by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല പാപനാശത്ത് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആറംഗ സംഘം വർക്കല പോലീസിന്റെ പിടിയിലായി. വർക്കല പനയറ കല്ലുമൂട്ടിൽ വിജയൻ കുറുപ്പ് മകൻ ഹണി, സുഹൃത്ത് മനു എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരം വർക്കല പാപനാശത്ത് നിൽക്കുന്ന അവസരത്തിൽ ആറംഗസംഘം മൃഗീയമായി മർദ്ദിച്ച് അവശരാക്കിയത്.
മർദ്ദനത്തിൽ ഇരുവരുടെയും കൈകൾ ഒടിയുകയും ഹണിയുടെ തലയിൽ മാരകമായി മുറിവേൽക്കുകയും ചെയ്തു. ചെറുന്നിയൂർ ശാസ്താംനട പണയിൽ വീട്ടിൽ അൽ അമീൻ, വർക്കല രാമന്തളി കുന്നുവിള വീട്ടിൽ സജാർ, ചിലക്കൂർ അൻസിയ മന്സിലിൽ റഖീബ്, കണ്ണുമ്പ് ചാലുവിള പുതുവൽ പുത്തൻ വീട്ടിൽ യാസർ, രാമന്തളി അജീന മന്സിലിൽ ആഷിക്, വർക്കല പുന്നമൂട് കുന്നവിള വീട്ടിൽ ആര്യൻ എന്നിവരെ വർക്കല ഡിവൈഎസ്പി സി ജെ മാർട്ടിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ സലിം, എസ് സി പി ഒ ബിനു, ശ്രീദേവി, സിപിഒമാരായ പ്രശാന്ത് കുമാരൻ, ഷജീർ എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. വീട്ടിൽ പൊലീസിന്റെ ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബർ സ്ഥാനിൽ ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.
അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. മാമുക്കോയയുടെ വീട്ടിൽ നിന്നും ഏഴു കിലോമീറ്റർ ദൂരപരിധിയിലാണ് കണ്ണംപറമ്പ് ഖബർസ്ഥാനി. ഇവിടേയും മയ്യിത്ത് നിസ്ക്കാരമുണ്ടായിരുന്നു. മാമുക്കോയയുടെ മകനായിരുന്നു മയ്യിത്ത് നിസ്ക്കാരത്തിന് നേതൃത്വം നൽകിയത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്.
രാത്രി വൈകിയും നിരവധി ആളുകൾ പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ ടൗൺ ഹാളിലേക്ക് ഒഴുകിയെത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. കോട്ടയം വഴിയുള്ള ജനശതാബ്ദി എക്‌സ്പ്രസുകൾ റദ്ദാക്കി. ചാലക്കുടി പാലത്തിന്റെ ഗിർഡർ മാറ്റുന്നതിനാലാണ് ട്രെയിൻ നിയന്ത്രണം. രാവിലെ ആറ് മണി മുതൽ രാത്രി 10 മണിവരെ മെഗാ ബ്ലോക്ക് അനുഭവപ്പെടും.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
1. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082)
2. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)
3. ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് (06439)
4. നാഗർകോവിൽ – മംഗളൂരു എക്‌സ്പ്രസ് (16606)
5. മംഗളൂരു – നാഗർകോവിൽ എക്‌സ്പ്രസ് (16605)
6. തിരുനെൽവേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791)
7. പാലക്കാട് – തിരുനെൽവേലി പാലരുവി എക്‌സ്പ്രസ് (16792)
8. എറണാകുളം – ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)
9. ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)
10. കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്‍രഥ് എക്സ്പ്രസ് (12202)
11. ലോകമാന്യ- കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് (12201)
12.എറണാകുളം – പാലക്കാട് മെമു എക്സ്പ്രസ് (05798)
13. പാലക്കാട് – എറണാകുളം മെമു എക്സ്പ്രസ് (05797)
14. ആലപ്പുഴ – ചെന്നൈ എക്‌സ്പ്രസ് (222640)
15. ചെന്നൈ – ആലപ്പുഴ എക്‌സ്്പ്രസ് (22639)
പാലരുവി റദ്ദാക്കിയിരിക്കുന്നതിനാൽ വേണാട് എക്സ്പ്രസിന് കുറുപ്പന്തറ, വൈക്കം, മുളന്തുരുത്തി സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപ്പ് അനുവദിച്ചു. രാവിലെയും വൈകിട്ടും ഓരോ മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എറണാകുളം വരെയുള്ള രപ്തിസാഗർ എക്സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കും.
വഴിതിരിച്ചുവിട്ട ട്രെയിനുകൾ
1. തിരുനൽവേലി – ഗാന്ധിധാം ഹംസഫർ വീക്‌ലി എക്സ്പ്രസ്(20923) വിരുധനഗർ ജംക്‌ഷൻ, മധുരൈ വഴി തിരിച്ചുവിട്ടു. വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ഷൊർണൂർ മുതൽ സാധാരണ റൂട്ടിലായിരിക്കും സർവീസ്.
2. കന്യാകുമാരി – പുണെ ജംക്‌ഷൻ ഡെയ്‌ലി എക്സ്പ്രസ് നാഗർകോവിലിനും സേലത്തിനും ഇടയിലായി വഴി തിരിച്ചുവിട്ടു. ഇത് വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്.
