ഡോക്ടർ ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി

ഡോക്ടർ ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി

കോഴിക്കോട്: മലാപറമ്പിൽ ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. ഡോക്ടർ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നും മറ്റ് ദുരൂഹതകൾ ഇല്ലെന്നും പൊലീസ് പറയുന്നു. മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇരുവരും നിത്യ രോഗികളായിരുന്നു.

ഫീനോ ബാർബിറ്റോൺ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണം. ചേവായൂർ പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തുകയാണ്. വീടിനുള്ളിൽ നിന്നുതന്നെയാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് മെഡിക്കൽ കോളേജ് എ സി പി സുദർശൻ വ്യക്തമാക്കി.

കാലവർഷം നാളെ എത്തും; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കാലവർഷം നാളെ എത്തും; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കാലവർഷം നാളെ എത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം നിലനിൽക്കെ ഇന്ന് നാലു ജില്ലകളിലും നാളെ ഏഴു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണു യെല്ലോ അലേർട്ട്. 24 മണിക്കൂറിൽ ഈ ജില്ലകളിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ജൂൺ 3 മുതൽ ജൂൺ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ 5 ഓടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പ്.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‌ മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‌ മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‌ മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളിച്ചു. 11 മാസക്കാലമായി വിജനമായിരുന്ന കാനന നടുവിലെ അക്കരെ ക്ഷേത്രത്തിൽ ഇനി തീർഥാടകർ ഒഴുകിയെത്തും. ഭണ്ഡാരമെഴുന്നള്ളത്ത്‌ അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ നിത്യപൂജകൾക്ക്‌ തുടക്കമായി. സ്‌ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർക്ക്‌ ഇനി അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കാം. വെള്ളിയാഴ്ച മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽനിന്ന് പുറപ്പെട്ട ഭണ്ഡാരം എഴുന്നള്ളത്ത്‌ കാണാൻ നുറുകണക്കിനാളുകൾ എത്തി.

ഉത്സവാവശ്യത്തിനുള്ള സ്വർണം, വെള്ളിപ്പാത്രങ്ങൾ, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് എന്നിവ കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു. എഴുന്നള്ളത്ത് അർധരാത്രിയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. അക്കരെ ക്ഷേത്രത്തിലെ അമ്മാറക്കൽ തറയിലും മുത്തപ്പൻ ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയ ഓലക്കുടകൾ സ്ഥാനികനായ പെരുംകണിയാൻ കരിയിൽ ബാബുവിന്റെ നേതൃത്വത്തിൽ കാൽനടയായി വെള്ളി ഉച്ചയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചു.

ഇതും ഭണ്ഡാരം എഴുന്നള്ളത്തിനൊപ്പം അക്കരെ ക്ഷേത്രത്തിൽ എത്തിച്ചു. ഊരാളന്മാർക്കും അടിയന്തിരക്കാർക്കുമുള്ള തലക്കുടയും കാൽക്കുടകളും ഇവയോടൊപ്പം എത്തി. ഉത്സവ നാളിലെ അടുത്ത പ്രധാന ചടങ്ങുകളായ തിരുവോണം ആരാധന എട്ടിനും ഇളനീർവയ്‌പ്പ് ഒമ്പതിനും ഇളനീരാട്ടം 10നും നടക്കും. ഇളനീർവയ്‌പ്പിനായി ഇളനീർ വ്രതക്കാർ സങ്കേതങ്ങളിൽ പ്രവേശിച്ചുതുടങ്ങി.

ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ രക്ഷപ്പെട്ടവരിൽ  4 മലയാളികൾ

ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ രക്ഷപ്പെട്ടവരിൽ 4 മലയാളികൾ

രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ട നാലു മലയാളി യുവാക്കൾക്കും രക്ഷാകവചമൊരുക്കിയത് കാളി പ്രതിഷ്ഠയെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. കൊൽക്കത്തയിലെ പ്രസിദ്ധമായ കാളീ ക്ഷേത്രത്തിൽ ടൈൽസ് വിരിയ്ക്കുന്ന ജോലികഴിഞ്ഞു വരികയായിരുന്ന തൃശൂർ കണ്ടശ്ശാങ്കടവ് സ്വദേ ശികളായ വിജീഷ്, രഘു, കിരൺ, വൈശാഖ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടവർ.

കോറമണ്ഡൽ എക്സ് 3 സി ൻ്റെ മറിഞ്ഞ ബോഗികളിലൊന്നിലെ യത്രക്കാരായിരുന്നു ഇവർ. വയലിലേക്കു മറിഞ്ഞ ബോഗിയുടെ മുകളിലത്തെ ഗ്ലാസ് പൊട്ടിച്ചു വൈശാഖ് ഒരു വശത്തേക്കു രക്ഷപ്പെട്ടു. മറ്റു മൂന്നു പേർ മറുവശത്തേക്കും. മണിക്കൂറുകൾക്കു ശേഷമാണ് ഇവർ കണ്ടുമുട്ടുന്നത്. അതിനിടയിൽ ട്രെയിൻ അപകടത്തിൽപെട്ടുവെന്നും മറ്റു മൂന്നു പേരെ കാണാനില്ലെന്നും വൈശാഖ് വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ഈ വാർത്തയറിഞ്ഞു സങ്കടക്കടലിലായ വീട്ടുകാരെ തേടി അധികം വൈകാതെ ആ ആശ്വാസ കോൾ എത്തി.അതോടെ വീട്ടുകാരുടെ സങ്കടം ആഹ്ലാ ദത്തിനു വഴിമാക്കൊടുത്തു.

