സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ ടെക്നോ കൾച്ചറൽ ഫെസ്റ്റായ അസ്ത്ര 2023ന്റെ ഭാഗമായി ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ്, നിംസ് മെഡിസിറ്റി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് എന്നിവർ സംയുക്തമായി മേയ് 5 ആം തീയതി കോളേജ് ക്യാമ്പസിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് നിർദ്ധനരായ രോഗികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതാണ്. വിവിധ കാർഡിയാക് പരിശോധനകൾക്ക് അൻപത് ശതമാനം വരെ ഇളവ് നൽകുന്നു.

കൂടാതെ കാർഡിയോളജി, ഡയബറ്റോളജി, ഓഫ്താൽമോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ സൗജന്യ ചികിത്സയും ബ്ലഡ് ഷുഗർ, ഇ സി ജി, ബ്ലഡ് പ്രഷർ, ബോഡി മാസ് ഇൻഡക്സ് എന്നിവയും സൗജന്യമായി പരിശോധിക്കുന്നതാണ്. കൂടാതെ ആൻജിയോഗ്രാം ചെയ്യുന്നതിന് 50% വും അൾട്രാ സൗണ്ട് സ്കാൻ, എക്കോ ടി എം ടി എന്നിവയ്ക്ക് 30%വും 12 തരം എക്സിക്യൂട്ടീവ് ചെക്കപ്പിനു 25% വും വീതം നിരക്കിൽ കുറവുള്ളതാണ്.

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 45,000 കടന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 45,000 കടന്നത്. 45,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 5650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. 45,320 രൂപയായാണ് അന്ന് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 600ലധികം രൂപ വര്‍ധിക്കുകയായിരുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ വാർഷികം നടന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ വാർഷികം നടന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ വാർഷികം കൂന്തള്ളൂർ പ്രേംനസീർ സ്മാരക ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. സംഘാടകസമിതി ചെയർമാൻ എസ് അനസിൻ്റെ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി സി ജയശ്രീ ഉദ്ഘാടനം ചെയ്തു. കൺവീനർ എം. ഷൗക്കി സ്വാഗതവും ജനറൽ ഷാൻ ഷക്കീർ നന്ദിയും പറഞ്ഞു.

കേരള ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രാജേന്ദ്രൻ നായർ ഭരണഘടനാ മൂല്യവും സമകാലിക ഇന്ത്യയും എന്ന വിഷയം അവതരിപ്പിച്ചു. ജയപ്രകാശിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി ബിനു തങ്കച്ചി റിപ്പോർട്ടും ജില്ലാകമ്മിറ്റിയംഗം സുനിൽകുമാർ സംഘടനാരേഖയും അവതരിപ്പിച്ചു .
സുധീർ രാജ് (പ്രസിഡൻ്റ്), ബിനു തങ്കച്ചി (സെക്രട്ടറി), ഡോ ബിനു കിഴുവിലം (വൈസ് പ്രസിഡൻ്റ്), അഡ്വ. ലിജ ഷിബു (ജോയിൻ്റ് സെക്രട്ടറി), എം ഷൗക്കി (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

കൊച്ചിതീരത്ത് ‘ചാള ചാകര’; വാരിക്കൂട്ടി നാട്ടുകാർ

കൊച്ചിതീരത്ത് ‘ചാള ചാകര’; വാരിക്കൂട്ടി നാട്ടുകാർ

കൊച്ചി: കൊച്ചി തീരത്ത് അത്ഭുതക്കാഴ്ചയായി മത്തി ചാകര. കടലിൽ നിന്ന് കരയിലേക്ക് കയറിയ മത്തിക്കൂട്ടം കൊച്ചിയിലെ വിവിധ തീരങ്ങളിൽ വൻമേളമാണ് തീർത്തത്. കരയിലേക്ക് കുതിച്ചുതുള്ളിച്ചാടുന്ന മത്തി കാഴ്ച കൊച്ചിക്കാരെ അത്ഭുതത്തിലാഴ്ത്തുകയായിരുന്നു. ഫോർട്ട്കൊച്ചി, വൈപ്പിൻ മേഖലകളിൽ ആയിരക്കണക്കിന് മത്തിയാണ് കരയിലേക്ക് എത്തിയത്. ഈ കാഴ്ച കാണാനും ചാള വാരിക്കൂട്ടാനും നിരവധി പേരാണ് പ്രദേശത്ത് എത്തിയത്.

