ദേവനാരായണന് കെ എ എസിൽ  ഉജ്വലനേട്ടം

ദേവനാരായണന് കെ എ എസിൽ ഉജ്വലനേട്ടം

കിളിമാനൂർ: എഴുതിയ പരീക്ഷകളിലെല്ലാം റാങ്ക് നേടിയ ദേവനാരായണന്,കെ.എ.എസിലും ഒന്നാം റാങ്കിന്റെ സുവർണ്ണനേട്ടം. തിരുവനന്തപുരം കിളിമാനൂർ പുല്ലയിൽ സരസ്വതി ഭവനിൽ അനിൽകുമാർ-ശാലിനി ദമ്പതികളുടെ മകനാണ് ഈ 26 കാരൻ. കെ.എ.എസ് സ്ട്രീം ഒന്നിൽ ആദ്യ ശ്രമത്തിലാണ് സുവർണ്ണ നേട്ടം.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ ഇരുപതാം റാങ്ക് നേടി വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ജോലി നോക്കുന്നതിനിടയിലാണ് കെ.എ.എസ് പരിശീലനം.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്സും, തിരുവനന്തപുരം ബാർട്ടൻ ഹിൽ എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി.അച്ഛൻ അനിൽ കുമാർ പുതിയകാവിൽ ലോട്ടറി കട നടത്തുകയാണ്.അമ്മ ശാലിനി വീട്ടമ്മയാണ്.
സഹോദരൻ അനന്ദകൃഷ്ണൻ എൽ.പി അസിസ്റ്റന്റ് പരീക്ഷയിൽ എഴുപതാം റാങ്ക് നേടി. സഹോദരി ദേവനന്ദ ടി.ടി.സി വിദ്യാർത്ഥിയാണ്.

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് റ്റി-20 ക്രിക്കറ്റ് മാച്ച്; ഗതാഗത ക്രമീകരണം

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് റ്റി-20 ക്രിക്കറ്റ് മാച്ച്; ഗതാഗത ക്രമീകരണം

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ്
റ്റി-20 ക്രിക്കറ്റ് മാച്ചിനോടനുബന്ധിച്ച് ഗതാഗതക്രമീകരണങ്ങൾ
ഏർപ്പെടുത്തിയിരിക്കുന്നു

• കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്രസ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് റ്റി-20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് 31.01.2026 തീയതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 12.00 മണി വരെ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

• കഴക്കൂട്ടം-അമ്പലത്തിൻകര-കാര്യവട്ടം NH റോഡിലും ,അമ്പലത്തിൻകര -കുമിഴിക്കര,-സ്റ്റേഡിയം ഗേറ്റ് 4-കുരിശടി -കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരു വശങ്ങളിലും, യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല.

• തിരുവനന്തപുരം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാര്യവട്ടം-ശ്രീകാര്യം വഴി പോകുന്നത് ഒഴിവാക്കി ചാക്ക വഴിയും,ഉള്ളൂർ- ആക്കുളം വഴിയും ബെെപ്പാസിലെത്തി ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ടതാണ്.

• ഗതാഗതതിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വെട്ടുറോഡ്, കഴക്കുട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളിൽ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങൾ മാത്രം കടത്തി വിടുന്നതും, വാഹനഗതാഗതം വഴി തിരിച്ചു വിടുന്നതുമാണ്.

• ആറ്റിങ്ങൽ ഭാഗത്ത് നിന്നും കാര്യവട്ടം – ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ്- ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി-ശ്രീകാര്യം വഴി, പോകേണ്ടതാണ്.

• ഉള്ളൂർ ഭാഗത്ത് നിന്നും വെട്ടുറോഡ്-ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഉളളൂർ- ആക്കുളം -കുഴിവിള വഴി ബൈപ്പാസിലെത്തി പോകേണ്ടതാണ്.

• കാട്ടായിക്കോണം ഭാഗത്തു നിന്നും വെട്ടുറോഡ് വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ കാട്ടായിക്കോണം-ചേങ്കോട്ടുകോണം-ചെമ്പഴന്തി-ശ്രീകാര്യം വഴി പോകേണ്ടതാണ്.

