by Midhun HP News | Nov 13, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലാ കലോത്സവവും ആറ്റിങ്ങലിൽ തന്നെ. ഈ വർഷത്തെ റെവന്യൂ ജില്ലാ കലോത്സവം ഡിസംബർ 5, 6, 7, 8 തീയതികളിലായാണ് നടക്കുക. ഉപജില്ലാ കലോത്സവത്തിനും ആറ്റിങ്ങലാണ് വേദിയായത്. ജില്ലാ കലോത്സവം ആറ്റിങ്ങൽ
ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചിട്ടാകും നടക്കുക.

by Midhun HP News | Nov 13, 2023 | Latest News, ജില്ലാ വാർത്ത
കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. സ്ഥലത്തുനിന്ന് മൂന്ന് തോക്കുകളും കണ്ടെടുത്തു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി.
ഇന്ന് രാവിലെ ഏഴരയോടെയാണ് അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ പതിവ് പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് മാവോയിസ്‌റ്‌റുകള്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയമുണ്ട്. ഏകദേശം പത്ത് മിനിറ്റ് നേരം വെടിയൊച്ച ശബ്ദം കേട്ടതായി നാട്ടുകാരും പറയുന്നു.
വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. പരിശോധനയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു. സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വെടിവെയ്പ്പില്‍ പൊലീസിന് പരിക്കേറ്റിട്ടില്ല. സ്ഥലത്ത് രക്തതുള്ളികള്‍ ഉള്‍പ്പെടെ കണ്ടെത്തിയതിനാലാണ് മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിണ്ടുണ്ടാകാമെന്നും തോക്ക് ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞതാവാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
by Midhun HP News | Nov 13, 2023 | Latest News, ജില്ലാ വാർത്ത
ആലപ്പുഴ: അസ്വാഭാവിക മരണമെന്ന് ബന്ധുക്കള്‍ കരുതിയ വയോധികന്റെ മരണം കൊലപാതകമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നവംബര്‍ ഒന്നിന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ച തെക്കേക്കര പറങ്ങോടി കോളനിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന ഓച്ചിറ സ്വദേശി ഭാസ്‌കരന്റെ (74) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. വയോധികനൊപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മകന്‍ മന്‍ദീപ് (രാജ-24) ആണ് അറസ്റ്റിലായത്. ഭാസ്‌കരന്‍ സ്തീക്കൊപ്പം താമസിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. ഒക്ടോബര്‍ 15-ന് യുവതിയുടെ വീട്ടില്‍ വെച്ച് മന്‍ദീപ് ഭാസ്‌കരനെ ക്രൂരമായി മര്‍ദിച്ചതായും തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.
തുടര്‍ന്നാണ് ഭാസ്‌കരനെ ആശുപത്രിയിലെത്തിച്ചത്. മരത്തില്‍നിന്നു വീണ് പരിക്കേറ്റെന്നു പറഞ്ഞാണ് ഒക്ടോബര്‍ 16 -ന് ഭാസ്‌കരനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഭാസ്‌കരന്റെ മരണശേഷം സ്ത്രീ നല്‍കിയ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. അന്വേഷണത്തില്‍ ഭാസ്‌കരന് പരിക്കേറ്റത് മരത്തില്‍ നിന്നു വീണ് അല്ലെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുമായി ബന്ധപ്പെട്ട് വിവരം ചോദിച്ചറിയുകയും ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയും ചെയ്തതോടെയാണ് ഭാസ്‌കരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
by Midhun HP News | Nov 13, 2023 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: ലൈഫ് പദ്ധതി പ്രകാരമുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണം കിട്ടാത്തതിനാല്‍ ജീവനൊടുക്കിയ ലോട്ടറി കച്ചവടക്കാരന്‍ ഗോപിയുടെ കുടുംബത്തിന് ഉടന്‍ പണം നല്‍കും. ഓമല്ലൂര്‍ പള്ളം പറയനാലി ബിജു ഭവനത്തില്‍ ഗോപിക്ക് കിട്ടാനുള്ള രണ്ടുലക്ഷം രൂപ കുടുംബത്തിന് ലഭ്യമാക്കാന്‍ ലൈഫ് മിഷന്‍ അധികൃതര്‍ ഓമല്ലൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടു. ഹഡ്‌കോ വായ്പയിലൂടെ പണം ലഭ്യമാക്കാനാണ് നീക്കം. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി ഉടന്‍ ചേരും.
