by Midhun HP News | Oct 15, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:രാജ്യത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പല്‍ ഷെന്‍ഹുവ 15ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കിയത്. ചടങ്ങില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ മത സാമുദായിക നേതാക്കളും പങ്കെടുത്തു. കപ്പല്‍ തീരത്തണയുന്നത് പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.
തീരത്തോടുചേര്‍ന്ന് 20 മീറ്റര്‍വരെ സ്വാഭാവിക ആഴം ലഭിക്കുന്ന വിഴിഞ്ഞം തുറമുഖം നിലവില്‍വരുന്നതോടെ എംഎസ് സി ഐറിന ഉള്‍പ്പെടെയുള്ള കൂറ്റല്‍ കപ്പലുകള്‍ക്കുവരെ ഇവിടേക്ക് അടുക്കാനാവും. മറ്റു രാജ്യങ്ങളിലുള്ള ട്രാന്‍സ്ഷിപ്മെന്റ് തുറമുഖങ്ങളെ ആശ്രയിക്കാതെതന്നെ രാജ്യത്തെ ചരക്കുനീക്കം സാധിക്കുമെന്നതാണ് വിഴിഞ്ഞം തുറമുഖം കൊണ്ടുവരാന്‍പോകുന്ന വലിയമാറ്റം.
ഷെന്‍ഹുവ കപ്പലില്‍ എത്തിച്ച കൂറ്റന്‍ ക്രെയിനുകള്‍ ഇറക്കുന്ന ജോലികള്‍ നാളെ ആരംഭിക്കും. ഒരു ഷിപ് ടു ഷോര്‍ ക്രെയിനും രണ്ടു യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഓഗസ്റ്റ് 31 ന് പുറപ്പെട്ട് 42 ദിവസം കൊണ്ടാണ് ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്തെത്തിയത്. കപ്പല്‍ രണ്ടു ദിവസം മുമ്പേ എത്തിയതാണെങ്കിലും ഔദ്യോഗിക സ്വീകരണപരിപാടി ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു.
ആദ്യത്തെ മദര്‍പോര്‍ട്ട് എന്ന സവിശേഷതകൂടിയുണ്ട് വിഴിഞ്ഞത്തിന്. തുറമുഖത്തിന് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ളതിനാല്‍ ലോകത്തെ ഏത് വമ്പന്‍ കപ്പലിനും (മദര്‍ഷിപ്പ്) തീരമണയാനും ചരക്ക് കൈകാര്യം ചെയ്യാനുമാകും. ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. ഇതോടെ ചരക്ക് കൈമാറ്റത്തിനായി നല്‍കിയിരുന്ന കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാം. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കവും അതിവേഗത്തിലാകും.
സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തില്‍ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താന്‍ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. രാജ്യത്തെ ആദ്യ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് പോര്‍ട്ട്, അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവുമടുത്തു നില്‍ക്കുന്ന പോര്‍ട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ വിഴിഞ്ഞം തുറമുഖത്തിനുണ്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്‍ന്നുള്ള വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാവും. ഓപ്പറേഷണല്‍ ശേഷിയില്‍ സിംഗപ്പൂര്‍ തുറമുഖത്തേക്കാള്‍ വലുതാണ് വിഴിഞ്ഞം തുറമുഖം.
by Midhun HP News | Oct 15, 2023 | Latest News, ജില്ലാ വാർത്ത
കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ ആറ്റിങ്ങൽ മേഖലയിൽ വൻ നാശം. ആറ്റിങ്ങൽ, അവനവഞ്ചേരി, തച്ചൂർകുന്ന്, ഊരുപ്പൊയ്ക ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. വിവിധ പ്രദേശങ്ങളിൽ മതിലുകൾ പൊളിഞ്ഞു വീണു. വീടുകളും കെട്ടിടങ്ങളും അപകടവസ്ഥയിലുമായി. മരങ്ങൾ കടപുഴകി വീണും കൃഷി നാശവും ഉണ്ടായി. വീടുകളിൽ വെള്ളം കേറിയതോടെ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമാണ്. ഇനിയും മഴ തുടർന്നാൽ നാശനഷ്ടം കൂടുമെന്നാണ് വിവരം. തോടുകൾ നിറഞ്ഞു കവിഞ്ഞു ഒഴുകുകയാണ്.
അവനവഞ്ചേരി ഊരുപൊയ്ക റോഡ് വെള്ളത്തിൽ മുങ്ങി. യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായി. കാട്ടുംപുറം രാമച്ചംവിള ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു ക്യാമ്പ് തുറന്നു. രാമച്ചംവിള എൽപി സ്കൂളിലാണ് ക്യാമ്പ് തുറന്നത്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ആളുകളെ പറഞ്ഞു മനസ്സിലാക്കി ക്യാമ്പിലേക്ക് മാറ്റുകയാണ്.

