കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്

തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുക. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ ഇന്ന് ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കും. സൗദി അറേബ്യയിൽ ഇന്നലെ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതനുസരിച്ച് ഈ വർഷത്തെ അറഫാ സംഗമം ജൂൺ 27ന് ചൊവ്വാഴ്‌ചയും ബലിപെരുന്നാൾ 28ന് ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു.

എംഎം മണി സഞ്ചരിച്ച കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരുക്ക്

എംഎം മണി സഞ്ചരിച്ച കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരുക്ക്

തിരുവനന്തപുരം ∙ രാത്രി എം.എം.മണി എംഎൽഎ സഞ്ചരിച്ച കാർ ഇടിച്ചു കാൽനട യാത്രികനായ യുവാവിനു പരുക്കേറ്റു. കഴക്കൂട്ടം സ്വദേശി രതീഷ് (38) റോഡ് കുറുകെ കടക്കുമ്പോൾ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ രതീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി കാഷ്വൽറ്റിയിൽ പ്രവേശിപ്പിച്ചു. എം.എം.മണി ഇടുക്കിയിൽ നിന്നു തിരുവനന്തപുരത്തേക്കു വരുമ്പോൾ ഇന്നലെ രാത്രി 10.40നു കഴക്കൂട്ടത്താണ് അപകടം.
കഴക്കൂട്ടം പൊലീസ് പറഞ്ഞത്: വെട്ടുറോഡ് ഭാഗത്തു നിന്നു കഴക്കൂട്ടത്തേക്കു വരികയായിരുന്നു കാർ. എലിവേറ്റഡ് ഹൈവേ തുടങ്ങുന്ന ഭാഗത്തു നിന്നു യുവാവ് റോഡ് കുറുകെ കടക്കാൻ ശ്രമിച്ചപ്പോൾ കാർ ഇടിച്ചു. എംഎൽഎയും ജീവനക്കാരും പുറത്തിറങ്ങി പൊലീസിൽ വിവരം അറിയിച്ചു.

ആംബുലൻസ് വിളിച്ചുവരുത്തിയ ശേഷം എംഎൽഎയുടെ ഗൺമാൻ പരുക്കേറ്റയാളെ ആശുപത്രിയിലേക്കു കൊണ്ടു പോയി. കാർ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരുക്കേറ്റയാളെ എം.എം.മണി സന്ദർശിച്ചു.

അവനവഞ്ചേരി കൈപ്പറ്റിമുക്കിൽ സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം

അവനവഞ്ചേരി കൈപ്പറ്റിമുക്കിൽ സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ : അവനവഞ്ചേരി കൈപ്പറ്റിമുക്കിൽ സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6 അര മണിയോടെ കൈപ്പറ്റി മുക്ക് വളവിലാണ് അപകടം നടന്നത്. യാത്രക്കാരുമായി പോയ ശാർക്കരേശ്വരി ബസ്സും ജ്യോതിസ് സെൻട്രൽ സ്കൂളിലെ സ്കൂൾ ബസ്സുമാണ് അപകടത്തിൽപെട്ടത്. സ്കൂൾ ബസ്സിൽ കുട്ടികൾ ഇല്ലായിരുന്നു. സ്വകാര്യ ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും സാരമായ പരിക്കില്ലെന്നാണ് വിവരം. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു

നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച അഗ്നിവേശിന് ആദരവ് നൽകി

നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച അഗ്നിവേശിന് ആദരവ് നൽകി

നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച അഗ്നിവേശിന് ആദരവ് നൽകി. കിളിമാനൂർ ചൂട്ടയിൽ കൃഷ്ണ തീർത്ഥത്തിൽ എസ് എസ് അഗ്നിവേശ് 695 മാർക്ക് നേടി ദേശീയ തലത്തിൽ 513-ാം റാങ്ക് നേടിയിരിയ്ക്കുകയാണ്. മുൻ എം എൽ എ അഡ്വ. ബി സത്യൻ അഗ്നിവേശിൻറെ വസതിയിലെത്തി ആദരിച്ചു. വാർഡ് മെമ്പർ ജോഷി, വിദ്യാഭ്യാസ പ്രവർത്തകൻ ഷാജ എന്നിവർ ഒപ്പമുണ്ടായിരുന്നു. എസ് എസ് എൽ സി വരെ കിളിമാനൂർ എച്ച് എസ്സിലായിരുന്നു പഠനം. ഭുവനേശ്വർ എയിംസ് ൽ ചേരാനാണ് അഗ്നിവേശിന്റെ ആഗ്രഹം. നെടുംമ്പറമ്പ് ഹയർ സെക്കൻ്ററി സ്ക്കൂൾ അദ്ധ്യാപിക എസ് എസ് സുജയുടെയും ആറ്റിങ്ങൽ മരാമത്ത് ബിൽഡിഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ജി.അനിൽകുമാറിൻ്റയും മകനാണ്.

