കുറുക്കന്‍ മുഖത്തു ചാടി കടിച്ചു, വിരല്‍ കടിച്ചെടുത്തു; നാലുപേര്‍ക്ക് പരിക്ക്

കുറുക്കന്‍ മുഖത്തു ചാടി കടിച്ചു, വിരല്‍ കടിച്ചെടുത്തു; നാലുപേര്‍ക്ക് പരിക്ക്

കോട്ടയം: രാമപുരത്ത് കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. വളക്കാട്ടുകുന്ന്, ചിറകണ്ടം, ഏഴാച്ചേരി എന്നിവിടങ്ങളിലാണ് കുറുക്കന്‍ ഭീതി പരത്തിയത്. ഇന്നലെ രാവിലെയാണ് നാലുപേരെ കടിച്ചത്.

ചിറകണ്ടം നടുവിലാമാക്കല്‍ ബേബി (58), ചിറകണ്ടം നെടുമ്പള്ളില്‍ ജോസ് (83), വളക്കാട്ടുകുന്ന് തെങ്ങുംപള്ളില്‍ മാത്തുക്കുട്ടി (53), ഭാര്യ ജൂബി (47) എന്നിവര്‍ക്കാണു കുറുക്കന്റെ കടിയേറ്റ് പരിക്കേറ്റത്. മുന്‍ പഞ്ചായത്ത് മെംബറായ ജോസ് ചിറകണ്ടം-ഏഴാച്ചേരി റോഡില്‍ പ്രഭാതസവാരി നടത്തി തിരികെ വീട്ടിലേക്കു വരുമ്പോഴാണു കുറുക്കന്‍ മുഖത്തുചാടി കടിച്ചത്.

ബേബിയുടെ മുഖത്തിന് പുറമേ കയ്യിലും കടിയേറ്റിട്ടുണ്ട്. വിരല്‍ കുറുക്കന്‍ കടിച്ചെടുത്തു. മാത്തുക്കുട്ടിക്കു വീടിന്റെ മുറ്റത്താണു കടിയേറ്റത്. ഭാര്യ ജൂബി ഓടിയെത്തിയപ്പോള്‍ അവരെയും കടിച്ചു. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

മുന്നിലുള്ളത് വലിയ സ്വപ്‌നങ്ങൾ; കുഞ്ഞ് ജോബി വിരമിക്കുന്നു

മുന്നിലുള്ളത് വലിയ സ്വപ്‌നങ്ങൾ; കുഞ്ഞ് ജോബി വിരമിക്കുന്നു

മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിലും സീരിയലിലും സജീവമായ ജോബിയെ അറിയാത്തവരായി ആരുംതന്നെ കാണില്ല. മലയാള സിനിമകളിലും ടെലിവിഷനിലും ചെറുതും വലുതുമായ വേഷങ്ങളാണ് ജോബി അഭിനയിച്ചുതീർത്തിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്തയാണ് ജോബി പുറത്തുവിടുന്നത്.

ഈ മാസം 31നാണ് ജോബി സർവീസിൽ നിന്നും വിരമിക്കുക. 24 വർഷത്തെ സർവീസിന് ശേഷം തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെ.എസ്.എഫ്.ഇ അർബൻ റീജിയണൽ ഓഫീസിൽ നിന്ന് സീനിയർ മാനേജരായി വിരമിക്കുമ്പോൾ സിനിമയെയും ജീവിതത്തെയും കുറിച്ച് വലിയ പ്രതീക്ഷകളാണ് ജോബിക്ക്. സിനിമയിൽ നിന്നും സ്ഥിരവരുമാനം ഇല്ലാതായതോടെയാണ് ജോബി 1999ൽ പിഎസ്സിയിലൂടെ ജൂനിയർ അസിസ്റ്റന്റായി സർവീസിൽ കയറുന്നത്.

