ക്രഷര്‍ യൂണിറ്റില്‍ മോഷണം

ക്രഷര്‍ യൂണിറ്റില്‍ മോഷണം

ആറ്റിങ്ങല്‍: വാളക്കാട് പ്രവര്‍ത്തിക്കുന്ന നന്മക്രഷര്‍ യൂണിറ്റില്‍ മോഷണം നടന്നതായി പരാതി. ഓഫീസ് ക്യാബിനില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഈമാസം അഞ്ചിനാണ് പണം ക്യാബിനില്‍ വച്ചതെന്നും കഴിഞ്ഞദിവസം ക്യാബിന്‍ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടവിവരം അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ മുരളീകൃഷണന്‍ അറിയിച്ചു.

അഭിഷേകിന് പോലീസിന്റെ അനുമോദനം

അഭിഷേകിന് പോലീസിന്റെ അനുമോദനം

ആറ്റിങ്ങല്‍: തെരുവ് നായയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ രക്ഷിച്ച നഗരൂര്‍ രാജധാനി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ആലംകോട് മണ്ണൂര്‍ഭാഗം ശ്രീശൈലം വീട്ടില്‍ അഭിഷേകിന് പോലീസിന്റെ അനുമോദനം. ജനുവരി ആറിന് വൈകീട്ട് 5 ന് കോളേജ് വിട്ട് ബൈക്കില്‍ വീട്ടിലേയ്ക്ക് വന്ന അഭിഷേക് വഞ്ചിയൂര്‍ പുതിയ തടത്തില്‍ ഒരു തെരുവ് നായ പെണ്‍കുട്ടിയെ കടിച്ച് കുടയുന്നത് കണ്ടു.

ഉടന്‍തന്നെ ബൈക്ക് നിര്‍ത്തിയിറങ്ങി നായയില്‍ നിന്നും കുട്ടിയെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഭിഷേകിനും കടിയേറ്റു. ആറ്റിങ്ങല്‍ ഗേള്‍സ് എച്ച്.എസ്.എസിലെ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ആലംകോട് മേവര്‍ക്കല്‍ തീര്‍ത്ഥം വീട്ടില്‍ പവിത്രയെയാണ് നായ ആക്രമിച്ചത്. സ്‌കൂള്‍ വിട്ട് ബസിറങ്ങി വീട്ടിലേയ്ക്ക് നടന്നുപോകുമ്പോള്‍ ഓടിയെത്തിയ തെരുവ് നായ കുട്ടിയെ തള്ളിയിട്ട് കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പവിത്ര ഇപ്പോഴും ചികിത്സയിലാണ്. തിരുവനന്തപുരം വനിതാസെല്ലിലെ എ.എസ്.ഐ. മല്ലികാദേവിയുടെ മകനാണ് അഭിഷേക്. അനുമോദനച്ചടങ്ങില്‍ ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ മുരളീകൃഷ്ണ, മല്ലികാദേവി എന്നിവര്‍ പങ്കെടുത്തു.

ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വർക്കല: വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീർഥ കുളത്തിൽ കാണാതായ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാരതി( 22) ന്റെ മൃതദേഹം രാവിലെ 6 മണിയോടെ കണ്ടെത്തി. കഴിഞ്ഞദിവസം വൈകിട്ട് 7 മണിയോടെയാണ് യുവാവ് മറ്റ് 2 സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ നിലവിളിച്ചതോടെ നാട്ടുകാരെത്തി തിരച്ചിൽ നടത്തി.

ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്കൂബാ ടീമും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെളിച്ചക്കുറവ് മൂലം കഴിഞ്ഞദിവസം രാത്രി നിർത്തിവച്ച തെരച്ചിൽ പുനരാരംഭിക്കാൻ രാവിലെ 6 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കുളത്തിൽ മൃതദേഹം കാണപ്പെടുകയായിരുന്നു.

മൃതദേഹം വർക്കല ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുനെല്‍വേലി അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ബി ടെക് വിദ്യാര്‍ഥിയാണ് മരണപ്പെട്ട ഭാരതി.
കഴിഞ്ഞദിവസം രാവിലെ വിനോദയാത്രയുടെ ഭാഗമായാണ് വര്‍ക്കലയിലെത്തിയത്. രാത്രിയോടെ മടങ്ങാൻ ഇരിക്കവെയാണ് അപകടം സംഭവിച്ചത്.

കെ.പി.എസ്.റ്റി.എ  ആറ്റിങ്ങൽ ഉപജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു

കെ.പി.എസ്.റ്റി.എ ആറ്റിങ്ങൽ ഉപജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു

കെ.പി.എസ്.റ്റി.എ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.പി.എസ്.റ്റി.എ. ആറ്റിങ്ങൽ ഉപജില്ല പ്രസിഡന്റായി പി. രാജേഷും സെക്രട്ടറിയായി ആർ.എ. അനീഷും തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റ ഭാഗമായി ആറ്റിങ്ങൽ കോടതി പരിസരം ശുചീകരിച്ചു

റിപ്പബ്ലിക് ദിനാഘോഷത്തിന്റ ഭാഗമായി ആറ്റിങ്ങൽ കോടതി പരിസരം ശുചീകരിച്ചു

ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ, ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഗ്രീൻ ക്ലബ്ബും, ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി നിർവഹിച്ചു.

ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.എസ് ബെൻസി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ദിലീപ്. വി. എൽ, ഗ്രീൻ ക്ലബ്‌ കൺവീനിയർ അഡ്വ. കെ എസ് വിനോദ്, വൈസ് പ്രസിഡന്റ്‌ അഡ്വ.ആർ ലിഷാ രാജ്, ജോയിന്റ് സെക്രട്ടറി അഡ്വ. ക്രോസ്സ് ആന്റണി, അഡ്വ. വി എസ് സുരേഷ് എന്നിവർ നേതൃത്വം നൽകി.
നിരവധി അഭിഭാഷകരും ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ ബസോടിച്ച് ഗണേഷ് കുമാർ

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ ബസോടിച്ച് ഗണേഷ് കുമാർ

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസിന്‍റെ ട്രയൽ റണ്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തി. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനായി സ്മാർട്ട് സിറ്റി പദ്ധതി വഴി വാങ്ങിയതാണ് ഈ ബസ്. ഗണേഷ് കുമാർ ഓടിച്ച ബസിൽ കെഎസ്ആർടിസിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമായിരുന്നു യാത്രക്കാർ. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ, ജോയിൻറ് മാനേജിങ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവര്‍ ബസില്‍ യാത്ര ചെയ്തു.

തിരുവനന്തപുരത്തെ നഗര കാഴ്ചകൾ കാണാനാണ് ഈ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് ഉപയോഗിക്കുക. ബജറ്റ് ടൂറിസത്തിന് വേണ്ടി കെഎസ്ആർടിസി വാങ്ങിയ രണ്ട് ഓപ്പൺ ബസുകളിലൊന്നാണ് തലസ്ഥാനത്തെത്തിയത്. നവകേരള ബസിന്റെ നിറമാണ് ഈ ബസ്സിന്.ബസ് മുംബൈയില്‍ നിന്നാണ് എത്തിയത്. സൌകര്യപ്രദമായ സീറ്റിംഗ് ആണ് ബസിന്‍റെ ഒരു പ്രത്യേകത. യാത്രക്കാര്‍ക്ക് ടിവി കാണാം, പാട്ട് കേള്‍ക്കാം. അഞ്ച് ക്യാമറകള്‍ ബസിനകത്തുണ്ട്.

താഴത്തെ നിലയില്‍ 30 സീറ്റുകളാണുള്ളത്. മുകളിലാകട്ടെ 35 സീറ്റുകളുണ്ട്. ബസിന്‍റെ മുന്‍പിലൂടെയും പിന്നിലൂടെയും രണ്ട് വഴികളുണ്ട് കയറാന്‍. പത്മനാഭസ്വാമിക്ഷേത്രം, ബീ മാപള്ളി, ശംഖുമുഖം, പാളയം തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളിലൂടെയൊക്കെ ബസ് പോകും. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ ഉടമസ്ഥതയിലാണ് ബസ്. ഓപ്പറേറ്റ് ചെയ്യുന്നതും സ്വിഫ്റ്റാണ്. ഇലക്ട്രിക് ബസുകളുടെ വിജയമാണ് ബജറ്റ് ടൂറിസത്തിനും ഈ ബസ് ഉപയോഗിക്കാന്‍ തീരുമാനിക്കാനുള്ള കാരണം. ഈ മാസം അവസാനത്തോടെ ബസ് നിരത്തിലിറങ്ങും.