കെട്ടിട നമ്പർ നൽകാൻ 10,000 രൂപ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിന തടവ്; ഒരു ലക്ഷം രൂപ പിഴ

കെട്ടിട നമ്പർ നൽകാൻ 10,000 രൂപ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിന തടവ്; ഒരു ലക്ഷം രൂപ പിഴ

തൃശൂര്‍: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് തടവുശിക്ഷ. പാലക്കാട് ‌കൊല്ലങ്കോട് പഞ്ചായത്തിൽ സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ് കോടതി ശിക്ഷിച്ചത്. മൂന്ന് വര്‍ഷം വീതം കഠിന തടവും 1,00,000 രൂപ പിഴയുമാണ് ശിക്ഷ. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കൊല്ലങ്കോട് പഞ്ചായത്തിൽ 2007 ല്‍ സെക്രട്ടറി ആയിരുന്നു അബ്ദുൾ ഹക്കീം. പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കെട്ടിട നമ്പർ നൽകുന്നതിന് അബ്ദുൾ ഹക്കീം 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാ നടപടി.

പ്രകാശൻ എന്നയാളിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് അബ്ദുൾ ഹക്കീം പിടിയിലാകുന്നത്.

പ്രകാശന്റെ സായി മെഡിക്കൽ സെന്റർ എന്ന സ്ഥാപനത്തിന് ബിൽഡിങ് നമ്പർ ലഭിക്കുന്നതിനായി സമർപ്പിച്ച ഡീവിയേഷൻ പ്ലാൻ അംഗീകരിച്ച് നൽകാൻ പ്രതി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

പരാതിക്കാരനോട് നേരത്തെ മേടിച്ച 6000 രൂപക്ക് പുറമെ ആയിരുന്നു വീണ്ടും കൈക്കൂലി ചോദിച്ചത്. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അബ്ദുൾ ഹക്കീമിന് രണ്ട് വകുപ്പുകളിലായിട്ടാണ് 3 വര്‍ഷം വീതം കഠിന തടവിനും 1,00,000 രൂപ പിഴയും വിധിച്ചത്. കഠിനതടവ്‌ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.

പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

5 ബിജെപി അംഗങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തു; കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം പോയി

5 ബിജെപി അംഗങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തു; കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം പോയി

കോട്ടയം: യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ബിജെപി അംഗങ്ങള്‍ വോട്ടുചെയ്യുകയായിരുന്നു.

ബിജെപി പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കല്‍ പഞ്ചായത്ത് പ്രസിഡന്റായി.

പഞ്ചായത്തില്‍ ഇടതുമുന്നണി- ഏഴ്, ബിജെപി- അഞ്ച്, യുഡിഎഫ്- 3 എന്നതാണ് കക്ഷിനില. ഇടതു മുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് എമ്മിലെ ബോബി മാത്യു രാജിവച്ചതിനെ തുടര്‍ന്നായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സിപിഎമ്മിലെ ബിനുവാണ് പരാജയപ്പെട്ടത്.

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാര്‍; ഒമ്പതു പേരെ വെറുതെ വിട്ടു

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാര്‍; ഒമ്പതു പേരെ വെറുതെ വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

കേസിലെ ഒമ്പതു പ്രതികളെ വെറുതെ വിട്ടു. ശിക്ഷ ഈ മാസം 16 ന് വിധിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. തെളിവില്ലെന്ന കാരണത്താലാണ് ഒമ്പതു പ്രതികളെ വെറുടെ വിട്ടത്.

2018 മാര്‍ച്ച് 27 നാണ് റോഡിയോ ജോക്കിയായ രാജേഷ് കൊല്ലപ്പെടുന്നത്. കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോക്കുള്ളില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്.

മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടനും വെട്ടേറ്റിരുന്നു.

കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അബ്ദുള്‍ സത്താര്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പ്രതികള്‍ കൊല നടത്തിയത്.

സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുള്ള സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകര്‍ന്നിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.

കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടില്‍ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറില്‍നിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലയ്ക്കു ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട സാലിഹിനെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

മാസപ്പടി വിവാദം: നേതാക്കള്‍ക്കെതിരെ അന്വേഷണം വേണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

മാസപ്പടി വിവാദം: നേതാക്കള്‍ക്കെതിരെ അന്വേഷണം വേണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.

സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കും മുഖ്യമന്ത്രിയുടെ മകള്‍ വീണക്കുമെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം.

സിഎംആര്‍എല്ലും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട നികുതി തര്‍ക്കത്തില്‍ ആദായ നികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഇറക്കിയ ഉത്തരവ് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. ആ ഉത്തരവില്‍ പേരു പരാമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കള്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പരാതിയുടെ പകര്‍പ്പ് ഗവര്‍ണര്‍ക്കും കൈമാറിയിട്ടുണ്ട്. സിആര്‍എംഎല്ലില്‍ നിന്നും ഐടി വകുപ്പ് പിടിച്ചെടുത്ത ഡയറിയില്‍ പേരുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

വിജിലന്‍സ് ഡയറക്ടര്‍ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍, കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ സൂചിപ്പിച്ചു.

ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി; മയക്കുമരുന്ന് കേസില്‍ ഇനി പരോളില്ല

ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി; മയക്കുമരുന്ന് കേസില്‍ ഇനി പരോളില്ല

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ഇനി പരോളില്ല. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

പ്രതികള്‍ പരോളിലിറങ്ങി വീണ്ടും അതേ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിയന്ത്രണാതീതമായ വര്‍ധനയ്ക്കു കാരണം നിലവിലെ ശിക്ഷാനടപടികളുടെ അപര്യാപ്തതയാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.

ഇക്കാര്യം കണക്കിലെടുത്താണ് ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാകാലയളവ് അവസാനിക്കുംവരെ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ച് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. നേരത്തെയും മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് സാധാരണ പരോളും അടിയന്തര പരോളും അനുവദിച്ചിരുന്നില്ല. തടവുകാരില്‍ ചിലര്‍ കോടതിയെ സമീപിച്ചതോടെയാണ് സാധാരണ അവധിയും അടിയന്തര അവധിയും അനുവദിച്ചുതുടങ്ങിയത്.

ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇക്കൊല്ലം ജൂണ്‍വരെ സംസ്ഥാനത്ത് 13,197 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി മെട്രോയില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാം

സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി മെട്രോയില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാം

കൊച്ചി: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി 15ന് (ചൊവ്വാഴ്ച) 20 രൂപയ്ക്ക് മെട്രോയില്‍ യാത്ര ചെയ്യാം. ചൊവ്വാഴ്ച മെട്രോ യാത്രയ്ക്കുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. എല്ലാ ടിക്കറ്റുകളിലും ഇളവ് ലഭിക്കും. സാധാരണ 30 രൂപ ടിക്കറ്റിന് 10 രൂപ ഇളവ് ലഭിക്കും. 40ന് 20ഉം 50ന് 30ഉം 60ന് 40ഉം രൂപയുടെ വീതം ഇളവുകള്‍ ലഭിക്കും. കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയായി തുടരും.

15ന് രാവിലെ 6 മുതല്‍ രാത്രി 11 വരെ ഇളവുകള്‍ തുടരും. പേപ്പര്‍ ക്യൂആര്‍, ഡിജിറ്റല്‍ ക്യൂആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്കും ഇളവുകള്‍ ലഭ്യമാണ്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ് ബാക്കായാണ് ഇളവ് ലഭിക്കുക എന്നും കൊച്ചി മെട്രോ അറിയിച്ചു. അതിനിടെ ദൈനംദിന യാത്രയ്ക്ക് കൊച്ചി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഉത്സവകാലവും ചൂടേറുന്നതും കൂടുതല്‍ യാത്രക്കാരെ മെട്രോയിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്. ജൂലായ് മാസത്തില്‍ പ്രതിദിനം ശരാശരി 85,545 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്.

ഓഗസ്റ്റില്‍ ഇതുവരെയുള്ള പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. നേരത്തെ 60,000 നും 70,000നുമിടയിലായിരുന്ന ശരാശരി യാത്രക്കാര്‍. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷമായി ഉയര്‍ത്തുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ലക്ഷ്യം.