അച്ചുവേട്ടന്റെ വീട് എന്ന ആദ്യ സിനിമയിലൂടെയായിരുന്നു ജോബിയുടെ കലാരംഗത്തേക്കുള്ള രംഗപ്രവേശം. അൻപതോളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചെങ്കിലും സമയപരിമിതി മൂലം ചെറിയ വേഷങ്ങളായിരുന്നു ഏറെയും. അതിൽ കൂടുതലും ഹാസ്യവേഷങ്ങളും. 2018ൽ മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് ആത്മവിശ്വാസം കൂട്ടി. ഇപ്പോൾ വേലക്കാരി ജാനു എന്ന ചിത്രത്തിൽ മുഖ്യവേഷം ചെയ്യുന്നു. സംസ്ഥാന യുവജനോത്സവത്തിൽ വിധികർത്താവായി എല്ലാവർഷവും എത്താറുണ്ട്.

ഐഎല്‍ഒ പ്രതിനിധി ഡിനോ കോറൈല്‍, നോര്‍ക്ക അധികൃതരുമായി കൂടിക്കാഴ്ച നടത്തി

ഐഎല്‍ഒ പ്രതിനിധി ഡിനോ കോറൈല്‍, നോര്‍ക്ക അധികൃതരുമായി കൂടിക്കാഴ്ച നടത്തി

ഐഎല്‍ഒയുടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ടീമിലെ ലേബര്‍ മൈഗ്രേഷന്‍ സ്‌പെഷലിസ്റ്റാണ് ഡിനോ കോറൈല്‍. ആഗോള തൊഴില്‍ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സുരക്ഷിതമായ തൊഴില്‍ കുടിയേറ്റം യാഥാര്‍ഥ്യമാക്കാനുള്ള സാധ്യത കണ്ടെത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

കുടിയേറ്റ മേഖലയില്‍ നിലനില്‍ക്കുന്ന സാധ്യതകളും വെല്ലുവിളികളും സുരക്ഷിത മൈഗ്രേഷന്‍ സെന്റര്‍ എന്ന നിലയില്‍ നോര്‍ക്കയ്ക്കുള്ള സവിശേഷതകള്‍, നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ക്ഷേമപദ്ധതികള്‍, റിക്രൂട്ട്‌മെന്റ് നടപടികള്‍, വിദേശഭാഷാപഠന ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ സംബന്ധിച്ച് നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിച്ചു. നിയമപരമായ തൊഴില്‍ കുടിയേറ്റത്തിന് ഐഎല്‍ഒ യുമായി ഏതൊക്കെ മേഖലകളില്‍ സഹകരിക്കാം എന്ന വിഷയത്തിലും ചര്‍ച്ച നടന്നു. നോര്‍ക്ക ആരംഭിക്കാന്‍ പോകുന്ന പുതിയ പദ്ധതികളേയും പരിചയപ്പെടുത്തി

ആരോഗ്യമേഖലയ്ക്ക് പുറമേ കൂടുതല്‍ മേഖലകളിലേയ്ക്കുളള വിദേശതൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും നിയമപരമായ കുടിയേറ്റത്തിനായുളള ശ്രമങ്ങള്‍ക്കും കൂടിക്കാഴ്ച സഹായകരമായെന്ന് കെ.ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ നോര്‍ക്ക റൂട്ട്‌സ് സിഇഒയ്ക്ക് പുറമേ റിക്രൂട്ട്‌മെന്റ് മാനേജര്‍ ടി.കെ.ശ്യാം, സെക്ഷന്‍ ഓഫിസര്‍മാരായ ബിപിന്‍, ജെന്‍ഷര്‍ എന്നിവര്‍ പങ്കെടുത്തു.

