by Midhun HP News | Jan 20, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ വിളയിൽ റെസിഡൻസ് അസോസിയേഷന്റെ അഭിമുഖത്തിൽ ലഹരി നിർമാർജന ബോധവത്ക്കരണ സെമിനാർ നടത്തുന്നു. നാളെ വൈകുന്നേരം 3 മണിയ്ക്ക് വി ആർ എ പ്രസിഡന്റ് ഭവനാങ്കണത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ബോധവൽക്കരണ സെമിനാറിൽ ആറ്റിങ്ങൽ എക്സൈസിലെ പ്രിവന്റീവ് ഓഫീസർ എസ്. രാധാകൃഷ്ണപിള്ള സംസാരിക്കും.
by Midhun HP News | Jan 20, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: അറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ അഞ്ചാം ക്ലാസുകാരനാണ് സഞ്ചു. സെറിബ്രൽ പാൾസി ബാധിച്ച സഞ്ചുവും രണ്ട് സഹോദരങ്ങളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ജീർണാവസ്ഥയിലുള്ള ചോർന്നൊലിക്കുന്ന ടാർപ്പ കെട്ടിയ വീട്ടിൽ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു.
പ്രാഥമികകൃത്യം നിർവഹിക്കുന്നതിനുള്ള ടോയ്ലറ്റ് പോലും ലഭ്യമായിരുന്നില്ല. ദൈനംദിന ചെലവുകൾ പോലും കണ്ടെത്താൻ നന്നേ വിഷമിക്കുന്ന, കടുത്ത സാമ്പത്തിക ക്ലേശത്തിലായിരുന്നു കുടുംബം. ഭിന്നശേഷിക്കാരനായ കുട്ടിക്ക് പൂർണ സമയവും മാതാപിതാക്കളുടെ സാമീപ്യവും സംരക്ഷണവും ആവശ്യമുള്ളതിനാൽ മറ്റ് വരുമാനമുണ്ടാക്കുന്ന ജോലികൾക്ക് പോകുന്നതിന് രക്ഷിതാക്കൾക്ക് കഴിയുന്നില്ലായിരുന്നു.
അവശത മൂലം കുട്ടിക്ക് വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ സ്പെഷ്യൽ എഡ്യുക്കേറ്റർ ഗൃഹാധിഷ്ഠിത പഠന സഹായം നൽകാനായി ആഴ്‌ചയിൽ ഒരു ദിവസം വീട്ടിൽ എത്തുന്നുണ്ടായിരുന്നു. എന്നാൽ വീടിന്റെ ദുരവസ്ഥ കാരണം കുട്ടിയുടെ പഠനം പോലും പൂർണാർഥത്തിൽ നടത്താനാവുന്നില്ല. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഒരു വീട് ഒരുക്കാം എന്ന ആശയത്തിലേക്ക് വന്നത്.
ഡിസംബർ 21 ന് ആറ്റിങ്ങൽ മണ്ഡലത്തിൽ വച്ച് നടന്ന നവകേരള സദസ്സ് പരാതി സ്വീകരണ കേന്ദ്രത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടിയെയും കുടുംബത്തിനെയും എത്തിച്ചു. അപേക്ഷ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ വളരെ വേഗത്തിൽ തന്നെ നടപടികൾ പൂർത്തീകരിച്ച് ഒറ്റ മാസം തികയുംമുമ്പ് 35 വർഷമായി ലഭ്യമാകാതിരുന്ന പട്ടയം ലഭ്യമാക്കിയിരിക്കുകയാണ്. ഇത് നവ കേരള സദസിന്റെയും മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാരിന്റെയും വിജയം കൂടിയാണ് എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അപേക്ഷ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഭിന്നശേഷിക്കാരന് അർഹമായ പരിഗണന നൽകിയതിലൂടെ സമൂഹത്തിന് നവ കേരളത്തിൻറെ വിജയ സന്ദേശം നൽകുകയാണ്. പട്ടയം കൂടി ലഭ്യമായതോടെ സഞ്ചുവിൻ്റെ കുടുംബത്തിൻ്റെ പേരിലേക്ക് പൂർണമായും ഈ വസ്തു രജിസ്റ്റർ ചെയ്‌ത് നൽകുന്നതിനുള്ള നടപടികളും സംഘടന ഏറ്റെടുത്ത് പൂർത്തിയാക്കും. അധ്യാപകർ ഒരുക്കുന്ന സ്വപ്നക്കൂട് എന്ന വീടിൻ്റെ വാർപ്പ് പൂർത്തീകരിച്ചു. മാർച്ച് രണ്ടാം വാരത്തിൽ വീടിൻ്റെ താക്കോൽ കുട്ടിക്ക് കൈമാറും.
