അറസ്റ്റ് ഇല്ല, കൈക്കൂലിപ്പണവുമായി പിടിയിലായ ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചു, 16ന് ഹാജരാവാന്‍ നോട്ടീസ്

അറസ്റ്റ് ഇല്ല, കൈക്കൂലിപ്പണവുമായി പിടിയിലായ ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചു, 16ന് ഹാജരാവാന്‍ നോട്ടീസ്

കൊച്ചി: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് വിട്ടയച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 16ന് ഹാജരാവാന്‍ ആവശ്യപ്പെട്ട്, ക്രിമിനല്‍ നടപടിച്ചട്ടം 41 പ്രകാരം ഇവര്‍ക്കു നോട്ടീസ് നല്‍കി.

ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ എത്തിയവരാണ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. നേരത്തെ വയനാട്, മലപ്പുറം സ്വദേശികളെ അവര്‍ അറസ്റ്റ്് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു കുമ്പളങ്ങി സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍നിന്നാണ് ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയത്. ഒരാളില്‍നിന്ന് ഒരു ലക്ഷം രൂപയും മറ്റൊരാളില്‍നിന്ന് മൂന്നു ലക്ഷം രൂപയും കൈപ്പറ്റി. പണം വാങ്ങിയിട്ടും വിട്ടയയ്ക്കാതായപ്പോള്‍ കുടുംബം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കുകയായിരുന്നു.

കൈക്കൂലി വാങ്ങിയ പണം അടക്കം ബംഗളൂരു പൊലീസിലെ സിഐ അടക്കം നാലുപേരെ പിന്തുടര്‍ന്നാണ് അങ്കമാലിക്കു സമീപം വച്ച് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ചു എന്ന വകുപ്പാണ് വൈറ്റ്ഫീല്‍ഡ് സൈബര്‍ പൊലീസ് സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെ നാലംഗ പൊലീസ് സംഘത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

ഏഴു വര്‍ഷം തടവു ശിക്ഷയില്‍ കുറവുള്ള കുറ്റങ്ങള്‍ക്ക് അറസ്റ്റ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചത്. ഇവരില്‍നിന്നു പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും.

കേസില്‍ നിന്ന് ഒഴിവാക്കാന്‍ കുമ്പളങ്ങി സ്വദേശികളോട് ആദ്യം 25 ലക്ഷം രൂപയാണ് സിഐ അടങ്ങുന്ന നാലംഗ സംഘം ചോദിച്ചത്. പിന്നീട് പത്തുലക്ഷം തന്നാല്‍ വിടാമെന്നായി. യുവാക്കളില്‍ ഒരാളില്‍ നിന്ന് ആദ്യം ഒരു ലക്ഷം വാങ്ങി. രണ്ടാമത്തെയാളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും ഭീഷണിപ്പെടുത്തി വാങ്ങിയെടുത്തു. ഒടുവില്‍ ഒരു ലക്ഷം രൂപ തന്ന യുവാവിനോട് കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിയുമായി കേരള പൊലീസിനെ സമീപിച്ചത്.

ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ലഭിച്ചത് മരക്കഷണം

ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ലഭിച്ചത് മരക്കഷണം

കണ്ണൂര്‍: ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മരക്കഷണം. കണ്ണൂര്‍ കേളകം സ്വദേശി ജോസ്മിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ മാസമാണ് 7,299 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ ജോസ്മി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. ലഭിച്ച പാക്കറ്റ് തുറന്നു നോക്കിയപ്പോള്‍ കണ്ടത് അതേ വലിപ്പത്തിലുള്ള മരക്കഷണമാണ്.

ഉടന്‍ തന്നെ ഡെലിവറി ബോയിയെ വിളിച്ച് കാര്യമറിയിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ മാറ്റിത്തരാമെന്ന് ഡെലിവറി ബോയ് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ ലഭിച്ചില്ല.

കസ്റ്റമര്‍ കെയറിലും കൊറിയര്‍ സര്‍വീസിലും വിളിച്ച് പരാതി അറിയിച്ചെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. മാത്രമല്ല, ഓര്‍ഡര്‍ കൈപ്പറ്റിയതിനാല്‍ പണം തിരികെ നല്‍കില്ലെന്നും ഓണ്‍ലൈന്‍ സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ അറിയിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത് പരാതി പൊലീസ് പരിശോധിച്ചു വരികയാണ്.