സ്വര്‍ണ്ണക്കള്ളക്കടത്ത് തടയാൻ നടപടിയുമായി കേന്ദ്ര സർക്കാർ

സ്വര്‍ണ്ണക്കള്ളക്കടത്ത് തടയാൻ നടപടിയുമായി കേന്ദ്ര സർക്കാർ

ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് ഇല്ലാതാക്കാനുള്ള നടപടികളുമായ് കേന്ദ്ര സർക്കാർ രം​ഗത്ത്. യുഎഇയില്‍ നിന്നും ചെറുകിട ജ്വല്ലറിക്കാര്‍ക്കും കുറഞ്ഞ തീരുവയില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനുള്ള അനുമതി ഉടൻ ലഭ്യമാക്കുമെന്നാണ് വിവരം. 40 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട ജ്വല്ലറിക്കാർക്ക് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനാകും അനുമതി നൽകുക. താരിഫ് റേറ്റ് ക്വാട്ട എന്ന് വിളിക്കുന്ന ഇറക്കുമതി ക്വോട്ട സമ്പ്രദായത്തിലൂടെ ആകും സ്വർണ്ണം ഇറക്കുമതി ചെയ്യുക. കുറഞ്ഞ തീരുവയിൽ 140 ടണ്‍ ഇറക്കുമതി ചെയ്യാനാകും ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള ആദ്യ കരാർ. ഇറക്കുമതി ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി ക്വാട്ട സമ്പ്രദായത്തിന് കീഴിലായിരിക്കും ഇറക്കുമതി. ഇറക്കുമതി ചുങ്കം 15 ൽ നിന്ന് 14 ആക്കും.

അരിക്കൊമ്പന്‍ വീണ്ടും റേഞ്ചില്‍; റേഡിയോ കോളറില്‍ നിന്നും സിഗ്നല്‍ കിട്ടി; അതിര്‍ത്തി മേഖലയില്‍ സഞ്ചാരം

അരിക്കൊമ്പന്‍ വീണ്ടും റേഞ്ചില്‍; റേഡിയോ കോളറില്‍ നിന്നും സിഗ്നല്‍ കിട്ടി; അതിര്‍ത്തി മേഖലയില്‍ സഞ്ചാരം

ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടെന്ന് കണ്ടെത്തി. അതിര്‍ത്തി മേഖലയിലൂടെ അരിക്കൊമ്പന്‍ സഞ്ചരിക്കുന്നതായാണ് കണ്ടെത്തിയത്. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ വനംവകുപ്പിന് കിട്ടിത്തുടങ്ങി.
പത്തു സ്ഥലങ്ങളില്‍ നിന്നുള്ള സിഗ്നലാണ് ലഭിച്ചത്. ഇന്നലെ രാവിലെ മുതലാണ് അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കുന്നത് തടസ്സപ്പെട്ടത്. കേരള തമിഴ്നാട് അതിർത്തി പ്രദേശമായ മാവടിയിലാണ് ഇന്നലെ അവസാനമായി അരിക്കൊമ്പനിൽ ഘടിപ്പിച്ച കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചത്.

ഇന്നലെ മാത്രം ഏഴ് കിലോമീറ്ററോളം ആന സഞ്ചരിച്ചിട്ടുണ്ട്. ഇതുവരെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങിയിട്ടില്ല. അരിക്കൊമ്പനെ കണ്ടെത്താനായി രണ്ട് ടീമുകളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇടുക്കിയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്നൽ നഷ്ടമാകാൻ കാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

ആനയെ ഇറക്കിവിട്ട സന്യാസിയോടയിൽ‌ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ അരിക്കൊമ്പൻ കടന്നിരുന്നു. പിന്നീട് തിരികെ പെരിയാർ റിസർവ് വനത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സി​ഗ്നൽ സന്ദേശം സൂചിപ്പിക്കുന്നത്. സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താൽ അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു.