പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ല; ഹോട്ടല്‍ സപ്ലൈയറുടെ തല അടിച്ചുപൊട്ടിച്ചു

പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ല; ഹോട്ടല്‍ സപ്ലൈയറുടെ തല അടിച്ചുപൊട്ടിച്ചു

കോട്ടയം: പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരന് നേര്‍ക്ക് ആക്രമണം. ഹോട്ടല്‍ സപ്ലൈയറായ ഇതരസംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. കോട്ടയം ചങ്ങനാശ്ശേരിയിലാണ് സംഭവം.

ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്കാണ് ഭക്ഷണം കഴിക്കാനെത്തിയവരുടെ മര്‍ദ്ദനമേറ്റത്. ഞായറാഴ്ച്ച രാത്രി ഒന്‍പതരയോടെ മൂന്നംഗ സംഘം ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിലെത്തി.

ഇവര്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്തു. പൊറോട്ട നല്‍കിയപ്പോള്‍ കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സംഘം സപ്ലൈയറെ ആക്രമിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു.

ആക്രമണത്തില്‍ തൊഴിലാളിയുടെ തല പൊട്ടി. ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ തൊഴിലാളിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചലഞ്ചേഴ്‌സ് പ്രീമിയർ ലീഗ്-2023 സംഘടിപ്പിച്ചു

ചലഞ്ചേഴ്‌സ് പ്രീമിയർ ലീഗ്-2023 സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിച്ച ചലഞ്ചേഴ്‌സ് പ്രീമിയർ ലീഗ് (സി.പി.എൽ) സീസൺ- 3 ക്രിക്കറ്റ്‌ ടൂർണമെന്റ് അതി ഗംഭീരമായി അവസാനിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം ക്ലബ്ബിന്റെ മുഖ്യരക്ഷാധികാരിയും ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാനുമായ അഡ്വ.സി.ജെ.രാജേഷ് കുമാർ നിർവഹിച്ചു.ക്ലബ്ബ് പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു,സെക്രട്ടറി അനൂജ്, ട്രഷറർ ശ്രീജിത്ത്‌,ക്ലബ്ബ് ഉപദേശകനും റിട്ടയേഡ് കായികാധ്യാപകനുമായ വി.ഷാജി എന്നിവർ സംസാരിച്ചു.നേച്ചേഴ്സ് 11,സയാൻ ബ്രദേഴ്സ്,ഏരീസ്,റൈഡേഴ്‌സ് തച്ചൂർകുന്ന് എന്നിങ്ങനെ നാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ നേച്ചേഴ്സ് 11 നെ പരാജയപ്പെടുത്തി സയാൻ ബ്രദേഴ്‌സ് വിജയികളായി. വൈകിട്ട് നടന്ന സമാപന യോഗത്തിൽ ആറ്റിങ്ങൽ നഗരസഭ കൗൺസിലറും ക്ലബ്ബ് അംഗവുമായ വി.എസ് നിതിൻ വി.ഷാജി,പ്രശാന്ത് മങ്കാട്ടു, അനൂജ്, ശ്രീജിത്ത്‌,അജാസ്, രാഹിത്,ദിനു, കൃഷ്‌ണനുണ്ണി,കേരളത്തിലെ മികച്ച ടെന്നീസ് ബോൾ ക്രിക്കറ്റ് പ്ലയെർ ബിനേഷ് എം ദാസ്(പൊടി) തുടങ്ങിയവർ പങ്കെടുക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.ബെസ്റ്റ് ബാറ്റ്സ്മാൻ,ബെസ്റ്റ് ബൗളർ,പ്ലേയർ ഓഫ് ദി ടൂർണമെന്റ്,ബെസ്റ് ഫീൽഡർ തുടങ്ങി മറ്റ് നിരവധി വ്യക്തിഗത സമ്മാനങ്ങളും നൽകി.

തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് മുതൽ

തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികളെ തൊഴില്‍ വകുപ്പിന് കീഴിലുള്ള അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതലത്തില്‍ ഇന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍‌ തുടങ്ങും. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ പൂർത്തിയാക്കണമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. പോര്‍ട്ടലില്‍ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.

ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്ക് നേരിട്ടും കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. http://athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ വിവരങ്ങൾ എന്‍ട്രോളിങ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.

സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍ വകുപ്പ് ഓഫീസുകളിലും വര്‍ക്ക് സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കും. ആവാസ് ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ വഴി ലഭിക്കുന്ന യുണീക് ഐഡി നിര്‍ബന്ധമാക്കും.

കഥകളിക്കിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കഥകളിക്കിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: കഥകളി കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശി ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ ആണ് മരിച്ചത്. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് മരണം.

പുലര്‍ച്ചെ 12:30 ഓടെയാണ് സംഭവം. കഥകളി പുറപ്പാടിന് ശേഷം രഘുനാഥ് ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോള്‍ പെട്ടെന്ന് വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കിളിമാനുരിൽ എസ്എഫ്ഐ കെഎസ്യു സംഘർഷം

കിളിമാനുരിൽ എസ്എഫ്ഐ കെഎസ്യു സംഘർഷം

കിളിമാനുരിൽ എസ്എഫ്ഐ കെഎസ്യു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒൻപത് കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ കിളിമാനൂർ ഏരിയാ സെക്രട്ടറി വൈഷ്ണവിനെ കെ എസ് യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സംഘടിച്ചെത്തിയ കെഎസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വൈഷ്ണവ് ജോലി ചെയ്യുന്ന കിളിമാനൂരിലെ സ്വകാര്യ ട്യൂഷൻ സെന്ററിന് മുന്നിലെത്തി ആക്രമണ ശ്രമം നടത്തിയെന്നാണ് പരാതി.