രക്ഷപ്പെട്ട നാലുപേർക്കും അപകടസ്ഥലത്തിനു സമീപത്തെ വീട്ടുകാർ വിശ്രമത്തിനു സ്വകര്യമൊരുക്കിക്കൊടുത്തു. തങ്ങൾ ടൈൽസ് ജോലി ചെയ്ത ക്ഷേത്രത്തിലെ കാളി ദേവിയാണ് തങ്ങളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നതെന്ന് അവർ നാലു പേരും ഉറച്ചു വിശ്വസിക്കുന്നു. ഇവരോടൊപ്പം പോയിരുന്ന മറ്റു നാലു പേർ ജോലികഴിഞ്ഞതിനാൽ നേരത്തെ മടങ്ങിയിരുന്നു.

സ്വര്‍ണക്കടയിലെത്തിയ സ്ത്രീ സിസിടിവിയ്ക്കുമുന്നില്‍ നിന്ന് അതിവിദഗ്ധമായി രണ്ട് മാല മോഷ്ടിച്ചു

സ്വര്‍ണക്കടയിലെത്തിയ സ്ത്രീ സിസിടിവിയ്ക്കുമുന്നില്‍ നിന്ന് അതിവിദഗ്ധമായി രണ്ട് മാല മോഷ്ടിച്ചു

മലപ്പുറം: എന്തൊക്കെ സുരക്ഷ ഏര്‍പ്പെടുത്തിയാലും മോഷണം ശീലിച്ചവര്‍ ഇതിനെയൊക്കെ മറികടക്കുമെന്നാണ് അനുഭവം. മലപ്പുറം ചെമ്മാട്ടെ സ്വര്‍ണക്കടയിലെത്തിയ സ്ത്രീ നടത്തിയ മോഷണം ഇത്തരത്തിലാണ്. സ്വര്‍ണക്കടയില്‍ എത്തി മൂന്ന് പവന്റെ മാലകള്‍ കവര്‍ന്ന് ആണ് യുവതി മടങ്ങിയത്. സ്വര്‍ണം വാങ്ങാന്‍ എന്ന വ്യാജേന എത്തിയ യുവതി സെയില്‍സ് മാന്‍ മാറിയ തക്കത്തിന് മാല കൈക്കലാക്കുകയായിരുന്നു. സംഭവത്തില്‍ കടയുടമ പൊലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. നിരവധി മാലകളുടെ മോഡലുകള്‍ സെയില്‍സ്മാന്‍ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തില്‍ മാലകള്‍ എടുക്കാന്‍ സെയില്‍സ്മാന്‍ മാറിയ തക്കത്തിന് രണ്ട് സ്വര്‍ണമാലകള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയ ബാഗിലേക്ക് സ്വര്‍ണമാല മാറ്റി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിവിദഗ്ധമായാണ് ഇവര്‍ മാലകള്‍ ബാഗിലാക്കുന്നത്. സിസിടിവി ഉണ്ടെന്നത് പരിഗണിച്ചതേയില്ല.

മോഷണത്തിന് ശേഷം സ്വര്‍ണം വാങ്ങാതെ യുവതി ജ്വല്ലറിയില്‍ നിന്നു മടങ്ങുകയായിരുന്നു. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വര്‍ണമാലകള്‍ കാണാനില്ലെന്നു അറിയുന്നത്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.

പ്രധാനമന്ത്രി ബാലാസോറിലേയ്ക്ക്; സ്ഥിതിഗതികള്‍ വിലയിരുത്തും, മമതയും ഉദയനിധിയും എത്തും, രക്ഷാസംഘത്തെ അയച്ച് ജഗന്‍

ഡല്‍ഹി: ട്രെയിന്‍ അപകടം നടന്ന ഒഡീഷയിലെ ബാലാസോറില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യം അപകട സ്ഥലം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പിന്നീട് ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കാണും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുള്ള റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തും.

ഷാലിമാറില്‍നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന കോമറന്‍ഡല്‍ എക്‌സപ്രസും ബംഗളൂരു-ഹൗറ എക്‌സ്പ്രസും നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. 238പേര്‍ അപകടത്തില്‍ മരിച്ചു. 900 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

തമിഴ്‌നാട് മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, ശിവ ശങ്കര്‍, അന്‍ബില്‍ മഹേഷ് എന്നിവര്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപകട സ്ഥലത്തെത്തും. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി മമത ആശയവിനിമയം നടത്തി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആദ്യ രക്ഷാ പ്രവര്‍ത്തന സംഘം ബാലാസോറിലേക്ക് പുറപ്പെട്ടു. ഐടി മന്ത്രി ജി അമര്‍നാഥ് അപകട സ്ഥലത്തെത്തും. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്തുലക്ഷം രൂപ റെയില്‍വെ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും.