by Midhun HP News | Jan 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതുവർഷം ആഘോഷിക്കാനെത്തിയ യുവതികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ഇരവിപുരം സ്വദേശി അഖിലിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന 3 യുവതികൾ ഇവരുടെ സുഹൃത്തുക്കളോടൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ ഡിസംബർ 31 ന് വർക്കലയിൽ എത്തുന്നത്.
ഓൺലൈനായി ബുക്ക് ചെയ്ത ഡോർമിറ്ററിയിൽ എത്തിയ ശേഷം ആഘോഷങ്ങളുടെ ഭാഗമായി ഇവർ 6 പേരും മദ്യപിച്ചു. തിരികെ ഡോർമിറ്ററിയിൽ എത്തിയ ഇവർ മയങ്ങിയ സമയത്താണ് അതിക്രമം നടന്നത്. ഡോർമിറ്ററിയുടെ വാതിൽ സംഘം ലോക്ക് ചെയ്തിരുന്നില്ല. ജനുവരി 1 ന് പുലർച്ചെ 5.30 ഓടെ മദ്യലഹരിയിൽ ഡോർമിറ്ററിയിൽ അതിക്രമിച്ചു കയറിയ 26കാരനായ അഖിൽ ഒരു യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. യുവതി ബഹളം വച്ചപ്പോൾ സുഹൃത്തുക്കൾ ഉണർന്നെങ്കിലും അതിക്രമം തടയാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.
ഡോർമിറ്ററിയിൽ നിന്ന് ബഹളം കേട്ടെത്തിയ ജീവനക്കാരും മാനേജരും എത്തി യുവാവിനെ പിടികൂടി വർക്കല പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ യുവതികൾ കേസുമായി മുന്നോട്ട് പോകാന്‍ തയ്യാറായിരുന്നില്ല. മൊഴി നൽകാനോ പൊലീസുമായി സഹകരിക്കാനോ യുവതികൾ തയ്യാറായില്ല. പരാതി ഇല്ലാത്തതിനാൽ പെറ്റി കേസെടുത്തു പ്രതിയെ നേരത്തെ പൊലീസ് വിട്ടയച്ചിരുന്നു.
സംഭവം നേരത്തെ വാർത്ത ആയതോടെ വാർത്തയുടെ അടിസ്ഥാനത്തിൽ എ. ഡി.ജി. പി കഴിഞ്ഞദിവസം റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ റൂറൽ എസ്.പി സംഭവത്തിൽ കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഡോർമേറ്ററി ഉടമയുടെയും മാനേജരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തു. എന്നാൽ യുവതികൾ കേസുമായി സഹകരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
by Midhun HP News | Jan 5, 2024 | Latest News, ജില്ലാ വാർത്ത
അന്താരാഷ്‌ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്‍റെ ദാവൂദ് ഇബ്രാഹിമിന്റെ ബാല്യകാല വസതി ഇന്ന് ലേലം ചെയ്യും. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 2:00നും 3:30നും ഇടയിൽ ലേലം നടക്കുമെന്നാണ് സഫേമയുടെ പ്രസ്‌താവനയിൽ പറയുന്നത്.
നേരത്തെ 2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്‍റെ 17-ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു. മഹാരാഷ്‌ട്രയിലുള്ള ദാവൂദിന്റെ നാല് പൂർവികസ്വത്തുക്കളുടെ ലേലമാണ് നടക്കുന്നത്.
4 വസ്‌തുക്കളുടെയും വില 19.2 ലക്ഷം രൂപയും ഇതിൽ ഏറ്റവും ചെറിയ പ്ലോട്ടിന്‍റെ കരുതൽ വില 15,440 രൂപയുമാണ്. ദാവൂദിന്‍റെ അമ്മ ആമിനബിയുടെ പേരിൽ രത്‌നഗിരി ജില്ലയിലെ ഖേഡിലുള്ള മുംബാകെയിലുള്ള കൃഷിഭൂമിയാണ് ഇവ.
കള്ളക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് (സഫേമ) അതോറിറ്റി പിടിച്ചെടുത്ത ദാവൂദ് ഇബ്രാഹിമിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളാണ് ഇവ. സഫേമ തന്നെയാണ് ലേലവും സംഘടിപ്പിച്ചിരിക്കുന്നത്.
by Midhun HP News | Jan 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് 12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ മകന്‍ അലക്‌സ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലായിരുന്നു സംഭവം. ക്ലാസ്സില്‍ പോകാത്തതിന് അമ്മ ശാസിച്ചതിനെത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് സംശയിക്കുന്നത്.
by Midhun HP News | Jan 5, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ‘കേരള സിഎം’ വിഡിയോ ഗാനം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സാജ് പ്രോഡക്ടഷന്‍സ് ഹൗസ് എന്ന യുട്യൂബ് ചാനലിലൂടെ റിലീസായ ഗാനത്തിന്റെ വരികളും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നിശാന്ത് നിളയാണ്.
പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന സ്വര്‍ണക്കടത്ത് കേസ് വിവാദം ആസൂത്രിതമാണെന്ന വിമര്‍ശനത്തോടെയാണ് പാട്ടിന്റെ തുടക്കം. തീയില്‍ കുരുത്ത കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഗാനത്തില്‍ സ്തുതിച്ചിരിക്കുന്നത്. കോവിഡ്, പ്രളയ രക്ഷകനായും പിണറായിയെ ഗാനത്തില്‍ വാഴ്ത്തുന്നുണ്ട്. എന്നാല്‍ ഗാനത്തിനെതിരെ ചില ഇടതു കേന്ദ്രങ്ങളില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പിണറായി വിജയനെ പ്രകീർത്തിച്ച് തിരുവനന്തപുരത്ത് മെഗാ തിരുവാതിര അരങ്ങേറിയിരുന്നു. മുൻപ് പി ജയരാജനെ പുകഴ്ത്തിയുള്ള ഗാനം വ്യക്തിപൂജയെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി തള്ളിയിരുന്നു.
by Midhun HP News | Jan 4, 2024 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: തോന്നയ്ക്കൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ കടയ്ക്കാവൂർ താഴതിൽ വീട്ടിൽ ഷീബയുടെ മകൻ ആദിത്യൻ(19) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന പാരിപ്പള്ളി മുക്കട സ്വദേശി കൈലാസ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ആണ്. ആറ്റിങ്ങൽ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളത് ആണ് അപകടത്തിൽ പെട്ട ബൈക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികർ ഇടിയുടെ ആഘാതത്തിൽ തെറിച്ചു കാറിന് മുകളിൽ വീണ ശേഷം റോഡിലേക്ക് വീണു. ബൈക്ക് പൂർണമായും തകർന്നു. വാഹനത്തിൻ്റെ അമിത വേഗതയാണ് അപകട കാരണം എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അപകട കാരണം കണ്ടെത്തും എന്ന് പോലീസ് പറഞ്ഞു. മംഗലപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ആദിത്യൻ എ.സി മെക്കാനിക് ആണ്.
by Midhun HP News | Jan 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. ജെസ്‌ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ജെസ്‌ന മരിച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്‌നയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സിബിഐ റിപ്പോര്‍ട്ട്.
ജെസ്‌നയെ സംബന്ധിച്ച ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ജെസ്‌നയെ മതപരിവര്‍ത്തനത്തിന് വിധേയയാക്കിയിട്ടില്ല. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മതപരിവര്‍ത്തനകേന്ദ്രങ്ങളിലും അന്വേഷിച്ചിരുന്നു. കേരളത്തില്‍ പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഒരു തെളിവും കണ്ടെത്താനായില്ല. തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് പങ്കില്ല.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തിലും ജെസ്‌നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചില്ല. ജസ്‌നയുടെ തിരോധാനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത മൃതദേഹങ്ങളില്‍ ഏതാണ്ട് മിക്കവയും പരിശോധിച്ചു. കേരളത്തിലെ സൂയിസൈഡ് പോയിന്റുകളിലും അന്വേഷണം നടത്തിയിരുന്നു. കേരളത്തിൽ ആത്മഹത്യ നടക്കാറുള്ള എല്ലാ മേഖലകളിലും അന്വേഷിച്ചു. തിരോധാനക്കേസിൽ ഗോൾഡൻ അവർ ആയ ആദ്യ 48 മണിക്കൂർ പൊലീസ് പാഴാക്കിയെന്നും സിബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ജസ്‌ന മരിച്ചതിനും ഒരു തെളിവും ലഭിച്ചിട്ടില്ല. കോവിഡ് സമയമായതോടെ, ജസ്‌ന കോവിഡ് വാക്‌സിന്‍ എടുത്തതിന്റെയോ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെയോ തെളിവ് ലഭിച്ചിട്ടില്ല. പിതാവിനെയും സഹൃത്തിനെയും ബ്രെയിന്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അവര്‍ നല്‍കിയ മൊഴിയെല്ലാം ശരിയാണെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.
ജസ്‌നയെ കണ്ടെത്താനായി ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇന്റര്‍പോളിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ മാത്രമേ ഇനി ജസ്‌ന തിരോധാനത്തില്‍ അന്വേഷണത്തിന് സാധ്യതയുള്ളൂ എന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Recent Comments