by Midhun HP News | Aug 4, 2023 | Latest News, ജില്ലാ വാർത്ത
കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തോപ്പുംപടി നസ്രത്ത് സ്വദേശി നിൻസൺ എന്ന ലൂയിസ് പീറ്റർ (27) ആണ് അറസ്റ്റിലായത്. എറണാകുളം സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഫോട്ടോകൾ എടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പെൺകുട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തത് അറിഞ്ഞ പ്രതി നാട്ടിൽ നിന്നും മുങ്ങി.
വയനാട്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുകയായിരുന്നു. ചെന്നൈയിൽ നിന്നാണ് തോപ്പുംപടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
by Midhun HP News | Aug 4, 2023 | Latest News, ജില്ലാ വാർത്ത, മരണം
കോഴിക്കോട്: കുറ്റ്യാടി സ്വദേശിനിയായ 23 വയസ്സുകാരിയുടെ ദുരൂഹ മരണത്തിൽ യുവാവ് അറസ്റ്റിൽ. യുവതിക്കൊപ്പം താമസിച്ചിരുന്ന മാവൂർ സ്വദേശി മുഹമ്മദ് അമൽ ആണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡനം, എസ് സി- എസ് ടി വകുപ്പുകൾ തുടങ്ങിയവ ചുമത്തിയാണ് അമലിനെതിരെ കേസെടുത്തത്. പ്രതി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
പ്രതിയ്‌ക്കെതിരെ മരിച്ച യുവതിയുടെ മറ്റൊരു സുഹൃത്ത് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. പ്രതി കൂടുതൽ പെൺകുട്ടികൾക്ക് ലഹരി നൽകാൻ ശ്രമിച്ചെന്നും, മരിച്ച യുവതിയെ ലഹരി മാഫിയയുടെ ഭാഗമാക്കാൻ പദ്ധതിയിട്ടിരുന്നു എന്നുമാണ് ശബ്ദരേഖയിൽ സുഹൃത്ത് ആരോപിക്കുന്നത്. യുവതിയുടെ മരണത്തിൽ മയക്കുമരുന്ന് ഇടപാടുകാരുടെ പങ്കും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞമാസം 13- നാണ് കുറ്റ്യാടി പാറക്കൽ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ 23 വയസ്സുകാരിയെ, കോഴിക്കോട്ടെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും, ഒപ്പം താമസിച്ച യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. യുവതിയുടെ മരണത്തിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകിയത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
by Midhun HP News | Aug 4, 2023 | Latest News, ജില്ലാ വാർത്ത
ആലപ്പുഴ: ഗണപതിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സിപിഎം നിലപാട് തിരുത്തിയ സ്ഥിതിക്ക് സ്പീക്കറും നിലപാട് തിരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗോവിന്ദന്റെ പുതിയ നിലപാട് മനസിലാക്കിക്കൊണ്ട് സ്പീക്കര്‍ തന്റെ നിലപാട് തിരുത്തിയാല്‍ പ്രശ്‌നങ്ങള്‍ ഇവിടെ അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രശ്‌നം വഷളാക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല.
വിശ്വാസികള്‍ ആരാധിക്കുന്ന ഗണപതിയെ പറ്റി മോശമായി പ്രതികരണം നടത്തിയപ്പോഴാണ് എല്ലാവരും അതില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഗോവിന്ദന്‍ തന്റെ നിലപാട് തിരുത്തിയിരിക്കുന്നു.
യഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പം സിപിഎം നില്‍ക്കുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞതോടെ കോണ്‍ഗ്രസ് പറയുന്നിടത്തേക്ക് സിപിഎം വന്നിരിക്കുകയാണ്. ഈ പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സ്പീക്കര്‍ തിരുത്തുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
ഡല്‍ഹിയില്‍ പോയപ്പോള്‍ ഗോവിന്ദന്‍ കവാത്ത് മറന്നത് നല്ലകാര്യമാണ്. തെറ്റ് ആര് തിരുത്തിയാലും അത് സന്തോഷമാണ്. വൈകിയാണെങ്കിലും സിപിഎമ്മിന് വിവേകമുണ്ടാകുന്നു.
വിശ്വാസത്തെ ഹനിക്കാന്‍ ആരും മുന്നോട്ടുവരരുത്. അതിനെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുത്. കേരളം മതനിരപേക്ഷ സംസ്ഥാനമാണ്. അതിനെ തകര്‍ക്കാനാണ് ബോധപൂര്‍വം ശ്രമം നടക്കുന്നത്.
സിപിഎമ്മും ബിജെപിയും തെറ്റായ രാഷ്ട്രീയക്കളിയാണ് കളിക്കുന്നത്. വര്‍ഗീയ ധ്രുവീകരണമാണ് ഇവരുടെ ലക്ഷ്യമെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.
താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സിപിഎം പറഞ്ഞത് സുരേന്ദ്രനും ചെന്നിത്തലയ്ക്കും ഒരേ സ്വരമാണെന്നായിരുന്നു. അതല്ലാതെ മറ്റൊന്നും അവര്‍ക്ക് പറയാനില്ല. പ്രതിപക്ഷമെന്ന നിലയില്‍ തങ്ങള്‍ പറയുന്ന കാര്യം ബിജെപി പറഞ്ഞെന്നിരിക്കും.
