മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു. കടലിൽ നിന്ന് കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നാലുപേരും നീന്തി രക്ഷപ്പെട്ടു. അതിശകതമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുവെന്നാണ് വിവരം. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പരിക്കില്ല.അതേസമയം, മുതലപ്പൊഴി വിഷയത്തിൽ സർക്കാർ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ ഉപവാസ സമരം നടത്തും. ചെറിയ ക്രെയിനുകൾ കൊണ്ടുവന്ന് തട്ടിക്കൂട്ട് പ്രവർത്തികൾ നടത്തി മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടുകയാണ് സർക്കാർ ചെയ്യുന്നതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്.

508 റെയിൽവേ സ്റ്റേഷനുകൾക്ക് ഇനി പുതിയ മുഖം, കേരളത്തിൽ അഞ്ചെണ്ണം; 25,000 കോടിയുടെ വികസനത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

508 റെയിൽവേ സ്റ്റേഷനുകൾക്ക് ഇനി പുതിയ മുഖം, കേരളത്തിൽ അഞ്ചെണ്ണം; 25,000 കോടിയുടെ വികസനത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുത്ത 508 റെയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രധാനമന്ത്രി തറക്കല്ലിടൽ നിർവഹിച്ചത്. കേരളത്തിൽ അ‍ഞ്ച് സ്റ്റേഷനുകളടക്കം ദക്ഷിണ റെയിൽവേയിലെ 25 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.

തറക്കല്ലിട്ട 508 സ്റ്റേഷനുകളിൽ ഇന്ന് പ്രവർത്തനങ്ങൾ ആരംഭിക്കും. ഏകദേശം 25,000 കോടി രൂപയാണ് സ്റ്റേഷനുകളുടെ വികസനത്തിനായി നീക്കിവെച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ്, ഇരു സംസ്ഥാനങ്ങളിലും 55 എണ്ണം വീതമാണ്. ബിഹാറിൽ 49ഉം മഹാരാഷ്ട്രയിൽ 44ലും സ്റ്റേഷനുകൾ നവീകരിക്കും. പശ്ചിമബംഗാൾ – 37, മധ്യപ്രദേശ് – 34, ആസ്സാം – 32 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നവീകരിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ എണ്ണം. കേരളത്തിൽ പാലക്കാട് ഡിവിഷനിൽ കാസർകോട്, പയ്യന്നൂർ, വടകര, തിരൂർ, ഷൊർണൂർ, മംഗലാപുരം സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ സ്‌റ്റേഷനാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളിൽ നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, പാർക്കിങ് സൗകര്യം, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ, വിവരവിനിമയസംവിധാനം എന്നിവയ്ക്കൊപ്പം യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങളോടെയാകും റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കുക. പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടും. കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതും സ്റ്റേഷനിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതുമെല്ലാം പദ്ധതിയുടെ ഭാ​ഗമാകും.

ലാപ്‌ടോപ്പ് ഇറക്കുമതിക്കു നിയന്ത്രണം; മൂന്നു മാസത്തേക്കു മരവിപ്പിച്ചു, നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ലാപ്‌ടോപ്പ് ഇറക്കുമതിക്കു നിയന്ത്രണം; മൂന്നു മാസത്തേക്കു മരവിപ്പിച്ചു, നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ലാപ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ മൂന്നു മാസത്തേക്കു മരവിപ്പിച്ചു. വ്യാഴാഴ്ചയാണ് ഇറക്കുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇത് പ്രാബല്യത്തില്‍ വന്നതായാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 31 വരെ ഉത്തരവ് മരവിപ്പിച്ചതായും നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ലാപ്പ്‌ടോപ്പിന് പുറമേ ടാബ് ലെറ്റുകള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കുമാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അംഗീകൃത ലൈസന്‍സ് ഉണ്ടെങ്കില്‍ നിയന്ത്രിത അളവില്‍ ഇറക്കുമതി ആവാമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. നേരത്തെ മുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം ഇറക്കുമതി ചെയ്യാമായിരുന്നു.

ഗവേഷണം, ടെസ്റ്റിംഗ്, ബെഞ്ച്മാര്‍ക്കിംഗ്, മൂല്യനിര്‍ണ്ണയം, റിപ്പയര്‍, റിട്ടേണ്‍, എന്നിവയ്ക്കായി ഒറ്റത്തവണ 20 ഇനങ്ങള്‍ വരെ ഇറക്കുമതി ചെയ്യാം. ഇതിന് ഇറക്കുമതി ലൈന്‍സിങ്ങില്‍ നിന്ന് ഇളവ് അനുവദിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം.