by Midhun HP News | Oct 15, 2023 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ എള്ളുവിള ഭഗവതി ക്ഷേത്രത്തിന്റെ മുന്നിൽ അടൂർ പ്രകാശ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എൻ.സലിൽ ആദ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗം എസ്.ശ്യാംനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ, എ.അഹമ്മദ് കബീർ, അടയമൺ.എസ്.മുരളീധരൻ, എ.ആർ.ഷമീം, ആദേഷ് സുധർമ്മൻ തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | Oct 15, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പുളിമാത്ത് പഞ്ചായത്തിലെ പുളിമാത്ത് പമ്പ് ഹൗസ് ഇന്നത്തെ കാഴ്ച്ചയാണിത്. ശക്തമായ മഴ മൂലം വാമനപുരം നദിയിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചു വരുന്നു. ആയതു മൂലം പമ്പ് ഹൗസിന് ചുറ്റും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയതിനാൽ പമ്പിംഗ് നിർത്തുകയും സ്റ്റർട്ടർ ഇളക്കി മാറ്റി സുരക്ഷിത മായ സ്ഥാനത്ത് സ്ഥാപിക്കുകയും കെ എസ് ഇ ബിയുടെ നിർദ്ദേശ പ്രകാരം പവർ സപ്ലൈ വിച്ചേദിച്ചിട്ടുണ്ട്. ജല നിരപ്പ് താഴ്ന്നു കഴിഞ്ഞു പമ്പ് ഹൗസ് ശുചീകരിച്ചതിനു ശേഷമേ പമ്പിംഗ് പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.
by Midhun HP News | Oct 15, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴിഞ്ഞദിവസം മുതല്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ നിറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ആകെ 10 cm ഉയർത്തിയിട്ടുണ്ട്. വലിയ അളവിൽ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ അത് 70 cm കൂടി വർധിപ്പിച്ച് ആകെ 80 cm ആയി ഉയർത്തും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതവവും ഉയര്‍ത്തി. മലമ്പുഴ, ശിരുവാണി ഡാമുകളിലേക്കുള്ള നീരൊഴുക്കും കൂടി.

by Midhun HP News | Oct 14, 2023 | Latest News, ജില്ലാ വാർത്ത
വർക്കല: വർക്കലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. വർക്കല റെയിൽവേ സ്റ്റേഷന് സമീപം മുണ്ടയിൽ, പാളത്തിൽ വീട്ടിൽ, പത്മിനിയുടെ വീട്ടിലായിരുന്നു മോഷണം.
വർക്കല മൃഗാശുപത്രിയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയാണ് പത്മിനി. രാവിലെ ജോലിക്ക് പോയ ശേഷം ഉച്ചയ്ക്ക് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഇവർ മോഷണ വിവരം അറിയുന്നത്. വീട്ടിൽ നിന്നും അരപ്പവന്റെ മോതിരവും 5000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വീടിന്റെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.

ഒരു വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ട പത്മിനി ഒറ്റയ്ക്കാണ് താമസം. വീടിനു സമീപം ആളൊഴിഞ്ഞ പ്രദേശമാണ്. വർക്കലയിലെ ഒരു സ്വകാര്യ ബാർ ഇതിനു സമീപത്തായി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ഥലത്ത് സ്ഥിരമായി മദ്യപന്മാർ തമ്പടിക്കാറുണ്ട്, എന്നും മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെ ഇവിടെ നടക്കുന്നുണ്ട് എന്നും രാത്രികാലങ്ങളിൽ മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നതായും പത്മിനി പറയുന്നു. ഇത് സംബന്ധിച്ച് ഇവർ വർക്കല പോലീസിൽ പരാതി നൽകിയിരുന്നു ഇതിലുള്ള വൈരാഗ്യമാണ് മോഷണത്തിന് പിന്നിലെന്നും സംശയമുണ്ട്.
Recent Comments