കാലവര്‍ഷം കേരളത്തിലേയ്ക്ക്; അറബിക്കടലില്‍ നാളെ ചക്രവാതച്ചുഴി; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു. നിലവില്‍ കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം അടുത്ത ദിവസം കേരളത്തിലെത്തുമെന്നാണ് നിഗമനം. അറബിക്കടലില്‍ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

പസഫിക് കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റ് സാന്നിധ്യമാണ് കാലവര്‍ഷം എത്താന്‍ വൈകിയതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തെക്കന്‍ കേരളത്തിലാകും ശക്തമായ മഴ ലഭിക്കുക. ഈ ആഴ്ച ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.

ഇരട്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സഹായിച്ചേക്കും. ബുധനാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂണ്‍ 5 നു കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ (24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ) മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തൃശൂരിലും മലപ്പുറത്തും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

വമ്പന്‍ അട്ടിമറി; ബ്രസീലിനെ തകര്‍ത്ത് ഇസ്രായേല്‍ അണ്ടര്‍ 20 ലോകകപ്പ് സെമിയില്‍

വമ്പന്‍ അട്ടിമറി; ബ്രസീലിനെ തകര്‍ത്ത് ഇസ്രായേല്‍ അണ്ടര്‍ 20 ലോകകപ്പ് സെമിയില്‍

ബ്യൂണസ് അയേഴ്‌സ്: അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോളില്‍ വന്‍ അട്ടിമറി വിജയവുമായി ഇസ്രായേല്‍. കരുത്തരായ ബ്രസീലിനെയാണ് ഇസ്രായേല്‍ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇസ്രായേലിന്റെ വിജയം. രണ്ടു തവണ ലീഡ് നേടിയ ശേഷമായിരുന്നു ബ്രസീലിന്റെ തോല്‍വി. എക്‌സ്ട്രാ ടൈമിലായിരുന്നു വിജയം ഉറപ്പിച്ച ഗോള്‍ പിറന്നത്. ദോര്‍ ഡേവിഡ് ദര്‍ഗെമന്‍ ആണ് ഇസ്രായേലിന്റെ വിജയഗോള്‍ നേടിയത്.

മത്സരത്തിന്റെ 56-ാം മിനുട്ടില്‍ മാര്‍കോസ് ലിയാന്‍ഡ്രോയിലൂടെ ബ്രസീല്‍ മുന്നിലെത്തി. 60-ാം മിനുട്ടില്‍ അനാന്‍ ഖലൈലിയിലൂടെ ഇസ്രായേല്‍ ഒപ്പമെത്തി. മത്സരത്തിന്റെ അധികസമയത്ത്, 91-ാം മിനുട്ടില്‍ മതേവൂസ് നാസിമെന്റോയിലൂടെ ബ്രസീല്‍ ലീഡ് നേടി.
പൊരുതിക്കളിച്ച ഇസ്രായേല്‍ രണ്ടു മിനുട്ടിനകം സമനില പിടിച്ചു. ഹംസ ഷിബ്ലിയാണ് ഇസ്രായേലിനു വേണ്ടി ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമിലാണ് ബ്രസീലിന് പുറത്തേക്കുള്ള വഴി കാണിച്ച് ദര്‍ഗെമന്റെ വിജയഗോള്‍. കാനറികളെ തോല്‍പ്പിച്ച് ഇസ്രായേല്‍ സെമിയില്‍ കടന്നു.

ഇറ്റലിയും സെമിയില്‍ കടന്നിട്ടുണ്ട്. കൊളംബിയയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലി തോല്‍പ്പിച്ചത്. ഇന്നു നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നൈജീരിയ- ദക്ഷിണ കൊറിയയെയും, ഉറുഗ്വെ- അമേരിക്കയെയും നേരിടും. അര്‍ജന്റീന നേരത്തെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായിരുന്നു.

ട്രെയിൻ ദുരന്തം; പരിക്കേറ്റവരുമായി പ്രത്യേക തീവണ്ടി ചെന്നൈയിലെത്തി, സംഘത്തിൽ 10 മലയാളികളും

ട്രെയിൻ ദുരന്തം; പരിക്കേറ്റവരുമായി പ്രത്യേക തീവണ്ടി ചെന്നൈയിലെത്തി, സംഘത്തിൽ 10 മലയാളികളും

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 250 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തി. ഞായറാഴ്ച പുലർച്ചെ 4.40 ഓടെയാണ് സംഘം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഭുവനേശ്വറിൽനിന്ന് ശനിയാഴ്ച രാവിലെ 8.40-നാണ് പ്രത്യേക ട്രെയിൻ പുറപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി. ചെന്നൈയിൽ എത്തിയ സംഘത്തിൽ പത്ത് മലയാളികളുമുണ്ടെന്നാണ് റിപ്പോർട്ട്. ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ സ്വീകരിക്കാൻ തമിഴ്നാട് ആരോഗ്യമന്ത്ര സുബ്രമണ്യനും റവന്യു മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രനും ഉണ്ടായിരുന്നു.

യാത്രക്കാർക്കായുള്ള മെഡിക്കൽ സംവിധാനങ്ങളെല്ലാം ചെന്നൈ സെൻട്രലിൽ ഒരുക്കിയിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. ആറ് ആശുപത്രികളിലായി 207 ഐസിയുകളും 250 കിടക്കകളും സജ്ജമാണ്. ചെന്നൈയിൽ എത്തിയ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഏഴ് പേർക്ക് നിസാര പരിക്കുകളുണ്ട്. രണ്ട് പേരുടെ നില ​ഗുരുതരമാണ്. അവരെ രാജീവ് ​ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു.
അതേസമയം ട്രെയിൻ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ.

സി​ഗ്നലിലെ പിഴവു കേന്ദ്രീകരിച്ചാവും അന്വേഷണം നടക്കുക. 288 പേരാണ് ഇതുവരെ ദുരന്തത്തിൽ മരിച്ചത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 56 പേരുടെ പരിക്ക് ഗുരുതരമാണെന്നും റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്. ഗതാഗതം പുന:സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.

കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകും – മുഖ്യമന്ത്രി

രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തെ ചേർത്തുവെയ്ക്കുന്നത് ആഘോഷങ്ങൾ: ഗവർണർ

സമൂഹത്തെ ചേർത്തുവെയ്ക്കുന്നത് ആഘോഷങ്ങൾ: ഗവർണർ

ഏക ഭാരത് ശ്രേഷ്ഠ ഭാരതിൻ്റെ ഭാഗമായി സംഘടിപ്പിച്ച തെലങ്കാന ദിനാചരണം തൃശൂർ രാമനിലയത്തിൽ നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ നിന്നുള്ള തെലങ്കാന കുടുംബങ്ങൾ ആഘോഷത്തിൽ പങ്കെടുക്കാനായി തൃശൂരിലെത്തി. പാട്ടും നൃത്തവും മറ്റു കലാപരിപാടികളും അരങ്ങേറി. ഗവർണർ കുട്ടികൾക്ക് മധുരം നൽകി.

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യയെന്നും ആഘോഷങ്ങളാണ് നമ്മെ ചേർത്തുവെക്കുന്നതെന്നും ഗവർണർ പറഞ്ഞു. പല ഭാഷയും വേഷവും ആഘോഷങ്ങളും ആചാരങ്ങളും രാജ്യത്തുണ്ട്. അവയെല്ലാം മനുഷ്യനെ ഭിന്നിപ്പിക്കുന്നതിനു പകരം തമ്മിൽ ചേർത്തുവെക്കുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്. ഇതിൽ ആഘോഷങ്ങൾക്ക് വലിയ പങ്കുണ്ട്. എല്ലാ ആഘോഷങ്ങളും നിറവുള്ളതാക്കി മാറ്റുന്നത് സ്ത്രീകളാണെന്നും ഗവർണർ പറഞ്ഞു.

ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റൻ്റ് കലക്ടർ വി എം ജയകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, തൃശൂർ തഹസിൽദാർ ടി ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. ജൂൺ രണ്ട് തെലങ്കാന ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായാണ് തൃശൂരിലും പരിപാടികൾ സംഘടിപ്പിച്ചത്.

മണ്ണില്‍ പുതഞ്ഞ് പാടേ തകര്‍ന്ന അവസാന കോച്ച്, പുറത്തെടുക്കാന്‍ തീവ്രശ്രമം; സ്ഥിരീകരിച്ചത് 261 മരണം

ഒഡിഷ: മൂന്നു ട്രെയിനുകളുടെ കൂട്ടിയിടിയില്‍ മണ്ണില്‍ പുതഞ്ഞുപോയ അവസാന കോച്ച് ഉയര്‍ത്താന്‍ രക്ഷാപ്രവര്‍ത്തകരുടെ തീവ്രശ്രമം. വലിയ ക്രെയിനുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് ഈ കോച്ച് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനായിട്ടില്ലാത്ത ഈ കോച്ച് ഉയര്‍ത്തിയാല്‍ മരണസംഖ്യ ഉയരുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂട്ടിയിടിയില്‍ മറ്റൊരു കോച്ച് മുകളില്‍ വന്നു കയറിയപ്പോള്‍ ഈ കോച്ച് മണ്ണില്‍ പുതയുകയായിരുന്നെന്നാണ് കരുതുന്നത്. ഉയര്‍ത്താനുള്ള ബോഗി ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്ന് ദേശീയ ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദുരന്തത്തില്‍ ഇതുവരെ 261 മരണമാണ് സ്ഥിരീകരിച്ചത്. 900ല്‍ ഏറെ പേര്‍ക്കു പരുക്കുണ്ട്. രാക്ഷാദൗത്യം പൂര്‍ണമായതായി തെക്കു കിഴക്കന്‍ റെയില്‍വേയുടെ വക്താവ് ആദിത്യ ചൗധരി പറഞ്ഞു. ഇരുന്നൂറ് ആംബുലന്‍സുകളും അന്‍പതു ബസ്സുകളും 45 മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകളും ഉള്‍പ്പെടുന്ന വന്‍ രക്ഷാദൗത്യമാണ് രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ചത്. വ്യോമസേനയുടെ രണ്ടു റെസ്‌ക്യൂ ഹെലികോപ്റ്ററുകള്‍ ദൗത്യത്തില്‍ പങ്കു ചേര്‍ന്നു.

രാജ്യത്തെ നാലാമത്തെ വലിയ ട്രെയിന്‍ ദുരന്തമാണ് ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് റെയില്‍വേ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ (തെക്കു കിഴക്കന്‍ സര്‍ക്കിള്‍) എഎം ചൗധരി അന്വേഷണത്തിനു നേതൃത്വം നല്‍കും. അപകടത്തിനു കാരണമായത് എന്താണ് എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സിഗ്നല്‍ പിഴവ് ആണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.