സ്പീക്കര്‍ തിരുത്തിയേ തീരൂ; തുടര്‍സമരത്തിന് എന്‍എസ്എസ്; നാളെ അടിയന്തര യോഗം

സ്പീക്കര്‍ തിരുത്തിയേ തീരൂ; തുടര്‍സമരത്തിന് എന്‍എസ്എസ്; നാളെ അടിയന്തര യോഗം

കോട്ടയം: സ്പീക്കറുടെ ‘മിത്ത്’ പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എന്‍എസ്എസ് നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. പരാമര്‍ശത്തില്‍ സ്പീക്കര്‍ ഖേദം നടത്തണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്‍എസ്എസ്. തുടര്‍സമരരീതികള്‍ നാളത്തെ യോഗത്തില്‍ തീരുമാനമാകുമെന്നാണ് വിവരം.

പ്രതിഷേധത്തില്‍ ഇതരസംഘടനകളുമായി യോജിക്കണോ, എന്‍എസ്എസ് മാത്രം മതിയോ എന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. എംവി ഗോവിന്ദന്‍ നിലപാടില്‍ മാറ്റം വരുത്തിയെങ്കിലും സ്പീക്കര്‍ വിഷയത്തില്‍ മാപ്പു പറയണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കണമെന്നതാണ് എന്‍എസ്എസിന്റെ പൊതുവികാരം.

അതസമയം, നാമജപയാത്ര നടത്തിയതിനു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്. ഞങ്ങള്‍ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാമജപയാത്രയെത്തുടര്‍ന്ന് തന്നെയും കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം എന്‍ എസ് എസ് പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് സംഗീത് കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം.

നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ മാര്‍ഗതടസമുണ്ടാക്കിയില്ലെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സാങ്കേതിക തകരാർ: ഇൻഡിഗോ വിമാനം നിലത്തിറക്കി, 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം

സാങ്കേതിക തകരാർ: ഇൻഡിഗോ വിമാനം നിലത്തിറക്കി, 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം

ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. റാഞ്ചിയിലേക്ക് പുറപ്പെട്ട വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയത്. സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ വിമാനം നിലത്തിറക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇൻഡിഗോയുടെ രണ്ടാമത്തെ വിമാനമാണ് ഇത്തരത്തിൽ തിരിച്ചിരിക്കുന്നത്.ഡൽഹി വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.40ന് പറന്നുയർന്ന 6E 2172 ഇൻഡിഗോ വിമാനം 8.20ഓടെ തിരുച്ചിറക്കുകയായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്നും ഐജിഐ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നെന്നും പൈലറ്റ് ആകാശത്ത് വെച്ച് അറിയിക്കുകയായിരുന്നുവെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു.

യാത്രക്കാർക്ക് വേണ്ടി മറ്റൊരു വിമാനം ക്രമീകരിക്കുന്നുണ്ടെന്നും കുറച്ച് സമയമെടുക്കുമെന്നും ഇൻഡിഗോ ജീവനക്കാർ യാത്രക്കാരെ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സാങ്കേതിക തകരാർ മൂലം ഇൻഡിഗോ വിമാനം വിമാനത്താവളത്തിലേക്ക് മടങ്ങുന്ന രണ്ടാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം എഞ്ചിൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് പട്ന വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.

തിരുവനന്തപുരം വിതുരയില്‍ കരടിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം വിതുരയില്‍ കരടിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം: വിതുരയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. വിതുര മണില സ്വദേശി ശിവദാസനെയാണ് കരടി ആക്രമിച്ചത്. ശനിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ശിവദാസന് നേരെ കരടിയുടെ ആക്രമണമുണ്ടയത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശിവദാസന്റെ പരിക്ക് ഗുരുതരമല്ല. മണലിയിലെ ജനവാസമേഖലയില്‍വെച്ചാണ് കരടിയുടെ ആക്രമണമുണ്ടയാത്. ഇവിടെ ഒരുഭാഗത്ത് പൂര്‍ണ്ണമായും വനമേഖലയാണ്. ശിവദാസന്‍ ജോലിക്ക് പോകുമ്പോള്‍ ഇടതുകാലില്‍ കരടി കടിക്കുകയായിരുന്നു.