by Midhun HP News | Nov 14, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച അധ്യാപിക കാറിടിച്ച് മരിച്ചു. പുഴനാട് ലയോള സ്‌കൂളിലെ അധ്യാപിക അഭിരാമി (33) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ അര്‍പ്പിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 10 വയസ്സുള്ള മകള്‍ അര്‍പ്പിതയ്‌ക്കൊപ്പം സ്‌കൂളിലേക്ക് വരികയായിരുന്നു അഭിരാമി. ഇതിനിടെയാണ് കള്ളിക്കാട് ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചത്.
by Midhun HP News | Nov 14, 2023 | Latest News, ജില്ലാ വാർത്ത
കണ്ണൂര്‍: പയ്യന്നൂരില്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപാഠികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തായിനേരി എസ്എബിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 12 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ തന്നെ വിദ്യാര്‍ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
by Midhun HP News | Nov 14, 2023 | Latest News, ജില്ലാ വാർത്ത
കാസർക്കോട്: ബൈക്ക് മോഷണം പോയതിന്റെ വിഷമത്തിൽ നിൽക്കുന്ന ഉടമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് കള്ളൻ. മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ കള്ളൻ നാടു ചുറ്റുന്നതിനാൽ ഓരോ ദിവസവും മോട്ടോർ വാഹന വകുപ്പിൽ നിന്നു പിഴയടയ്ക്കാൻ നോട്ടീസ് ലഭിക്കുന്നത് ഉടമയ്ക്ക്. ബൈക്ക് മോഷ്ടിച്ചതാണെങ്കിലും ഹെൽമറ്റ് വച്ച് യാത്ര ചെയ്തൂടെ എന്നാണ് ഉടമ ചോദിക്കുന്നത്. ബിഎംഎസ് മടിക്കൈ മേഖലാ വൈസ് പ്രസിഡന്റും പുതിയകോട്ടയിലെ ചുമട്ടു തൊഴിലാളിയുമായ ഏച്ചിക്കാനും ചെമ്പോലോട്ടെ കെ ഭാസ്കരനാണ് ഗതികേട്. കഴിഞ്ഞ ജൂൺ 27നാണ് ബൈക്ക് കാണാതായത്. ഇദ്ദേഹത്തിന്റെ കെഎൽ 14 എഫ് 1014 നമ്പർ ബൈക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദൻസ് ആർക്കേഡിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് മോഷണം പോയത്.
കൊച്ചിയിൽ ബിഎംഎസ് സമ്മേളനത്തിനു പോയി ജൂൺ 30നു ഭാസ്കരൻ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. ഹൊസ്ദുർഗ് പൊലീസിൽ പരാതിയും നൽകി. എന്നാൽ ബൈക്ക് ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. കള്ളൻ ബൈക്കുമായി ഹെൽമറ്റില്ലാതെ കാസർക്കോടു നിന്നു കോഴിക്കോട്ടേക്കാണ് ഓടിച്ചു പോയത്. അഞ്ച് സ്ഥലങ്ങളിലെ റോഡ് ക്യാമറയിലാണ് നിയമ ലംഘനം കുടുങ്ങിയത്. 500, 1000 രൂപ വീതം പിഴയടക്കാനാണ് ഭാസ്കരനു നോട്ടീസ് ലഭിച്ചത്. പിന്നീട് ഭാസ്കരൻ എംവിഡിയുടെ സൈറ്റ് പരിശോധിച്ചപ്പോൾ പിഴത്തുക 9,500 രൂപയായി ഉയർന്നതായും വ്യക്തമായി. പിന്നാലെ ഭാസ്കരൻ ഹൊസ്ദുർഗ് പൊലീസിനെ വീണ്ടും സമീപിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രം വിവിധ സ്ഥലങ്ങളിലെ എഐ ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഈ ചിത്രം വഴി മോഷ്ടാവിനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
by Midhun HP News | Nov 14, 2023 | Latest News, ജില്ലാ വാർത്ത
സായിഗ്രാമത്തിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത സെമിനാർ സായിഗ്രാമം സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ ആനന്ദ് കുമാർ സാറിൻറെ സാന്നിധ്യത്തിൽ നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി ഉദ്ഘാടനം ചെയ്തു.
