തൃശൂരില്‍ ബാര്‍ അടിച്ചു തകര്‍ത്തു

തൃശൂരില്‍ ബാര്‍ അടിച്ചു തകര്‍ത്തു

തൃശൂര്‍: മദ്യം വില കുറച്ച് നല്‍കാത്തതില്‍ പ്രകോപിതരായ അക്രമ സംഘം ബാര്‍ അടിച്ചു തകര്‍ത്തു. തടയാന്‍ ശ്രമിച്ച മൂന്ന് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ഇന്നലെ രാത്രി പത്തുമണിക്ക് ശേഷമാണ് സംഭവം.

ഇരുമ്പുവടിയുമായി എത്തിയ നാലംഗ സംഘമാണ് ബാര്‍ അടിച്ചുതകര്‍ത്തത്. മദ്യം വില കുറച്ച് നല്‍കണം എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അതിക്രമത്തില്‍ കലാശിച്ചത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് തരണമെന്ന് അക്രമികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വില കുറച്ച് നല്‍കാന്‍ കഴിയില്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞു.

ജീവനക്കാരുമായി വഴക്കിട്ട ശേഷം മടങ്ങിപ്പോയ സംഘം, ഇരുമ്പുവടികളുമായി തിരികെയെത്തിയ ശേഷം ബാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവല്ലയില്‍ അച്ഛനേയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു; കസ്റ്റഡിയില്‍

തിരുവല്ലയില്‍ അച്ഛനേയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു; കസ്റ്റഡിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധപ്പെട്ട് അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃഷ്ണന്‍ കുട്ടി(72) യും ശാരദ(70) യുമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം ഉണ്ടായത്.

രണ്ടുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലാനുള്ള കാരണം എന്താണെന്ന് അറിയില്ല.

അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു അനില്‍ താമസിച്ചിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കൈയില്‍ മാരാകായുധവുമായി അനില്‍ പ്രകോപനം സൃഷ്ടിച്ചതിനാല്‍ നാട്ടുകാര്‍ക്കും ഇടപെടനായില്ല. രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

വിമാനത്തില്‍ പുക; പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ തിരിച്ചിറക്കി

വിമാനത്തില്‍ പുക; പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ തിരിച്ചിറക്കി

കൊച്ചി: പുക ഉയരുന്നത് കണ്ടതിന് പിന്നാലെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ തിരിച്ചിറക്കി.

കൊച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. ഇന്നലെ രാത്രി പത്തരയ്ക്ക് പുറപ്പെട്ട വിമാനമാണ് ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്.

പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ആണ് ജീവനക്കാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരുവിമാനത്തില്‍ കൊണ്ടുപോയി.

ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് കുതിക്കാന്‍ കേരളവും; തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചു

ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് കുതിക്കാന്‍ കേരളവും; തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചു

തിരുവനന്തപുരം: ഇലക്ട്രിക് വാഹന ഉല്‍പ്പാദനരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന ലിഥിയം ടൈറ്റനേറ്റ് (എല്‍ടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച് കേരളം. സംസ്ഥാനത്ത് ഇ- വാഹനനയം രൂപീകരിക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായ കെ- ഡിസ്‌കിന്റെ മുന്‍കൈയില്‍ രൂപീകരിച്ച ഇവി ഡെവലപ്‌മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് കണ്‍സോര്‍ഷ്യമാണ് ബാറ്ററി വികസിപ്പിച്ചത്. വിഎസ്എസ്സി, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ്, സി-ഡാക് തിരുവനന്തപുരം, ട്രിവാന്‍ഡ്രം എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്ക് എന്നിവരാണ് കണ്‍സോര്‍ഷ്യത്തിലെ പങ്കാളികള്‍.

മികച്ച ഊര്‍ജസാന്ദ്രത, വേഗത്തിലുള്ള ചാര്‍ജിങ്, ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയുള്ളതാണ് ബാറ്ററി. ബാറ്ററിയുടെ പ്രോട്ടോടൈപ്പ് തലസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായരില്‍നിന്ന് വ്യവസായമന്ത്രി പി രാജീവ് ഏറ്റുവാങ്ങി.

ചരിത്രപരമായ മുഹൂര്‍ത്തമാണിതെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് തദ്ദേശീയ വസ്തുക്കള്‍ ഉപയോഗിച്ച് ബാറ്ററി വികസിപ്പിച്ചതെന്നത് ഏറെ സന്തോഷം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തെ വ്യവസായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ കണ്ടെത്തിയ 22 മുന്‍ഗണനാ മേഖലയില്‍ പ്രധാനപ്പെട്ടതാണ് ഇലക്ട്രിക് വാഹന മേഖല. മോണോസൈറ്റ്, തോറിയം, ഇല്‍മനൈറ്റ് തുടങ്ങിയ മൂലകങ്ങളാല്‍ സമ്പന്നമായ കേരളത്തിന്റെ ധാതുസമ്പത്ത് വേണ്ടവിധം വ്യാവസായികമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ഇത്തരത്തിലുള്ള കണ്ടുപിടിത്തം അതിനുകൂടി വഴിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്. അതിനിടെ, പ്രതി അസഫാക് ആലമിനെ അന്വേഷണസംഘം ഇന്ന് തെളിവെടുപ്പിനായി എത്തിക്കും.

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനല്‍ കേസുകള്‍ ഉണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിലെ ചോദ്യംചെയ്യലിന് ശേഷം മാത്രമേ അന്വേഷണസംഘം ബിഹാറിലേക്ക് പോകൂ എന്ന് ഡിഐജി എ ശ്രീനിവാസ് അറിയിച്ചു. കഴിഞ്ഞദിവസം അസഫാക് ആലമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട് എറണാകുളം പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്.

പട്ടാപ്പകല്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

പട്ടാപ്പകല്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കണ്ണൂര്‍: കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇടവഴിയില്‍ വച്ചാണ് കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടായത്. കറുത്ത ഒമ്‌നി കാറില്‍ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് ഉണ്ടായിരുന്നത്. കാറിനകത്തേയ്ക്ക് വലിച്ച് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ, പെണ്‍കുട്ടി കുതറിയോടിയത് കൊണ്ടാണ് രക്ഷപ്പെട്ടത്.

ഉടന്‍ തന്നെ എതിര്‍വശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയും ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും തിരിച്ചറിഞ്ഞ സംഘം വാഹനം തിരിച്ച് പ്രദേശത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.