• മത്സരം കാണാനായി ഇരുചക്ര വാഹനത്തിൽ വരുന്ന പൊതുജനങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൌണ്ടിലും, അമ്പലത്തിൻകര ജംഗ്ഷനിലുള്ള മുസ്ലിം ജമാ അത്തിന്റെ പാർക്കിംഗ് ഗ്രൌണ്ടിലും, അമ്പലത്തിൻകര-ടെക്നോപാർക്ക് റോഡിന്റെ വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ് .

• കാറുകളുൾപ്പെടെയുള്ള ചെറിയ വാഹനങ്ങളിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്നും വരുന്ന ആൾക്കാർ അൾസാജ് കൺവെൻഷൻ സെന്റെർ പാർക്കിംഗ് ഗ്രൌണ്ടിലും കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിംഗ് ഗ്രൌണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. ശ്രീകാര്യം,കാട്ടായിക്കോണം ഭാഗങ്ങളിൽ നിന്നും വരുന്നവർ കാര്യവട്ടം -പുല്ലാന്നിവിള റോഡിലുളള LNCPE,യൂണിവേഴ്സിറ്റി കോളേജ് ഗ്രൌണ്ട് , ബി എഡ് കോളേജ് എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ് .

• തിരുവല്ലം, ചാക്ക ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ വെൺപാലവട്ടത്തുള്ള ആനയറ വേൾഡ് മാർക്കറ്റിന്റെ പാർക്കിംഗ് ഗ്രൌണ്ടിലും, കരിക്കകം ക്ഷേത്ര പാർക്കിംഗ് ഗ്രൌണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

• കഴക്കൂട്ടം അൾസാജ് കൺവെൻഷൻ സെന്റെർ, വെൺപാലവട്ടത്തുള്ള ആനയറ വേൾഡ് മാർക്കറ്റിന്റെ പാർക്കിംഗ് ഗ്രൌണ്ട്, കരിക്കകം ക്ഷേത്ര പാർക്കിംഗ് ഗ്രൌണ്ട് ഏന്നീ സ്ഥലങ്ങളിൽ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലേക്കും തിരിച്ചു ഗ്രൌണ്ടുകളിലേക്കും ആൾക്കാരെ കൊണ്ടുപോകുന്നതിനായി സൌജന്യ ഷട്ടിൽ സർവ്വീസുകൾ നടത്തുന്നതാണ്.

• ക്രിക്കറ്റ് മൽസരം കഴിഞ്ഞതിന് ശേഷം LNCPE, യൂണിവേഴ്സിറ്റി കോളേജ് , ബി എഡ് കോളേജ് എന്നീ പാർക്കിംഗ് ഗ്രൌണ്ടുകളിൽ നിന്നും ആറ്റിങ്ങൽ, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുല്ലാന്നിവിള-ചേങ്കോട്ടുകോണം-കാട്ടായിക്കോണം-പോത്തൻകോട്-മംഗലാപുരം വഴി പോകേണ്ടതാണ്.കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിംഗ് ഗ്രൌണ്ടിലെ വാഹനങ്ങൾ തൃപ്പാദപുരം-കുശമുട്ടം-കല്ലിംഗൽ വഴി ബെെപ്പാസിലെത്തി തിരുവനന്തപുരം, ആറ്റിങ്ങൾ ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്.

• നിർദ്ദേശിച്ചിട്ടുളള പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗതതടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
• വിമാനത്താവളത്തിലേക്കും, റെയിൽവെ സ്റ്റേഷനിലേക്കും കഴക്കൂട്ടം വഴി വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

• തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055,എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്

സി ജെ റോയിയുടെ സംസ്കാരം നാളെ; പൊലീസ് അന്വേഷണം തുടരുന്നു

സി ജെ റോയിയുടെ സംസ്കാരം നാളെ; പൊലീസ് അന്വേഷണം തുടരുന്നു

ബെംഗളൂരു: ഇന്നലെ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകംടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ റെയ്‌ഡ്‌ നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പൊലീസ് കമ്മീഷണർ സീമന്ത്‌ കുമാർ സിംഗ് വ്യക്തമാക്കി. റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. നാളെ സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആണ് റോയിയുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.

