മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു

മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 30ൽ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 21ന് ആറ്റിങ്ങൽ ഗവ. കോളജിലാണ് മേള. മേളയിൽ രണ്ടായിരത്തിലധികം തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.

ഐ.ടി, ഹോസ്പിറ്റൽ, വിപണന മേഖല, ബി.പി.ഒ, ഓട്ടോമൊബൈൽസ്, ടെലികോം, ഇലക്ട്രോണിക്സ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യ കമ്പനികളാണ് തൊഴിൽ നൽകാനായി മേളയിൽ എത്തുന്നത്. പ്ലസ്ടു/ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദവും 35 വയസിൽ താഴെ പ്രായമുള്ള ഏതൊരാൾക്കും മേളയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ കുറഞ്ഞത് ആറ് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും കൈയിൽ കരുതണം.
https://forms.gle/dUGrEUMPRrnbFesy7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ മേളയിൽ പങ്കെടുക്കാൻ സാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609.

ചികിത്സ സഹായം തേടുന്നു

ചികിത്സ സഹായം തേടുന്നു

അഴൂർ പഞ്ചായത്ത് ശാസ്തവട്ടം കന്നുകാലി വനം വാർഡിൽ നസീർ മൻസിൽ എ എൻ നൗഷാദ് കുറെ നാളായി അസുഖബാധിതനായി കിടപ്പാണ്. വൃദ്ധയായ മാതാവ് മാത്രമാണ് തുണയുള്ളത്. തുടർ ചികിത്സയ്ക്കായും സർജറിക്കായും വലിയൊരു തുക അടിയന്തരമായി ആവശ്യമായിരിക്കുന്നു. സന്മനസ്സുള്ളവരുടെ സഹായം പ്രതീക്ഷിക്കുന്നു.

എസ് ബി ഐ പെരുംകുഴി ബ്രാഞ്ച്… അസീസ്.
അക്കൗണ്ട് നമ്പർ: 6 7 0 9 8 6 7 6 4 2 1.
: IFSC SBIN0070312

ശിവഗിരിയില്‍ നവരാത്രിദീപം തെളിഞ്ഞു

ശിവഗിരിയില്‍ നവരാത്രിദീപം തെളിഞ്ഞു

ശിവഗിരിയില്‍ നവരാത്രിദീപം തെളിഞ്ഞു. സിനിമാതാരം ഇന്ദ്രന്‍സ് നവരാത്രി ദീപം തെളിച്ചുകൊണ്ട് 24 വരെ തുടരുന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിന്‍റെ ശ്രീശാരദാംബ പുരസ്ക്കാരം ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയില്‍ നിന്നും ഇന്ദ്രന്‍സ് സ്വീകരിച്ചു. തന്‍റെ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന അംഗീകാരമായും ലഭ്യമാകുന്ന കഥാപാത്രങ്ങളുടെ സ്വഭാവമാണ് ഒരു മികച്ച നടനെ രൂപപ്പെടുത്തുന്നതെന്നും ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു.

സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു.പൗരാണിക ക്ഷേത്ര സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യതിചലിച്ചായിരുന്നു ഗുരുദേവന്‍ ക്ഷേത്ര പ്രതിഷ്ഠകള്‍ നിര്‍വ്വഹിച്ചതെന്ന് സ്വാമി പറഞ്ഞു. ശാരദാ പ്രതിഷ്ഠയും മണ്ണന്തല ദേവീ പ്രതിഷ്ഠയുമൊക്കെ പൗരാണിക ക്ഷേത്ര സങ്കല്‍പ്പങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതായി കാണാനാകും.അറിവിലൂടെ മാത്രമേ ജീവിത മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാനാവൂ എന്നും ഗുരുദേവന്‍ പഠിപ്പിച്ചു.ശിവഗിരിയില്‍ വിദ്യാദേവതാ സങ്കല്‍പ്പത്തിലാണ് ശാരദാദേവിയെ ഗുരുദേവന്‍ പ്രതിഷ്ഠിച്ചതെന്നും ശുഭാംഗാനന്ദ സ്വാമി പറഞ്ഞു.