ഹഡ്‌കോ വായ്പ മുടങ്ങിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പണം നല്‍കാന്‍ കഴിയാതിരുന്നതെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ലൈഫ് പദ്ധതിക്കുള്ള പണം നല്‍കിയിരുന്നത്. സര്‍ക്കാരില്‍ നിന്നുള്ള പണം നിലച്ചതിനെ തുടര്‍ന്ന് ഹഡ്‌കോ വായ്പ എടുക്കുന്നതിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതും ലഭിച്ചില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
പഞ്ചായത്തിന്റെ കൈയിലും കൊടുക്കാന്‍ പണമില്ലാതെ വന്നതോടെ, വാര്‍ക്ക പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് ഗോപി ജീവനൊടുക്കിയത്. ഓണത്തിന് മുന്‍പ് വീട്ടില്‍ താമസിക്കണമെന്നായിരുന്നു ഗോപിയുടെ ആഗ്രഹം. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ലൈഫ് മിഷന്‍ വിഷയത്തില്‍ ഇടപെട്ടത്. ഹഡ്‌കോ വായ്പ വേഗത്തില്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോപിക്ക് ഇനി രണ്ടുലക്ഷം രൂപയാണ് കിട്ടാനുള്ളത്. സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ ഗോപിയുടെ കുടുംബത്തിന് നല്‍കാന്‍ കഴിയുമോ എന്ന കാര്യം പഞ്ചായത്തും ആലോചിക്കുന്നുണ്ട്.
ശനിയാഴ്ച വീടിനു മുന്‍വശത്തുള്ള റോഡരികില്‍ പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഗോപിയെ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്നു പൊലീസ് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.സന്തോഷ് മുക്ക് -മുട്ടുകുടുക്ക റോഡില്‍ പള്ളം ഭാഗത്ത്, വീടുപണിക്ക് ഇറക്കിയ മെറ്റല്‍ക്കൂനയ്ക്കടുത്തായിരുന്നു കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.
ഒരു വര്‍ഷം മുന്‍പ് ഓമല്ലൂര്‍ പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇദ്ദേഹത്തിന് വീട് അനുവദിച്ചിരുന്നു. ഇതിന്റെ ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും പണം ഇല്ലാത്തതിനാല്‍ മേല്‍ക്കൂര വാര്‍ക്കാന്‍ കഴിഞ്ഞില്ല. പണി പൂര്‍ത്തിയാക്കിയ വീട്ടില്‍ ഓണം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹമെന്നു ഗോപി എപ്പോഴും പറയാറുണ്ടായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.
by Midhun HP News | Nov 13, 2023 | Latest News, ജില്ലാ വാർത്ത
കരമനയാറിന്റെ തീരത്ത് പ്രദേശവാസികളേയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നത് ലക്ഷ്യമിട്ട് 15 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കരമന പാലം മുതൽ ആഴാങ്കൽ ജംഗ്ഷൻ വരെ, കരമനയാറിന്റെ ഇടത് കരയിലുള്ള നടപ്പാതയുടെ സൗന്ദര്യവത്കരണത്തിന്റെയും നവീകരണത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജലസേചന വകുപ്പ് മുഖേന സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി, വിപുലമായ സൗന്ദര്യവത്കരണ പ്രവർത്തികളാണ് കരമനയാറിന്റെ തീരത്ത് നടത്തുന്നത്.
