പരശുറാം എക്സ്പ്രസിനെ സ്വീകരിക്കുവാനൊരുങ്ങി ചിറയിൻകീഴ്

പരശുറാം എക്സ്പ്രസിനെ സ്വീകരിക്കുവാനൊരുങ്ങി ചിറയിൻകീഴ്

മൂന്ന് പതിറ്റാണ്ടായുള്ള യാത്രക്കാരുടെയും ജനങ്ങളുടെയും സ്വപ്നം സാക്ഷാൽക്കരിച്ചുകൊണ്ട് പരശുറാം എക്സ്പ്രസിന് ചിറയിൻകീഴിൽ സ്റ്റോപ് അനുവദിച്ചു. ജൂണ് 6 മുതൽ ട്രെയിൻ ചിറയിൻകീഴ് നിർത്തിത്തുടങ്ങും. അന്നേ ദിവസം രാവിലെ 6.30 നും വൈകുന്നേരം 6 നും ചിറയിൻകീഴ് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പരശുറാമിന് ഗംഭീര സ്വീകരണം ഒരുക്കുന്നു.

പരശുറാമിന് സ്റ്റോപ്പ് അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പാസഞ്ചേഴ്സ് അസ്സോസിയേഷൻ നന്ദി രേഖപ്പെടുത്തി. ഇതിനായി പരിശ്രമിച്ച കേന്ദ്രന്ത്രി വി. മുരളീധരൻ, അടൂർ പ്രകാശ് എം.പി., ചിറയിൻകീഴ് റെയിൽവേ വികസന സമിതി ചെയർമാൻ ആർ. സുഭാഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സംഘടനകൾ എന്നിവർക്കും അസോസിയേഷൻ നന്ദി പറഞ്ഞു. റെയിൽവേ ബോർഡ് ചെയർമാൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ, പാസഞ്ചേഴ്‌സ് ആമേനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്, ഡിവിഷണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കും പാസഞ്ചേഴ്‌സ് അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.

അമൃത് ഭാരത് പദ്ധതിയിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്തിയതിനെയും അസോസിയേഷൻ സ്വാഗതം ചെയ്തു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപന്തിയിൽ നിൽക്കുന്ന ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിയ്ക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ബൈക്ക് റാലിയും പുകയിലവിരുദ്ധ സന്ദേശ യാത്രയും സംഘടിപ്പിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച്

ബൈക്ക് റാലിയും പുകയിലവിരുദ്ധ സന്ദേശ യാത്രയും സംഘടിപ്പിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച്

ലോക പുകയിലവിരുദ്ധ ദിനാചരണത്തിനോട് അനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് ബി.എം. ഡബ്യു ബൈക്ക് റാലിയും പുകയിലവിരുദ്ധ സന്ദേശ യാത്രയും സംഘടിപ്പിച്ചു. കഴക്കൂട്ടം പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി ശ്രീ ഋഷിരാജ് സിംഗ് ഐ പി എസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. പ്രസ്തുത റാലി മംഗലപുരം, ആറ്റിങ്ങൽ, ആലം കോട്, കല്ലമ്പലം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വർക്കല ക്ലിഫിൽ സമാപിച്ചു. റാലി കടന്നു പോയ സ്ഥലങ്ങളിൽ എല്ലാം ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ഡോക്ടർമാർ ലഹരിവിരുദ്ധ സന്ദേശം നൽകുകയും ലഘുലേഖകൾ വിതരണം ചെയുകയും ചെയ്തു.

പുകയില വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ശ്രീ ശങ്കര ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു. ഡെന്റൽ അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികൾ ആയ ഡോ. സംഗീത് ചെറിയാൻ, ഡോ. ദീബു മാത്യു, ഡോ.ടെറി തോമസ്, ഡോ. സെബി വർഗീസ്, ആറ്റിങ്ങൽ ശാഖയുടെ പ്രസിഡന്റ്‌ ഡോ. വാസുദേവൻ വിനയ് സെക്രട്ടറി ഡോ. സുബാഷ് കുറുപ്പ്, സി ഡി എച്ച് കൺവീനർ ഡോ. ഷമീം ഷുക്കൂർ തുടങ്ങിയവരടക്കം ഒട്ടനവധി ദന്തഡോക്ടർമാർ ഈ ലഹരിവിരുദ്ധ ബോധവൽക്കരണ യാത്രയിൽ പങ്കെടുത്തു. ഡോ അഭിലാഷ് ജി.എസ് ലഹരിയ്ക്കെതിരെയുള്ള പ്രതിഞ്ജ ചൊല്ലി കൊടുത്തു.