by Midhun HP News | Jan 20, 2024 | Latest News, ജില്ലാ വാർത്ത
കൈക്കൂലി വാങ്ങിയ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൊല്ലത്താണ് സംഭവം. വൻ തുക പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ ഏജന്റിന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പണം വാങ്ങിയത്. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ വി.ആർ.ലിജിൻ, ഡ്രൈവർ എൻ. അനിൽകുമാർ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ 4ന് രാവിലെ 10.30ന് പാറപ്പൊടി കയറ്റിവന്ന രണ്ട് ടോറസ് ലോറികൾ ഉദ്യോഗസ്ഥർ പിടികൂടി. കൊട്ടാരക്കര- ഓടനാവട്ടം റോഡിൽ വാഹന പരിശോധനക്കിടെയാണ് വാഹനം പിടികൂടിയത്. തുടർന്ന് വൻ തുകയുടെ കരട് ചെല്ലാൻ തയ്യാറാക്കി ഡ്രൈവർമാരെ വിരട്ടി. ഒന്നര മണിക്കൂർ നീണ്ട വിലപേശലുകൾക്കൊടുവിൽ ഒത്തുതീർപ്പെന്ന നിലയിൽ ഇരുപതിനായിരം രൂപ ഏജന്റിന്റെ ഗൂഗിൾപേ അക്കൗണ്ടിലേക്ക് അയപ്പിച്ചു. തുടർന്ന് കരട് ചെല്ലാൻ റദ്ദാക്കി.
ഇതുസംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് രഹസ്യ വിവരം ലഭിക്കുകയും നേരിട്ട് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എ.എം.വി ലിജിനും ഡ്രൈവർ അനിൽകുമാറും ഒന്നര മണിക്കൂർ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായി. ഏജന്റിന്റെ ഗൂഗിൾപേ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നും കണ്ടെത്തി. അങ്ങിനെയാണ് ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
by Midhun HP News | Jan 20, 2024 | Latest News, ജില്ലാ വാർത്ത
യുവജന ദ്രോഹത്തിനും റെയിൽവേ വികസനത്തിനും സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾക്ക് എതിരായി ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം പ്രതീകാത്മക ചങ്ങലകൾ തീർത്തു തൊഴിലുറപ്പ് തൊഴിലാളികൾ. ഇന്നാണ് കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർക്കുന്നത്. ഇതിന്റെ പ്രചരണാർത്ഥമാണ് തൊഴിലുറപ്പ് തൊഴിലാളി പണിയിടങ്ങളിൽ പ്രതീകാത്മക ചങ്ങല തീർത്തത്.
എൻആർജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ ചങ്ങലകൾ തീർത്തത്. അഞ്ചുതെങ്ങ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതീകാത്മക ചങ്ങല അഞ്ചുതെങ്ങ് ജംഗ്ഷനിൽ യൂണിയൻ ജില്ല എക്സിക്യൂട്ടീവ് അംഗം എസ്.പ്രവീൺ ചന്ദ്ര നിർവഹിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിഷ്ണു മോഹൻ സംസാരിച്ചു. വിവിധ പഞ്ചായത്തുകളിൽ പിസി ജയശ്രീ,ആർ സരിത, ഹരീഷ് ദാസ്,ദീപം, സജിത്ത് ഉമ്മർ, നിസാർ, സുനിൽകുമാർ, ലിജാ ബോസ് എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് പണി സ്ഥലങ്ങളിൽ തൊഴിലാളികൾ പ്രതീകാത്മക ചങ്ങലകൾ തീർത്തു.