എഐ കാമറയില്‍ കുടുങ്ങിയത് 10 എംപിമാരും 19 എംഎല്‍എമാരും

എഐ കാമറയില്‍ കുടുങ്ങിയത് 10 എംപിമാരും 19 എംഎല്‍എമാരും

തിരുവനന്തപുരം: ഒരുമാസത്തിനിടെ ഗതാഗത നിയമലംഘനത്തിന് എഐ കാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങള്‍. 19 എംഎല്‍എമാരും പത്ത് എംപിമാരുമാണ് കുടുങ്ങിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു എംപി പത്ത് തവണയും ഒരു എംഎല്‍എ ഏഴ് തവണയും നിയമംലംഘിച്ചു. 328 സര്‍ക്കാര്‍ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

നിയമലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ക്ക് നോട്ടീസ് അയക്കും. ആവശ്യമെങ്കില്‍ ജനപ്രതിനിധികള്‍ക്ക് ഗതാഗതവകുപ്പിന്റെ ഓഫീസുകളില്‍ അപ്പീല്‍ നല്‍കാം. അല്ലെങ്കില്‍ അടുത്തദിവസം തന്നെ പിഴ അടയ്‌ക്കേണ്ടി വരും. എഐ കാമറ വന്നാലും വിഐപി വാഹനങ്ങള്‍ നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കില്ലെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു.

ഒരുമാസത്തെ നിയമലംഘനത്തിന്റെ കണക്കാണ് മന്ത്രി പുറത്തുവിട്ടത്. എന്നാല്‍ എംപിമാരുടെയോ എംഎല്‍എമാരുടെയോ പേര് മന്ത്രി പറഞ്ഞിട്ടില്ല. കാസര്‍കോട് കേന്ദ്രീകരിച്ചുള്ള റോഡിലാണ് നിയമലംഘനം കൂടുതല്‍ ആയി ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇനി മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. എഐ കാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

2022 ജൂലൈയില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനം കണ്ടെത്തി.

15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കി. 25 കോടി 81 ലക്ഷം രൂപ ഇ ചലാന്‍ വഴി കിട്ടിയതായും മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ അപ്പീല്‍ നല്‍കാനുള്ള സംവിധാനം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസ്; എന്‍എസ്എസ് വൈസ് പ്രസിഡന്റ് ഒന്നാം പ്രതി

നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസ്; എന്‍എസ്എസ് വൈസ് പ്രസിഡന്റ് ഒന്നാം പ്രതി

തിരുവനന്തപുരം: സ്പീക്കര്‍ എഎഎന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എന്‍എസ്എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയ്‌ക്കെതിരെ പൊലീസ് കേസ്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി. കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു ഘോഷയാത്ര. ഇതേതുടര്‍ന്ന് ഒരുമണിക്കൂറോളം നേരം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു.

എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കണ്ടാല്‍ അറിയുന്ന ആയിരത്തോളം പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഐപിസി 143,147, 149, 253 അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. കന്റോണ്‍മെന്റ് പൊലീസ് സ്വമേധയായാണ് കേസ് എടുത്തിരിക്കുന്നത്.

പേയിങ് ​ഗസ്റ്റായി കഴിയുന്ന വി​ദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി: 16കാരനെതിരെ കേസ്

പേയിങ് ​ഗസ്റ്റായി കഴിയുന്ന വി​ദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി: 16കാരനെതിരെ കേസ്

കണ്ണൂർ: വീട്ടിൽ പേയിംങ് ​ഗസ്റ്റായി കഴിയുന്ന വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ 16കാരനെതിരെ കേസ്. കണ്ണൂർ ചക്കരക്കല്ലിലാണ് സംഭവമുണ്ടായത്. ശുചിമുറിയിൽ മൊബൈൽഫോൺ ഒളിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

മെഡിസിൻ വിദ്യാർത്ഥിയായ പെൺകുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. പേയിങ് ​ഗസ്റ്റായി താമസിച്ചുവന്ന വീട്ടിലെ 16-കാരനാണ് ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയത്.

കഴിഞ്ഞ ദിവസമാണ് കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മൊബെല്‍ ഫോണ്‍ കണ്ടത്. മൊബെല്‍ ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത നിലയിലായിരുന്നു.

ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ പരാതിയിൽ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സ്റ്റേഷന്‍ എസ്.ഐ. എം.കെ.പവനന്‍ പറഞ്ഞു.

ജാമ്യത്തിലിറങ്ങി മുങ്ങി; 28 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ജാമ്യത്തിലിറങ്ങി മുങ്ങി; 28 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

കോട്ടയം: കോടതി ശിക്ഷിച്ചശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 28 വര്‍ഷത്തിനുശേഷം പിടിയിലായി. എരുമേലി പാക്കാനം പുഞ്ചവയല്‍ കാരിശേരി ചവറമ്മാക്കല്‍ സന്തോഷ് ബാബു (59) ആണ് അറസ്റ്റിലായത്. 1993ല്‍ അയല്‍വാസിയെ വീട്ടില്‍ക്കയറി ആക്രമിച്ചെന്ന കേസില്‍ പ്രതിയായിരുന്നു സന്തോഷ്.

95ല്‍ കോടതി ഇയാള്‍ക്കു മൂന്നുമാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. തുടര്‍ന്നു ജാമ്യത്തിലിറങ്ങിയ സന്തോഷ് ഒളിവില്‍ പോവുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലില്‍ പ്രതിയെ ഇടുക്കി തങ്കമണിയില്‍ നിന്നാണു പിടികൂടിയത്.