കഴിഞ്ഞയാഴ്ച കിളിമാനൂർ ഗവ ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജീവനെ കെഎസ് യു ഭാരവാഹിയായ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് മർദിച്ചതായും ആരോപണം ഉണ്ട്.തുടർന്ന് സ്കൂളിന് മുന്നിൽ എസ്എഫ്ഐ, കെ എസ് യു സംഘർഷം ഉണ്ടാകുകയും ചെയ്തിരുന്നു. സംഘർഷത്തിൽ കെഎസ് യു നേതാവ് ഹരികൃഷ്ണനും പരിക്ക് പറ്റിയിരുന്നു. ഈ വിഷയത്തിൽ കിളിമാനൂർ പൊലീസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന് ഇരുകൂട്ടരെയും വിളിച്ച് വരുത്തി പ്രശ്നം പരിഹരിക്കാൻ ഇരിക്കവെയാണ് കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഒരു സംഘം വൈഷ്ണവ് ജോലിചെയ്യുന്ന കിളിമാനൂരിലെ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മുന്നിൽ എത്തിയത്. സ്ഥാപനത്തിന് ഉളളിലായിരുന്ന വൈഷ്ണവിനെതിരെ പുറത്ത നിലയുറപ്പിച്ച പ്രവർത്തകർ സ്ഥാപനത്തിന്റെ ഗേറ്റ് വലിച്ച് തുറക്കാനും, ഉള്ളിൽ കടന്ന് വൈഷ്ണവിനെ മർദിക്കാനും ശ്രമിച്ചുവെന്ന് പറയുന്ന കിളിമാനൂർ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് വൻ സംഘർഷം ഒഴിവാക്കിയത്. പൊലീസ് സംഘത്തിന് നേരെയും ആക്രമിക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റുചെയ്തു. എസ്എഫ്ഐ കിളിമാനൂർ ഏരിയാ സെക്രട്ടറിയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കൊലവിളിനടത്തി ആക്രമണം നടത്താൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അമർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ഉടൻ കിളിമനൂരിൽ പ്രതിഷേധം സംഘടിപ്പിക്കും.

വാടക വീടെടുത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ; ഒരു ലക്ഷത്തോളം രൂപയും കണ്ടെത്തി

വാടക വീടെടുത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ; ഒരു ലക്ഷത്തോളം രൂപയും കണ്ടെത്തി

കൊല്ലം: കൊല്ലം മൈലക്കാട് വാടക വീടെടുത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. മയ്യനാട് സ്വദേശി റഫീഖും നെടുമ്പന സ്വദേശി ശിവ പ്രദീപുമാണ് ചാത്തന്നൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇന്ന് രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. മൈലക്കാട് മൂഴിയിൽ ക്ഷേത്രത്തിന് സമീപം ഗതാഗത തടസമുണ്ടാക്കി ഒരു കാര്‍ വീടിനു സമീപം പാര്‍ക്ക് ചെയ്തെന്ന വിവരമാണ് ആദ്യം പൊലീസിന് കിട്ടിയത്.

പരിശോധനകൾക്കിടെ സമീപത്തെ വീട്ടിൽ നിന്ന് മദ്യലഹരിയിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും എംഡിഎംഎ വിറ്റ് കിട്ടിയ ഒരു ലക്ഷത്തോളം രൂപയും കണ്ടെത്തിയത്. നാല് മൊബൈൽ ഫോണുകളും ഒരു ബ്ലാങ്ക് ചെക്കും വസ്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാട്.മൂഴിയിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്കെടുത്ത വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇവരുമായി ബന്ധപ്പെട്ടവരിലേക്കും അന്വേഷണമുണ്ടാകും. പ്രതികളെ റിമാൻഡ് ചെയ്തു. അതേസമയം, ഓണം സ്‍പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്തിരുന്നു. അടിമാലി കൊരങ്ങാട്ടി റോഡിലുള്ള ലോഡ്ജിൽ സംശയാസ്‍പദമായി കണ്ട യുവാക്കളെ ലോഡ്ജ് മുറിയിലെത്തി വിശദമായി പരിശോധന നടത്തിയപ്പോഴാണ് 2.042 ഗ്രാം എംഡിഎംഎ യുമായി മൂന്ന് യുവാക്കൾഅറസ്റ്റിലായത്.എറണാകുളം ജില്ലയിലെ നേര്യമംഗലം സ്വദേശികളായ മുരീക്കൽ വീട്ടിൽ ജോൺസൺ എൽദോസ് (20), കാനാട്ടുകുടിയിൽ അനിലേഷ് തങ്കൻ, മുവാറ്റുപുഴ കുന്നക്കാൽ കരയിൽപടിഞ്ഞാറേ മുറി തോട്ടത്തിൽ ആൽവിൻ ചാക്കോ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഗ്രാമിന്‌ ഒരു ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎ, കൈവശം സൂക്ഷിക്കുന്നത് ഒരു ലക്ഷം രൂപ പിഴയും പത്ത് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.