by liji HP News | May 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
എന്റെ കേരളം മെഗാ മേളയുടെ ഭാഗമായി നിശാഗന്ധിയില്‍ സംഗീതത്തിന്റെ വിസ്മയരാവ് തീര്‍ത്ത് ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മിയുടെ മ്യൂസിക്കല്‍ നൈറ്റ്. മെലഡിയും ഫാസ്റ്റ് നമ്പറുകളും ഒരു പോലെ പാടി ആരാധകരെ ആവേശത്തിലാക്കാറുള്ള രാജലക്ഷ്മിയുടെ പതിവ് ശൈലി നിശാഗന്ധിയിലും ആവര്‍ത്തിച്ചു. പാട്ടിനൊപ്പം ചുവടുകളും നിറഞ്ഞ കൈയ്യടിയുമായി സദസും ഒപ്പം ചേര്‍ന്നു.
ഗിത്താറില്‍ സുദേന്ദുവും കീബോര്‍ഡില്‍ സാംസണും ഡ്രംസില്‍ രഞ്ജുവും വിസ്മയം തീര്‍ത്തു. തബലയില്‍ വിരലുകളാല്‍ സംഗീതത്തിന്റെ മാന്ത്രിക ലോകത്തെ സമ്പന്നമാക്കി ഹരികൃഷ്ണും ഫ്‌ളൂട്ടില്‍ മികച്ച ശ്രവ്യാനുഭവം പകര്‍ന്ന് ഷാജിയും മ്യൂസിക്കല്‍ നൈറ്റിന് മികവ് പകര്‍ന്നു.
നിശാഗന്ധിയിൽ ഇന്ന് വൈകുന്നേരം 6 മണിമുതൽ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ ഏഴ് മുതൽ 14 വയസ്സുവരെ പ്രായമുള്ള 22 കുട്ടികൾ അവതരിപ്പിക്കുന്ന ഡോക്യുഡ്രാമ ‘ചങ്ങാതി’ അരങ്ങേറും. തുടർന്ന് വൈകുന്നേരം 7.30 മുതല്‍ ഭദ്ര റെജിൻ മ്യൂസിക് ബാന്‍ഡ് സംഗീത പരിപാടി.
by liji HP News | May 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭരണ സംവിധാനത്തില്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താനും ഡിജിറ്റല്‍ സംസ്ഥാനമാകാനും ലക്ഷ്യമിട്ടുകൊണ്ട് കേരളത്തെ ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. കേരളജനതയെ വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിലെ സുപ്രധാന കാല്‍വയ്പാണിത്.
ഇ-ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സേവനം ആവശ്യമുള്ള പൗരന്‍മാര്‍ക്കും മാത്രമായുള്ള ഒരു ശൃംഖല രൂപപ്പെടുത്തുക എന്നതു മാത്രമല്ല, നാടിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യാ നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇ-ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതു കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയും അതിലധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിനാകെ പ്രയോജനപ്പെടണം എന്നുണ്ടെങ്കില്‍ സമൂഹത്തിലെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കണം. അതിനുവേണ്ട ഇടപെടലുകള്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതികവിദ്യയെ പൊതുസേവന മേഖലയുമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ഇ-ഗവേണന്‍സ് ചെയ്യുന്നത്. ഇത് നവകേരള സൃഷ്ടിക്ക് സുശക്തമായ അടിത്തറ പാകുന്ന ഒന്നായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷ വേളയാണിത്. ഇതിനെ ആഘോഷപരിപാടിയായി മാത്രം ചുരുക്കാതെ ജനോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും ആ നിലയ്ക്കാണ് നൂറുദിന കര്‍മ്മ പരിപാടി ആവിഷ്ക്കരിച്ചു നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
കുറഞ്ഞ ചെലവിലോ സൗജന്യമായോ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി കേരളം ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതി അടുത്ത മാസം നാടിനു സമര്‍പ്പിക്കപ്പെടുകയാണ്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഇന്‍റര്‍നെറ്റ് സാന്ദ്രതയില്‍ വര്‍ധനവുണ്ടാകും. അതോടെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളെ കൂടുതല്‍ പ്രയോജനപ്പെടുത്താം. അങ്ങനെ ജനങ്ങളും ഭരണസംവിധാനവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
ഇ-ഗവേണിംഗ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്‍റര്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവില്‍ 2,000 ത്തിലധികം ഹോട്ട്സ്പോട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് എന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താന്‍ പല തലങ്ങളിലുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതിനുപുറമേ 2,000 ഹോട്ട്സ്പോട്ടുകള്‍ കൂടി ഒരുങ്ങുകയാണ്. ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഒരുക്കാനായി ബന്ധപ്പെട്ട ഈ അടിസ്ഥാന സൗകര്യവികസന പദ്ധതികളെല്ലാം തന്നെ ഇ-ഗവേണന്‍സ് സംവിധാനങ്ങള്‍ ജനങ്ങള്‍ക്കു പ്രാപ്യമാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൂടി ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി ഇ-സേവനം പോര്‍ട്ടല്‍ എന്ന പേരില്‍ ഏകജാലക സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. തൊള്ളായിരത്തോളം സേവനങ്ങള്‍ നിലവില്‍ ഈ പോര്‍ട്ടല്‍ മുഖേന ലഭ്യമാണ്. ഇതേ മാതൃകയിലുള്ള മറ്റൊരു ജനകീയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും സബ് കളക്ടറേറ്റുകളിലും കമ്മീഷണറേറ്റുകളിലും ഡയറക്ടറേറ്റുകളിലും മറ്റും ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു.