മേജര്‍ ഡോ. വിശ്വനാഥന്‍ രചിച്ച നാരായണം കൃതി ഇന്ദ്രന്‍സിന് നല്‍കി ശുഭാംഗാനന്ദ സ്വാമി പ്രകാശനം ചെയ്തു.ഗായിക അപര്‍ണ്ണാരാജിന് ഇന്ദ്രന്‍സ് പുരസ്ക്കാരം നല്‍കി.ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. ആഘോഷകമ്മിറ്റി കണ്‍വീനര്‍ സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ എന്നിവരും സംബന്ധിച്ചു.

സ്വാമി വിരജാനന്ദ ഗിരി കലാപ്രതിഭകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അപര്‍ണ്ണാരാജ് ഗുരുദേവ സംഗീതാര്‍ച്ചനയും ആലപ്പി രമണന്‍ ചണ്ഡാലഭിക്ഷുകി കഥാപ്രസംഗവും ഇന്ദ്രജ രമേശ്, ശ്രീഭദ്ര ചാത്തന്നൂര്‍ എന്നിവര്‍ ഭരതനാട്യവും തൃക്കോതമംഗലം അദ്വൈതകലാവേദിയും വേളൂര്‍ ഗുരുകുലം സമിതിയും കൈകൊട്ടിക്കളിയും, മൂകാംബിക ദേവ ഗായകന്‍ പ്രേംജി കെ. ഭാസി ഇത്തിത്താനം സംഗീത കച്ചേരിയും അവതരിപ്പിച്ചു.

കഴക്കൂട്ടം സബ്‌സ്റ്റേഷനിലെ വെള്ളം ഇറങ്ങി; വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമം, ടെക്‌നോപാര്‍ക്കില്‍ കറന്റ് ഇല്ല

കഴക്കൂട്ടം സബ്‌സ്റ്റേഷനിലെ വെള്ളം ഇറങ്ങി; വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമം, ടെക്‌നോപാര്‍ക്കില്‍ കറന്റ് ഇല്ല

തിരുവനന്തപുരം: തീവ്രമഴയെ തുടര്‍ന്ന് വെള്ളം കയറിയ കഴക്കൂട്ടം സബ്‌സ്റ്റേഷനിലെ വെള്ളം ഇറങ്ങി. വൈദ്യുതി പുനസ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് വണ്‍, കാര്യവട്ടം ക്യാമ്പസ് എന്നിവിടങ്ങളില്‍ വൈദ്യുതിയില്ല. കഴക്കൂട്ടം 110 കെവിസബ്സ്റ്റേഷനു സമീപമുള്ള തെറ്റിയാര്‍ തോട്ടില്‍ നിന്നും വെള്ളം സബ്സ്റ്റേഷനിലേക്ക് കയറുകയായിരുന്നു.

സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനില്‍ നിന്നുള്ള കുഴിവിള, യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നി 11 കെവി ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കഴക്കൂട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു.

കിണർ ഇടിഞ്ഞു താഴ്ന്നു

കിണർ ഇടിഞ്ഞു താഴ്ന്നു

വര്‍ക്കല – പുന്നമൂട് സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം പുതുവല്‍ വീട്ടില്‍ ഹരിദാസിന്‍റെ വീടിനോട് ചേര്‍ന്നുളള കിണർ ഇടിഞ്ഞു താഴ്ന്നു. റെയില്‍വേ പാത കടന്നുപോകുന്ന സ്ഥലമായതിനാല്‍ ട്രയിന്‍ പോകുമ്പോള്‍ വീണ്ടും കൂടല്‍ പ്രദേശങ്ങള്‍ ഇടിയാനും വീടിന് ഭീഷണി ഉളളതായും ഫയര്‍ഫോഴ്സ് അറിയിച്ചു വര്‍ക്കല ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

നാളെ (ഒക്ടോബർ 16) ജില്ലയിൽ അവധി

നാളെ (ഒക്ടോബർ 16) ജില്ലയിൽ അവധി

തിരുവനന്തപുരം: ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.