3. കന്യാകുമാരിയിൽനിന്ന് ഇന്നു പുറപ്പെടുന്ന കന്യാകുമാരി – ബൈഗംളൂരു ഐലൻഡ് എക്സ്പ്രസ് നാഗർകോവിലിനും സേലത്തിനും ഇടയിലായി വഴിതിരിച്ചുവിട്ടു. ഇത് വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്
by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇ പോസ് മെഷീനുകളുടെ സെർവർ തകരാറിനെത്തുടർന്ന് സംസ്ഥാനത്ത് റേഷന്‍കടകള്‍ ഇന്നും നാളെയും തുറക്കില്ല. സെർവർ തകരാർ പരിഹരിക്കൽ വൈകിയതോടെയാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചത്.
സെര്‍വര്‍ തകരാറ് പരിഹരിക്കാന്‍ വെള്ളിയാഴ്ച വരെയാണ് ഹൈദരാബാദ് എന്‍ഐസി സമയം ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് മെയ് അഞ്ചുവരെ വാങ്ങാമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ റേഷൻ കടകളുടെ പ്രവർത്തനത്തിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഈ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഒരു മണി വരെ പ്രവർത്തിക്കുന്നതാണ്.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ ഏഴു മണി വരെ റേഷൻ കടകൾ പ്രവർത്തിക്കും. മെയ് ആറു മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.
by Midhun HP News | Apr 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തുവിന്റെയും,കെട്ടിടങ്ങളുടെയും നികുതിയും, പെർമിറ്റ് ഫീസും, മറ്റ് അപേക്ഷ ഫീസുകളും കുത്തനെ കൂട്ടിയ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ആറ്റിങ്ങൽ നഗരസഭ കവാടത്തിനു മുന്നിൽ യു.ഡി.എഫ് ധർണ്ണ സമരം നടത്തി. ധർണ്ണ സമരം ആറ്റിങ്ങൽ മുൻ എം.എൽ.എ അഡ്വ. ടി.ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ.വി. ജയകുമാർ, കൺവീനർ ഹാഷിം കരവാരം, ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റ്റി. പി. അംബി രാജ, ആർ.എസ്. പി നിയോജകമണ്ഡലം സെക്രട്ടറി അനിൽ. ആർ, കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം വി. എസ്. അജിത്കുമാർ, വിജയമോഹനൻ പിള്ള, ആറ്റിങ്ങൽ നഗരസഭ കൗൺസിൽമാരായ വി. മുരളീധരൻ നായർ, ശങ്കർ.ജി, സതി, രമാഭായിഅമ്മ, കെ. ജെ രവികുമാർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എച്ച്. നാസിം, ആലംകോട് അഷറഫ്, കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ്മാരായ പരക്കുടി ബാബു, എസ്. ശ്രീരംഗൻ, കോൺഗ്രസ് ബൂത്ത്, മണ്ഡലം ഭാരവാഹികൾതുടങ്ങിയവർ ധർണ്ണ സമരത്തിൽ പങ്കെടുത്തു സംസാരിച്ചു.
by Midhun HP News | Apr 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രൊഫെഷണൽ വിദ്യാർത്ഥികളിലെ സാങ്കേതിക നൈപുണ്യം മാറ്റുരയ്ക്കുക എന്നതിന് ഊന്നൽ നൽകി രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നടക്കുന്ന ആന്വൽ ടെക് ഫെസ്റ്റ് ഇതിഹാ 2023 യ്ക്ക് തിരശീല ഉയർന്നു. ആറ്റിങ്ങൽ എം എൽ എ ഒ.എസ്സ്. അംബിക ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ചെയർമാൻ ഡോ.ബിജു രമേശ് അധ്യക്ഷനായിരുന്നു.
കോളേജ് വൈസ് ചെയർമാൻ അജയ് കൃഷ്ണ പ്രകാശ്, അക്കാഡമിക് ഡയറക്ടർ മേഘ ബി രമേശ്, പ്രിൻസിപ്പൽ ഡോ. എസ്സ്. സുരേഷ് ബാബു പ്രോഗ്രാം കോഡിനേറ്റർ ദീപു സജീവ്, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. വിവിധ സാങ്കേതിക തലങ്ങളിലായി വർക്ക് ഷോപ്പുകൾ പ്രദർശനങ്ങൾ, ഫാഷൻ ഷോ, സ്പോട് കൊറിയോ, മ്യൂസിക് ബാൻഡ് മത്സരങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമാകുന്നു. കേരളത്തിലെ 42 കോളേജുകളിൽ നിന്നായി 4000 ഓളം വിദ്യാർത്ഥികൾ പ്രസ്തുത ഫെസ്റ്റിൽ പങ്കെടുത്തുവരുന്നു.
മൂന്നു ദിവസം നീളുന്ന ഈ ടെക് കൾച്ചറൽ ഫെസ്റ്റിൽ തെക്കൻ കേരളത്തിൽ ആദ്യമായി ബെന്നി ദയാൽ ഒരുക്കുന്ന സംഗീത വിരുന്ന് ഈ ഫെസ്റ്റിന്റെ പ്രത്യേകത ആയിരിക്കും.
Recent Comments