അതിനര്‍ഥം ബിജെപിയും കോണ്‍ഗ്രസും ധാരണയെന്നാണോ?. കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മിലാണ് ധാരണ. സതീശനെ പറ്റി ഗോവിന്ദന്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
by Midhun HP News | Aug 4, 2023 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയില്‍ പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്നതിന് സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റം വരുത്തി അതിവേഗ പാത നടപ്പാക്കണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നീക്കം.
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലാണ് മുഖ്യമന്ത്രി. അതിനിടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയത്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് ഡിപിആര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ പുരോഗതി മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആരായും. ഡിപിആറുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതിന് കെ റെയില്‍ മറുപടി നല്‍കിയിരുന്നു. ഇത് പരിശോധിക്കാന്‍ ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിരിക്കുകയാണ് റെയില്‍വേ ബോര്‍ഡ്.
സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി കെ വി തോമസുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
അടുത്തിടെ, പുതിയ പാത എന്ന നിലയില്‍ സില്‍വര്‍ ലൈനെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു. ഇ ശ്രീധരന്റെ നിര്‍ദേശങ്ങള്‍ റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന. പുതിയ നിര്‍ദേശങ്ങള്‍ കൂടി മുന്നോട്ടുവെച്ച് വേഗത്തില്‍ സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്ക് അംഗീകാരം വാങ്ങിയെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
by Midhun HP News | Aug 4, 2023 | ജില്ലാ വാർത്ത
തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശവും തുടര്‍ന്നുള്ള സിപിഎം നിലപാടും ഭക്തജനങ്ങളെ സംബന്ധിച്ച് വേദനിപ്പിച്ച് കൊണ്ടിരിക്കുന്ന കാര്യമാണെന്നും അതിനാല്‍ വിഷയം ആളിക്കത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് സര്‍ക്കാരും പാര്‍ട്ടിയുമാണെന്നും ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.
കേരളീയ ജീവിതം കലുഷിതമാകാതിരിക്കാന്‍ സര്‍വ്വസമുദായ മൈത്രി ഊട്ടിയുറപ്പിക്കുന്ന രീതിയില്‍ വേണം എല്ലാവരും നിലപാട് സ്വീകരിക്കേണ്ടതെന്നും സ്വാമി സച്ചിദാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികളുടെ യോഗത്തില്‍ പങ്കെടുത്ത് വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രബോധം ഉണ്ടാവണമെന്ന് സ്പീക്കര്‍ പറഞ്ഞതില്‍ തെറ്റില്ല. അദ്ദേഹത്തിന് അങ്ങനെ പറയാം. അതോടൊപ്പം ഗണപതിയെയും അതേപോലെയുള്ള ആരാധനാ സമ്പ്രദായങ്ങളെയും ഈ രൂപത്തിലാണ് കാണേണ്ടത് എന്നുള്ള ആ അഭിപ്രായം അദ്ദേഹം സൂക്ഷിച്ചാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്.
ഗണപതി ഹിന്ദു സമുദായത്തിന് മാത്രമല്ല എല്ലാ സമുദായത്തിനും ആദരണീയമാണ്.എല്ലാ ജനസമൂഹവും ഗണപതിയെ ആദരിക്കേണ്ടതാണ്. മതേതര രാഷ്ടത്തില്‍ കഴിയുമ്പോള്‍ എല്ലാവരും ഈ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗണപതി പരാമര്‍ശത്തില്‍ സിപിഎമ്മിന്റെ നിലപാട് സംബന്ധിച്ച് ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ സാധിക്കില്ല. അത് അവരെ സംബന്ധിച്ചുള്ള കാര്യമാണ്. അവരുടെ മനോനിലയും അവരുടെ വിശ്വാസവും അവരുടെ സംസ്‌കാരവുമാണ്. ശിവഗിരി മഠം അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് നിന്ന് കൊടുക്കാറില്ല.
എല്ലാ മതങ്ങളുടെയും ചര്യകളെയും ആധ്യാത്മിക ഗുരുക്കളെയും ആദരിക്കുന്ന പാരമ്പര്യമാണ് ശിവഗിരി മഠത്തിനുള്ളത്. ഈശ്വര സത്തയുടെ പ്രതീകമായാണ് ഗണപതിയെ ഗുരുദേവന്‍ അവതരിപ്പിച്ചത്. ഗണപതിയെ കുറിച്ച് അദ്ദേഹം സ്‌തോത്രവും എഴുതിയിട്ടുണ്ട്. ഈ സ്‌തോത്രത്തിലൂടെ ഗുരുവിന്റെ ഗണപതി സങ്കല്‍പ്പം അറിയാന്‍ സാധിക്കുമെന്നും സച്ചിദാനന്ദ പറഞ്ഞു.
by Midhun HP News | Aug 4, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ആലംകോട് പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട് മൂടി കിടന്ന് ഇഴജന്തുക്കളുടെ ശല്യം വ്യാപകമായിരുന്നു. കഴിഞ്ഞ ദിവസം മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടിയ സംഭവത്തിൽ വാർത്ത വന്നതിനെ തുടർന്ന് നഗരസഭാ ഇടപ്പെട്ട് കാടുകൾ നീക്കം ചെയ്ത് വഴി സഞ്ചാരയോഗ്യമാക്കി.
Recent Comments