കോൺഫിഡന്റ് ഗ്രൂപ്പ്‌ ഉടമ സിജെ റോയിയുടെ അകാല മരണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് മോഹൻലാൽ

കോൺഫിഡന്റ് ഗ്രൂപ്പ്‌ ഉടമ സിജെ റോയിയുടെ അകാല മരണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് മോഹൻലാൽ

“എന്റെ പ്രിയ സുഹൃത്ത് സി.ജെ. റോയിയുടെ വിടവ് വിശ്വസിക്കാനാകാത്തതും അതീവ വേദനാജനകവുമാണ്”: ആദരാജ്ഞലികൾ അർപ്പിച്ച് മോഹൻലാൽ. പ്രിയ സുഹൃത്തിന്റെ വിടവ് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് മോഹൻലാൽ പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു മോഹൻലാൽ ആദരാജ്ഞലികൾ അർപ്പിച്ചത്.

പോസ്റ്റ്‌ ഇങ്ങനെ…..

എന്റെ പ്രിയ സുഹൃത്ത് സി.ജെ. റോയിയുടെ വിടവ് വിശ്വസിക്കാനാകാത്തതും അതീവ വേദനാജനകവുമാണ്. ഈ അഗാധമായ ദുഃഖത്തിന്റെ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്റെ ഹൃദയം ചേർന്നിരിക്കുന്നു.
അദ്ദേഹം വെറും ഒരു സുഹൃത്ത് മാത്രമല്ലായിരുന്നു — സ്നേഹത്തോടെ എന്നും ഓർമ്മിക്കപ്പെടുന്ന ഒരാളായിരിക്കും.

വഞ്ചിയൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തിരുവുത്സവം; മത്സര കൈകൊട്ടിക്കളി ഫെബ്രുവരി 24നു

വഞ്ചിയൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തിരുവുത്സവം; മത്സര കൈകൊട്ടിക്കളി ഫെബ്രുവരി 24നു

വഞ്ചിയൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാലാം ഉത്സവ ദിവസമായ ഫെബ്രുവരി 24ന് വൈകുന്നേരം ആറുമണിക്ക് ആറുമണി മുതൽ മത്സര കൈകൊട്ടിക്കളി ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 23 വൈകുന്നേരം മുൻപേ കമ്മിറ്റുമായി ബന്ധപ്പെട്ട് 500 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് ബുക്ക് ചെയ്യേണ്ടതാണ്.

കോൺടാക്ട് നമ്പർ: 81 57 97 17 35, 94 00 26 29 88

ഒന്നാം സമ്മാനം: 11,111
രണ്ടാം സമ്മാനം: 7,777
മൂന്നാം സമ്മാനം: 3,333

എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു

എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.

പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക. ഐടി മോഡൽ പരീക്ഷകൾ ജനുവരി 12 മുതൽ 22 വരെ നടക്കും. ഫെബ്രുവരി 2 മുതൽ 13 വരെയാണ് എസ്എസ്എൽസി ഐടി പരീക്ഷ. മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 20 വരെ. 2025 നവംബർ 12 മുതൽ 19 വരെ പിഴയില്ലാതെ ഫീസ് അടയ്ക്കാം. പിഴയോടു കൂടി നവംബർ 21 മുതൽ 26 വരെ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ 7 മുതൽ 25 വരെയാണ് മൂല്യനിർണയം.

ഫലപ്രഖ്യാപനം മെയ് 8ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും അടക്കം 3,000 കേന്ദ്രങ്ങളിലായി 4,25,000 കുട്ടികൾ ഇത്തവണ പരീക്ഷയെഴുതും.

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതുപരീക്ഷ മാർച്ച് 5 മുതൽ 27 വരെയാണ്. രണ്ടാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 28 വരെ. ഒന്നാം വർഷ പരീക്ഷകൾ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷകൾ രാവിലെ 9.30നും ആരംഭിക്കും. വെള്ളിയാഴ്‌ച 9.15ന് ആരംഭിച്ച് ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. മാർച്ച് 27 നുള്ള ഒന്നാം വർഷ പൊതു പരീക്ഷകളിൽ ഒരു സെഷൻ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷൻ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.

സ്കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്സിന് രജിസ്റ്റർ ചെയ്‌ത നൂറ്റി ഇരുപത്തിയഞ്ച് വിദ്യാർഥികൾക്ക് മാത്രമാണ് അന്ന് രണ്ട് സെഷനിലും പരീക്ഷയുള്ളത്.

രണ്ടാം വർഷ വിദ്യാർഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിൽ നടക്കും.