പൊതു സമൂഹത്തെ ലഹരി എന്ന മാരക വിപത്തിനെതിരെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഈ പരിപാടി സംഘടിപ്പിച്ചത്. എജെ കോളേജ് തോന്നക്കൽ ആറ്റിങ്ങൽ അറേബ്യൻ ജൂവലറി, ഗിരിജാസ് ലബോറട്ടറി, കെ.റ്റി.സി.റ്റി നഴ്സിങ്ങ് കോളേജ്, രാജകുമാരി ഗ്രൂപ്പ്, കല്ലമ്പലം വ്യാപാരി വ്യവസായി ഏകോപന സമിതി, പ്രസ്സ് ക്ലബ് കല്ലമ്പലം. എസ്.എൻ കോളേജ് വർക്കല തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ നൽകി.

തിരുവനന്തപുരം നഗരസഭ എഞ്ചിനീയറിങ് സൂപ്രണ്ട് നിന്നും ഷാജി. ടി ഡി വിരമിച്ചു

തിരുവനന്തപുരം നഗരസഭ എഞ്ചിനീയറിങ് സൂപ്രണ്ട് നിന്നും ഷാജി. ടി ഡി വിരമിച്ചു

23 വർഷത്തെ സർവീസിനു ശേഷം അവസാനം ജോലിനോക്കിയ തിരുവനന്തപുരം നഗരസഭ എഞ്ചിനീയറിങ് സൂപ്രണ്ട് തസ്തികയിൽ നിന്നും ഷാജി. ടി ഡി വിരമിച്ചു.
സെർവിസിന്റെ 12 വർഷം ആറ്റിങ്ങൽ നഗരസഭയിൽ കൗൺസിൽ ക്ലാർക്ക്, ടൌൺ പ്ലാനിങ്, അക്കൗണ്ട്സ് തുടങ്ങി വിവിധ സെക്ഷനുകളിൽ ജോലി നോക്കി. ആറ്റിങ്ങൽ നഗരസഭ യിൽ 5 ബഡ്ജറ്റുകൾ തയ്യാറാക്കുന്നതിൽ പങ്കാളിയായി. പത്രവാർത്തകൾ കൂട്ടിയോജിപ്പിച്ചു ഗാന്ധി ചിത്രത്തോടൊപ്പം തയ്യാറാക്കിയ ബഡ്ജറ്റ് കവർ ശ്രദ്ധേയമായി. ആറ്റിങ്ങൽ നഗരസഭയിലെ മികച്ച ജീവനക്കാരനുള്ള അവാർഡ് സെക്രട്ടറിയിൽ നിന്നും സ്വീകരിച്ചു

ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികളിലും തിരുവനന്തപുരം, കോഴിക്കോട്
കോർപ്പറേഷനുകളിലും ജോലിനോക്കി. കോവിഡ് കാലത്ത് വരുമാനകുറവ് ഉണ്ടായ കാലഘട്ടത്തിലും CFLTC കളുടെ പ്രവർത്തനം ജീവനക്കാരുടെ ശമ്പളം, മറ്റ് അത്യാവശ്യം ചിലവുകൾ ഇവ തടസ്സമില്ലാതെ കൊണ്ടുപോകുന്നതിനു നഗരസഭയിലെ മുഴുവൻ ചുമതല ഉണ്ടായിരുന്ന റവന്യൂ ഇൻസ്‌പെക്ടർ എന്ന നിലയിൽ സാധിച്ചു.

വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. വെട്ടൂർ സ്വദേശിയായ 58 വയസ്സുള്ള ഫൈസലുദ്ദീൻ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 5. 45 ഓടുകൂടി ആയിരുന്നു സംഭവം
വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റൊരാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ വള്ളം കടലിലേയ്ക്ക് ഇറക്കുന്ന സമയത്ത് തിരയിൽ പെട്ടായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത് വെട്ടൂർ സ്വദേശിയായ സുനിൽ എന്നയാളാണ്. വള്ളത്തിൽ ഉണ്ടായിരുന്ന മൂന്നുപേരും വെട്ടൂർ സ്വദേശികളാണ്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ആൾ വെട്ടൂർ സ്വദേശിയായ സുഖിലാദ്
മറ്റൊരു വള്ളക്കാരനും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വള്ളം കടലിലേയ്ക്ക് ഇറക്കുന്നതിനിടെ തിരയിലകപ്പെട്ട് വള്ളം കീഴ്മേൽ മറിയുകയായിരുന്നു

‘വിസ്‌ഡം ഡേ’ സംഘടിപ്പിച്ചു

‘വിസ്‌ഡം ഡേ’ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പാലാംകോണം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘വിസ്‌ഡം ഡേ’ സംഘടിപ്പിച്ചു. പാലാംകോണം അൽ-ഫിത്ര സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ ജോ.സെക്രട്ടറി മാഹീൻകുട്ടി പാലാംകോണം ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ അധ്യക്ഷനായി.

വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പ്രമേയം അവതരിപ്പിച്ചു. പാലാംകൊണം സലഫി മസ്ജിദ് ഇമാം അമീൻ പൂന്തുറ, വിസ്‌ഡം യൂത്ത് യൂണിറ്റ് സെക്രട്ടറി റാഫി, പ്രസിഡന്റ് നാസർ അബ്ദുൽബാരി എന്നിവർ സംസാരിച്ചു. വിസ്‌ഡം യൂത്ത് വിസ്‌ഡം യൂണിറ്റ് സെക്രട്ടറി നവാസ് സ്വാഗതവും വിസ്‌ഡം സ്റ്റുഡന്റ്സ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ബിലാൽ നന്ദിയും പറഞ്ഞു.

കെ-ഫോണ്‍ ഉദ്ഘാടനം; ജില്ലയില്‍ വിപുലമായ പരിപാടികള്‍

കെ-ഫോണ്‍ ഉദ്ഘാടനം; ജില്ലയില്‍ വിപുലമായ പരിപാടികള്‍

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുക, കേരളത്തിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി നാളെ (ജൂണ്‍ അഞ്ച്) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നിയസമസഭാ കോംപ്ലക്‌സിലുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ചടങ്ങ്. ഇതിന്റെ ഭാഗമായി ജില്ലയിലും വിപുലമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. നിയമസഭാമണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുക.

നേമം നിയമസഭാമണ്ഡലതല ഉദ്ഘാടനം, തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. നെടുമങ്ങാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്ന് മണിയ് ക്ക്, പാറശാല ഇവാന്‍സ് ഹൈസ്‌കൂളില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കടയ്ക്കാവൂര്‍ എസ്. എന്‍. വി.ജി.എച്ച്.എസ് എസ്സില്‍ വി.ശശി എം.എല്‍.എ., അരുവിക്കര ഗവ. എച്ച്.എസ്.എസ്സില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 3.30ന്, വാമനപുരം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഡി.കെ. മുരളി എംഎല്‍എ, വൈകീട്ട് നാലിന്, വര്‍ക്കല ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി. ജോയി എം. എല്‍. എ, പെരുമ്പഴുതൂര്‍ ഹൈസ്‌കൂളില്‍ കെ. ആന്‍സലന്‍ എം.എല്‍.എ., കുളത്തുമ്മല്‍ എല്‍.പി സ്‌കൂളില്‍ ഐ.ബി. സതീഷ് എം.എല്‍.എ, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒ.എസ്. അംബിക എം.എല്‍.എ എന്നിവരും ഉദ്ഘാടനം നിര്‍വഹിക്കും.