പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉയർന്നിട്ടുണ്ട്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ് കോൺ​ഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് നിലപാടെടുത്തിരിക്കുകയാണ്. 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിഎസ്പിയും ജെഡിഎസുമാണ് പ്രതിപക്ഷ നിരയിൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

പുതിയ പാർലമെന്റ് ഉദ്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. എംപിമാ‍‌‍ർക്ക് ലോക്സഭ സെക്രട്ടറി ജനറൽ ഒദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാരിയുടെ കൊലയിലേയ്ക്ക് നയിച്ചത് ഹണിട്രാപ്പ്?; പരിശോധിക്കുമെന്ന് പൊലീസ്, മൃതദേഹം കണ്ടെത്തി

വ്യാപാരിയുടെ കൊലയിലേയ്ക്ക് നയിച്ചത് ഹണിട്രാപ്പ്?; പരിശോധിക്കുമെന്ന് പൊലീസ്, മൃതദേഹം കണ്ടെത്തി

പാലക്കാട്: കോഴിക്കാട്ടെ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ എന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ്. തിരൂര്‍ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷിബിലിയെയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയെയും റെയില്‍വേ സുരക്ഷാ സേനയുടെ സഹായത്തോടെയാണ് പിടികൂടിയത്. ചെന്നൈയില്‍ നിന്ന് പിടികൂടി കസ്റ്റഡിയിലെടുത്ത ഇരുവരെയും ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തിക്കും. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ കാരണവും കൊലപാതക രീതിയും അറിയാന്‍ സാധിക്കുകയുള്ളൂ എന്നും എസ്പി പറഞ്ഞു.

അട്ടപ്പാടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മൊബൈല്‍ ഫോണ്‍, സിസിടിവി എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് മൃതദേഹം അട്ടപ്പാടിയില്‍ ഉണ്ടെന്ന് മനസിലായത്. കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണ് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചിക്കു ആണ് കസ്റ്റഡിയിലെടുത്ത മൂന്നാമത്തെ പ്രതി. മൂന്നുപേര്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഫര്‍ഹാനയുടെ സുഹൃത്താണ് ചിക്കു. 18നും 19നും ഇടയിലാണ് കൊലപാതകം നടന്നത്. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പ് ആണോ എന്നതടക്കമുള്ള കാര്യത്തില്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരികയുള്ളൂ എന്നും എസ്പി പറഞ്ഞു.

വെള്ളമെന്ന് കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചു, യുവാവ് മരിച്ചു; 60കാരന്‍ ചികിത്സയില്‍

വെള്ളമെന്ന് കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചു, യുവാവ് മരിച്ചു; 60കാരന്‍ ചികിത്സയില്‍

കൊച്ചി: വെള്ളമെന്നു കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ് (60) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കൂത്താട്ടുകുളം ഇലഞ്ഞി ആലപുരത്ത് റബ്ബര്‍ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് എത്തിയതായിരുന്നു ഇവര്‍. റബ്ബര്‍തോട്ടത്തിനു സമീപമുള്ള കോഴിഫാമിനോട് ചേര്‍ന്ന കെട്ടിടത്തില്‍ കുപ്പിയില്‍ ഫോര്‍മാലിന്‍ ഉണ്ടായിരുന്നു. കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കോഴിഫാം വൃത്തിയാക്കാന്‍ സൂക്ഷിച്ചിരുന്ന ഫോര്‍മാലിന്‍ ആയിരുന്നു കുപ്പിയില്‍ ഉണ്ടായിരുന്നത്. ഛര്‍ദിയുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

യുവതിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറ്റിങ്ങൽ ഡി.വൈ.എസ്‌.പിക്ക് കോടതിയുടെ മെമോ

യുവതിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറ്റിങ്ങൽ ഡി.വൈ.എസ്‌.പിക്ക് കോടതിയുടെ മെമോ

പോത്തൻകോട്ട് യുവതിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറ്റിങ്ങൽ ഡി.വൈ.എസ്‌.പിക്ക് കോടതിയുടെ മെമോ. കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും നടപ്പിലാക്കാത്തതിനാണ് മെമോ. കുപ്രസിദ്ധ ഗുണ്ട കരടി ബൈജു അടക്കം 4 പ്രതികളുള്ള കേസിൽ 2 പ്രതികളെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും നടപ്പിലാക്കാത്ത പുറപ്പെടുവിച്ചത്. മാർച്ച് 1 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള ജില്ലാ കോടതി ഉത്തരവ് നടപ്പിലാക്കുകയോ നടപ്പിലാക്കാൻ സാധിക്കാത്തതിന് കാരണം കാട്ടി റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്യാത്തതിനാണ് ഡിവൈഎസ്‌പിക്ക് കോടതി മെമോ നൽകിയത്.

തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. ജൂൺ 15 നാണ് വിശദീകരണം ബോധിപ്പിക്കേണ്ടത്. കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ 2 പ്രതികളെ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. പോത്തൻകോട് കൂട്ട ബലാൽസംഗക്കേസിലെ മൂന്നും നാലും പ്രതികളായ വെള്ളച്ചി രതീഷ്, പരുന്ത് ബിജു എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. മാർച്ച് 1 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

‘മാധ്യമ’ത്തിലെ പിരിച്ചുവിടൽ തടഞ്ഞ് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിലെ കൂട്ട പിരിച്ചുവിടൽ നടപടി തടഞ്ഞ് ഉത്തരവ് ഇറക്കിയ സംസ്ഥാന സർക്കാർ തീരുമാനം കേരള പത്രപ്രവർത്തക യൂണിയൻ സ്വാഗതം ചെയ്തു. തൊഴിൽ സുരക്ഷയും സേവന, വേതന വ്യവസ്ഥകളും അട്ടിമറിക്കാൻ മാനേജ്മെൻറ് നിരത്തിയ കപട വാദങ്ങൾ തള്ളി തൊഴിലാളി പക്ഷത്ത് നിലയുറപ്പിച്ച സർക്കാർ നടപടി അരക്ഷിതാവസ്ഥ നേരിടുന്ന മാധ്യമ മേഖലയിലെ തൊഴിലാളികൾക്ക് പകരുന്ന ആശ്വാസവും ആത്മവിശ്വാസവും വളരെ വലുതാണെന്ന് യൂണിയൻ പ്രസിഡൻ്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും പ്രസ്താവനയിൽ പറഞ്ഞു.

ഇനിയും നടപ്പാക്കിയിട്ടില്ലാത്ത അശാസ്ത്രീയമായ ഓട്ടോമേഷൻ സംവിധാനത്തിൻ്റെ പേരിൽ പ്രൂഫ് വിഭാഗത്തിലെ 23 മാധ്യമ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള മാനേജ്മെൻ്റ് നീക്കം സർക്കാർ ഉത്തരവോടെ അസാധുവായി. ഒരു ഭാഗത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും മറുഭാഗത്ത് കുറഞ്ഞ ആനുകൂല്യങ്ങളോടെ കരാർവത്കരണത്തിന് മാനേജ്മെൻ്റ് നടത്തുന്ന നീക്കത്തിന് പിന്നിലെ ഇരട്ടത്താപ്പ് സർക്കാർ ഉത്തരവിൽ എടുത്തുപറയുന്നത് ഏറെ പ്രസക്തമാണ്.

തൊഴിൽ സുരക്ഷയ്ക്ക് അനുകൂലമായ ഉത്തരവ് ഇറക്കാൻ നേതൃത്വം നൽകിയ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി, തൊഴിൽ വിഷയത്തിൽ ഒപ്പം നിന്ന മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥ മേധാവികൾ എന്നിവരെ യൂണിയൻ നന്ദി അറിയിക്കുന്നു. മാസങ്ങളോളം ശമ്പളം നൽകാതെയും നിലവിലെ അവകാശാനുകൂല്യങ്ങൾ വെട്ടിക്കുറച്ചും തൊഴിലാളി വിരുദ്ധ നിലപാടു സ്വീകരിക്കുന്ന മാനേജ്മെൻ്റുകൾക്ക് കൂച്ചുവിലങ്ങ് ഇടാൻ സർക്കാർ ഭാഗത്തുനിന്ന് കൂടുതൽ കർക്കശമായ ഇടപെടലുകൾ ഉണ്ടാകണമെന്നും യൂണിയൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

വില്ലേജ് ആഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി

വില്ലേജ് ആഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് റവന്യു വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു വകുപ്പില്‍ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാനത്താകെയുള്ള വില്ലേജ് ആഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി. സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തി.

ലാന്റ് റവന്യൂ കമ്മീഷണറേറ്റിലെ പരിശോധനാ സംഘം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 41 ആഫീസുകളില്‍ പരിശോധന നടത്തി. 11 ഡെപ്യൂട്ടി കളക്ടര്‍മാരുടെയും 3 സീനിയര്‍ സൂപ്രണ്ടുമാരുടെയും നേതൃത്വത്തില്‍ 14 ടീമുകളായി തിരിഞ്ഞാണ് 12 ജില്ലകളില്‍ ഇത്തരത്തില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം റവന്യു വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ റവന്യു സെക്രട്ടേറിയേറ്റിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകള്‍ നടത്തിയത്. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസം തന്നെ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സേവനാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കേറ്റുകളും സേവനങ്ങളും മതിയായ കാരണമില്ലാത്ത നല്‍കാതിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന മൂന്ന് മേഖലാ റവന്യൂ വിജിലന്‍സ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും അതോടൊപ്പം കമ്മീഷണറേറ്റിലേയും കളക്ട്രേറ്റുകളിലേയും പരിശോധന വിഭാഗങ്ങള്‍ ശക്തമാക്കാനും നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനായി കൂടുതല്‍ ജീവനക്കാരെ ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതോടു കൂടി അഴിമതി ഗണ്യമായി കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനായി പൊതുജനങ്ങളെ ഇ-സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിനു വേണ്ടി റവന്യൂ ഇ-സാക്ഷരത എന്ന പേരില്‍ ആരംഭിച്ച പദ്ധതി കാര്യക്ഷമമാക്കും. പൊതുജനങ്ങളെ റവന്യൂ ആഫീസുകളില്‍ എത്തിക്കാതെ തന്നെ സേവനങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇ-സേവനങ്ങള്‍ നല്‍കുന്നതിലുള്ള പുരോഗതിയും കാലതാമസവും പരിശോധിക്കുന്നതിന് റവന്യൂ മന്ത്രിയുടെ ഓഫീസിലും, ലാന്റ് റവന്യൂ കമ്മീഷണറേറ്റിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. അഴിമതി കേസികളില്‍ നടപടി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായട നടപടി സ്വീകരിക്കും. അഴിമതി സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നതിന് ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. അടുത്തയാഴ്ച തന്നെ സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്ത് അവരുടെ കൂടി സഹകരണത്തോടെ അഴിമതിക്കെതിരെയുള്ള നടപടികള്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.