പന്തളത്ത് ഡോക്ടര്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

പന്തളത്ത് ഡോക്ടര്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

പത്തനംതിട്ട: പന്തളത്ത് ഡോക്ടര്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി മരുന്ന കഴിച്ച് അബോധവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ മണിമാരന്‍, കൃഷ്ണവേണി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ ദമ്പതികളെ അയല്‍വാസികള്‍ അബോധവാസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. കിടപ്പുമുറിയില്‍ അബോധാവസ്ഥയിലായ ഇവരെ പൊലീസ് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ അപകടനില തരണം ചെയ്തിട്ടില്ല.

ഇവരുടെ ബെഡ്‌റൂമില്‍ നിന്ന് ഇവര്‍ എഴുതിവച്ചതെന്ന് കരുതുന്നു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങള്‍, ഐഎംഎ ഭാരവാഹികള്‍, പൊലീസ് എന്നിവര്‍ക്ക് പ്രത്യേകമായി കുറിപ്പ് എഴുതിവച്ചിരുന്നു.

മരണത്തിന് മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലെന്നാണ് കുറിപ്പില്‍ എഴുതിവച്ചിരിക്കുന്നത്. ഇരുവരും പന്തളത്ത് സ്വകാര്യ ആശുപത്രി നടത്തുകയായിരുന്നു. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. എംബിബിഎസ് പൂര്‍ത്തിയാക്കിയ മകന്‍ നാട്ടില്‍ തന്നെ ഡോക്ടറായി ജോലി ചെയ്തുവരികയാണ്.

ഇടവ ഗവ: മുസ്ലിം യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു

ഇടവ ഗവ: മുസ്ലിം യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു

ഇടവ ഗവ: മുസ്ലിം യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരം വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

ഇടവ ഗവർമെന്റ് യു.പി സ്കൂൾ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാറ്റത്തിന്റെ പാതയിൽ ആണെന്നും പുതിയ മന്ദിരം സ്കൂളിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏറെ ഗുണം ചെയ്യുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; വീട്ടിൽ അതിക്രമിച്ചു കയറി

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; വീട്ടിൽ അതിക്രമിച്ചു കയറി

തിരുവനന്തപുരം വെങ്ങാനൂരിൽ ഗുണ്ടാ ആക്രമണം. വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ചു. വെണ്ണിയൂർ സ്വദേശി ഷിജിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. നാലംഗ സംഘം ഷിജിനെയും ഭാര്യയെയും മർദ്ദിച്ചു.

കമ്പി വടി കൊണ്ട് ഷിജിന്റെ കാൽ അടിച്ചൊടിക്കുകയും വീട്ടിലുണ്ടായിരുന്ന നാലു പവന്റെ സ്വർണo കവരുകയും ചെയ്തു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളിയിലേക്ക് ടൂര്‍ പാക്കേജ്; ഒരുക്കുന്നത് ആറ്റിങ്ങല്‍ സ്വദേശി

ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളിയിലേക്ക് ടൂര്‍ പാക്കേജ്; ഒരുക്കുന്നത് ആറ്റിങ്ങല്‍ സ്വദേശി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലേക്ക് ഇപ്പോഴും ആളുകള്‍ ഒഴുകിയെത്തുകയാണ്. ദൂരെ നിന്ന് വരെ ആളുകള്‍ എത്തുന്നുണ്ട്. യാത്രക്കാരുടെ സൗകര്യത്തിന് തലസ്ഥാനത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് പാക്കേജ് ടൂര്‍ ആരംഭിച്ചിരിക്കുകയാണ് ആറ്റിങ്ങല്‍ സ്വദേശിയായ എസ് പ്രശാന്തന്‍.

നാളെ( ശനിയാഴ്ച) ആണ് യാത്ര ഒരുക്കിയിരിക്കുന്നത്. ജൂലൈ 30ന് പാലാ രാമപുരത്ത് നാലമ്പല ദര്‍ശനത്തിനായി പോയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ സംസ്‌കരിച്ച പള്ളിയില്‍ കയറണമെന്ന് ബസിലുണ്ടായിരുന്നവര്‍ ആഗ്രഹം പ്രകടിപ്പിച്ചതായും മടങ്ങുംവഴി രാത്രി ഒന്‍പതരയോടെ അവിടെ പോയെന്നും പ്രശാന്തന്‍ പറഞ്ഞു. ആ നേരത്തും ആള്‍ക്കൂട്ടമായിരുന്നു. തിരികെ ആറ്റിങ്ങലില്‍ എത്തിയശേഷമാണ് പുതിയ പാക്കേജ് ടൂറിനെ കുറിച്ച് തീരുമാനിച്ചതെന്നും പ്രശാന്തന്‍ പറയുന്നു.

നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസ്: എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്

നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസ്: എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും.

സ്പീക്കരുടെ മിത്ത് പരാമര്‍ശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടിവരെ നടത്തിയ യാത്രയ്‌ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രയ്ക്ക് നേതൃത്വം നല്‍കിയ എന്‍എസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാര്‍ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കുമെതിരെയാണ് കേസ്.

ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ മാപ്പു പറയാതെ പിന്നോട്ടില്ലെന്നാണ് എന്‍എസ്എസ് നിലപാട്.

നടിയെ ആക്രമിച്ച കേസ്: ‘വിചാരണ വേ​ഗത്തിൽ പൂർത്തിയാക്കണം’; ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും

നടിയെ ആക്രമിച്ച കേസ്: ‘വിചാരണ വേ​ഗത്തിൽ പൂർത്തിയാക്കണം’; ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വേ​ഗത്തിൽ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിചാരണ പൂർത്തിയാക്കാൻ എട്ട് മാസം കൂടി സമയം തേടിയിരിക്കുകയാണ് വിചാരണ കോടതി. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിക്ക് കത്ത് നല്‍കി.

വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി ജൂലൈ 31ന് അവസാനിച്ചിരുന്നു.

ഇനിയും ആറ് സാക്ഷികളെ വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുള്ളത്. ഇതിലൊന്ന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിന്റേതാണ്. ഇതിന് പുറമെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അഞ്ചു പേരേക്കൂടി വിസ്തരിക്കേണ്ടതുണ്ട്. വിസ്താരം പൂര്‍ത്തിയാകാന്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു മാസം കൂടി ആവശ്യമെന്നാണ് രേഖകളില്‍നിന്ന് മനസിലാകുന്നതെന്നും വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി നിഷ്‌കര്‍ഷിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എല്ലാ ശ്രമങ്ങളും കോടതി നടത്തിയിരുന്നതായി കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു.

വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നാണ് ദിലീപിന്റെ വാദം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ദിലീപ് നിലപാടറിയിച്ചത്.