താലൂക്ക് തലത്തിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത്തരം പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ തന്നെ അവ പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് ഉത്തേജനം പകരുന്നതാണ് ഇ-ഗവേണന്‍സ് മേഖലയിലെ മുന്‍കൈകളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളം ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമാകുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങളിലേക്കെത്തുമെന്ന് ആമുഖഭാഷണം നടത്തിയ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു. സമസ്ത മേഖലയിലും ഇ-ഗവേണന്‍സിലൂടെയുള്ള മാറ്റം പ്രതിഫലിക്കുമെന്നും സമൂഹ പുരോഗതിയില്‍ ഇത് നിര്‍ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി എന്നിവര്‍ സംബന്ധിച്ചു.
അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കാന്‍ ഇ ഗവേണന്‍സിലൂടെ സാധിക്കും. മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇ ഗവേണന്‍സിലൂടെ ലക്ഷ്യമിടുന്നു. അത്യാധുനിക സാങ്കേതികവിദ്യാ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ച് എല്ലാത്തരം സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി നല്‍കാന്‍ സഹായിക്കും. ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനമുള്‍പ്പെടെ 800ല്‍പ്പരം സര്‍ക്കാര്‍ സേവനങ്ങള്‍ ഏകജാലക സംവിധാനത്തിലേക്ക് മാറും.
സമ്പൂര്‍ണ ഇ-ഗവേണന്‍സ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇലക്ട്രോണിക്സ്-ഐടി വകുപ്പ് കനകക്കുന്നില്‍ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും സേവനങ്ങളുമാണ് ഓഡിയോ, വിഷ്വല്‍ രൂപങ്ങളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മേയ് 27 വരെ നടക്കുന്ന എക്സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
by liji HP News | May 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു. രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോരുകയായിരുന്നു ജഗൻ. അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കൽ ആൽബവും ഒരുക്കിയിട്ടുണ്ട്. എം.പി.എം. പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ്ഈ ചിത്രംനിർമ്മിക്കുന്നത്. ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള ചിത്രമാണിത്.
യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വിൽസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സർവ്വീസ്സിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്.

സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെ യാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപി സുന്ദറിന്റേതാണു സംഗീതം. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – ക്രിസ്റ്റി സെബാസ്റ്റ്യൻ. കലാസംവിധാനം – ഡാനി മുസ്സരിസ്.
മേക്കപ്പ് – അനീഷ് വൈപ്പിൻ. കോസ്റ്റും ഡിസൈൻ – വീണാ സ്യമന്തക് ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക്. പ്രൊജക്റ്റ് ഡിസൈനേഴ്സ്- ആൻസിൽ ജലീൽ – വിശ്വനാഥ്.ഐ:
ജൂൺ രണ്ടിന് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ നടക്കും.
ജൂൺ അഞ്ചു മുതൽ പാലക്കാട്ട് ചിത്രീകരണമാരംഭിക്കും.
by liji HP News | May 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കുമളി: ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിയില്‍ എത്തി. ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്ത് വരെ എത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. കുമളി റോസപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടെത്തിയത്. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് വഴിയാണ് ആനയുടെ നീക്കം വനംവകുപ്പ് നിരീക്ഷിക്കുന്നത്. ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് ശബ്ദം ഉണ്ടാക്കി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതായി വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞദിവസം ആകാശദൂരം കുമളിയില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ വരെ എത്തിയ അരിക്കൊമ്പന്‍, ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും ജനവാസ മേഖലയ്ക്ക് അരികില്‍ അരിക്കൊമ്പന്‍ എത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
ഏഴുദിവസം മുന്‍പാണ് ആന തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പനെ തുറന്നുവിട്ട പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് തമിഴ്നാട്ടിലെ മേഘമല വരെ പോയ ശേഷമായിരുന്നു കാട്ടാനയുടെ മടക്കം.വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ അരിക്കൊമ്പനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്നാട് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം ശ്രീകാര്യത്ത് പട്ടാപ്പകല്‍ വയോധികയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ചിത്രസേനനാണ് പൊലീസിന്റെ പിടിയിലായത്. റോഡില്‍ നടന്നു പോവുകയായിരുന്ന 68കാരിയെ പിന്തുടര്‍ന്നായിരുന്നു ആക്രമണം. ശ്രീകാര്യം ഗാന്ധിപുരം റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മകളുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന അറുപത്തെട്ടുകാരിയെയാണ് വടപ്പാറ സ്വദേശിയായ ചിത്രസേനന്‍ നടുറോഡില്‍ വച്ച് കടന്നു പിടിച്ചത്.
കഴുത്തില്‍ ചുറ്റിപ്പിടിച്ചതോടെ കുതറി മാറാന്‍ ശ്രമിച്ചെങ്കിലും വയോധികയെ സമീപത്തെ ഇടവഴിയില്‍ തള്ളിയിടാന്‍ ശ്രമിച്ചു. നിലവിളി കേട്ടോടിയെത്തിയ വഴിയാത്രക്കാരും സമീപ വാസികളുമാണ് ചിത്രസേനനെ തടഞ്ഞുവച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കുറ്റം ചുമത്തിയാണ് ചിത്രസേനനെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തത്. ശ്രീകാര്യം സ്റ്റേഷന്‍ പരിധിയില്‍ 2020ല്‍ വധശ്രമ കേസിലും ഇയാള്‍ പ്രതിയാണ്. സമാനരീതിയില്‍ മറ്റ് അതിക്രമങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. 60ാം വയസിലെ താരത്തിന്റെ രണ്ടാം വിവാഹമാണ്. കൊൽക്കത്തയിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ആശിഷ് വിദ്യാർഥിയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
Recent Comments