചന്ദ്രൻ നായരെ തേടി എത്തുന്നുണ്ട്.

കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു

കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു

പത്തനംതിട്ട: പ്രശസ്ത കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ (93)അന്തരിച്ചു. തിരുവല്ലയിലെ മതവിഭാഗം മുറിയായിക്കല്‍ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു.

നീണ്ട എട്ട് പതിറ്റാണ്ട് ആയി കഥകളി മേള ലോകത്തെ അതികായനായിരുന്നു ആയാംകുടി കുട്ടപ്പന്‍ മാരാര്‍. ഗുരു ചെങ്ങന്നൂര്‍ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ പല്ലാവൂര്‍ അപ്പു മാരാര്‍ സ്മാരക പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ

വർക്കല: വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ. കൊല്ലം മയ്യനാട് സ്വദേശി സനോജ് 38 ആണ് മരിച്ചത്. ഇടവ ജനതമുക്ക് പെട്രോൾ പമ്പിന് സമീപത്തെ റെയിൽവേ ട്രാക്കിൽ രാത്രി 8.30 ഓടെയാണ് അപകടം. കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഏറനാട് എസ്പ്രെസ് തട്ടിയാണ് യുവാവ് മരണപ്പെട്ടത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇയാൾ പരവൂർ വർക്കല റൂട്ടിൽ ഓടുന്ന ബിസ്മില്ല എന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവർ ആണ്.

ആര്‍ക്ക് അടിക്കും 20 കോടി? ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പറിന്റെ ഫലം ഇന്നറിയാം

ആര്‍ക്ക് അടിക്കും 20 കോടി? ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പറിന്റെ ഫലം ഇന്നറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പറിന്റെ ഫലം ഇന്നറിയാം. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കഴിഞ്ഞുള്ള തുക സമ്മാന ജേതാവിന് ലഭിക്കും. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടിവീതം ലഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്.

30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ 60 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ 40 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

ആകെ 6,91,300 സമ്മാനങ്ങളാണ് നല്‍കുന്നത്. 3,88,840 സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബംപറിന് ഉണ്ടായിരുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് 9 സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമാകുന്ന നമ്പറിനായി നറുക്കെടുക്കും. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 45 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. 50 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം ലോട്ടറി വകുപ്പ് അച്ചടിച്ചത്.

ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്റീവ് നല്‍കും. ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി എടുക്കുന്ന ഏജന്റുമാര്‍ക്ക് സ്പെഷ്യല്‍ ഇന്‍സെന്റീവായി 35,000 രൂപയും സെക്കന്‍ഡ്, തേര്‍ഡ് ഹയസ്റ്റ് പര്‍ച്ചേസര്‍മാര്‍ക്ക് യഥാക്രമം 20,000 രൂപയും 15,000 രൂപയും നല്‍കും.