സ്വപ്നങ്ങൾ ലക്ഷ്യത്തിലേക്ക് വഴികാണിച്ചു തരുന്ന കണ്ണുകളാണന്ന് സായിഗ്രാമത്തിൽ എത്തിയ വിദ്യാർത്ഥികളോട് കൈലാഷ് സത്യാർത്ഥി. ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യം ഉണ്ടാകാതെ വിദ്യാർത്ഥികൾക്ക് സമൂഹത്തിൽ നിന്ന് കൂടുതൽ ഒന്നും അറിയാനാവില്ല. മറ്റെന്തിനേക്കാളും സ്വയം വിശ്വാസമർപ്പിച്ച് സ്വന്തം കഴിവുകൾ തിരിച്ചറിയണം. മറ്റുള്ളവർക്ക് വേണ്ടി കാത്തിരിക്കാതെ പ്രവർത്തിച്ചു തുടങ്ങുന്നവർക്കാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Nov 13, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നെഹ്റു സംസ്കാരിക വേദിയുടെ അഡ്വ. ഭുവനേശ്വരൻ സ്മാരക പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈ സ്കൂൾ അധ്യാപകൻ എൻ.സാബുവിന്. വിദ്യാഭ്യാസ, അനുബന്ധ പ്രവർത്തന രംഗത്തെ മികവ് പരിഗണിച്ച് ആണ് എൻ.സാബുവിന് പുരസ്കാരം നൽകുവാൻ തെരഞ്ഞെടുത്തത്. 25000 രൂപയും ഫലകവും ഉൾപ്പെടുന്നത് ആണ് പുരസ്കാരം.
പൊതു പ്രവർത്തന വിദ്യാഭ്യാസ മേഖലകളിലെ മികവിന് നൽകുന്നത് ആണ് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. ഭുവനേശ്വരൻ്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം. 14 ന് വൈകുന്നേരം 3ന് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വി.എം.സുധീരൻ പുരസ്കാരം സമ്മാനിക്കും. വി.ജോയി എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, ഒ.എസ് അംബിക എംഎൽഎ എന്നിവർ പങ്കെടുക്കും എന്ന് നെഹ്റു സംസ്കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ അറിയിച്ചു. കേരള സർവ്വകാശാലയുടെ മുൻ വി.സി. എം ബാബു, മുൻ പി.എസ്.സി ചെയർമാൻ എം.രാധാകൃഷ്ണൻ, മുൻ പി.എസ്.സി അംഗവും സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പറും ആയിരുന്ന വി.എസ്.ഹരീന്ദ്ര നാഥ്, എന്നിവർക്ക് ആണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നൽകിയത്.
ശിശു സ്നേഹ പുരസ്കാരം ബി. ആർ.സി സ്പെഷ്യൽ എഡ്യുകേറ്റർ ആശാലത, മോണ്ടിസോറി പ്രീ സ്കൂൾ അധ്യാപിക ജിനു ജി.നാഥ്, അംഗനവാടി ടീച്ചർമാരായ ആശ.എസ്(കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്), ശ്രീജാ കുമാരി(മുദാക്കൽ ഗ്രാമ പഞ്ചായത്ത്), ഷീല(കിഴുവിലം ഗ്രാമ പഞ്ചായത്ത്), കനക ലത(അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്), ലീലമണി(മംഗലപുരം ഗ്രാമ പഞ്ചായത്ത്), ഗിരിജാ(ആറ്റിങ്ങൽ മുനിസിപ്പാലിറ്റി), ഷീന(പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്), ഷൈലജ(മടവൂർ ഗ്രാമ പഞ്ചായത്ത്), സുനിത(വക്കം ഗ്രാമ പഞ്ചായത്ത്), സിന്ധു(ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്), ഗീത (നാവായിക്കുളം) എന്നിവർക്ക് സമ്മാനിക്കും.

by Midhun HP News | Nov 13, 2023 | Latest News, ജില്ലാ വാർത്ത
ജടായു ടൂറിസത്തിൽ ജീവനക്കാരുടെ ഓണം ബോണസും, ശമ്പള വർദ്ധനവും, മറ്റാനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകളായ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി യൂണിയനുകൾ ഓണത്തിന് മുന്നേ സമരം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ജില്ലാ ലേബർ ഓഫീസർ യൂണിയൻ പ്രതിനിധികളെയും മാനേജ്മെന്റ് പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയുടെ ആദ്യഘട്ടത്തിൽ മാനേജ്മെന്റ് തൊഴിലാളി വിരുദ്ധമായ നിലപാട് എടുത്തെങ്കിലും യൂണിയനുകൾ അംഗീകരിച്ചില്ല. ജില്ലാ ലേബറുടെ ചേംബറിൽ നടന്ന മാരത്തൺ ചർച്ചയിലാണ് കരാർ തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് ബോണസ് നൽകാൻ തീരുമാനമായത്.
2018-ൽ ടൂറിസം ആരംഭിച്ചതിനുശേഷം ആദ്യമായാണ് തൊഴിലാളികൾക്ക് ബോണസ് അനുവദിച്ചത് എന്നതും എടുത്തുപറയേണ്ട ഒന്നാണ്. അതുകൂടാതെ യൂണിയനുകൾ ഉന്നയിച്ച ശമ്പള വർദ്ധനവ് അടക്കമുള്ള കാര്യങ്ങൾ ഓണത്തിന് ശേഷം തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്തു തിരുമാനിക്കാം എന്ന് മാനേജ്മെന്റ് പ്രതിനിധികൾ ലേബറുടെ സാന്നിധ്യത്തിൽ ഉറപ്പുനൽകുകയും ചെയ്തിരുന്നു.