ആൾ ഇന്ത്യ വീരശൈവ മഹാസഭ പുരവൂർ ശാഖ വിദ്യാർത്ഥികളെ അനുമോദിച്ചു

ആൾ ഇന്ത്യ വീരശൈവ മഹാസഭ പുരവൂർ ശാഖ വിദ്യാർത്ഥികളെ അനുമോദിച്ചു

ആൾ ഇന്ത്യ വീരശൈവ മഹാസഭ പുരവൂർ ശാഖ വിദ്യാർത്ഥികളെ അനുമോദിച്ചു.
ആൾ ഇന്ത്യ വീരശൈവ മഹാസഭ പുരവൂർ ശാഖ വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു, കോളേജ് തലത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കൂടാതെ 2 പേർക്ക് ചികിത്സാ ധനസഹായം നൽകുകയും ചെയ്തു. അഡ്വക്കേറ്റ് വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ ജയകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മെമ്പർ ആശ, മുനിസിപ്പൽ കൗൺസിലർ സംഗീത, എ ഐ വി എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയചന്ദ്രൻ (പട്ടം), രമേശ്വരദാസ് (വെള്ളനാട്),ആർ ദേവദാസ്, ബിജു, രാജൻ കെ, മുരളി, രാജൻ എ എസ് എന്നിവർ ആശംസാ പ്രസംഗം നടത്തി.

ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ ശേഖരസ്ഥലത്തിന്റെ ചുറ്റുമതിലിനു ബലക്ഷയം

ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ ശേഖരസ്ഥലത്തിന്റെ ചുറ്റുമതിലിനു ബലക്ഷയം

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ ശേഖരസ്ഥലത്തിന്റെ ചുറ്റുമതിലിനു ബലക്ഷയം. ആശങ്കയോടെ പരിസരവാസികൾ. നഗരസഭയുടെ ചുടുകാട്ടിലെ മാലിന്യ ശേഖരസ്ഥലത്തിന്റെ ചുറ്റുമതിലും അതിന്റെ അടിസ്ഥാനവുമാണ് പൊട്ടി രണ്ടായി മാറിയത്. മഴ തുടർന്നാൽ മാലിന്യ ശേഖരത്തിൽ വെള്ളം കെട്ടി നിന്നു മതിൽ തകർന്ന് വീഴുമെന്ന ഭീതിയിലാണ് പരിസരവാസികൾ. മാലിന്യങ്ങൾ പുരയിടത്തിന്റെ ചുറ്റ് മതിലിനേക്കാൾ ഉയരത്തിലാണ്. മഴ വെള്ളം കൂടി ഇതിന് മുകളിൽ കെട്ടിക്കിടന്നാൽ അത്രയും ഭാരം താങ്ങാൻ മതിലിനു കഴിഞ്ഞെന്നു വരികില്ല.

മാലിന്യം നിറയുകയും മഴക്കാലം ആരംഭിച്ചതോടെ ഈ മേഘലയിലെ കിണറുകളിൽ ഓരുവെള്ളവുമായി. അതോടെ കുടിവെള്ളം കൂടി കണ്ടെത്തേണ്ട ബാധ്യതയുമായി. മഴയില്ലാത്ത സമയങ്ങളിൽ കാക്കകളുടെ ശല്യവും ഏറെയാണ്. മാലിന്യ ശേഖരത്തിൽ പല വിധ സാധനങ്ങൾ കൊത്തിയെടുത്ത് പരിസരത്തെ കിണറ്റിലിടുന്നതും പതിവായി. ദുർഗന്ധം വ്യാപകമായ തോടെ വീട്ടിൽ കഴിയാനും പറ്റാത്ത അവസ്ഥയിലുമാണ് വീട്ടുകാർ. ഇതിനെല്ലാം പുറമേ മഴ വെള്ളം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണിയുമുണ്ട്.

പാങ്ങാൻ വിള വീട്ടിൽ പങ്കജാക്ഷി, ലക്ഷ്മി ഭവനത്തിൽ ലളിത, പാണൻ വിളയിൽ പ്രേമ എന്നി കുടുംബങ്ങൾക്കാണ് ആദ്യം ബുദ്ധിമുട്ട് ഉണ്ടാവുക. മാലിന്യം ശേഖരിക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് മാലിന്യങ്ങൾ കുന്ന് കൂടിയതോടെയാണ് മതിലുകൾക്ക് ബലക്ഷയം ഉണ്ടായത്. ഇതിനെല്ലാം പുറമേ ദുർഗന്ധവും വ്യാപകമാണ്. മതിൽ തകരുന്നതിന് മുമ്പ് തന്നെ സമീപത്ത് താമസിക്കുന്നവരെ മാറ്റി താമസിപ്പിച്ചില്ലങ്കിൽ അത് വൻ ദുരന്തമാകാനും സാധ്യതയുണ്ട്. അപകടഭീതി പരത്തുന്ന മതിലിന് സമീപത്തെ വീട്ടുകാരുടെ ഭൂമിയും വീടും കൂടി നഗരസഭ ഏറ്റെടുത്ത് ഇവർക്ക് പുനരധിവാസം ഒരുക്കണമെന്നാണ് വീട്ടുകാർ പറയുന്നത്.