പാൽപ്പൊടി നിർമാണത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്; മൂർക്കനാട് പാൽപ്പൊടി ഫാക്ടറി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും

പാൽപ്പൊടി നിർമാണത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്; മൂർക്കനാട് പാൽപ്പൊടി ഫാക്ടറി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും

സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന അധികം പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. മലപ്പുറം ജില്ലയിലെ മൂർക്കനാട് പാൽപ്പൊടി നിർമാണ ഫാക്ടറി നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട്ട് 12.4 ഏക്കറിൽ നിർമാണം പൂർത്തിയാകുന്ന മിൽമ ഡയറി പ്ലാന്റിനോട് ചേർന്നാണ് പാൽപ്പൊടി ഫാക്ടറി. ഒരു ലക്ഷം ലിറ്റർ പാലിൽ നിന്നും 10 മെട്രിക് ടൺ പാൽപ്പൊടിയാണ് പ്രതിദിന ഉൽപാദനശേഷി.

131.03 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുവേണ്ടി സ്റ്റേറ്റ് പ്ലാൻ ഫണ്ട് വഴി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി (ആർ.ഐ.ഡി.എഫ്) യിൽ നിന്ന് 32.72 കോടി രൂപയും മിൽമ മലബാർ മേഖലാ യൂണിയന്റെ വിഹിതമായ 83.31 കോടി രൂപയും ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ആലപ്പുഴയിലുള്ള മിൽമയുടെ ആദ്യ പാൽപ്പൊടി നിർമാണ ഫാക്ടറി പ്രവർത്തനരഹിതമായതോടെ പാൽ തമിഴ്‌നാട്ടിൽ എത്തിച്ചായിരുന്നു പാൽപ്പൊടി നിർമിച്ചിരുന്നത്. ലോക്ക്ഡൗൺ കാലത്ത് അതിന് കഴിയാതെ വന്നതോടെ മലബാർ യൂണിയൻ പ്രതിസന്ധിയിലായിരുന്നു. പുതിയ പാൽപ്പൊടി നിർമാണ ഫാക്ടറി നിലവിൽ വരുന്നതോടെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരമാകും.

കൊല്ലം പുനലൂരിൽ പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്തയാളെ പൊലീസ് പിടികൂടി

കൊല്ലം പുനലൂരിൽ പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്തയാളെ പൊലീസ് പിടികൂടി

കൊല്ലം പുനലൂരിൽ പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്തയാളെ പൊലീസ് പിടികൂടി. വാഴവിള സ്വദേശി ഹരിലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തുവെച്ചാണ് ഇയാള്‍ പൊലീസിന്‍റെ കാർ അടിച്ച് തകർത്തത്.

മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത ഹരിലാലിനോട് സ്ഥലത്ത് നിന്നും മാറി പോകാൻ പിങ്ക് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയത്. റോഡരികിൽ കിടന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ച് പിങ്ക് പോലീസിന്റെ കാറിൻറെ പിന്നിലെ ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് എത്തിയാണ് ഹരിലാലിനെ പിടികൂടിയത്. മോഷണ കേസിലും ലഹരി മരുന്നു കേസിലും അടിപിടി കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഹരിലാലിനെ റിമാൻഡ് ചെയ്തു.

75 രൂപ നാണയം പുറത്തിറക്കുന്നു; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും

75 രൂപ നാണയം പുറത്തിറക്കുന്നു; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുക. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് ‘ഭാരത്’ എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലുമുണ്ടാകും. നാണയത്തില്‍ ‘രൂപ’ ചിഹ്നവും ലയണ്‍ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളില്‍ ’75 ‘എന്ന മൂല്യവും രേഖപ്പെടുത്തും. മുകളിലെ ‘സന്‍സദ് സങ്കുല്‍’ എന്നും താഴെ ഇംഗ്ലീഷില്‍ ‘പാര്‍ലമെന്റ് മന്ദിരം’ എന്നും എഴുതും.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചാകും നാണയത്തിന്റെ ഡിസൈന്‍ തയ്യാറാക്കുകയെന്ന് കേന്ദ്രം അറിയിച്ചു. 44 മില്ലിമീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റ അഗ്രഭാഗങ്ങളില്‍ 200 സെറേഷനുകള്‍ ഉണ്ടായിരിക്കും. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് ഉള്‍പ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിര്‍മിക്കുന്നത്.

അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 25 ഓളം പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.