by Midhun HP News | Jan 20, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: ഇടുക്കി ജില്ലയില്‍ കൈവശ ഭൂമിയില്‍ ഉടമസ്ഥത, പാട്ടം തുടങ്ങിയ അവകാശങ്ങള്‍ക്കു രേഖകളില്ലാത്ത ആര്‍ക്കും ഇനിയൊരു ഉത്തരവു വരെ പട്ടയം നല്‍കരുതെന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇടുക്കി ജില്ലയ്ക്കു മാത്രമാണു വിധി നിലവില്‍ ബാധകമെങ്കിലും ബന്ധപ്പെട്ട ഭൂപതിവു ചട്ട വ്യവസ്ഥകള്‍ തന്നെ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചതിനാല്‍ സംസ്ഥാനമൊട്ടാകെ കൈവശ ഭൂമിയിലെ പട്ടയ നടപടികള്‍ നിയമക്കുരുക്കിലായേക്കാം.
കൈവശക്കാരെന്ന പേരില്‍ മൂന്നാര്‍ മേഖലയില്‍ കയ്യേറ്റക്കാര്‍ക്കു പട്ടയം നല്‍കുകയാണെന്ന് ആരോപിച്ച് ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമപരമായ അവകാശ രേഖകള്‍ ഇല്ലാത്തവരെ കയ്യേറ്റക്കാരായി കാണേണ്ടി വരുമെന്നാണ് കോടതിയുടെ നിലപാട്.
1964 ലെ കേരള ഭൂപതിവു ചട്ടപ്രകാരം കൈവശഭൂമിക്കു പട്ടയം നല്‍കുന്നതിനു മാത്രമാണ് ഉത്തരവു ബാധകം. ഇത്തരം പട്ടയ വിതരണം നിര്‍ത്തിവയ്ക്കാന്‍ ഇടുക്കി കലക്ടര്‍ക്കും അധികാരപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം, ഭൂരഹിതര്‍, ആദിവാസികള്‍, വിമുക്തഭടന്മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കുള്ള പട്ടയ നടപടികളെ ഉത്തരവു ബാധിക്കില്ല.
ഭൂമി കയ്യേറിയവര്‍ക്കു പോലും പട്ടയം നല്‍കാന്‍ അധികാരപ്പെടുത്തുന്ന ഭൂപതിവു ചട്ടത്തിന്റെ 5,7 വ്യവസ്ഥകളുടെ സാധുത പരിശോധിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടുമെന്നും കോടതി വ്യക്തമാക്കി. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുടിയേറ്റ കര്‍ഷകര്‍ക്കും മറ്റും പട്ടയം നല്‍കുന്നതെന്ന് ഇനിയുള്ള നടപടികളില്‍ സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ടി വരും. ഭൂപതിവ് നിയമത്തിലെ ചട്ടം 11 പ്രകാരം തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലം മാത്രമേ പതിച്ചുനല്‍കാന്‍ കഴിയൂ. നിയമത്തിന്റെ ലക്ഷ്യത്തെ തോല്‍പ്പിക്കുന്ന ചട്ടങ്ങള്‍ സര്‍ക്കാരിന് തയ്യാറാക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
by liji HP News | Jan 20, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് വൈകീട്ട് നടക്കും. കാസർക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ വരെയാണ് ചങ്ങല തീർക്കുന്നത്.
ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം കാസർക്കോട് ചങ്ങലയുടെ ആദ്യ കണ്ണിയാകും. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇപി ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയാകും.വിവിധ ട്രേഡ് യൂണിയനുകൾ, തൊഴിലാളി, വിദ്യാർഥി സംഘടനകൾ അണിചേരും. വൈകീട്ട് അഞ്ചിന് കൈകോർത്ത് പ്രതിജ്ഞ എടുത്ത ശേഷം പ്രധാന കേന്ദ്രങ്ങളിൽ പൊതു സമ്മേളനം നടക്കും.
20 ലക്ഷം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് ഡിവൈഎഫ്ഐ പ്രതീക്ഷിക്കുന്നത്. റെയിൽവേ യാത്രാ ദുരിതം, കേരളത്തോടുള്ള അവഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങൾ.
Recent Comments