ടൂറിസത്തിൽ അഞ്ചും ആറും വർഷമായി ജോലി ചെയ്യുന്ന ടെക്നികൽ തൊഴിലാളികൾ ഉൾപ്പെടെ ഉള്ളവർക്ക് തുച്ഛമായ ശമ്പളമാണ് നിലവിലുള്ളത്. ടൂറിസത്തിലെ സാധാരണ ജീവനക്കാർക്കും കരാർ കമ്പനികളിലും ആറുവർഷമായി ശമ്പള വർദ്ദനവ് നടപ്പിലാക്കിയിട്ടില്ല. 60% ശമ്പള വർദ്ധനവാണ് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഈ വിഷയത്തിൽ മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറായിട്ടില്ല എന്ന് യൂണിയനുകൾ ആരോപിക്കുന്നു.

ശമ്പള വർദ്ധനവ് ചർച്ചകൾ നീണ്ടതോടെ വിവിധ ട്രേഡ് യൂണിയൻ അംഗങ്ങളായ ഒൻപതോളം തൊഴിലാളികൾ ഈ വിഷയത്തിൽ അനുകൂല തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു മാനേജ്മെന്റിനും കോടതി നിയോഗിച്ച ചാർട്ടേർഡ് അക്കൗണ്ടന്റിനും നിവേദനം നൽകിയിരുന്നു. ഈ ജീവനക്കാരെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഭിന്നിപ്പിച്ചു ആവശ്യത്തിൽ നിന്നും പിന്തിരിപ്പിക്കാൻ മാനേജ്മെന്റ് വെവ്വേറെയും കൂട്ടായും ഇവരെ ചർച്ചയ്ക്കു വിളിച്ചെങ്കിലും അവർ ശമ്പളവർദ്ധനവ് എന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. ശമ്പള വർദ്ധനവ് എത്ര എന്ന് മാനേജ്മെന്റ് രേഖാമൂലം തീരുമാനിച്ച് കത്ത് നൽകിയാൽ നടപ്പാക്കാം എന്ന് കോടതി നിയോഗിച്ച ചാർട്ടേർഡ് അക്കൗണ്ടന്റും നിലപാടെടുത്തതോടെ മറ്റു വഴികളില്ലാതെ തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു.
പുതുക്കിയ ശമ്പളം അക്കൗണ്ടിൽ വന്നപ്പോഴാണ് തൊഴിലാളികളെ മാനേജ്മെന്റ് വഞ്ചിക്കുകയായിരുന്നു എന്ന് തൊഴിലാളികളും, യൂണിയനുകളും തിരിച്ചറിഞ്ഞത്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് കത്ത് നൽകിയ വിവിധ യൂണിയനുകളിലെ ജീവനക്കാർക്ക് 1000-1500 രൂപ വർധിപ്പിച്ചപ്പോൾ, ഇവരുടെ ആവശ്യത്തിന്റെ മറവിൽ മാനേജ്മെന്റിന്റെ ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും 5000 മുതൽ 10000 രൂപ വരെയാണ് ശമ്പളം വർദ്ധിപ്പിച്ചത്.
ഇതോടെയാണ് സംയുക്ത തൊഴിലാളി യുണിയൻ ജടായു മാനേജ്മെന്റിനെതിരെ രംഗത്ത് വന്നത്. നാമമാത്രമായ ഈ വർദ്ധനവ് ഒരിക്കലും അംഗീകരിക്കില്ല എന്ന് യൂണിയനുകൾ വ്യക്തമാക്കുന്നു. വർദ്ധിപ്പിച്ച തുക സ്വീകരിക്കാതെ തിരികെ നൽകാനും ജീവനക്കാർക്ക് യൂണിയനുകൾ നിർദേശം നൽകിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് സംഘടന രൂപീകരിക്കുവാനും അതിൽ പ്രവർത്തിക്കുവാനും അവകാശമുണ്ടെന്ന് യൂണിയനുകൾ പറയുന്നു. യൂണിയനുകളിൽ അംഗമായതിന്റെ പേരിൽ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചാൽ അത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നത് പോലാകുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തിൽ മാനേജ്മെന്റ് യൂണിയനുകളുമായി ചർച്ചയ്ക്ക് തയ്യാറായി തിരുത്തൽ നടപടികൾ സ്വീകരിച്ചില്ല എങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി സംയുക്ത യൂണിയൻ നേതാക്കളായ ഡി.സന്തോഷ്, വി.ഒ സാജൻ, T.വിമൽകുമാർ തുടങ്ങിയവർ അറിയിച്ചു.
Recent Comments