പ്രിയ വര്‍ഗീസിന് ആശ്വാസം; റാങ്ക് പട്ടിക പുനപ്പരിശോധിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പ്രിയ വര്‍ഗീസിന് ആശ്വാസം; റാങ്ക് പട്ടിക പുനപ്പരിശോധിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പ്രിയ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് വിധി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.

യുജിസി മാനദണ്ഡ പ്രകാരം എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍വകലാശാലയുടെ റാങ്കു പട്ടിക റദ്ദാക്കിയത്. അസോസിയേറ്റ് നിയമനത്തിനു യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകള്‍ പ്രിയ വര്‍ഗീസിന് ഇല്ലൊണ് സിംഗിള്‍ ബെഞ്ച് വിലയിരുത്തിയത്. പ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസര്‍ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല. പിഎച്ച്ഡി ഗവേഷണം ഫെലോഷിപ്പോടെയാണ്, ഈ കാലയളവില്‍ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ കാലയളവില്‍ അധ്യാപന പരിചയം ലഭിച്ചിട്ടില്ല. അധ്യാപന ജോലി ചെയ്യാത്തവരെ അധ്യാപക പരിചയം ഉള്ളവരായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രവൃത്തിപരിചയം അധ്യാപന പരിചയമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് ഹര്‍ജിയില്‍ആവശ്യപ്പെട്ടത്.

പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാന്‍ മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചത്. അതേസമയം പ്രിയ വര്‍ഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍വകലാശാല വാദിച്ചു.

കല്ലമ്പലം ദേശീയപാതയിൽ വാഹനാപകടം

കല്ലമ്പലം ദേശീയപാതയിൽ വാഹനാപകടം

കല്ലമ്പലം: ദേശീയ പാതയിൽ കല്ലമ്പലം ആഴാം കോണത്ത് കാറിന് പിറകിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ആറ്റിങ്ങൽ സ്വദേശി സുനിക്കാണ് പരിക്കേറ്റത്. കെ ടി സി ടി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം എസ്‌. ഐ സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യ കസ്റ്റഡിയില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യ കസ്റ്റഡിയില്‍

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ കസ്റ്റഡിയില്‍. കേസ് എടുത്ത് പതിനഞ്ച് ദിവസം കഴിഞ്ഞതിന് ശേഷമാണ് കെ വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നാണ് ഇവരെ അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വിദ്യയെ പിടികൂടിയത്. വിദ്യയുമായി പൊലീസ് സംഘം അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തുമെന്നാണ് സൂചന. നാളെ രാവിലെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

ചരിത്രമെഴുതി; യുഎന്‍ ആസ്ഥാനത്തെ യോഗാ ദിനാഘോഷത്തിന് ലോക റെക്കോര്‍ഡ്

ചരിത്രമെഴുതി; യുഎന്‍ ആസ്ഥാനത്തെ യോഗാ ദിനാഘോഷത്തിന് ലോക റെക്കോര്‍ഡ്

യുഎന്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കിയ യോഗാ ദിനാഘോഷം ഗിന്നസ് റെക്കോര്‍ഡില്‍. ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്ത യോഗാ ആഘോഷം എന്ന റെക്കോര്‍ഡാണ് യുഎന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പിറന്നത്. 135 രാജ്യങ്ങളുടെ പ്രതിനിധികളാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
യുഎന്‍ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് യുഎന്നില്‍ ലോക യോഗാ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്.

ഇനി ‘തുണ’യുണ്ട്…! നഷ്ടപ്പെട്ടത് തിരിച്ചുകിട്ടാന്‍ ഓണ്‍ലൈനായി പരാതി നല്‍കാം, തുണ പോർട്ടലിൽ മൂന്ന് സേവനങ്ങൾ കൂടി

ഇനി ‘തുണ’യുണ്ട്…! നഷ്ടപ്പെട്ടത് തിരിച്ചുകിട്ടാന്‍ ഓണ്‍ലൈനായി പരാതി നല്‍കാം, തുണ പോർട്ടലിൽ മൂന്ന് സേവനങ്ങൾ കൂടി

തിരുവനന്തപുരം: കേരള പൊലീസ് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. നഷ്ടപ്പെട്ട് പോയ സാധനങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാനുള്ള സംവിധാനമാണ് അതില്‍ ഒന്ന്. തുണ പോര്‍ട്ടലില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്ത ശേഷം പരാതി നല്‍കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു.

നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയാല്‍ പരാതിക്കാരന് കൈമാറും.പരാതി പിന്‍വലിക്കുകയാണെങ്കില്‍ കേസും അവസാനിപ്പിക്കും. സാധനം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. പരാതിയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ അത് ഓണ്‍ലൈനായി തന്നെ തിരുത്താനുള്ള സംവിധാനവും ഇതിലുണ്ട്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പ് വഴിയും നഷ്ടപ്പെട്ട സാധനങ്ങളെ സംബന്ധിച്ച് പരാതി നല്‍കാവുന്നതാണ്.

ജാഥകള്‍, സമരങ്ങള്‍ എന്നിവ നടത്തുന്ന സംഘടനകള്‍ക്ക് ഇക്കാര്യം മുന്‍കൂട്ടി തന്നെ ജില്ലാ പൊലീസിനെയും സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും ഓണ്‍ലൈനിലൂടെ അറിയിക്കാനുള്ള സംവിധാനമാണ് മറ്റൊന്ന്. നിയമാനുസൃതമായ നോട്ടീസ് അപേക്ഷകന് നല്‍കുകയും ചെയ്യും.
മോട്ടാര്‍ വാഹന അപകട കേസുമായി ബന്ധപ്പെട്ട രേഖകള്‍ പലപ്പോഴും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായി വരാറുണ്ട്. ഈ രേഖകള്‍ പണമടച്ച് വാങ്ങാനുള്ള സൗകര്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. 13 തരം സര്‍ട്ടിഫിക്കറ്റുകള്‍ ഇങ്ങനെ വാങ്ങാവുന്നത്. ഓരോന്നിനും 100 രൂപയാണ് ഫീസായി ഈടാക്കുന്നത്.

ആക്‌സിഡന്റ് ജിഡി കോപ്പി, മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി, വിവിധ വിഷയങ്ങളെ സംബന്ധിച്ച് പരാതി നല്‍കല്‍ എന്നിവയ്ക്കും തുണ പോര്‍ട്ടല്‍ ഉപയോഗിക്കാവുന്നതാണ്. അപേക്ഷ കൈപ്പറ്റി രസീത് നല്‍കും. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കാന്‍ സാധിക്കും. നിങ്ങളുടെ അപേക്ഷയുടെ നിലവിലെ അവസ്ഥ പോര്‍ട്ടല്‍ വഴിയും എസ്എംഎസ് വഴിയും അറിയാനും സാധിക്കും.

ഇന്ന് അഞ്ച് പനി മരണം; ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് രണ്ടുപേര്‍ മരിച്ചു; അതീവ ജാഗ്രത

ഇന്ന് അഞ്ച് പനി മരണം; ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് രണ്ടുപേര്‍ മരിച്ചു; അതീവ ജാഗ്രത

കൊച്ചി: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് അഞ്ച് പേര്‍ മരിച്ചു. മൂന്നുപേര്‍ ഡെങ്കിപ്പനി ബാധിച്ചും രണ്ടുപേര്‍ പനി ബാധിച്ചുമാണ് മരിച്ചത്. ഇതില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ടുമരണവും റിപ്പോര്‍ട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ്. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശിനി അഖില (32) കൊല്ലത്ത് ചവറ സ്വദേശി അരുണ്‍ കൃഷ്ണ(33) കൊട്ടാരക്കര സ്വദേശി വൈ. കുഞ്ഞുജോണ്‍ (70) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അഖിലയുടെ മരണം. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അരുണ്‍ കൃഷ്ണ. രണ്ടുദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞുജോണ്‍. പനി ബാധിച്ച് എറണാകുളം മൂവാറ്റുപ്പുഴയില്‍ ഐടിഐ വിദ്യാര്‍ഥി മരിച്ചു. പേഴയ്ക്കാപ്പിള്ളി കുന്നംപുറത്തുവീട്ടില്‍ സമദ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. കൊല്ലം ചാത്തന്നൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിജിത്താണ് മരിച്ചത്. ഇതോടെ ഈ മാസം സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. ഇതില്‍ ഇരുപതുമരണവും ഡെങ്കിപ്പനി കാരണമാണ്.

അതിനിടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. കോവിഡ് കേസുകളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട മുന്‍കരുതല്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.

വീടിന് പുറത്തെന്ന പോലെ അകത്ത് നിന്നും ഡെങ്കിപ്പനി ബാധിക്കാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. വീട്ടിനകത്തെ ചെടിച്ചട്ടികള്‍, മണിപ്ലാന്റ്, ഫ്രിഡ്ജിന്റെ ട്രേ എന്നിവ കൊതുകുകള്‍ വളരുവാന്‍ കാരണമാകുന്ന ഇടങ്ങളാണ്. കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കുന്ന ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തും പുറത്തും കെട്ടി നിര്‍ത്താന്‍ അനുവദിക്കരുതെന്നും ചെളിയിലോ വെള്ളത്തിലോ ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.