കരമന-ആഴാങ്കൽ നടപ്പാതയുടെ ഭംഗിയും പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തന പദ്ധതിക്ക് തുടക്കമാവുകയാണെന്ന് മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യമം സാമൂഹിക ഇടങ്ങളെ പുനർവചിക്കുന്ന നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നുവെന്നും സാമൂഹിക ക്ഷേമത്തിനും വിനോദ ആവശ്യങ്ങൾക്കും സംഭാവന നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നടപ്പാത പൂർത്തിയാകുന്നതോടെ പ്രായഭേദമന്യേ എല്ലാ പ്രദേശവാസികൾക്കും കണക്ടിവിറ്റി, ആരോഗ്യം, ഒഴിവ് സമയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഊർജസ്വലമായ ഇടമായിരിക്കുമിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിലെ നടപ്പാതയുടെ വീതി കൂട്ടി ജോഗിങ് ട്രാക്ക്, സൈക്കിൾ ട്രാക്ക് നിർമാണം, നടപ്പാത ദീർഘിപ്പിക്കൽ എന്നിവ പദ്ധതിയുടെ ഭാഗമാണ്. നദിയുടെ വെള്ളപ്പൊക്ക നിവാരണ ബണ്ടിന്റെ ബലപ്പെടുത്തൽ, ഓപ്പൺ ജിം, യോഗ പ്ലാറ്റ്‌ഫോം, കുട്ടികളുടെ പാർക്ക്, രണ്ട് തൂക്കുപാലങ്ങൾ, റേഡിയോ പാർക്ക് , തെരുവ് വിളക്ക് സ്ഥാപിക്കൽ, കടവുകളുടെ പുനരുദ്ധാരണം, ശലഭ പാർക്ക്, വൈഫൈ സോൺ, ഫിഷിംങ് ഡെക്ക് തുടങ്ങി ബൃഹത്തായ നവീകരണ പ്രവർത്തികൾക്കാണ് കരമനയാറിന്റെ തീരം ഒരുങ്ങുന്നത്.
കരമനയാറിന്റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആറ് മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കും.

സന്ദർശകർക്ക് ബോട്ടിംഗ് യാത്രകൾക്കുള്ള സൗകര്യവും ഉണ്ടാകും. സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വികൾ സ്ഥാപിക്കും. ആധുനിക സൗകര്യങ്ങളോടുള്ള ശുചിമുറികൾ, ഓട്ടോമേറ്റഡ് സ്പ്രിക്‌ളർ ഇറിഗേഷൻ സൗകര്യങ്ങൾ, ആർട്ട് വാളുകൾ ഇവയും നവീകരണ പദ്ധതിയുടെ സവിശേഷതകളിൽപ്പെടുന്നു. വനം വകുപ്പ്, സർക്കാർ നഴ്‌സറികളുമായി സഹകരിച്ച് കൂടുതൽ ഫലവൃക്ഷങ്ങളും പൂമരങ്ങളും പ്രദേശത്ത് വച്ചുപിടിപ്പിക്കും.
പാപ്പനംകോട് വാർഡ് കൗൺസിലർ ആശാനാഥ് അധ്യക്ഷയായിരുന്നു. സ്മാർട്ട്സിറ്റി മാനേജർ കൃഷ്ണകുമാർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികൾ, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു.എസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.അനിൽകുമാർ, പദ്ധതി പ്രദേശത്തിന് സമീപത്തെ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
by Midhun HP News | Nov 13, 2023 | Latest News, ജില്ലാ വാർത്ത
കല്ലിൻമൂട് വാർഡു സമിതിയും അയിലം ഹോമിയോ ഡിസ്പെൻസറിയും ചേർന്ന് സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിന്റെയും യോഗ പരിശീലനത്തിന്റെയും ഉദ്ഘാടനം കല്ലിൻമൂട് വാർഡ് മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ നിർവഹിച്ചു. വയോജനക്ലബ് പ്രസിഡന്റ് ജി.സുഗുണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹോമിയോ ഡോക്ടർ വിനിത, യോഗ പരിശീലകൻ ശ്രീനാഥ്, വൃന്ദ, സിന്ധു, സതീരത്നം തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള ബോധവത്കരണവും ക്യാമ്പിൽ നടന്നു.


Recent Comments